പുറകോട്ടല്ല, മുന്നോട്ട് | എഡിറ്റേഴ്‌സ് റൂം | അഡ്വ. കെ.ജെ. ജോണ്‍സണ്‍ | KAIROS MALAYALAM | JANUARY 2025


വക്കീലായി പ്രാക്ടീസ് നടത്തുന്ന ഒരു ചെറുപ്പക്കാരന്‍ തന്റെ പ്രൊഫഷനില്‍ സംതൃപ്തി വരാതെ വളരെയധികം മാനസിക പിരിമുറുക്കം അനുഭവിക്കുന്ന സമയം. ഈ തൊഴില്‍ മേഖല തന്നെയാണോ ദൈവം ആഗ്രഹിക്കുന്നത് എന്നറിയാന്‍ അയാള്‍ ആഗ്രഹിച്ചു പ്രാര്‍ഥിച്ചു. പലരോടും തന്റെ പ്രതിസന്ധി പങ്കുവച്ചു. നാളുകള്‍ക്കു ശേഷം അയാള്‍ക്ക് ഒരു ബോധ്യം ലഭിച്ചു. നട്ടിടത്തു തന്നെ വളര്‍ന്നു പടരുക. ആ ബോധ്യം അയാളുടെ ജീവിതത്തിന്റെ ഗതി തന്നെ മാറ്റി.
ജീവിതത്തില്‍ പലരും നേരിടുന്ന ഒരു വെല്ലുവിളിയാണ് ഞാന്‍ നില്‍ക്കുന്ന ഇടം തന്നെയാണോ എന്റെ ജീവിതത്തില്‍ അഭികാമ്യമായിട്ടുള്ളത് എന്ന സന്ദേഹം. അസ്വസ്ഥമായ മനസ്സോടെയും ചഞ്ചലമായ ഹൃദയത്തോടെയും യന്ത്രികമായ പ്രവര്‍ത്തനത്തോടെയും തങ്ങളുടെ ജീവിതയിടങ്ങള്‍ മലിനമാകാന്‍ അങ്ങനെയുള്ള സന്ദേഹങ്ങള്‍ ഇടയാക്കുന്നു. ബാലാം എന്ന പ്രവാചകന്‍ ഇതുപോലെയുള്ള ഒരു പ്രതിസന്ധിയിലൂടെ കടന്നുപോയ വ്യക്തിയായിരുന്നു. ബാലാക്ക് എന്ന പ്രഭു തനിക്കിഷ്ടമില്ലാത്ത ഇസ്രായേല്‍ ജനത്തെ ശപിക്കാന്‍ ബാലാം പ്രവാചകനെ ക്ഷണിക്കുന്നു. ബഹുമതികളും സമ്പത്തും നല്‍കാമെന്ന് പറഞ്ഞിട്ടും അത് നിരസിച്ച ബാലാം ഒരു രാത്രിയില്‍ ദൈവത്തിന്റെ സ്വരത്തിനനുസരിച്ച് ബാലാക്കിന്റെ അടുത്തേക്ക് പോകുന്നു. എന്നാല്‍ യാത്രാമധ്യേ ബാലാമിന്റെ കഴുത കര്‍ത്താവിന്റെ ദൂതന്‍ വാളുമായി വഴിയില്‍ നില്‍ക്കുന്നതുകണ്ട് വയലിലേക്ക് ചാടുന്നു. കഴുതയുടെ രീതികളില്‍ അസ്വസ്ഥനായ ബാലാം കഴുതയെ പ്രഹരിക്കുന്നു. ദൈവം കഴുതയ്ക്ക് സംസാരിക്കാന്‍ ശക്തി കൊടുക്കുകയും അതിന്റെ വാക്കുകള്‍ കേട്ട് ബാലാം, വഴിയരിയില്‍ തന്നെ തടയാന്‍ നില്‍ക്കുന്ന ദൈവത്തിന്റെ ദൂതനെ ദര്‍ശിക്കുന്നു. യാത്ര ഉപേക്ഷിച്ചു മടങ്ങിപ്പോകാന്‍ തയ്യാറായ ബാലാമിനോട് ദൈവത്തിന്റെ ദൂതന്‍ പറയുന്നു: ''ഇവരുടെ കൂടെ പൊയ്‌ക്കൊള്ളുക, എന്നാല്‍ ഞാന്‍ നിന്നോട് പറയുന്ന വചനം മാത്രമേ നീ പറയാവൂ'' ഇത് അനുസരിച്ച് ബാലാക്കിന്റെ സേവകരോടൊപ്പം പോയ ബാലാം പ്രവാചകന്‍ ശപിക്കാന്‍ ഏല്പിച്ച ജനത്തെ അനുഗ്രഹിക്കുന്നു. സംഖ്യയുടെ പുസ്തകത്തില്‍ ഈ കാര്യങ്ങള്‍ രേഖപ്പെടുത്തിയതായി നമുക്ക് കാണാം.
ഓരോ തൊഴിലിടവും നല്ലതാണ്. ദൈവത്തിന്റെ വാക്കുകള്‍ അനുസരിക്കാനും ജനത്തെ അനുഗ്രഹിക്കാനും മുന്‍ഗണന നല്കാന്‍ അവിടെ ശ്രദ്ധിക്കണം എന്നുമാത്രം. തൊഴിലിടങ്ങളിലെ പ്രതിസന്ധികളും വെല്ലുവിളി കളും പല അസ്വസ്ഥതകള്‍ക്കും കാരണമാകും. കുടുംബത്തില്‍ അതിന്റെ അനുരണനങ്ങള്‍ കണ്ടേക്കാം. ബാലാം കഴുതയെ പ്രഹരിച്ചതു പോലെ നമ്മുടെ യാത്രയിലെ പ്രതിബന്ധത്തിനു കാരണമാകുന്നവരെ കഠിന വാക്കുകള്‍ കൊണ്ട് പ്രഹരിക്കാനും കുറ്റപ്പെടുത്താനും ശാരീരികമായി പോലും കൈകാര്യം ചെയ്യാനും ശ്രമിച്ചേക്കാം. വഴി ഇതല്ല എന്നുകരുതി തിരിച്ചു പോകുന്നവരും അധികം.
തിരികെ മടങ്ങാനല്ല മുന്നോട്ടുപോയി ദൈവത്തിന്റെ സ്വരത്തിനൊത്ത് പ്രവര്‍ത്തിക്കാനും തൊഴിലിടങ്ങളെ അനുഗ്രഹിക്കാനുമാണ് ദൈവം ഭരമേല്പിക്കുന്നത്. കൃഷി, ബിസിനസ്, സാമൂഹിക പ്രവര്‍ത്തനങ്ങള്‍, രാഷ്ട്രീയം എല്ലാം നല്ലതാണ്. ക്രൈസ്തവന്റെ സാന്നിധ്യം കൊണ്ട് അവിടം അനുഗ്രഹിക്കപ്പെടാനുള്ള ആത്മാര്‍ഥമായ ആഗ്രഹമാണ് അഭിലഷണീയം.
പുതുവര്‍ഷം അനുഗ്രഹപ്രദമാകട്ടെ. തൊഴിലിടം അനുഗ്രഹിക്കപ്പെടട്ടെ.

കെയ്റോസ് മലയാളം മാസികയുടെ ചീഫ് എഡിറ്റർ. ഇരിങ്ങാലക്കുട സ്വദേശി. ഭാര്യ ഡോ. സെൽബിയ. നാല് മക്കൾ



Comments