സെറീന്റെ പ്രാർത്ഥന | സ്മാർട്ട് കിഡ്സ് | ജെര്‍ളിന്‍ ജേക്കബ്| KAIROS MALAYALAM | MARCH 2025

രണ്ടാം ക്ലാസ്സുകാരി സെറീന്‍ പഠിക്കുന്നത് ഇന്‍ഫന്റ് ജീസസ് സ്‌കൂളിലാണ്. സെറീന്റെ പപ്പ സ്‌കൂട്ടറില്‍ അവളെ സ്‌കൂളില്‍ കൊണ്ടു ചെന്നാക്കി. പപ്പയുടെ വണ്ടിയില്‍ നിന്നിറങ്ങി പോകുംനേരം പപ്പയ്ക്ക് ഒരുമ്മയും റ്റാറ്റയും കൊടുത്തി ട്ടാണ് അവള്‍ ക്ലാസ്സിലേക്ക് പോയത്. പാട്ടും ഡാന്‍സുമൊക്കെ പഠിക്കുന്നുണ്ട് സെറീന്‍. പഠിക്കാനും മിടുക്കിയാണ്. ക്ലാസ്സിലെ താരമെന്ന് വേണം അവളെ പറയാന്‍. കളിക്കാന്‍ വിടുമ്പോള്‍ കുറച്ചുപേരു ണ്ടാകും എന്നും അവളുടെ കൂടെ.
ഉച്ചയ്ക്ക് ഭക്ഷണം കഴിച്ചിട്ട് വേഗം ഡാന്‍സ് പ്രാക്ടീസിനായി എത്തണമെന്ന് ടീച്ചര്‍ പറഞ്ഞിട്ടുണ്ട്. ആനിവേഴ്‌സറിക്ക് കളിക്കാനുള്ള ഡാന്‍സാണ് പ്രാക്ടീസ് ചെയ്യുന്നത്. പാട്ടിനും പ്രസംഗത്തിനും മോണോ ആക്ടിനും സെറീനാണ് ഒന്നാം സമ്മാനം കിട്ടാറുള്ളത്. ക്ലാസ്സ് കഴിഞ്ഞ് ഉച്ചയ്ക്ക് ലഞ്ച് സമയമായി. കൂട്ടുകാര്‍ എല്ലാവരും പെട്ടെന്നുതന്നെ ഭക്ഷണം കഴിച്ച് കൈകഴുകാനായി പുറത്തേക്ക് ഓടി. സെറീനും വേഗത്തില്‍ ക്ലാസ്സില്‍ നിന്നിറങ്ങി പുറത്തേക്കുപോയി.
ടീച്ചര്‍ പറഞ്ഞതനുസരിച്ച് എല്ലാവരും ഒന്നരമണിക്ക് മുമ്പേ ഡാന്‍സ് ക്ലാസ്സിലെത്തി. സെറീന്‍ മാത്രം എത്തിയില്ല. സെറീനെ വിളിക്കാനായി ടീച്ചര്‍ ഒരു കുട്ടിയെ ക്ലാസ്സിലേക്ക് പറഞ്ഞയച്ചു. സെറീനെ അവിടെ കാണാതെ കുട്ടി തിരികെ വന്നു. ടോയ്‌ലറ്റില്‍ പോയിട്ടുണ്ടാകുമെന്ന് വിചാരിച്ച്, വേഗം ചെന്ന് അവളെ വിളിച്ചുകൊണ്ടുവരാന്‍ രണ്ടുപേരെ ടീച്ചര്‍ പറഞ്ഞയച്ചു. അവരും പോയിട്ട് സെറീനെ കാണാതെ തിരികെ വന്നു. കുട്ടികളെല്ലാവരും സങ്കടത്തിലായി. സെറീനെ കാണാനില്ല! ഇനി ടീച്ചര്‍മാര്‍ ആരെങ്കിലും സ്റ്റാഫ് റൂമിലേക്ക് വിളിപ്പിച്ചിട്ടുണ്ടാകുമോ? ഡാന്‍സ് ടീച്ചര്‍ സ്റ്റാഫ് റൂമിലേക്ക് രണ്ടുപേരെ പറഞ്ഞയച്ചു. സെറീന്‍ അവിടെയുമില്ല, ഹെഡ്മിസ്ട്രസ്സിന്റെ മുറിയിലുമില്ല. പിന്നെയവള്‍ എവിടെ പോയി? ടീച്ചറും ഒന്നമ്പരന്നു. പെട്ടെന്ന് ഡാന്‍സ് റൂമില്‍ കറന്റ് പോയി. ടീച്ചര്‍ പറഞ്ഞു: ''കുട്ടികളെ നമുക്ക് പള്ളിയുടെ സൈഡിലുള്ള ഹാളില്‍ പോയി പ്രാക്ടീസ് ചെയ്യാം. അവിടെ കറന്റുണ്ടാകും.'' എല്ലാവരും അങ്ങോട്ടേക്ക് ഓടിപ്പോയി.
