ഉത്സാഹനിറവാണ് ജീസസ് യൂത്തിൻറെ പ്രേത്യക വരദാനം | ഫ്രം ദി ഹാര്‍ട്ട് | ഡോ. എഡ്‌വേര്‍ഡ് എടേഴത്ത് | KAIROS MALAYALAM | MAY 2025


ജീസസ് യൂത്തിന്റെ തുടക്കകാല ഓര്‍മകളില്‍ ഒന്ന് ഫസ്റ്റ് ലൈന്‍ അംഗമായ ജോണിയെ ചുറ്റിപ്പറ്റിയാണ്. 1982-ലാണ് ആ നേതൃ കൂട്ടായ്മയുടെ തുടക്കം. അക്കാലത്ത് എന്റെ താമസം എറണാകുളത്ത് വിദ്യാനികേതന്‍ കോളേജില്‍. അവിടെ ക്ലാസ്സെടുക്കലും പിന്നെ 17 ഹൈസ്‌കൂള്‍ കുട്ടികളുടെ പരിചരണ ഉത്തരവാദിത്വവും. ഞങ്ങളുടെ ഗ്രൂപ്പ് മാസംതോറും മൂന്നാം വാരാന്ത്യം ഒത്തുകൂടും. ആദ്യ സമ്മേളനങ്ങള്‍ എന്റെ താമസ സ്ഥലത്തുതന്നെ.
ജോണി ഒരു ബിസ്സിനസുകാരനായിരുന്നു. അതുകൊണ്ടുതന്നെ ആദ്യ മീറ്റിങ്ങിന് നേരത്തെ എത്താന്‍ കഴിഞ്ഞില്ല. അര്‍ധരാത്രിക്കുശേഷം അദ്ദേഹം വിദ്യാനികേതനില്‍ എത്തി ഡോര്‍ബെല്‍ അടിച്ചു, കോളേജ് ഡയറക്ടറായ മുതിര്‍ന്ന ജെസ്യൂട്ട് അച്ചനാണ് ആ അസമയത്ത് വാതില്‍ തുറക്കാന്‍ എത്തിയത്. വാതില്‍ തുറന്നതും ജോണി തന്റെ സ്വതസിദ്ധമായ ഉത്സാഹത്തോടെ, ഉച്ചത്തില്‍ 'പ്രെയ്‌സ് ദ ലോര്‍ഡ്' എന്ന അഭിവാദ്യം മുഴക്കി. എന്നാല്‍, പ്രായമായ ഡയറക്ടര്‍ അച്ചന്റെ പ്രതികരണം ഏറെ തണുപ്പനായിരുന്നു, പിന്നെ കര്‍ക്കശ സ്വരത്തില്‍ നിര്‍ദേശവും, ''എല്ലാവരും ഉറക്കമാണ്. ശാന്തമായി പോയി കിടക്കാന്‍ നോക്ക്.''
തീക്ഷ്ണത പരിശുദ്ധാത്മാവിന്റെ സുന്ദരമായ ഒരു ദാനമാണ്. മുന്നേറ്റത്തിന്റെ ആദ്യകാല പ്രവര്‍ത്തകരുടെ വലിയൊരു കൈമുതലും അതായിരുന്നു. അക്കൂട്ടത്തില്‍ ജോണിയുടെ പ്രസരിപ്പ് എടുത്തു പറയേണ്ടതാണ്. മുന്നേറ്റത്തില്‍ സംഗീതജ്ഞരുടെ ഒരു നിര തയ്യാറാക്കാന്‍ അദ്ദേഹം വലിയൊരു തുടക്കം കുറിച്ചു. 85-ലെ സമ്മേളനത്തിന്റെ ഉണര്‍ത്തുപാട്ടായ ''യേശുവിന്‍ യുവാക്കള്‍ നാം'' രചിച്ചതും ജോണി തന്നെ. ഞങ്ങളുടെ രസകരമായ ഒത്തുചേരലുകളില്‍ ജോണിയുടെ ആവേശം കൂടുമ്പോള്‍ ഞങ്ങള്‍ ഇടയ്ക്കിടെ ആ വിദ്യാനികേതന്‍ അര്‍ധരാത്രി ഓര്‍മ
പ്പെടുത്തും.
