top of page

ലളിതം സുന്ദരം Simple but Powerful | യുവ/മൈസ്റ്റോറി | സി ടെസി ജേക്കബ് SSps | KAIROS MALAYALAM | MAY 2025

Writer: സി. ടെസി ജേക്കബ്
സി. ടെസി ജേക്കബ്
6 days ago
2 min read

കുറച്ച് മാസങ്ങള്‍ക്കു മുന്‍പ്, ചാപ്പലിന്റെ അരികിലുള്ള അലമാര വൃത്തിയാക്കി യപ്പോള്‍ വര്‍ഷങ്ങളായി അവഗണിക്കപ്പെട്ടു കിടന്ന വലിയ രണ്ടു മെഴുകുതിരികള്‍ ശ്രദ്ധയില്‍പ്പെട്ടു. കാലപ്പഴക്കംമൂലം വെള്ള കളര്‍ മഞ്ഞയായി മാറിയിരുന്നു. കുര്‍ബാനയ്ക്കു ഉപയോഗിക്കാന്‍ ചെറിയ തിരിയേയുള്ളു. അപ്പോഴാണ് വന്‍തിരികള്‍ ആരാലും അറിയപ്പെടാതെ അകത്തിരുന്നു മുഷിയുന്നത്. തിരി രണ്ടും എടുത്ത് അതിന്റെ ചെളിപിടിച്ച പുറംഭാഗം ചീവി കളഞ്ഞപ്പോള്‍ നല്ല അടിപൊളി മെഴുകുതിരി കിട്ടി. അപ്പോള്‍ വേറൊരു ഐഡിയ തോന്നി, അതില്‍ ഒരു പടം വരക്കുവാണേല്‍ ലുക്ക് ഒന്നുകൂടെ മെച്ചപ്പെടും. ചായക്കൂട്ടുകള്‍ അത്യാവശ്യം ചാലിച്ചു വരയ്ക്കാന്‍ പ്രവീണ്യമുള്ള ഒരു കുട്ടി കൂടെ വന്നു സഹായിച്ചു. നിമിഷങ്ങള്‍ക്കകം റോസാപ്പൂ പോലെ എന്തൊക്കെയോ തിരിയില്‍ തെളിഞ്ഞു. ഞങ്ങളുടെ പുതിയ സൃഷ്ടിയെ ഏറ്റവും ഉന്നതമായ സ്ഥലത്തു പ്രതിഷ്ഠിച്ചിട്ടു സന്തോഷത്തോടെ ഞങ്ങള്‍ പിന്‍വാങ്ങി.


പിറ്റേ ഞായറാഴ്ച പള്ളിയില്‍ വന്നവര്‍ മൈക്കിള്‍ ആഞ്ചലോയുടെ ഏതോ ഒരു പുതിയ കലാരൂപം കാണുന്ന ആശ്ചര്യത്തോടെ ഞങ്ങളുടെ കലയെ വീക്ഷിക്കുകയാണ്. ആരോ പറഞ്ഞു, its so simple and beautiful, , വളരെ ലളിതവും സുന്ദരവും ആണെന്ന്. വീണ്ടും നോക്കിയപ്പോള്‍ എനിക്കും അതുതന്നെ തോന്നി. ഉപയോഗശൂന്യമായ ഒന്നിനെ, ചെറിയ മിനുക്കുപണികളിലൂടെ ഉപയോഗപ്രദമാക്കിയപ്പോള്‍ അതിന്റെ മൂല്യം പതിന്മടങ്ങായി. ലളിതമായ എന്തിന്റെയും സൗന്ദര്യം ഒന്നുവേറെ തന്നെയാണ്. അതുകൊണ്ടാണല്ലോ, മധ്യപ്രദേശിലെ ഒരു കുഗ്രാമത്തിലെ യുവകന്യക അറിയപ്പെടുന്ന ഒരു സുന്ദരിയായി മാറിയത്. പുതു യുഗത്തിലെ, consumeristic culture തലയിലേന്തിയ നമ്മള്‍, ാെsmall is beautiful, എന്നത് മറന്നു, more is beautiful എന്നായി മാറി.


