top of page

സന്തോഷത്തിന്റെ താക്കോല്‍ | എഡിറ്റേഴ്‌സ് റൂം | അഡ്വ. കെ.ജെ. ജോണ്‍സണ്‍ | KAIROS MALAYALAM | MAY 2025

Writer: അഡ്വ. കെ.ജെ. ജോണ്‍സണ്‍
അഡ്വ. കെ.ജെ. ജോണ്‍സണ്‍
Nov 12
1 min read

ഒരിക്കല്‍ ഒരു പത്രപ്രവര്‍ത്തകന്‍ ഫ്രാന്‍സിസ് പാപ്പയോട് ചോദിച്ചു, ''അങ്ങ് എപ്പോഴും സന്തോഷത്തോടെ ഇരിക്കുന്നുവല്ലോ. അതിന്റെ രഹസ്യം എന്താണ്?'' പാപ്പ ഇങ്ങനെയാണ് മറുപടി നല്‍കിയത്: ''ഇടയ്‌ക്കൊക്കെ തിരക്കുകള്‍ക്ക് അവധി കൊടുക്കുക. ജീവിക്കുകയും ജീവിക്കാന്‍ അനുവദിക്കുകയും ചെയ്യുക. സമാധാനം ആഗ്രഹിക്കുകയും അതിനായി പ്രവര്‍ത്തിക്കുകയും ചെയ്യുക. മനുഷ്യന്റെ അന്തസ്സിന് ചേരുന്ന ജോലി മാത്രം ചെയ്യുക. നിഷേധാത്മക ചിന്തകളെ അകറ്റിനിറുത്തുക, കലയും പുസ്തകങ്ങളുമൊക്കെ ആസ്വദിക്കുക. മനസ്സിന് അയവു നല്‍കി ജീവിതത്തിലൂടെ ശാന്തമായി മുന്നോട്ടുപോവുക.''


സന്തോഷം എന്ന വൈകാരിക അനുഭവം ആര്‍ജിക്കാനായി ഒരായുസ്സ് മുഴുവന്‍ മാറ്റിവയ്ക്കുന്നവരാണ് മനുഷ്യര്‍. ഭക്ഷണം, വസ്ത്രം, യാത്രകള്‍, വാഹനം, വീട്, സൗഹൃദങ്ങള്‍, മാധ്യമങ്ങള്‍... എല്ലാം സന്തോഷത്തിന്റെ വാതിലായാണ് കരുതിപ്പോരുന്നത്. സന്തോഷത്തിന്റെ സൗന്ദര്യം കാണുന്നത് കുഞ്ഞുങ്ങളിലാണ്. അവരുടെ നിഷ്‌കളങ്കതയും ബന്ധങ്ങളും പങ്കുവയ്പും അവരെ കൂടുതല്‍ പ്രസന്നവദനരാക്കുന്നു. അതുകൊണ്ടുതന്നെ ക്രിസ്തു ശിഷ്യന്മാരോട് പറഞ്ഞു: ''ശിശുക്കളെ എന്റെ അടുത്തുവരാന്‍ അനുവദിക്കുവിന്‍, അവരെ തടയരുത്. എന്തെന്നാല്‍ സ്വര്‍ഗരാജ്യം അവരെ പോലെയുള്ളവരുടേതാണ്'' (മത്താ 19, 14).


ഓടിട്ട രണ്ടു മുറികള്‍ മാത്രമുള്ള ഒരു വീട്ടിലാണ് മാണി ജീവിക്കുന്നത്. അപ്പന്റെ ചെറിയ വരുമാനവും കൂടെ മാണിയുടെ ചെറിയ ജോലിക്ക് പോയി കിട്ടുന്ന വരുമാനവുമാണ് അവരുടെ ജീവിതമാര്‍ഗം. മഴക്കാലത്ത് വീട് ചോരുമെങ്കിലും കുടുംബത്തിനെക്കുറിച്ച് അയല്‍ക്കാര്‍ക്ക് അസൂയയാണ്. പുഞ്ചിരിച്ചല്ലാതെ അവരെ അയല്‍ വീട്ടുകാര്‍ കണ്ടിട്ടില്ല. പരാതികള്‍ പോലും പരിഭവങ്ങള്‍ ഇല്ലാതെയാണ് പറയുക. മാണിയുടെ കൊച്ചുവീട്ടില്‍ മാണിയുടെയും സഹോദരിയുടെയും കൂട്ടുകാര്‍ പലരും വരും. മാണിയുടെ അമ്മ എല്ലാവര്‍ക്കും ഒത്തിരി സ്‌നേഹത്തോടെ ഭക്ഷണം വിളമ്പും. മാണിയുടെ കുടുംബത്തിന്റെ സൗന്ദര്യം, അവരുടെ ബന്ധങ്ങളിലെ അടുപ്പമായിരുന്നു.