ഉത്സാഹ നിറവിന്റെ പുതു ജീവിതം ജീവിതത്തെ മാറ്റിമറിക്കുന്ന ഒരു ദൈവാനുഭവം ഉണ്ടായ ശേഷമാണ് പലരും ജീസസ് യൂത്ത് ഗ്രൂപ്പിലേക്ക് വരുന്നത്. എന്നാല്‍, ഏറെപേര്‍ അതില്‍ നിന്ന് വ്യത്യസ്തമായി ശാന്തമായ ഒരു യാത്ര ഗ്രൂപ്പില്‍ തുടങ്ങുകയും പിന്നീട് ഒരു ധ്യാനത്തിലോ മറ്റോ ആത്മാവില്‍ ഒരു പുതു ജീവന്‍ അനുഭവിക്കുകയും ചെയ്യും. എന്തായാലും, സന്തോഷത്തിന്റെയും ഉത്സാഹത്തിന്റെയും ഒരു വേലിയേറ്റം ഈ പുതു ജീവന്റെ നല്ല പ്രകടനമാണ്. പൗലോസ് ശ്ലീഹയുടെ വാക്കുകള്‍ കേള്‍ക്കുക, ''ക്രിസ്തുവില്‍ ആയിരിക്കുന്നവന്‍ പുതിയ സൃഷ്ടിയാണ്; പഴയത് കടന്നുപോയി; ഇതാ, പുതിയത് വന്നു കഴിഞ്ഞു'' (2 കോറി 5, 17). ഈ 'സമൃദ്ധമായ ജീവന്റെയും' പുതുമയുടെയും ഒരു അടയാളം, ''കൃതജ്ഞത നിറഞ്ഞ ഹൃദയത്തോടെ ഗാനങ്ങളും ആത്മീയ ഗീതങ്ങളും പാടുക'' എന്നതുമാണ് (കൊളോ 3, 16).
ഒരു കാര്യം ഉറപ്പാണ്: ഇത്തരം ഉത്സാഹികളുടെ സാന്നിധ്യമാണ് ജീസസ് യൂത്ത് ഗ്രൂപ്പുകളെ സജീവമാക്കുന്നത്. ആ പ്രസരിപ്പ് പോയാല്‍ കൂട്ടായ്മകള്‍ ക്ഷയിക്കും. ഒരു രാത്രിയില്‍ ജോണിയുടെ കത്തിനിന്ന തീക്ഷ്ണതയ്ക്ക് തണുത്ത പ്രതികരണം നേരിടേണ്ടിവന്നു എന്ന് സൂചിപ്പിച്ചുകൊണ്ടാണ് ഈ ചര്‍ച്ച ആരംഭിച്ചതെങ്കിലും, ഒരു കാര്യം എടുത്തു പറയണം, ഏതൊരു ഗ്രൂപ്പിലും ജോണിയുടെ സാന്നിധ്യം ഏറെ സന്തോഷവും പ്രസരിപ്പും പകര്‍ന്നിരുന്നു. തമ്മില്‍ കണ്ടുമുട്ടുമ്പോഴുള്ള സന്തോഷം നിറയുന്ന അഭിവാദ്യങ്ങളും ഉത്സാഹം നിറയുന്ന സംഭാഷണവും പൊട്ടിച്ചിരികളും എല്ലാം ഭക്തിയുടെ മുഖംമൂടി മാറ്റിവച്ച് നല്ല ക്രിസ്തീയ സ്‌നേഹം വളര്‍ത്താന്‍ ഏറെ സഹായിച്ചു. എന്നാല്‍, എല്ലാവരും ഉത്സാഹഭരിതരും ജോണിയെപ്പോലെ പൊട്ടിച്ചിരിക്കുന്നവരും ഉച്ചത്തില്‍ സംസാരിക്കുന്നവരുമാണോ? തീര്‍ച്ചയായും അല്ല.
