top of page

THE DANCE OF HOPE | പാഥേയം | ശശി ഇമ്മാനുവേല്‍ | KAIROS MALAYALAM | MAY 2025

Writer: ശശി ഇമ്മാനുവല്‍
ശശി ഇമ്മാനുവല്‍
6 days ago
2 min read

""Live. Love, Leave എന്ന മൂന്ന് അധ്യായങ്ങളിലാണ് നിങ്ങളുടെ ആത്മകഥ സംഗ്രഹിക്കപ്പെടേണ്ടത്. വീഞ്ഞു നുരയുന്നതുപോലെ ജീവിക്കുക' നിലാവ് പടരുന്നതു പോലെ സ്‌നേഹിക്കുക, കരിയിലകള്‍

പോലെ അപ്രിയാനുഭവങ്ങളെ വിട്ടു കളയുക'' (പുലര്‍വെട്ടം, ബോബിയച്ചന്‍).


കേട്ടു തുടങ്ങിയപ്പോള്‍ അദ്ദേഹത്തിന്റെ കഥ, എന്റെ കഥ തന്നെയല്ലേ, അഥവാ നമ്മുടെ ഓരോരുത്തരുടെയും കഥ തന്നെയെന്ന് തോന്നിപ്പിക്കുന്ന ഒന്നായിരുന്നു. ഒരുപാട് സന്തോഷങ്ങളും സ്വപ്നങ്ങളും നിറഞ്ഞ ഒരു പൂമ്പാറ്റ പോലെ പാറിപ്പറന്ന ഒരു ബാല്യം, കൗമാരസ്വപ്നങ്ങള്‍ക്ക് പ്രണയത്തിന്റെയും, എന്തിനേയും നേരിടാന്‍ പോന്ന ആത്മവിശ്വാസത്തിന്റേയും വര്‍ണപ്പകിട്ട്. ഭാവിയെക്കുറിച്ചുള്ള ഒരു പാട് പ്രതീക്ഷകള്‍ നിറഞ്ഞ യൗവനം.


പതിയെപ്പതിയെ ജീവിത യാഥാര്‍ഥ്യങ്ങളുടെ ബ്ലാക്ക് ആന്റ് വൈറ്റ് ഫ്രെയിമിലേക്ക് ജീവിതം മിഴി തുറക്കുന്നു. മങ്ങിത്തുടങ്ങുന്ന കാഴ്ച പോലെ കറുപ്പും, വെളുപ്പും നിറഞ്ഞ ഫ്രെയിമുകള്‍.. സങ്കല്പിച്ചതൊന്നുമല്ല ജീവിതം എന്ന് തിരിച്ചറിയാന്‍ തുടങ്ങി. വിചാരിച്ചിടത്തൊന്നും എത്തിപ്പെട്ടില്ല, എത്തിപ്പെട്ടിടത്ത് കാര്യങ്ങള്‍ അത്ര സുഖകരമല്ലതാനും. വീട്ടകത്ത് ഓരോ ദിവസവും 'അങ്ങനെ' ഒക്കെ പോകുന്നു. ബാല്യകാലത്തിന്റെ മുറിവുകള്‍, കൗമാരമേല്‍പിച്ച അവഗണനകള്‍, അസംതൃപ്തികള്‍. പിന്നെ അനുദിന ജീവിതയാത്രയിലെ ചുട്ടു പഴുത്ത പാതയോരങ്ങള്‍ സമ്മാനിച്ച പൊള്ളലുകളും തളര്‍ത്തലുകളും.