ബന്ധങ്ങളിലെ ഇഴയടുപ്പമാണ് മനുഷ്യന്റെ സന്തോഷത്തെ ബലപ്പെടുത്തുന്നത്. അത് നഷ്ടപ്പെടുമ്പോള്‍ സന്തോഷത്തിന്റെ വാതായനങ്ങള്‍ അടയുന്നത് കാണാനാവും.


സഹോദരന്മാര്‍ തമ്മിലുള്ള സ്വത്ത് തര്‍ക്കത്തിനൊടുവില്‍ ചേട്ടന്‍ പറഞ്ഞു: അവന് ഇഷ്ടമുള്ളത് കൊടുക്കുവിന്‍ ബാക്കിയുള്ളതുമതി എനിക്ക്. ചേട്ടനോട് ഭാര്യയും മക്കളും ചോദിച്ചു: നിങ്ങളുടെ അധ്വാനമല്ലേ കൂടുതല്‍? ചേട്ടന്‍ പറഞ്ഞു: എന്റെ അധ്വാനത്തേക്കാള്‍ വലുതാണ് നമ്മുടെ മനസ്സിന്റെ സുഖം. നിങ്ങളും ഇങ്ങനെ തന്നെ കരുതിയാല്‍ മതി.


വര്‍ഷങ്ങള്‍ക്കുശേഷമാണ് പത്താം ക്ലാസ്സിലെ സുഹൃത്തുക്കള്‍ ഒത്തുചേരുന്നത്. സമ്പത്തും അധികാരവും നേടിയവര്‍ തങ്ങളുടെ ശക്തി പ്രകടിപ്പിക്കാന്‍ അവസരം നോക്കുന്നു. ഒരു സുഹൃത്തിനെ സഹായിക്കുന്നതിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ ചെന്നെത്തിയത് പരസ്പര സ്പര്‍ധയിലേക്കാണ്. ഒത്തുചേരാന്‍ വന്നവര്‍ രണ്ട് ഗ്രൂപ്പായി വിഭജിക്കപ്പെട്ടു. തങ്ങളുടെ അഹം ഇല്ലാതാക്കാന്‍ ആരും തയ്യാറായില്ല. ദുഃഖം തളംകെട്ടിയ മനസ്സോടെയാണ് അവര്‍ പിരിഞ്ഞത്. അഹങ്കാരവും സ്വാര്‍ഥതയും ബന്ധങ്ങളെ ഉലയ്ക്കുന്നു. അവിടെ സന്തോഷം മരിക്കുകയും ദുഃഖം തുറക്കുകയും ചെയ്യുന്നു.


നല്ല ബന്ധങ്ങളാണ് സന്തോഷം നല്‍കുന്നതെങ്കില്‍ എല്ലാ ബന്ധങ്ങളെയും നവീകരിക്കുന്നതും ശക്തിപ്പെടുത്തുന്നതും ക്ഷമയാണ്; വിട്ടുകൊടുക്കലാണ് സന്തോഷത്തിന്റെ ഒരു താക്കോലെന്ന് നിസ്സംശയം പറയാന്‍ കഴിയും.


കെയ്റോസ് മലയാളം മാസികയുടെ ചീഫ് എഡിറ്റർ. ഇരിങ്ങാലക്കുട സ്വദേശി. ഭാര്യ ഡോ. സെൽബിയ. നാല് മക്കൾ

 
 
 

Comments


Kairos USA

Kairos INDIA

Kairos UK

     Kairos International Inc. 700 Louisiana St, Houston, TX. USA 77002

     Kairos Media, No 8/174, Navodaya Studio Complex, Thengod P.O, Cochin, Kerala, India. Pin: 682030

     Kairos Media, St Charles Street, Sheffield S9 3WU, United Kingdom

COPYRIGHT © 2021 KAIROS MEDIA, JESUS YOUTH

bottom of page