ഒരിക്കല്‍ സ്‌കൂളിലെ ടീച്ചേഴ്‌സ് വന്നൊരു suggestion പറഞ്ഞു, സിസ്റ്ററെ ഞങ്ങള്‍ക്കും യൂണിഫോം വേണം. എന്നും രാവിലെ ഏത് ഇടണം എന്ന് തീരുമാനിക്കുന്നത് ജീവിതത്തിലെ ഏറ്റവും വലിയ ഒരു ടാസ്‌ക് ആയി മാറിയിരിക്കുകയാണ്. തരാതര വസ്തുക്കള്‍ അനായാസം ലഭ്യമായിരിക്കുന്ന ഈ കാലഘട്ടത്തില്‍ അധികമൊന്നുമില്ലെങ്കിലും ജീവിതം സുന്ദരമാക്കാം എന്ന് ചിന്തിക്കുന്നത് ഒരു വെല്ലുവിളിയാണ്.


ലാളിത്യം വസ്തുവകകളില്‍ മാത്രമല്ല, ചിന്തയിലും പ്രവൃത്തിയിലും വേണം. റിസേര്‍ച്ച് പഠനത്തിന്റെ ആദ്യകാലങ്ങളില്‍ ചില പേപ്പറുകള്‍ വായിക്കുമ്പോള്‍, എനിക്ക് എന്റെ ബുദ്ധിയില്‍ നല്ല സംശയം ഉണ്ടായിരുന്നു. പലതും ഗ്രഹിക്കാന്‍ പറ്റുന്നില്ലായിരുന്നു. രണ്ടും കല്പിച്ചു കൂട്ടുകാരോട് ചോദിച്ചപ്പോള്‍ അവരും പറഞ്ഞു, പലതും തലയ്ക്കു മീതെകൂടെയാണ് പോകുന്നതെന്ന്. ആശ്വാസം. കഴിഞ്ഞ ദിവസം ഒരു പേപ്പര്‍ വായിച്ചപ്പോള്‍ സ്വയം ഊറിയൂറി ചിരിക്കുന്നതുപോലെ തോന്നി. വളരെ ലാഘവത്തോടെ വായിക്കുന്നവര്‍ക്കു ഉപകാരപ്പെടാന്‍ വേണ്ടി ഉപജ്ഞാതാക്കള്‍ ചെയ്‌തൊരു പ്രയത്‌നമായിരുന്നു അത്. സംഭവം ചെറുതൊന്നും അല്ല, പതിനായിരക്കണക്കിന് citation കിട്ടിയ ഒരു പേപ്പര്‍ ആയിരുന്നു അത്. അതെ, ഇത്ര ചെറുതാകാന്‍ എത്ര വളരേണം...!


ഈ powerpoint- PPT എന്ന സംഭവം എന്താണ്, ഉള്ള കാര്യം ഏറ്റവും ലളിതമായിട്ട് അവതരിപ്പിക്കുക.


ഹാരിപോര്‍ട്ടര്‍ വായിച്ചു വളര്‍ന്ന തലമുറക്ക്, ബാലരമവായിച്ചു വളര്‍ന്ന തലമുറയോട് ഒരു ചെറിയ പുച്ഛം ഉണ്ടോ എന്ന് സംശയം ഇല്ലാതില്ല. ആദ്യത്തെ കൂട്ടരെ ചിരിപ്പിക്കണമെങ്കില്‍ standup comedians വേണം, രണ്ടാമത്തെ കൂട്ടര്‍ക്കു പാരഡി ഗാനങ്ങളും, മോണോ ആക്ടുകളും ധാരാളമായിരുന്നു. ഒരു തമാശ പറഞ്ഞു പൊട്ടി ചിരിക്കാന്‍ പറ്റാത്ത വിധം complicated ആയിട്ടുണ്ടോ പലരുടെയും ജീവിതം?


കൊറോണ നമ്മളെ പഠിപ്പിച്ച പാഠങ്ങളില്‍ ഒന്നാണ്, ജീവിക്കാന്‍ അധികമൊന്നും വേണ്ട. ഉള്ളത് കൊണ്ട് ഓണം പോലെയും കഴിയാമെന്നത്. പഴയകഥ പുതിയ തലമുറയോട് പറഞ്ഞാല്‍ എങ്ങനെ മനസ്സിലാകും? അല്ല, നമ്മള്‍ അവരോടു പറഞ്ഞു കൊടുക്കാറുണ്ടോ? ഒന്നിനും കുറവില്ലാതെ വളര്‍ത്തുന്ന അവര്‍ക്കു ലളിതം എന്ന വാക്ക് പോലും അന്യമായിരിക്കും.


