top of page

പ്രോസസ് കുറച്ചു ടഫാണ് | ടീന്‍സ്പിരിറ്റ് / റെയിന്‍ബോ | മരിയ ഫ്രാൻസിസ്ക | KAIROS MALAYALAM | APRIL 2025

Writer: മരിയ ഫ്രാൻസിസ്ക
മരിയ ഫ്രാൻസിസ്ക
3d
2 min read

മിക്കപ്പോഴും വൈകിട്ട്, വീടിന് കുറച്ചു മാത്രം അകലെയുള്ള മരട് പള്ളിയിലാണ് കുര്‍ബാനയ്ക്ക് പോകുന്നത്. മുന്നിലെ വാതിലില്‍ കൂടെ കയറി തൊട്ടടുത്ത് തന്നെയുള്ള ബെഞ്ചില്‍ സ്ഥലം ഉറപ്പിച്ച്, ഏകദേശം ഏറ്റവും പുറകില്‍തന്നെ ഇരുന്നായിരുന്നു കുര്‍ബാനയില്‍ പങ്കെടുത്തുകൊണ്ടിരുന്നത്. ആദ്യമൊക്കെ ഞാന്‍ ഇങ്ങനെയാണ് ചിന്തിച്ചിരുന്നത്, അധികം ബഹളം ഇല്ലാതെ ഇവിടെ ഈശോ അടുത്ത് ഇരിപ്പുണ്ട്, ആ അനുഭവത്തില്‍ കുര്‍ബാനയില്‍ പങ്കുചേരും. കുറച്ച് നാളുകള്‍ കഴിഞ്ഞപ്പോള്‍ ശ്രദ്ധയൊക്കെ മാറാന്‍ തുടങ്ങി. പള്ളിയില്‍ വരുന്ന ചേച്ചിമാരെയും ചേട്ടന്മാരെയും ഇടയ്ക്ക് നോക്കും, ചിലരൊക്കെ നന്നായി പ്രാര്‍ഥിക്കുന്നുണ്ട്. സ്ഥിരമായി വരുന്നവര്‍ വന്നിട്ടുണ്ട് എന്ന് ഉറപ്പാക്കും, ആ ചേച്ചിയുടെ ഡ്രസിംഗ് സെന്‍സ് ഒക്കെ കൊള്ളാം. അമ്മമാരുടെ കൈയിലുള്ള കുഞ്ഞുങ്ങളെ നോക്കി ഒന്ന് ചിരിക്കും, ഇതൊക്കെ കഴിഞ്ഞ് വരുമ്പോ കുര്‍ബാന പകുതിയാകും, പിന്നെയും ശ്രദ്ധ പോകും. ഒരു ദിവസം, മുന്നില്‍ പോയി ഇരിക്കാന്‍ തീരുമാനിച്ചു, ആ സമയം ഉള്ളില്‍ തോന്നിയ ഒരു ബുദ്ധിമുട്ട്, വരുന്നവരെ ഒന്നും കാണാന്‍ പറ്റില്ലല്ലോയെന്നായിരുന്നു. ഒറ്റ മൈന്റില്‍ ഏറ്റവും മുന്നില്‍ പോയിരുന്നു. കുര്‍ബാനയ്ക്കിടെ കണ്ണ് നിറയുന്നുണ്ടായിരുന്നു. എന്റീശോയെ നിന്റെ സ്‌നേഹത്തില്‍ നിന്നും ഇത്രയും നാള്‍ എത്ര അകലെയായിരുന്നു ഞാന്‍. അള്‍ത്താരയോടുചേര്‍ന്ന് നില്‍ക്കുവോളം ചുറ്റുമുള്ള എന്തിന് എന്നെ ശല്യപ്പെടുത്താന്‍ സാധിക്കും?


