top of page

സങ്കടങ്ങൾ നൽകിയവരെ നന്ദിയോടെ ഓർക്കേണ്ടതുണ്ടോ? | കവര്‍‌സ്റ്റോറി | ഫാ. ഡിപിൻ നെല്ലിക്കശ്ശേരിൽ OCD | KAIROS MALAYALAM | FEBRUARY 2025

Writer: ഫാ. ഡിപിൻ നെല്ലിക്കശ്ശേരിൽ OCD
ഫാ. ഡിപിൻ നെല്ലിക്കശ്ശേരിൽ OCD
1 day ago
2 min read

കുറച്ചധികം സങ്കടമുള്ള ഒരു ഞായറാഴ്ചയായിരുന്നു അത്. ആത്മീയമായും ശാരീരികമായും ഡൗണ്‍ ആയതിനു പുറമേ കുറച്ചധികം ചിന്തകളുടെ ഭാരവും വല്ലാതെ അലട്ടുന്നുണ്ടായിരുന്നു. അലസമായി ഫോണ്‍ നോക്കിയിരുന്ന സമയത്താണ് ഒരു മെസ്സേജ് വന്നത്. ഒരുപാട് ആത്മീയ ബന്ധമുള്ള ഒരു ആന്റിയുടെ സന്ദേശമായിരുന്നു അത്. ''ഞാനെത്ര ഭാഗ്യവതിയാണ് ഒരു യോഗ്യത ഇല്ലാതിരുന്നിട്ടും ഈശോ എന്നെ എത്രമാത്രം സ്‌നേഹിക്കുന്നു. നിങ്ങളെയൊക്കെ കാണാനും മിണ്ടാനും ആത്മീയ കാര്യങ്ങള്‍ സംസാരിക്കാനും ഈശോ എനിക്ക് ഇടവരുത്തിയില്ലേ. ഈശോ തന്നതൊക്കെ എത്ര മനോഹരമാണ്. ആദ്യമായി കണ്ട അന്നുമുതല്‍ ഇന്നുവരെ ഞാന്‍ പ്രാര്‍ഥിക്കുന്നുണ്ട് കേട്ടോ.'' എന്നതായിരുന്നു സന്ദേശത്തിന്റെ ഉള്ളടക്കം. ഓര്‍മകള്‍ കുറച്ചു വര്‍ഷം പിന്നോട്ട് സഞ്ചരിച്ചു. പൂര്‍ണമായും ഈശോയെ സ്വന്തമാക്കാന്‍ ആഗ്രഹിച്ചുനടന്ന ഒരാത്മാവ്. അവര്‍ക്കുവേണ്ടി ഞാന്‍ എന്താണ് ചെയ്തിട്ടുള്ളത്. ഒരു ചിത്രം സമ്മാനമായി കൊടുത്തിട്ടുണ്ട്. നിസ്സാരമായ എന്റെ ഈശോ അനുഭവങ്ങള്‍ പങ്കുവച്ചിട്ടുണ്ട്. അള്‍ത്താരയില്‍ അവരുടെ നിയോഗങ്ങള്‍ ചേര്‍ത്തുവച്ചിട്ടുണ്ട്. കൃതജ്ഞത സൂക്ഷിക്കാന്‍ വലിയ കാര്യങ്ങള്‍ ഒന്നും ആവശ്യമില്ല എന്ന് ഓര്‍മപ്പെടുത്തിക്കൊണ്ടാണ് ആ സന്ദേശം എനിക്ക് ലഭിച്ചത്.


പരാതികളെക്കാള്‍ അധികം കൃതജ്ഞതയോടെ ഓര്‍ത്തെടുക്കാനുള്ള ഒട്ടേറെ കാര്യങ്ങള്‍ ജീവിതത്തില്‍ ഉണ്ടെന്ന വലിയൊരു പാഠം അതെന്റെ ഹൃദയത്തോട് പറഞ്ഞു.