സ്‌കൂളില്‍ പഠിച്ചു കൊണ്ടിരുന്ന കാലത്ത് എനിക്ക് സ്‌കൂള്‍ ബാഗ് ഇല്ലായിരുന്നു. സണ്‍ഡേ സപ്ലിമെന്റ് ഇട്ടു പൊതിഞ്ഞ്, നല്ല വൃത്തിയായി അടുക്കി കൈയില്‍ പിടിച്ചു കൊണ്ടായിരുന്നു പുസ്തകങ്ങള്‍ സ്‌കൂളില്‍ കൊണ്ടുപോയിരുന്നത്. ആവശ്യമുള്ളത് മാത്രം കൈയില്‍ പിടിച്ചിരുന്ന കാലം. വര്‍ഷങ്ങള്‍ക്കിപ്പുറം, ഞാന്‍ എന്റെ കോളേജ് ബാഗ് ക്ലീന്‍ ചെയ്തപ്പോള്‍ ഒരു അര കിലോ വേസ്റ്റ് എടുത്ത് കളയാന്‍ കിട്ടി. അതു പിന്നെയും സഹിക്കാം, എന്റെ ഒരു സഹപാഠിയുടെ ബാഗില്‍ കൈയിട്ടാല്‍ തലയണയും കിടക്കയും ഒഴിച്ചു ഒരു മാസം ജീവിക്കാനുള്ള സാധനങ്ങള്‍ മുഴുവന്‍ അതില്‍ കാണും. അതെല്ലാം ഇരിക്കട്ടെ, ഒരു ദിവസം ആള് ക്ലാസ്സില്‍ വന്നപ്പോള്‍, ഏറ്റവും അത്യാവശ്യപ്പെട്ട പഠന സാമഗ്രി-ലാപ് ടോപ്, ബാഗില്‍ ഇല്ല. അനാവശ്യ കനം, ആവശ്യമുള്ളതിനെ മാറ്റിവച്ചു.


ലാവണ്യത്തില്‍ ഒരു സൗന്ദര്യം ഉണ്ടെന്നുള്ളത് നമ്മള്‍ മറന്നു പോകരുത്. തലയെടുപ്പോടുകൂടെ നില്‍ക്കുന്ന, ഡാലിയ പൂവിന്റെ ചുവട്ടില്‍ ഉള്ള തൊട്ടാവാടി പൂവിനും സൗന്ദര്യം ഉണ്ടെന്നുള്ളത് കാണാന്‍ മറക്കരുത്. കുറച്ചു കാലം മുന്‍പുവരെ, മൃതദേഹത്തില്‍ പട്ട് ഇടുക എന്നതൊരു ചടങ്ങുണ്ടായിരുന്നു. അതൊരു പ്രെസ്റ്റീജ് സൂചനയും ആയിരുന്നു. കാലം മാറി, പട്ട് പ്രകൃതിയോട് ചെയ്യുന്ന ദൂഷ്യഫലം മനസ്സിലാക്കി നമ്മള്‍ അത് ഉപേക്ഷിച്ചു, പ്രകൃതിക്കു ചേരുന്ന പൂക്കളുമായി പ്രിയപ്പെട്ടവരെ യാത്രയാക്കാന്‍ തുടങ്ങി. എന്തൊരു സുന്ദരമായ പരിണാമം.


അത്രയേയുള്ളൂ, അധികമൊന്നും കൂട്ടിവച്ച് ആര്‍ക്കും ഉപകാരപ്രദമാകാതെ ജീവിക്കുന്നതില്‍ എന്തു ചന്തമാണുള്ളത്? ഉള്ളതുകൊണ്ട് ഓണം പോലെ, ലളിതവും സുന്ദരവുമായി ജീവിക്കുന്നതില്‍പരം സൗഭാഗ്യം എന്തുണ്ട്! രണ്ടുടുപ്പുള്ളവന്‍ ഒന്ന് കൊടുക്കാന്‍ പറഞ്ഞത് വെറുതെയല്ല.



മിഷനറി സിസ്റ്റേഴ്സ് സർവന്റ്സ് ഓഫ് ദി ഹോളി സ്പിരിറ്റ് അംഗമായ സിസ്റ്റർ തലശ്ശേരി രൂപതയിലെ എടൂർ സ്വദേശിയാണ്. ഭുവനേശ്വറിൽ സേവിയർ യൂണിവേഴ്സിറ്റിയിൽ പി എച്ച് ഡി ചെയ്യുന്നു.

 
 
 

Comments


Kairos USA

Kairos INDIA

Kairos UK

     Kairos International Inc. 700 Louisiana St, Houston, TX. USA 77002

     Kairos Media, No 8/174, Navodaya Studio Complex, Thengod P.O, Cochin, Kerala, India. Pin: 682030

     Kairos Media, St Charles Street, Sheffield S9 3WU, United Kingdom

COPYRIGHT © 2021 KAIROS MEDIA, JESUS YOUTH

bottom of page