ഒരു ശരാശരി മനുഷ്യന്റെ തിരക്കഥ ഇതൊക്കെ തന്നെയല്ലേ. ഫുള്‍ട്ടണ്‍ ജെ. ഷീനിന്റെ 'മാലാഖയുടെ ബ്‌ളാക്ക് ബോര്‍ഡില്‍ നിന്ന്' എന്ന പുസ്തകം ആരംഭിക്കുന്നത് ഈ വാചകത്തോടെയാണ്: 'ലക്ഷക്കണക്കിന് പുരുഷന്മാരും സ്ത്രീകളും നിശ്ശബ്ദമായ നിരാശയുടെ ജീവിതം നയിക്കുന്നു. അവര്‍ ഉല്‍ക്കണ്ഠാകുലരും മനോരോഗികളും പരിഭ്രാന്തരും ആണ്, സര്‍വോപരി മോഹഭംഗം സംഭവിച്ചവരാണ്. ഈ മോഹഭംഗങ്ങളെല്ലാം പരാജയത്തിന്റെ ഫലമാണ്. ഒന്നുകില്‍ സംഭവിച്ചു കഴിഞ്ഞ പരാജയം, അല്ലെങ്കില്‍ സംഭവിക്കാന്‍ പോകുന്ന പരാജയം.'


അനുദിന ജീവിതത്തെ നേരിടാനാവണം, വളരുന്ന ഒരു തലമുറയെ ഇനി നമ്മള്‍ പരിശീലിപ്പിക്കേണ്ടത്. ജീവിതം ഓരോ സാഹചര്യത്തിലും വിവിധ രൂപത്തില്‍ 'ടൈറ്റാനിക്ക്' ഷിപ്പിനു മുമ്പിലെ 'മഞ്ഞുമല' പോലെ പ്രതിബന്ധങ്ങള്‍ ഉയര്‍ത്തുമ്പോള്‍ എന്തു ചെയ്യണം എന്നറിയാത്ത അവസ്ഥ തളര്‍ത്തുകയാണ് പലരെയും. ചുറ്റും കാണുന്ന മനുഷ്യത്വരഹിതമായ ക്രൂരതകളും, പെരുകുന്ന സ്വയംഹത്യകളും ഒന്ന് നമ്മെ ഓര്‍മിപ്പിക്കുന്നു. കൊറോണ വൈറസ് നമ്മുടെ ശരീരങ്ങളെ എന്നതിനേക്കാള്‍ മാരകമായി മനസ്സുകളെ ആക്രമിച്ചു കീഴടക്കിവച്ചിട്ടുണ്ട് എന്ന ഭീകരമായ സത്യം.


"Sadness is looking at ourselves, happiness is looking towards God." (സങ്കടം നമ്മുടെതന്നെ ജീവിതത്തിലേക്ക് നാം നടത്തുന്ന തുറിച്ചുനോട്ടമാണെങ്കില്‍ സന്തോഷം ദൈവത്തിലേക്ക് തിരിഞ്ഞുള്ള നോട്ടമാണ്') വാഴ്ത്തപ്പെട്ട കാര്‍ലോ അക്വിറ്റസിന്റെ കാഴ്ചപ്പാട് എത്ര ശ്രേഷ്ഠമാണ്. നോട്ടം മാറ്റണം തന്നില്‍ നിന്നും, ചുറ്റുപാടുകളില്‍ നിന്നും, മറ്റു മനുഷ്യനില്‍ നിന്നും സര്‍വശക്തനായ ദൈവത്തിലേക്ക് കണ്ണുകള്‍ ഉയര്‍ത്തണം.


തിരുവചനം പറയുന്നത് ശ്രദ്ധിക്കാം: ''നമ്മോടു വാഗ്ദാനം ചെയ്തിരിക്കുന്നവന്‍ വിശ്വസ്തനാകയാല്‍ നമ്മുടെ പ്രത്യാശ ഏറ്റുപറയുന്നതില്‍ നാം സ്ഥിരതയുള്ളവരായിരിക്കണം'' (ഹെബ്രായര്‍ 10, 23).


ജീവിതം പ്രത്യാശയുടെ ഒരു നൃത്തം പോലെയാണ്, ചുവടുകള്‍ പിഴയ്ക്കാം, പക്ഷേ എല്ലാം തീര്‍ന്നിട്ടില്ല, വീണ്ടും തുടങ്ങണം, തുടരണം.


