പ്രേമിക്കാൻ പഠിപ്പിക്കുന്ന കുടുംബം | ടീന്‍സ്പിരിറ്റ് റെയിന്‍ബോ | ബിലാസ് ജോസഫ് | KAIROS MALAYALAM | FEBRUARY 2025


ഹാപ്പി വാലന്റൈന്‍സ് ഡേ.. ഈ ഒരു മാസത്തിലെ ഏറ്റവും മുഴങ്ങി കേള്‍ക്കുന്ന ഒരു ആശംസയോ ശബ്ദമോ വാക്കുകളോ ഒരുപക്ഷേ ഇതായിരിക്കാം. നമ്മുടെ ഇന്നത്തെ സമൂഹത്തിലെ കുറെയേറെ യുവകുടുംബങ്ങള്‍ മോഹത്തിന്റെ ആകര്‍ഷണവലയത്തില്‍പ്പെട്ട് ജീവിതം ആരംഭിച്ചതായി കേട്ടിട്ടുണ്ട്. മോഹം എന്നത് പൂര്‍ണമായ പ്രണയമോ, നീണ്ടുനില്‍ക്കു ന്നതോ ആയ ഒന്നല്ല!. അതു ക്ഷണികമായ ഒരു ആകര്‍ഷണം മാത്രമാണ്. മോഹത്തിന്റെ കാരണമായത് നേടിയെടുക്കു മ്പോഴോ, നശിപ്പിക്കപ്പെടുമ്പോഴോ ഈ ബന്ധം തകരുകയും മോഹമെന്ന ഈ വികാരം ശൂന്യമായിത്തീരുകയും ചെയ്യുന്നു. മോഹം സ്വാര്‍ഥതയില്‍ കേന്ദ്രീകരിച്ചാണ് ജനിക്കുന്നത്; എന്നാല്‍ യഥാര്‍ഥ പ്രണയമെന്നത് പരസ്പരബന്ധത്തിന്റെ ആഴങ്ങളിലാണ് രൂപപ്പെടുന്നതും വളരുന്നതും നിലനില്‍ക്കുന്നതും.
കുടുംബത്തിലാണ് യഥാര്‍ഥ പ്രണയം രൂപപ്പെടുന്നത്. 'ഭാര്യയും ഭര്‍ത്താവും സ്‌നേഹത്തിലും ജീവന്‍ നല്‍കലിലും സ്വയം സമര്‍പ്പിക്കാന്‍ വിളിക്കപ്പെട്ടി രിക്കുന്നു' (CCC 2207). സ്വയം ദാനം ചെയ്യാന്‍ പരിശീലിക്കുന്നതും പ്രാവര്‍ത്തിക മാക്കുന്നതും കുടുംബത്തിലാണ്. പ്രണയം പഠിക്കേണ്ടത്തും പരിശീലിക്കേ ണ്ടതും കുടുംബത്തില്‍ തന്നെ.
എന്താണ് പ്രേമവും പ്രണയവും?
പ്രേമവും പ്രണയവും സ്‌നേഹത്തിന്റെ വിവിധ തലങ്ങളിലുള്ള വികാര പ്രകടനം തന്നെയാണ്. ഈ രണ്ട് പദങ്ങള്‍ തമ്മിലുള്ള വ്യത്യാസം, പ്രേമം ഒരു പ്രാഥമിക, സാന്ദ്രമായ വികാരമായി കാണപ്പെടുന്നപ്പോള്‍ പ്രണയം കൂടുതല്‍ ആഴത്തിലുള്ള, ദീര്‍ഘകാല ബന്ധത്തിന്റെ അടിസ്ഥാനം നല്‍കുന്ന ഒരു വികാരമായി കാണപ്പെടുന്നു. പ്രത്യേകമായും ഒരാള്‍ മറ്റെയാള്‍ക്ക് വേണ്ടി സ്വയം സമര്‍പ്പിക്കുന്ന ഒന്നാണ് പ്രണയം. ഇത് പൂര്‍ണമായും സാധ്യമാകണമെങ്കില്‍ ഇരുവരും വിവാഹിതരായിരിക്കണം. അല്ലാത്തിടത്തോളം അതില്‍ മറ്റു പല പ്രശ്‌നങ്ങളും ഉടലെടുക്കാനുള്ള സാധ്യത വളരെ കൂടുതലാണ്.