ഞാന്‍ പരാമര്‍ശിച്ച ഗ്രൂപ്പില്‍, രവി എല്ലാ ഒരുക്കങ്ങളുടെയും ചുക്കാന്‍ പിടിച്ചു. ചര്‍ച്ചകള്‍ സംഗ്രഹിക്കാനും റിപ്പോര്‍ട്ടുകള്‍ തയ്യാറാക്കാനും തുടര്‍ച്ച ഉറപ്പുവരുത്താനും ഒക്കെ ഏറെ ശ്രദ്ധിച്ച രവി പക്ഷേ, ചര്‍ച്ചകളില്‍ ഒരിക്കലും വാ തുറക്കുമായിരുന്നില്ല. ജോസ് ജേക്കബിന്റെ ശ്രദ്ധ പക്വമായ ദര്‍ശനത്തോടെ ഞങ്ങള്‍ പടിപടിയായി കെട്ടിപ്പടുത്തുവന്ന മുന്നേറ്റത്തിന്റെ ദിശാവ്യക്തത ഉറപ്പുവരുത്തുന്നതിലായിരുന്നു. അതിനു പറ്റിയ ലഘുലേഖകള്‍ തയ്യാറാക്കാനും ജോസ് ഏറെ ശ്രദ്ധിച്ചു. ആലീസ്‌കുട്ടിയുടെ പ്രത്യേക മികവ് ഓരോരുത്തരെയും പ്രത്യേകം ശ്രദ്ധിക്കാനും ശ്രവിക്കാനും അവരെ പ്രോത്സാഹിപ്പിക്കാനും ആയിരുന്നു. എല്ലാവര്‍ക്കും വേണ്ടി പ്രാര്‍ഥിക്കാനും, ഒത്തുകൂടുമ്പോള്‍ വിവിധ ജോലികള്‍ ചെയ്യാനും, ഞങ്ങളുടെ മുന്നോട്ടുള്ള യാത്രയുടെ വ്യത്യസ്ത വശങ്ങള്‍ ശ്രദ്ധിക്കാനും ആഴത്തില്‍ പ്രതിജ്ഞാബദ്ധരായ മറ്റുള്ള ഓരോരുത്തരും ഉണ്ടായതാണ് അത്ഭുതകരമായ ഫലങ്ങള്‍ പുറപ്പെടുവിക്കാന്‍ ഫസ്റ്റ് ലൈന്‍ ഗ്രൂപ്പിനെ സഹായിച്ചത്.
എന്നാല്‍, വിവിധ കഴിവുകളും നിറസ്‌നേഹവും ഉള്ള ആ മിഷണറി ഗ്രൂപ്പിലെ പ്രധാന ചാലക ശക്തി എന്തായിരുന്നു? അവരെല്ലാം ഉത്സാഹ നിറവിന്റെ നല്ല ചൈതന്യം പങ്കിട്ടു, തങ്ങള്‍ സുപ്രധാനവും മഹത്തരവുമായ ഒരു യജ്ഞത്തിന്റെ ഭാഗമാണെന്നും, തങ്ങളാല്‍ കഴിയുന്ന സംഭാവന ചെയ്യാന്‍ തയ്യാറാകണമെന്നും ഓരോ അംഗത്തിനും ആഴത്തിലുള്ള ബോധ്യമുണ്ടായിരുന്നു. തീര്‍ച്ചയായും അത് പരിശുദ്ധാത്മാവിന്റെ വലിയ ദാനംതന്നെ. കേരളത്തിന്റെ എല്ലാ ഭാഗങ്ങളില്‍നിന്നും എത്തിച്ചേര്‍ന്ന ആ ആവേശ കൂട്ടായ്മയുടെ സ്വാധീനം കത്തിപ്പടരുന്നതായിരുന്നു. ആ തീക്ഷ്ണതയില്‍നിന്ന്, ഒരു വിശാലമായ മുന്നേറ്റം ഉണര്‍ന്നെഴുന്നേറ്റു. വി. അഗസ്റ്റിന്റെ വാക്കുകളില്‍, 'ഉള്ളില്‍ തീയുള്ളവനേ മറ്റുള്ളവരെ ജ്വലിപ്പി
ക്കാനാകൂ.'