Live, Love, Leave എന്ന മുകളിലെ ഉദ്ധരണി ഒന്നു കൂടെ ധ്യാനപൂര്‍വം നോക്കാം.


അമ്പതു വയസ്സെത്തിയപ്പോള്‍ പ്രശസ്ത റഷ്യന്‍ സാഹിത്യകാരനായ ലിയോ ടോള്‍സ്റ്റോയ് കൊടിയ നിരാശയുടെയും വിഷാദത്തിന്റെയും പിടിയിലാകുന്നു. ആത്മഹത്യയെക്കുറിച്ചുപോലും ചിന്തിക്കാന്‍ തുടങ്ങുന്നു. എന്നാല്‍, അദ്ദേഹത്തെ അത്ഭുതപ്പെടുത്തിയത് തന്റെ കാലത്തെ സാധരണക്കാരായ മനുഷ്യര്‍ ജീവിതത്തോട് പുലര്‍ത്തിയിയിരുന്ന പ്രത്യാശയും, പ്രസാദവും, തൃപ്തിയുമായിരുന്നു. അവരുടെ

പ്രത്യാശയുടെ രഹസ്യം അവര്‍ വിശ്വസിക്കയും വായിക്കുകയും ചെയ്തുകൊണ്ടിരുന്ന സുവിശേഷ പുസ്തകങ്ങള്‍ (പുതിയ നിയമം) അതിനവരെ വലിയ അളവില്‍ സഹായിക്കുന്നതായി അദ്ദേഹം മനസ്സിലാക്കി. അങ്ങനെയാണ് അദ്ദേഹം ഒരിക്കല്‍ താന്‍ അവഗണിച്ച ആ പുസ്തകത്തെ ഗൗരവമായി എടുക്കാന്‍ ആരംഭിച്ചത്. തുടര്‍ന്നുള്ള മൂന്ന് വര്‍ഷം അയാള്‍ അതില്‍ മുങ്ങിപ്പോയി. തന്റെതായ രീതിയില്‍ സുവിശേഷങ്ങളെ ധ്യാനിച്ച് അദ്ദേഹം രചിച്ച പുസ്തകമാണ് The gospel in brief.. ചില കാര്യങ്ങള്‍ക്കുള്ള പരിഹാരം നാം ഉപേക്ഷിച്ചു കളഞ്ഞ, മറന്നിട്ട നമ്മുടെ പഴയ നല്ല ശീലങ്ങളില്‍ മറഞ്ഞു കിടപ്പുണ്ടാകാം. വേദപുസ്തകം നിറുത്തിവച്ചിടത്തുനിന്ന് ഒന്നുകൂടെ നിവര്‍ത്തി വായിക്കാന്‍ തുറക്കുന്നിടത്ത്, പഴയ ആ പ്രാര്‍ഥനാ കൂട്ടായ്മ നടക്കുന്ന വീട്ടിലേക്ക് കയറി ചെല്ലുന്നിടത്ത്, അനുദിന ബലിക്കണയുന്ന ദേവാലയത്തിന്റെ നടക്കല്ലില്‍ നമ്മെക്കാത്ത് പ്രത്യാശയുടെ നടനം തുടരാനുള്ള പ്രചോദനത്തിന്റെ ഒരു തലോടല്‍ കാത്തുനില്‍പ്പുണ്ടാകാം.