കുട്ടികള്‍ ഹാളിലേക്ക് കയറുമ്പോള്‍ ടീച്ചര്‍ പള്ളിക്കകത്തേക്ക് ഒന്നു നോക്കിയപ്പോഴാണ് ആ കാഴ്ച കണ്ടത്. സെറീന്‍ പള്ളിയില്‍ സക്രാരിക്കു മുമ്പില്‍ മുട്ടുകുത്തി നിന്ന് പ്രാര്‍ഥിക്കുന്നു. ടീച്ചര്‍ അവളുടെ അടുത്തേക്ക് ചെന്ന് അവളെ വിളിച്ചു. അവള്‍ തിരിഞ്ഞു നോക്കുമ്പോള്‍ അവളുടെ കണ്ണുകള്‍ നിറഞ്ഞിരിക്കുന്നത് കണ്ട് ടീച്ചര്‍ അവളോട് കാര്യം തിരക്കി. ''എന്താ മോളെ നീ ഡാന്‍സ് പ്രാക്ടീസിനു വരാതെ പള്ളിയില്‍ വന്നിരിക്കുന്നത്. നിന്റെ കണ്ണുകള്‍ നിറഞ്ഞിട്ടുണ്ടല്ലോ. എന്തെങ്കിലും സങ്കടമുണ്ടോ?'' അവള്‍ ടീച്ചറിനോട് കാര്യം പറഞ്ഞു: ''ടീച്ചറെ, എന്റെ അമ്മയ്ക്ക് സുഖമില്ല, ആശുപത്രിയിലാണ്. പപ്പയാണ് എന്നെ സ്‌കൂളില്‍ കൊണ്ടുവിട്ടത്. അമ്മയ്ക്ക് ഒരു ഓപ്പറേഷന്‍ വേണമെന്നാണ് പറഞ്ഞിരിക്കുന്നത്. വയറ്റില്‍ ഒരു മുഴയുണ്ട്. അമ്മയ്ക്ക് കുഴപ്പമൊന്നും ഇല്ലാതിരിക്കാനാണ് ഞാന്‍ പ്രാര്‍ഥിക്കാന്‍ വന്നത്.'' അവള്‍ പറഞ്ഞതു കേട്ട് ടീച്ചറിന്റെ കണ്ണുകളും നിറഞ്ഞു. അവള്‍ തുടര്‍ന്നു: ''എന്തുണ്ടെങ്കിലും ഈശോയോട് പ്രാര്‍ഥിച്ചാല്‍ അത് നടക്കുമെന്ന് അമ്മ പറഞ്ഞിട്ടുണ്ട്. ഞാന്‍ ഈശോയോട് അമ്മയ്ക്കുവേണ്ടി പ്രാര്‍ഥിക്കാന്‍ വന്നതാണ്.'' ടീച്ചര്‍ അവളെ സമാധാനിപ്പിച്ചുകൊണ്ട് അവളെയും കൂട്ടി മറ്റു കുട്ടികളുടെ അടുക്കലേക്ക് ചെന്നു. സെറീന്‍ ചെയ്ത കാര്യങ്ങള്‍ പറഞ്ഞ് ടീച്ചര്‍ മറ്റു കുട്ടികളെ വിശ്വാസത്തെക്കുറിച്ചും പ്രാര്‍ഥനയെക്കുറിച്ചുമൊക്കെ അവര്‍ക്ക് പറഞ്ഞു കൊടുത്തു. എല്ലാവരുമൊന്നിച്ചു സെറീന്റെ അമ്മയ്ക്കുവേണ്ടി പ്രാര്‍ഥിച്ചിട്ടാണ് ഡാന്‍സ് ക്ലാസ്സ് ആരംഭിച്ചത്.
ഡാന്‍സ് ടീച്ചര്‍ പിന്നീട് സ്റ്റാഫ് റൂമില്‍ ചെന്ന് ടീച്ചേഴ്‌സിനോടും ഹെഡ്മിസ്ട്രസ്സിനോടുമൊക്കെ സെറീനെ പറ്റിയും അവളുടെ
അമ്മയെപ്പറ്റിയും പറഞ്ഞു. അങ്ങനെ എല്ലാ ടീച്ചേഴ്‌സിന്റെയും പ്രാര്‍ഥനകളും സെറീന്റെ അമ്മയ്ക്ക് ലഭിച്ചു. പിറ്റേദിവസം സെറീന്റെ
അമ്മയുടെ ഓപ്പറേഷന്‍ യാതൊരുവിധ കുഴപ്പങ്ങളും കൂടാതെ നടന്നു. കുറച്ചു ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ സെറീനെയും കൂട്ടി സ്‌കൂളിലെത്തിയ അവളുടെ അമ്മ, തനിക്കുവേണ്ടി പ്രാര്‍ഥിച്ച എല്ലാവര്‍ക്കും നന്ദി പറഞ്ഞുകൊണ്ട് അവളുടെ ക്ലാസ്സ് ടീച്ചറോട് സംസാരിച്ചു.



Comments