ജീസസ് യൂത്തില്‍ ഈ ആവേശത്തിന്റെ കാന്തിക ശക്തി വ്യക്തമായി തുടരുന്നു. എന്റെ കോളേജിലെ ജെ.വൈ, 'യുവജ്യോതി' പരിശീലനത്തിനായി പ്രഭാഷകരെ തേടുന്നത് ഞാന്‍ ഓര്‍ക്കുന്നു. രണ്ടാഴ്ച നീണ്ടുനിന്ന വിദ്യാര്‍ഥികള്‍ക്കായുള്ള ഒരു രൂപീകരണ പദ്ധതി. ഏറെ കലുഷിതമായ അന്നത്തെ കോളേജ് അന്തരീക്ഷത്തില്‍ പുറത്തുള്ളവര്‍ക്ക് അവിടെ വരാന്‍ ഭയമായിരുന്നു. എന്നിരുന്നാലും, അവിടത്തെ ജെ.വൈ നേതാക്കള്‍ അടുത്ത കോളേജില്‍ പഠിപ്പിക്കുന്ന ഡോ. ബീനയെ സമീപിച്ചപ്പോള്‍, അവര്‍ ക്ഷണം സ്വീകരിച്ചു. 'ആ ചെറുക്കന്മാരുടെ തിളങ്ങുന്ന പുഞ്ചിരിയും വലിയ ഉത്സാഹവും കണ്ടപ്പോള്‍, എനിക്ക് പോകാതിരിക്കാന്‍ കഴിഞ്ഞില്ല.' അതുപോലെ, സംസ്ഥാന മെത്രാന്‍ കൗണ്‍സില്‍ ഒരു മിഷന്‍ കോണ്‍ഗ്രസ് സംഘടിപ്പിച്ചപ്പോള്‍, ക്ലാസ്സുകള്‍ക്കും പ്രാര്‍ഥനകള്‍ക്കും അപ്പുറം മിഷണറി ആവേശം ഉണര്‍ത്താന്‍ പ്രോഗ്രാം കമ്മിറ്റി കണ്ടത് ജീസസ് യൂത്തിനെ ആയിരുന്നു. ഞങ്ങള്‍ അത് ഏറെ ഭംഗിയായി ക്രമീകരിക്കുകയും ചെയ്തു. അതിന്റെ തുടര്‍ച്ചയായി ആ സമ്മേളന ചൈതന്യം രൂപതയിലെ എല്ലാ ഇടവകകളിലും എത്തിക്കാന്‍ എന്റെ രൂപത ജീസസ് യൂത്തിനോടുതന്നെ ആവശ്യപ്പെട്ടു. സ്‌കിറ്റുകള്‍, നൃത്തങ്ങള്‍, ഗാനങ്ങള്‍ ഒക്കെ ഇടകലര്‍ത്തി ഏറെ സുന്ദരമായാണ് നമ്മുടെ കുട്ടികള്‍ അത് നിര്‍വഹിച്ചത്. ഉത്സാഹ
നിറവിന്റെ ചില സാക്ഷ്യങ്ങള്‍.