നല്ല കാര്യങ്ങളൊന്നും ചുറ്റുപാടും കാണാനും കേള്‍ക്കാനുമില്ലാത്ത കാലമാണ്. ടോള്‍സ്റ്റോയിയെപ്പോലെ വിഷാദത്തിലേക്ക് കൂപ്പുകുത്താനൊന്നും നില്‍ക്കണ്ട. നമുക്കുചുറ്റും വലിയ നിരാശകളെയൊക്കെ പ്രത്യാശകൊണ്ട് നേരിട്ട സാക്ഷികളുടെ വലിയ സമൂഹമുണ്ടല്ലോ. അജ്‌നയെ നമുക്ക് മറക്കാനാകുന്നത് എങ്ങനെയാണ്. ശരീരം മുഴുവന്‍ ക്യാന്‍സര്‍ കീഴടക്കിക്കൊണ്ടിരുന്നപ്പോഴും തന്റെ ഡയറിയില്‍ ദൈവത്തിന് നന്ദി പറയാന്‍ അവള്‍ ചില കാരണങ്ങള്‍ നിരന്തരം കണ്ടെത്തിയിരുന്നു. മുറ്റത്തെ വെണ്ടച്ചെടി തളിര്‍ത്തതും, തോട്ടത്തില്‍ പുതിയ പൂക്കള്‍ ഉണ്ടായതുമൊക്കെയായിരുന്നു. കൊടും സഹനങ്ങളുടെ നടുവിലും ദൈവത്തെ സ്തുതിക്കാനുള്ള അജ്‌നയുടെ കാരണങ്ങളായിരുന്നു ഇതൊക്കെ. ഇത്തരം കുഞ്ഞു കുഞ്ഞു കാര്യങ്ങളില്‍ പ്രത്യാശയുടെ കിരണം കണ്ടെത്തി ആ സഹനപര്‍വം അവള്‍ ഒറ്റക്ക് നേരിട്ടു. അങ്ങനെ ആ കൊച്ചു പെണ്‍കുട്ടി തന്റെ മരണത്തെ അനേകര്‍ക്ക് ജീവിക്കാനുള്ള പ്രത്യാശയുടെ ഓര്‍മപ്പെടുത്തലാക്കി.


കൊച്ചുത്രേസ്യ പുണ്യവതി തന്റെ ആദ്യ കുര്‍ബാന ദിവസം എഴുതിവച്ചത് ഇപ്രകാരമായിരുന്നു, 'ജീവിതത്തില്‍ ഒരിക്കലും ഞാന്‍ നിരാശപ്പെടുകയില്ല' അസംഖ്യം ശാരീരിക, മാനസിക പീഢകള്‍ക്കുമധ്യേ പോലും അവളില്‍ നിരാശയുടേതായി യാതൊന്നും കാണപ്പെട്ടില്ല. പ്രത്യാശയുടെ സങ്കീര്‍ത്തനങ്ങള്‍ അവസാനിക്കുന്നില്ല. നമുക്കത് കണ്ടെടുക്കാം ജീവിക്കാം. വിശുദ്ധ പൗലോസ് ശ്ലീഹായുടെ ഈ വാക്കുകള്‍ നമുക്ക് മറക്കാതിരിക്കാം, ''പ്രത്യാശയില്‍ സന്തോഷിക്കുവിന്‍; ക്ലേശങ്ങളില്‍ സഹനശീലരായിരിക്കുവിന്‍; പ്രാര്‍ഥനയില്‍ സ്ഥിരതയുള്ളവരായിരിക്കുവിന്‍'' (റോമാ 12, 12).



തൃശ്ശൂർ നിർമ്മല മാതാ സെൻട്രൽ സ്കൂളിൽ വാല്യൂ എജുക്കേഷൻ അധ്യാപകനാണ് ലേഖകൻ. ഭാര്യ അമ്പിളി മൂന്ന് മക്കൾ.

 
 
 

Comments

Couldn’t Load Comments
It looks like there was a technical problem. Try reconnecting or refreshing the page.

Kairos USA

Kairos INDIA

Kairos UK

     Kairos International Inc. 700 Louisiana St, Houston, TX. USA 77002

     Kairos Media, No 8/174, Navodaya Studio Complex, Thengod P.O, Cochin, Kerala, India. Pin: 682030

     Kairos Media, St Charles Street, Sheffield S9 3WU, United Kingdom

COPYRIGHT © 2021 KAIROS MEDIA, JESUS YOUTH

bottom of page