സാലസ് പോപ്പുലി റൊമാനി I SALUS POPULI ROMANI I കവര്‍സ്റ്റോറി I ഷാജി ജോസഫ് അറക്കല്‍ I KAIROS MALAYALAM I SEPTEMBER 2026

ക്രൈസ്തവ പാരമ്പര്യമനുസരിച്ച്, സുവിശേഷകനായവിശുദ്ധ ലൂക്കാ സ്വന്തം കൈകളാല്‍ വരച്ചതാണ് ഈ ചിത്രം എന്ന് വിശ്വസിക്കപ്പെടുന്നു. എന്നാല്‍, ചരിത്രകാരന്മാരുടെ അഭിപ്രായത്തില്‍ ഇത് 5-ാം നൂറ്റാണ്ടിനും 13-ാം നൂറ്റാണ്ടിനും ഇടയില്‍ രചിക്കപ്പെട്ടതായാണ് പറയപ്പെടുന്നത്. ലോകത്ത് ലഭ്യമായിട്ടുള്ള പരിശുദ്ധ മറിയത്തിന്റെ പുരാതന ചിത്രങ്ങളില്‍ ഏറ്റവും പ്രശസ്തമായ ഒന്നാണ് ഈ ചിത്രം. ഏറ്റവും പ്രശസ്തമായ ബൈസന്റൈന്‍ ശൈലിയിലുള്ള മരിയന്‍ ചിത്രങ്ങളില്‍ ഒന്നായും കലാലോകം ഈ ചിത്രത്തെ അടയാളപ്പെടുത്തുന്നു. റോമിലെ പ്രശസ്തമായ സെന്റ് മേരി മേജര്‍ ബസിലിക്കയിലാണ് (Basilica of Saint Mary Major)ഈ അത്ഭുത ചിത്രം സൂക്ഷിച്ചിരിക്കുന്നത്.ലബനന്‍ ദേവദാരു (Cedar wood) പലകയിലാണ് വിശുദ്ധ ലൂക്കാ ഈ ചിത്രം വരച്ചിട്ടുള്ളത് എന്നും കരുതപ്പെടുന്നു. ചിത്രത്തില്‍ കന്യകാ മറിയം ധരിച്ചിരിക്കുന്നത് കറുപ്പ് എന്ന് തോന്നിക്കുന്ന കടുംനീല അല്ലെങ്കില്‍ പര്‍പ്പിള്‍ നിറത്തിലുള്ള വസ്ത്രമാണ്. പുരാതന കാലത്ത് പര്‍പ്പിള്‍ എന്നത് രാജകീയതയുടെയും ചക്രവര്‍ത്തിമാരുടെയും നിറമായിരുന്നു. ഇത് മറിയത്തിന്റെ 'സ്വര്‍ഗരാജ്ഞി' എന്ന പദവിയെ സൂചിപ്പിക്കുന്നു. നീലനിറം
ദൈവീകതയെയും ആകാശത്തെയും പ്രതിനിധീകരിക്കുന്നു. ഉണ്ണീശോ ധരിച്ചിരിക്കുന്നത് സ്വര്‍ണ നൂലുകളാല്‍ നെയ്ത വസ്ത്രങ്ങളാണ്. ഇത് ഈശോയുടെ രാജത്വത്തെയും ദൈവത്വത്തെയും പ്രഖ്യാപിക്കുന്നു. അതിനടിയിലുള്ള വസ്ത്രത്തിന്റെ ചുവപ്പ്/തവിട്ട് നിറം, ഈശോ സ്വീകരിച്ച മനുഷ്യസ്വഭാവത്തെയും മനുഷ്യവംശത്തിന്റെ രക്ഷയ്ക്കായി ചിന്താനിരിക്കുന്ന തിരുരക്തത്തെയുമാണ് സൂചിപ്പിക്കുന്നത്. ഈശോ ഒരേസമയം പൂര്‍ണ ദൈവവും പൂര്‍ണ മനുഷ്യനുമാണെന്ന വിശ്വാസമാണിത്. യേശു തന്റെ ഇടതുകൈയില്‍ സുവിശേഷ ഗ്രന്ഥം പിടിച്ചിരിക്കുന്നു, വലതുകൈ അനുഗ്രഹിക്കുന്ന രീതിയിലുമാണ്.
മാതാവ് ഇടതുകൈയില്‍ മടക്കിപ്പിടിച്ചിരിക്കുന്ന ചെറിയ തൂവാല റോമന്‍ സംസ്‌കാരത്തില്‍ ഭരണാധികാരികളുടെയും രാജ്ഞിമാരുടെയും പ്രൗഢിയുടെ പ്രതീകമായിരുന്നു. ആത്മീയമായി, അത് മാതാവിന്റെ കാരുണ്യത്തെ കാണിക്കുന്നു; തന്റെ പക്കലേക്ക് ഓടിയെത്തുന്ന മക്കളുടെ കണ്ണീരൊപ്പുന്ന അമ്മയാണവള്‍ എന്ന് ഇതോര്‍മിപ്പിക്കുന്നു. മാതാവിന്റെ തലയ്ക്ക് ഇരുവശത്തുമായി ഗ്രീക്ക് ഭാഷയില്‍ MP TY (Meter Theou) എന്ന് സ്വര്‍ണ അക്ഷരങ്ങളില്‍ എഴുതിയിട്ടുണ്ട്. ഇതിന്റെ അര്‍ഥം 'ദൈവമാതാവ്' എന്നാണ്.
മറിയത്തിന് തിരുസഭ നല്‍കിയിട്ടുള്ള ഏറ്റവും വലിയ പദവിയുടെ ഔദ്യോഗിക മുദ്രയാണിത്.