എവിടെ, എങ്ങനെ ഉത്സാഹം വിതറാം
തീര്‍ച്ചയായും, ഉത്സാഹം ആത്മാവിന്റെ ഒരു വലിയ ദാനമാണ്. അത് ഹൃദയത്തില്‍ ജനിക്കണം, പ്രത്യേകിച്ച് നമ്മുടെ ഉള്ളിലും ചുറ്റുപാടും ഒക്കെയുള്ള അന്ധകാരത്തോട് അത് പോരാടണം. ജീസസ് യൂത്തിലെ ആറ് അനുദിന ശീലങ്ങള്‍, പ്രത്യേകിച്ച് പതിവായുള്ള പ്രശാന്ത നിമിഷങ്ങള്‍, വചന ധ്യാനം, കൂദാശാ പങ്കാളിത്തം, ക്രിസ്തീയ സ്‌നേഹം എന്നിവ ഈ ''ജീവന്‍ അതിന്റെ സമൃദ്ധിയില്‍'' നിലനിറുത്താന്‍
സഹായിക്കും. എന്നാല്‍, അത് ഹൃദയത്തില്‍ മാത്രം ഒതുങ്ങിയാല്‍ സാവധാനം അത് എന്നില്‍ നിന്ന് അപ്രത്യക്ഷമാകും. അതുമല്ലെങ്കില്‍ അത് ഭക്തിയുടെ മുഖംമൂടിയായി പരിണമിക്കും. അതുകൊണ്ടു
തന്നെ കെട്ടിക്കിടക്കാതെ ആ തെളിനീര് പുറത്തേക്കൊഴുകണം, ദൈനംദിന പ്രവൃത്തികളില്‍ പ്രകാശിക്കണം. അതിന് ചില സൂചനകള്‍:
**പുഞ്ചിരിക്കാന്‍ പഠിക്കുക**: ഹൃദയത്തില്‍ സന്തോഷം നിറയുമ്പോള്‍, മുഖത്തിലൂടെ അത് പുറത്തേക്ക് ചാടും.
**ഊഷ്മളമായ ആശംസകള്‍:** പ്രസരിപ്പും ആത്മാര്‍ഥതയും തുളുമ്പുന്ന അഭിവാദ്യങ്ങളും ആചാര മര്യാദകളും ആത്മാവിന്റെ ഫലങ്ങളുടെ ഏറ്റവും നല്ല അടയാളമാകാം. ശ്ലീഹാ ആവര്‍ത്തിക്കുന്നു, 'വിശുദ്ധ ചുംബനത്തോടെ അന്യോന്യം വന്ദനം പറയുവില്‍.'
**ഒത്തുകൂടി സമയംകൊല്ലണം:**ഭക്ഷണ കൂട്ടായ്മകള്‍, സൊറപറച്ചില്‍, വിനോദം, ഇതൊക്കെയുള്ള ഊര്‍ജസ്വലമായ കൂട്ടായ്മകളിലേ ആത്മീയോത്സാഹം വളരൂ.
**പാടി പ്രാര്‍ഥിച്ച് ആത്മാവിന്റെ നയിക്കല്‍ നുകരണം:** ഒത്തുകൂടി പാടുകയും സ്വരമുയര്‍ത്തി ആരെങ്കിലും ആവേശത്തോടെ പ്രാര്‍ഥിക്കുകയും ഒക്കെ ചെയ്യുമ്പോഴാണ് ആ തീ ആളിക്കത്തുന്നത്.
**സന്തോഷനിറവുള്ള സേവനം:** മറിയയെപ്പോലെ, തുടിക്കുന്ന ഹൃദയമുള്ളവര്‍ ആവശ്യക്കാരെ സഹായിക്കാന്‍ ഉത്സാഹമുള്ളവരാണ്.
**കഴിവും സൗന്ദര്യബോധവും**: ആത്മാവബോധത്തിന്റെ അഭാവം ഉത്സാഹക്കുറവിലേക്ക് നയിക്കുന്നു. ഞാന്‍ ആരാണെന്നും എന്റെ ഹൃദയാഭിലാഷം എന്തെന്നും തിരിച്ചറിയുന്നത് വര്‍ധിച്ച സന്തോഷത്തിലേക്കും ആധികാരികതയിലേക്കും നയിക്കുന്നു.