ചില സങ്കടങ്ങള്‍ ജീവിതത്തിലേക്ക് കടന്നുവരുമ്പോള്‍ എത്ര പെട്ടെന്നാണ് ലഭിച്ച കൃപകളത്രയും മറന്നുകളഞ്ഞു നാം നിരാശയിലേക്കും വിഷമത്തിലേക്കും പോകുന്നത്. ഓരോ ദിവസവും നമുക്ക് കൃതജ്ഞതയോടെ ഓര്‍ത്തെടുക്കാന്‍ എത്രയോ കാര്യങ്ങളുണ്ട്. ഇന്ന് നാം കണ്ട പ്രഭാതവും സുരക്ഷിതമായി നാം യാത്ര ചെയ്തതും വഴിയില്‍ ലഭിച്ച പുഞ്ചിരിയും പൂക്കളുടെ മനോഹാരിതയും കഴിച്ച ഭക്ഷണവും ലഭിച്ച സന്ദേശങ്ങളും ശ്വസിച്ച വായുവും അങ്ങനെ എണ്ണിയാല്‍ ഒടുങ്ങാത്തത്ര കാര്യങ്ങള്‍ക്ക് നാം എത്രയോ പേരോട് കടപ്പെട്ടിരിക്കുന്നു. ഒരല്പം കൃതജ്ഞതയോടെ ജീവിതത്തെ നോക്കി കാണാന്‍ പഠിക്കുമ്പോള്‍ കുറച്ചുകൂടി അതിനെ സ്‌നേഹിക്കാനും പരാതികള്‍ ഇല്ലാതെ ഉള്‍ക്കൊള്ളാനും സാധിക്കുമെന്ന് തോന്നുന്നു. സുഖം പ്രാപിച്ചു പോയ പത്തു കുഷ്ഠരോഗികളില്‍ നിന്ന് കൃതജ്ഞതയോടെ തിരിച്ചു വന്ന ഒരുവനെ ഈശോ ഗൗരവമായി എടുക്കുന്നത് അതുകൊണ്ടാണ്.


കാണാതെ പോകുന്ന നന്മകള്‍, സ്വീകരിച്ച കൃപകള്‍, എല്ലാത്തിനോടും ഉണ്ടാകണം കൃതജ്ഞതയുടെ മനോഭാവം. കഴിഞ്ഞ ദിവസമാണ് ആത്മീയ സംഭാഷണത്തിനിടയ്ക്ക് എനിക്കുവേണ്ടി പ്രാര്‍ഥിക്കുന്നവരോട് തിരിച്ച് എങ്ങനെ നന്ദി കാണിക്കും എന്ന് ഒരു യുവാവ് ചോദിച്ചത്. വ്യക്തിപരമായി ഏറ്റവും അടുപ്പമുള്ളവര്‍ ആരും വാക്കുകള്‍കൊണ്ട് എന്നോട് നന്ദി പറയുന്നതിനോട് എനിക്ക് യോജിപ്പില്ല. പക്ഷേ ഏറ്റവും അധികം എന്നെ സന്തോഷിപ്പിക്കുന്ന ഒരു കാര്യം അവര്‍ എനിക്ക് വേണ്ടി പ്രാര്‍ഥിക്കും എന്ന് തരുന്ന ഉറപ്പാണ്. ഒരാള്‍ക്ക് നല്‍കുവാന്‍ സാധിക്കുന്ന ഏറ്റവും നല്ല നന്ദി പ്രകാശനം അവര്‍ക്കുവേണ്ടി നിരന്തരം പ്രാര്‍ഥിക്കുകയാണെന്ന് പറയാനാണ് തോന്നിയത്. സങ്കടത്തില്‍ ചേര്‍ത്തുനിറുത്തിയവരും ആത്മീയമായും ഭൗതികവുമായും സഹായിച്ചവരും അഭിനന്ദനങ്ങള്‍ നല്‍കിയവരും കഴിവുകളെ പ്രോത്സാഹിപ്പിച്ചവരും പ്രാര്‍ഥിക്കുന്നുണ്ട് കേട്ടോ എന്ന് ഇടയ്ക്കിടയ്ക്ക് ഓര്‍മപ്പെടുത്തുന്നവരും ഒരിക്കലും ആവശ്യപ്പെടാതെതന്നെ സഹായത്തിന്റെ കരങ്ങള്‍ നീട്ടിയവരും അങ്ങനെ എത്രയോ പേരാണ് നമ്മുടെ ജീവിതത്തെ സുന്ദരമാക്കിയിട്ടുള്ളത്. വീട്ടാന്‍ കഴിയാത്ത കടങ്ങള്‍ക്ക് പകരം നല്‍കാനുള്ളത് അവര്‍ക്കൊക്കെയുംവേണ്ടി പ്രാര്‍ഥനയുടെ കരങ്ങള്‍ ഉയര്‍ത്തുക എന്നതാണ്. അപ്പോള്‍ സന്തോഷം തന്നവരോട് മാത്രം ജീവിതത്തില്‍ കൃതജ്ഞത ഉണ്ടായാല്‍ മതിയോ? ഒരിക്കലുമല്ല. ഒന്നോര്‍ത്തു നോക്കിയാല്‍ ചില സങ്കടങ്ങള്‍ നമ്മെ എത്രത്തോളം പാകപ്പെടുത്തിയിട്ടുണ്ട്? കുറച്ചുകൂടി ബോള്‍ഡായി കാര്യങ്ങളെ കൈകാര്യം ചെയ്യാനും പല വിധത്തിലുള്ള മനുഷ്യരെ തിരിച്ചറിയാനും പ്രശ്‌നങ്ങളെ നേരിടാനുമൊക്കെ കരുത്ത്

നല്‍കിയത് തീര്‍ച്ചയായും നാം കടന്നുപോയ സങ്കടങ്ങളും അത് നമുക്ക് നല്‍കിയവരും ആണ്. അവരോടും ഉണ്ടാകണം നന്ദി.