ഈയനുഭവം തന്ന ബോധ്യമിതാണ്, നമ്മുടെ ജീവിതത്തില്‍ ഈശോയുടെ സ്‌നേഹത്തില്‍ ചരിക്കുന്നതില്‍ നിന്നും ശ്രദ്ധമാറ്റുന്ന കാര്യങ്ങളുണ്ട്; എനിക്കും ഈശോയ്ക്കും ഇടയില്‍ സ്ഥാനമുള്ളവ: എന്നെ ഈശോയില്‍ നിന്നും അകറ്റുന്നവ, വലുതും ചെറുതുമായ എന്റെ പാപങ്ങള്‍, ക്രമരഹിതമായ ഇഷ്ടങ്ങള്‍. ഈശോയേക്കാളും നമ്മള്‍ പോലുമറിയാതെ നമ്മള്‍ ഇഷ്ടപ്പെട്ടുപോയ കാര്യങ്ങള്‍.. നാം ഈശോയോട് ചേര്‍ന്നുനില്‍ക്കണമെന്ന് അവിടന്ന് ആഗ്രഹിക്കുന്നുണ്ട്. പക്ഷേ, ഈ ഇഷ്ടങ്ങളൊക്കെ വേണ്ടായെന്നുവച്ച് മുന്നോട്ട് കടന്നുനില്‍ക്കണം. 'Dark Night of The Soul ജോണ്‍ ഓഫ് ദി ക്രോസ്സ് ഇതു വിശദീകരിക്കുന്നുണ്ട്. ശുദ്ധീകരിക്കപ്പെടാനായി ഈശോയ്ക്ക് വിട്ട് കൊടുക്കണം. പ്രോസസ്സ് കുറച്ചു ടഫ് ആണ്. പക്ഷേ, ഈ കയ്പ്പിന്റെ പാഠങ്ങളില്‍ ക്രിസ്തുവിനോട് ചേര്‍ന്നുനിന്ന് കഴിയുമ്പോള്‍ ഈശോയില്‍ നിന്ന് അകറ്റുന്ന കുഞ്ഞ് പാപങ്ങള്‍പോലും കത്തിച്ചാമ്പലായിട്ടുണ്ടാകും. ഞാനും ഒരു തിളങ്ങുന്ന മുത്തായിട്ട് മാറും. Purgation leads to enlightenment and the the ultimate Union with God'


ചുറ്റുമുള്ള കുഞ്ഞുപാപങ്ങളൊക്കെ ആസ്വദിച്ച് ഒരിക്കലും ദൈവത്തിന്റെ അടുത്തേക്ക് എത്താന്‍ പറ്റില്ലടോ കൊച്ചേ,... ആ നൈമിഷിക സന്തോഷങ്ങള്‍ കടന്ന് മുന്നോട്ട് ചെല്ലണം. കുറച്ച് കഷ്ടപ്പാട് ആയിരിക്കും, നമ്മള്‍ പോലും അറിയാതെ നമ്മെ സന്തോഷിപ്പിച്ചു കൊണ്ടിരുന്ന പാപങ്ങള്‍ പോലും ഉണ്ടായെന്ന് വരും. പക്ഷേ ഇതൊക്കെ വലിച്ചെറിഞ്ഞ്, മേലില്‍ തിരിഞ്ഞുനോക്കാതെ, വെറുത്തുപേക്ഷിച്ച് ഏറ്റവും മുന്നില്‍ തമ്പുരാന്റെ നെഞ്ചോട് ചേരുമ്പോളുള്ള ഒരു സുഖമുണ്ട്, എന്റെ സാറേ....


ചുരുക്കിപ്പറഞ്ഞാല്‍ ഇനിയും നെഞ്ചോടുചേരാന്‍ പറ്റുന്നില്ലായെങ്കില്‍ അതിന്റെ റീസണ്‍ ഇതാണ്. ഈശോയോട് അങ്ങ് പറ, നിന്റെ ഹൃദയത്തിന് ഇഷ്ടമുള്ള ഒരു പൂന്തോട്ടമാക്കി എന്റെ ആത്മാവിനെ മാറ്റണമെന്ന്. വിശുദ്ധിയില്‍ കുറഞ്ഞത് ഒന്നും നമുക്ക് വേണ്ട ഹെയ്.


''ജഡികപ്രവണതകളനുസരിച്ചു ജീവിക്കുന്നവര്‍ക്കു ദൈവത്തെ പ്രസാദിപ്പിക്കുക സാധ്യമല്ല. ദൈവത്തിന്റെ ആത്മാവ് യഥാര്‍ഥമായി നിങ്ങളില്‍ വസിക്കുന്നെങ്കില്‍ നിങ്ങള്‍ ജഡികരല്ല, ആത്മീയരാണ്. ക്രിസ്തുവിന്റെ ആത്മാവില്ലാത്തവന്‍ ക്രിസ്തുവിനുള്ളവനല്ല (റോമാ 8, 8-9).


മരിയ ഫ്രാന്‍സിസ്‌ക, എറണാകുളം സെന്റ് ആല്‍ബര്‍ട്ട്‌സ് കോളേജിലെ മൂന്നാം വര്‍ഷ ഇംഗ്ലീഷ് ബിരുദ വിദ്യാര്‍ഥിനി. എറണാകുളം സോണല്‍ ടീന്‍സ് മിനിസ്ട്രി കോര്‍ഡിനേറ്റര്‍ കൂടിയാണ് മരിയ.

 
 
 

Comments


Kairos USA

Kairos INDIA

Kairos UK

     Kairos International Inc. 700 Louisiana St, Houston, TX. USA 77002

     Kairos Media, No 8/174, Navodaya Studio Complex, Thengod P.O, Cochin, Kerala, India. Pin: 682030

     Kairos Media, St Charles Street, Sheffield S9 3WU, United Kingdom

COPYRIGHT © 2021 KAIROS MEDIA, JESUS YOUTH

bottom of page