ഇത് മനസ്സിലാകണമെങ്കില്‍ വിവാഹമെന്ന കൂദാശയുടെ ഫലങ്ങള്‍ നാം മനസ്സിലാക്കേണ്ടതുണ്ട്. രണ്ടുപേര്‍ക്കും പരസ്പര സമര്‍പ്പണത്തിനുള്ള കൃപ ലഭിക്കുന്നത് വിവാഹമെന്ന കൂദാശയിലൂടെയാണ്. വിവാഹം ഒരു ഉടമ്പടിയാണ്, ഒരു കരാര്‍ അല്ല. കരാറില്‍ ഉള്ളവര്‍ക്ക് വേണമെങ്കില്‍ പിന്‍മാറാം; എന്നാല്‍ ഉടമ്പടിയില്‍നിന്നും പിന്‍വാങ്ങല്‍ സാധ്യമല്ല.
സ്‌നേഹത്തിന്റെ തുടക്കം വിവാഹത്തില്‍ നിന്നാണ് (യൂക്കാറ്റ് 261). ഈ തുടക്കം പുതിയ തലങ്ങളിലേക്ക് ഉയരുന്നതാണ് യഥാര്‍ഥ പ്രണയം. അതു ജീവന്‍ പകരുന്നതില്‍ പ്രധാന പങ്ക് വഹിക്കുന്നു. അങ്ങനെ പ്രണയം യാഥാര്‍ഥ്യത്തില്‍ മൊട്ടിടുന്നു, അതു വിരിഞ്ഞു പൂവായി മാറുമ്പോഴാണ് മക്കളുടെ സാന്നിധ്യം കൊണ്ട് ഓരോ കുടുംബവും അനുഗ്രഹപൂര്‍ണമാകുന്നത്. 'കുടുംബത്തിന് സ്‌നേഹത്തെ സംരക്ഷിക്കാനും വെളിപ്പെടുത്താനും പകര്‍ന്നുനല്‍കാനും ഒരു ദൗത്യമുണ്ട്' എന്ന ജോണ്‍ പോള്‍ രണ്ടാമന്റെ വാക്കുകള്‍ ഇവിടെ വളരെ പ്രസക്തമാണ്.
സ്‌നേഹത്തിന്റെ മൂന്ന് ഭാവങ്ങള്‍
പ്രേമം (Philia) സൗഹൃദത്തിന്റെ രൂപമാണ്, അതില്‍ പരസ്പര ബഹുമാനവും പങ്കാളിത്തവും കാണപ്പെടുന്നു. പ്രേമം സൗഹൃദത്തിന്റെയും സഹജീവിതത്തിന്റെയും അടിത്തറയാണ്. പോപ്പ് ഫ്രാന്‍സിസ്, Fratelli Tutti ലേഖനത്തില്‍, Philia എന്ന സ്‌നേഹത്തെ മാനവസൗഹൃദത്തിന്റെ ഒരു രൂപമായാണ് കാണുന്നത്, കൂടാതെ അത് ദൈവിക സ്‌നേഹത്തിന്റെ പ്രകടനം ആണെന്ന് പറഞ്ഞിട്ടുമുണ്ട്.
പ്രണയം (Eros) ഭൗതിക ആകര്‍ഷണത്തിന്റെ ഒരു രൂപമാണ്, മനുഷ്യന്റെ ആകര്‍ഷണവും ആഗ്രഹവും അടയാളപ്പെടുത്തുന്ന രൂപം. പോപ്പ് ബെനഡിക്ട് XVI തന്റെ Deus Caritas Est ലേഖനത്തില്‍ Eros- മനുഷ്യ സ്‌നേഹത്തിന്റെ ആദ്യഘട്ടമായി വിശകലനം ചെയ്യുന്നു. പ്രണയം പ്രകൃതിയുടെ ഭാഗമാണെ ങ്കിലും, ഇത് ശുദ്ധീകരിക്കപ്പെടുകയും ത്യാഗപൂര്‍ണ സ്‌നേഹത്തി ലേക്ക് ഉയര്‍ത്തപ്പെടുകയും വേണം.
സ്വയം ദാനം ചെയ്യുന്ന സ്‌നേഹം - അഗാപ്പെ (Agape) ക്രൈസ്തവ പാരമ്പര്യ ത്തില്‍ ഏറ്റവും ഉയര്‍ന്ന സ്‌നേഹത്തിന്റെ രൂപമാണ്. ഇത് നിസ്വാര്‍ഥവും ത്യാഗപൂര്‍ണവുമായ സ്‌നേഹമാണ്, മറ്റൊരാളുടെ ആനന്ദത്തിനായി സ്വയം അര്‍പ്പിക്കപ്പെടുന്നത്. Deus Caritas Est-ല്‍, പോപ്പ് ബെനഡിക്ട് XVI Agape-യെ ദൈവത്തിന്റെ സ്വഭാവമായി വിശേഷിപ്പിക്കുന്നു.