ഫിലിപ്പീന്‍കാരനായ, ധന്യപദവിയിലേക്ക് ഉയര്‍ത്തപ്പെട്ട ഡാര്‍വിന്‍ റാമോസ് എന്നൊരു യുവാവുണ്ട്. അരയ്ക്കു കീഴ്‌പ്പോട്ട് ചലനശക്തിയില്ലാത്ത ജീവിതമായിരുന്നു അവന്റേത്. അവന്റെ വിശുദ്ധ ജീവിത വഴിയില്‍ രണ്ടു വാക്കുകളാണ് പ്രധാനമായും പ്രതിഫലിച്ചു കാണുന്നത്. അവസാന ശ്വാസത്തോളം കണ്ടുമുട്ടുന്നവരോട് എല്ലാം അവന്‍ പറഞ്ഞിരുന്നത് ഞാന്‍ നിന്നെ സ്‌നേഹിക്കുന്നു, എനിക്ക് നിന്നോട് നന്ദിയുണ്ട്, എന്നുമായിരുന്നു. നന്ദി വാക്കുകള്‍ കൊണ്ട് പറഞ്ഞില്ലെങ്കിലും ജീവിതം കൊണ്ടും പ്രാര്‍ഥനകൊണ്ടും പ്രതിഫലിപ്പിക്കാന്‍ നമുക്ക് കടമയുണ്ട്. നിശ്ചയമായും ഇത് വായിച്ച് തീരുമ്പോള്‍ ഒട്ടേറെ മുഖങ്ങള്‍ നിങ്ങളുടെയുള്ളില്‍ ഓടിയെത്തിയി ട്ടുണ്ടാവും. ഇല്ലെങ്കില്‍ ഒരല്പസമയം കണ്ണടച്ചിരുന്ന് ജീവിതത്തില്‍ സങ്കടങ്ങള്‍ നല്‍കിയവരെയും ഏറ്റവും നിസ്സാരമായ കാര്യങ്ങള്‍കൊണ്ടുപോലും നമുക്ക് സന്തോഷം നല്‍കിയവരെയും ഒന്ന് ഓര്‍ത്തെടുക്കാം. എല്ലാറ്റിലും ഉപരി ഇന്ന് ഈ നിമിഷംവരെ നാം ശ്വസിച്ച വായുവിനും നമ്മുടെ ജീവിതത്തിനും ജീവിതയാത്രയ്ക്കുമെല്ലാം കരുതല്‍ ഒരുക്കുന്ന കര്‍ത്താവിനെ നന്ദിയോടെ ഓര്‍ക്കാം. ''കര്‍ത്താവിനെ സ്തുതിക്കുവിന്‍! കര്‍ത്താവിനു നന്ദി പറയുവിന്‍! അവിടന്നു നല്ലവനാണ്, അവിടത്തെ കാരുണ്യം എന്നേക്കും നിലനില്‍ക്കുന്നു'' (സങ്കീ 106,1).


ബാർ പ്രൊവിൻസ് അംഗമായ ഫാ. ഡിപിൻ നെല്ലിക്കശ്ശേരിൽ ജീസസ് യൂത്ത് കേരള ആർട്സ് മിനിസ്ട്രിയുടെ ചാപ്ലിൻ ആയിരുന്നു. ഇപ്പോൾ വെനീസിൽ ചിത്രകലയിൽ(ഐക്കണോഗ്രാഫി) ഉപരിപഠനം നടത്തുന്നു.

 
 
 

Comments


Kairos USA

Kairos INDIA

Kairos UK

     Kairos International Inc. 700 Louisiana St, Houston, TX. USA 77002

     Kairos Media, No 8/174, Navodaya Studio Complex, Thengod P.O, Cochin, Kerala, India. Pin: 682030

     Kairos Media, St Charles Street, Sheffield S9 3WU, United Kingdom

COPYRIGHT © 2021 KAIROS MEDIA, JESUS YOUTH

bottom of page