നാലാം നൂറ്റാണ്ടില്‍ കോണ്‍സ്റ്റന്റൈന്‍ ചക്രവര്‍ത്തിയുടെ മാതാവായ വിശുദ്ധ ഹെലേനയാണ് ഈ ചിത്രം ജറുസലേമില്‍ നിന്ന് റോമില്‍ എത്തിച്ചത്. എ.ഡി 590ല്‍ റോമില്‍ അതിഭയങ്കരമായ പ്ലേഗ് രോഗം പടര്‍ന്നുപിടിച്ചപ്പോള്‍, മഹാനായ വിശുദ്ധ ഗ്രിഗറി ഒന്നാമന്‍ പാപ്പ ഈ ചിത്രവും വഹിച്ച് റോമിലെ
തെരുവുകളിലൂടെ പ്രായശ്ചിത്ത പ്രദക്ഷിണം നടത്തുകയും ആ പ്രദക്ഷിണത്തിന്റെ ഫലമായി പ്ലേഗ് രോഗം പൂര്‍ണമായി മാറിയെന്നും ചരിത്രം സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്.
രണ്ടാം ലോകമഹായുദ്ധകാലത്ത് (1944) ഹിറ്റ്‌ലറുടെ നാസി സൈന്യം റോമിനെ വളഞ്ഞപ്പോള്‍, പയസ് പന്ത്രണ്ടാമന്‍ പാപ്പയും റോമിലെ ജനങ്ങളും ഈ ചിത്രത്തിന് മുന്നില്‍ സംരക്ഷണത്തിനായി പ്രാര്‍ഥിക്കുകയും നഗരം വലിയ നാശനഷ്ടങ്ങളില്ലാതെ രക്ഷപെടുകയും ചെയ്തതായും രേഖകളുണ്ട്.
നൂറ്റാണ്ടുകളായി കത്തോലിക്കാ സഭയിലെ പാപ്പമാര്‍ക്ക് ഈ ചിത്രത്തോട് വലിയ ഭക്തിയുണ്ടായിരുന്നു. പ്രത്യേകിച്ച്, ഫ്രാന്‍സിസ് പാപ്പയ്ക്ക് ഈ ചിത്രത്തോട് അതിരറ്റ ഇഷ്ടവും ഭക്തിയുമായിരുന്നു. വത്തിക്കാന്‍ വാര്‍ത്തകള്‍ പ്രകാരം, 2013-ല്‍ പാപ്പയായി തിരഞ്ഞെടുക്കപ്പെട്ടതിന്റെ അടുത്ത ദിവസംതന്നെ ഫ്രാന്‍സിസ് പാപ്പ ഈ ചിത്രത്തിന് മുന്നിലെത്തി തന്റെ ശുശ്രൂഷകള്‍ പരിശുദ്ധ മാതാവിനു സമര്‍പ്പിച്ചിരുന്നു. ഓരോ വിദേശ രാജ്യ സന്ദര്‍ശനങ്ങള്‍ക്കുമുമ്പും ശേഷവും പാപ്പ റോമിലെ സെന്റ് മേരി മേജര്‍ ബസിലിക്കയില്‍ എത്തി ഈ ചിത്രത്തിന് മുന്നില്‍ പ്രാര്‍ഥിക്കുന്നത് ഒരു പതിവായിരുന്നു. തന്റെ പാപ്പാ ശുശ്രൂഷാ കാലയളവില്‍ 126 തവണ
യാണ് ഈ ചിത്രത്തിന് മുന്നിലെത്തി ഫ്രാന്‍സിസ് പാപ്പ പ്രാര്‍ഥിച്ചിട്ടുള്ളത്.

2020ല്‍ ലോകം കോവിഡ് മഹാമാരിയുടെ പിടിയിലമര്‍ന്നപ്പോള്‍, ഫ്രാന്‍സിസ് പാപ്പ വത്തിക്കാനിലെ നിയന്ത്രണങ്ങള്‍ മറികടന്ന് സെന്റ് മേരി മേജര്‍ ബസിലിക്കയില്‍ എത്തുകയും, തുടര്‍ന്ന് ഈ അത്ഭുത ചിത്രം വത്തിക്കാനിലെ സെന്റ് പീറ്റേഴ്‌സ് ചതുരത്തില്‍ എത്തിച്ച് ലോകത്തിനുവേണ്ടി പ്രത്യേക പ്രാര്‍ഥന (Urbi et Orbi) നടത്തുകയും ചെയ്തിരുന്നു.
വത്തിക്കാന് പുറത്ത്, തനിക്ക് ഏറെ പ്രിയപ്പെട്ട ഈ 'സാലസ് പോപ്പുലി റൊമാനി' ചിത്രത്തിനടുത്തുള്ള സെന്റ് മേരി മേജര്‍ ബസിലിക്കയില്‍
ത്തന്നെ തന്റെ മരണാനന്തരം അടക്കം ചെയ്യപ്പെടണമെന്ന് അദ്ദേഹം തന്റെ വില്‍പ്പത്രത്തില്‍ പ്രത്യേകം രേഖപ്പെടുത്തിയിയിരുന്നു. നൂറ്റാണ്ടുകള്‍ക്ക് ശേഷം വത്തിക്കാന് പുറത്ത് അടക്കം ചെയ്യപ്പെടുന്ന ആദ്യ കത്തോലിക്കാ സഭാ തലവനായിരിക്കും ഫ്രാന്‍സിസ് പാപ്പ.

ഷാജി ജോസഫ് അറക്കല്‍ ജീസസ് യൂത്ത് കുടുംബാംഗവും ഗ്രാഫിക് ഡിസൈനറുമാണ്. ഇടപ്പള്ളിയില്‍ താമസം.



Comments