**ക്ഷമിക്കാനും ബന്ധങ്ങള്‍ പുനഃസ്ഥാപിക്കാനും ഉള്ള സന്നദ്ധത:** പ്രകാശ നിറവിലേക്കുള്ള യാത്ര സൗഖ്യവളര്‍ച്ചയുടെയും യാത്രയാണ്.
**കരുതലും പങ്കുവയ്ക്കലും ഉള്ള ഒരു സമൂഹത്തില്‍ ഉള്‍ച്ചേരുക**: ഉത്സാഹ വളര്‍ച്ചയ്ക്ക് ഏറ്റവും മികച്ച രൂപീകരണ അന്തരീക്ഷം നല്‍കാന്‍ ഒരു നല്ല ജീസസ് യൂത്ത് കൂട്ടായ്മയ്ക്ക് സാധിക്കും.
ഉജ്ജ്വലമായ ഉത്സാഹത്തോടെ നിഷേധാത്മകതയെ ചെറുക്കുക
സുവിശേഷം പങ്കിടാന്‍ ആളുകള്‍ മടിക്കുന്നതിന്റെ കാരണങ്ങളെപ്പറ്റി പോള്‍ ആറാമന്‍ മാര്‍പാപ്പ പറയുന്നു: ''ആലസ്യം, നിരാശ, ഉപേക്ഷ, താത്പര്യക്കുറവ്, എല്ലാറ്റിനുമുപരി സന്തോഷത്തിന്റെയും പ്രത്യാശയുടെയും അഭാവം എന്നിവയാണ് ഈ മടിയുടെ സൂചന. സുവിശേഷപ്രഘോഷകര്‍ എവിടെയുള്ളവര്‍ ആയാലും ഏത് ഉത്തരവാദിത്വം പേറുന്നവര്‍ ആയാലും ആത്മീയ തീക്ഷ്ണതയില്‍ മുന്നേറാന്‍ നാം ഉദ്‌ബോധിപ്പിക്കുന്നു.'' (സുവിശേഷ പ്രഘോഷണം, 80). വിശുദ്ധ പൗലോസിന്റെ വാക്കുകളില്‍, ''തീക്ഷ്ണതയില്‍ മാന്ദ്യം കൂടാതെ ആത്മാവില്‍ ജ്വലിക്കുക!'' (റോമര്‍ 12, 11).
പ്രാര്‍ഥനാ കൂട്ടായ്മയ്ക്കിടെ, ചില ദിവസങ്ങളില്‍ കുറേപ്പേര്‍ ഒരു മന്ദിപ്പില്‍ ആണെന്ന് തോന്നിയാല്‍ എല്ലാവരെയും ഒന്ന് ഉഷാറാക്കാന്‍ ഞാന്‍ പറയാറുണ്ട്, ''ഹലോ, എല്ലാവരും ഒന്ന് എഴുന്നേറ്റേ. മുറിയില്‍ ചുറ്റിനടന്ന് കഴിയുന്നത്ര പേരോട് ഒന്ന് കുശലം പറഞ്ഞ് ഒരു പുഞ്ചിരി കൊടുത്തേ. എന്നിട്ട് നമുക്ക് പ്രാര്‍ഥനയും സ്തുതിയും തുടങ്ങാം.'' അതോടെ എല്ലാ മ്ലാനതയും മാറി എല്ലാവരും ഒരു പുത്തന്‍ ഉത്സാഹം കൊണ്ട് നിറയും.

ജീസസ് യൂത്ത് മുന്നേറ്റത്തിന്റെ തുടക്കക്കാരിൽ പ്രധാനിയായ ലേഖകൻ അന്തർദേശീയ പ്രഭാഷകനും എഴുത്തുകാരനുമാണ് . 2018ൽ ഷെവലിയർ പട്ടം ലഭിച്ചു.



Comments