സ്‌നേഹം, പ്രേമം, പ്രണയം ഇവയെല്ലാം അതിന്റെ പൂര്‍ണതയില്‍ ഒരാള്‍ക്ക് മറ്റൊരാളോട് തോന്നണമെങ്കില്‍ അവര്‍ വിവാഹിതരായിരിക്കണം; അല്ലാതെ ഒരാള്‍ക്ക് തോന്നുമോ? നാം പലപ്പോഴും അത്തരം ആള്‍ക്കാരെ കാണാറുണ്ട്... വൈദികരും കന്യാസ്ത്രീകളും ഏകസ്ഥരുമെല്ലാം ഈ ഗണത്തില്‍ പെടുന്നു. തങ്ങളുടെ ജീവിത പങ്കാളിയായി ക്രിസ്തുവിനെ തിരഞ്ഞെടുത്തവര്‍. ഇവര്‍ക്ക് എന്നും വാലന്റൈന്‍സ് ഡേ ആണ്. എപ്പോഴും അവര്‍ ഈ ആനന്ദത്തിന്റെ നിറവിലാണ്, നടക്കുന്നതും ഇരിക്കുന്നതും, കിടക്കുന്നതും എഴുന്നേല്‍ക്കുന്ന തുമെല്ലാം. അങ്ങനെ പ്രണയം തങ്ങളുടെ ജീവിതത്തിലും ഉണ്ടാകാന്‍ നല്ല മാതാപിതാക്കളില്‍ നിന്ന്, നല്ല കുടുംബത്തില്‍ നിന്ന് അവര്‍ക്ക് പരിശീലനം ലഭിക്കുന്നു. ഇതാണ് അവരുടെയും പ്രണയത്തിന്റെ തുടക്കം.
പല പ്രണയങ്ങളും ചെറിയ സ്‌നേഹബന്ധത്തില്‍ തുടങ്ങി പ്രേമത്തിലേക്കും പിന്നീട് പ്രണയത്തിലേക്കും വഴി മാറിയ ചരിത്രവുമുണ്ട്. സ്‌നേഹിക്കാന്‍ പഠിപ്പിക്കുന്ന മാതാപിതാക്കള്‍ ആണ് നാളെയുടെ താരങ്ങള്‍... ഈ സ്‌നേഹത്തിന്റെ വിവിധ ഭാവങ്ങള്‍ മക്കള്‍ക്ക് പറഞ്ഞുകൊടുക്കുമ്പോഴാണ് എന്താണ് സ്‌നേഹമെന്നും സ്‌നേഹത്തിന്റെ അര്‍ഥവും ആഴവും വ്യാപ്തിയും എല്ലാം മക്കള്‍ക്ക്, നാളെയുടെ തലമുറയ്ക്ക് മനസ്സിലാവുകയും അതനുസരിച്ച് തങ്ങളുടെ കൂടെയുള്ളവരെ തിരിച്ചറിയാന്‍ അവര്‍ക്ക് സാധിക്കുകയും ചെയ്യുന്നത്. ഇല്ലായെങ്കില്‍ തങ്ങളുടെ അടുത്ത് ചിരിക്കുകയും ചിരിപ്പിക്കു കയും സന്തോഷിപ്പിക്കുകയും ചെയ്യുന്ന എല്ലാവരും തങ്ങളെ ആത്മാര്‍ഥമായി സ്‌നേഹിക്കുകയാണെന്നു നമ്മുടെ മക്കള്‍ വിചാരിക്കുകയും അതു അപകടത്തിലേക്ക് നയിക്കുകയും ചെയ്യുന്നു...
പ്രിയ മാതാപിതാക്കളെ, നിങ്ങള്‍ മക്കളെ പ്രണയിക്കാന്‍ പഠിപ്പിക്കൂ... പ്രിയ മക്കളെ നിങ്ങള്‍ക്ക് പ്രേമിക്കാനോ പ്രണയിക്കാനോ അറിയില്ലെങ്കില്‍ നിങ്ങളുടെ മാതാപിതാക്കളോട് ചോദിച്ച് മനസ്സിലാക്കൂ.
ക്രിസ്തുവിനെ പ്രണയിക്കുന്ന അനേകം നല്ല യുവജനങ്ങള്‍ ഈ തലമുറയുടെ ഭാഗമാകട്ടെ.
നല്ല കുടുംബജീവിതം നയിക്കുന്ന അനേകം ക്രൈസ്തവ കുടുംബങ്ങള്‍ നാളെയുടെ വാഗ്ദാനമായിത്തീരട്ടെ.

അധ്യാപകനായ ലേഖകൻ ഭാര്യയോടും 4മക്കളോടുമൊപ്പം പാലായിൽ താമസിക്കുന്നു.



Comments