top of page

പ്രാർത്ഥനയുടെ കാണാപ്പുറങ്ങൾ | പാഥേയം | ഡോ.ജോർജ് തയ്യിൽ | KAIROS MALAYALAM | FEBRUARY 2025

Writer: ഡോ.ജോർജ് തയ്യിൽ
ഡോ.ജോർജ് തയ്യിൽ
1 day ago
3 min read

ദുരിതങ്ങള്‍ നിലയ്ക്കാതെ പെയ്യുന്ന ജീവിതത്തില്‍ എല്ലാം നഷ്ടപ്പെടുന്ന അവസരത്തില്‍ ജീവിതത്തിന്റെ കയ്പാകെ ദൈവനിഷേധത്തിന് കാരണമാക്കപ്പെടുന്ന അനുഭവങ്ങളാണ് പലര്‍ക്കും. ജീവിതം എടുത്താല്‍ പൊങ്ങാത്ത വലിയൊരു ചുമടായി തലയ്ക്കു മുകളില്‍ നില്‍ക്കുമ്പോള്‍ ഇനി മുന്നോട്ടില്ല എന്ന ചിന്ത മനുഷ്യനെ അനിശ്ചിതത്വത്തിന്റെ കരകാണാക്കടലില്‍ എത്തിക്കുന്നു. ആന്തരിക ജീവിതത്തിന്റെ ഭൂമി സ്വര്‍ഗ നരകങ്ങളും വിഭ്രാന്തികളും എല്ലാം സമ്മേളിച്ച മനുഷ്യന്‍ ശൂന്യതയുടെ ഒരു തുണ്ട് ഭൂമിയില്‍ നിശ്ചേഷ്ടനായി നില്‍ക്കുമ്പോള്‍ എത്തിപ്പിടിക്കാനും തല ചായ്ക്കാനും കൈനീട്ടി കൊടുക്കുന്ന ഒരു പരാശക്തിയുടെ സാമീപ്യം അനുഭവിച്ചറിയാന്‍ സാധിക്കാതെ പോകുന്നു. സമ്പര്‍ക്കത്തിലൂടെ അവന്റെ അനല്പമായ കനിവിന് പാത്രമാകണം. നിരന്തരമായ സമ്പര്‍ക്കമാണ് വാസ്തവത്തില്‍ പ്രാര്‍ഥന.നിത്യരക്ഷയും പരിത്രാണവും മോക്ഷവും സുരക്ഷിതമാക്കുന്ന ഏറ്റവും ശക്തമായ കവചം പ്രാര്‍ഥനയാണെന്ന് പറഞ്ഞത് ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പയാണ് സ്രഷ്ടാവിലുള്ള ആഴമേറിയ വിശ്വാസം

പ്രകടമാക്കുന്ന അവസ്ഥയാണ് ഉപവാസവും പ്രാര്‍ഥനയും ആരാധനയും. പ്രാര്‍ഥനയുടെ പ്രസക്തി നിര്‍വചിക്കുമ്പോള്‍ മാര്‍പാപ്പ രണ്ടു വിശുദ്ധരുടെ പ്രബോധനങ്ങളെയാണ് ഉദ്ധരിക്കുന്നത്. റിഡംപ്‌റ്റോറിസ്റ്റ് സഭയുടെ സ്ഥാപകനായ വിശുദ്ധ അല്‍ഫോന്‍സ് ലിഗോരിയും ഡൊമിനിക് സഭയുടെ സ്ഥാപകനായ വിശുദ്ധ ഡോമിനിക്ക് ഗുസ്മാനും.


വിശുദ്ധ ഡോമിനിക്ക് കാണിച്ചുതന്ന പ്രാര്‍ഥനയുടെ 9 വഴികള്‍ പ്രാര്‍ഥനാ ജീവിതത്തെ സ്വാധീനിക്കുന്ന മറ്റു മാതൃകകളാണ്. ആത്മാക്കളുടെ നിത്യരക്ഷ മാത്രം ലക്ഷ്യമാക്കുന്നതായിരുന്നു വിശുദ്ധ ഡൊമിനിക്കിന് പ്രാര്‍ഥനാവഴികള്‍. സ്‌പെയിനിലെ കലേരു ഗായില്‍ ജനിച്ച ഡൊമിനിക് ഗുസ്മാന്‍ (1170... 1221) 1215ലാണ് ഡൊമിനിക്കന്‍ സന്യാസ സഭ സ്ഥാപിക്കുന്നത്. ഗ്രിഗറി ഒമ്പതാമന്‍ മാര്‍പാപ്പ 1234ല്‍ അദ്ദേഹത്തെ വിശുദ്ധനായി പ്രഖ്യാപിച്ചു. അദ്ദേഹത്തിന്റെ മരണശേഷമാണ് ഒരു ഡൊമിനിക്കന്‍ സന്യാസി 'വിശുദ്ധ ഡൊമിനിക്കിന്റെ 'പ്രാര്‍ഥനയുടെ 9 വഴികള്‍' പ്രസിദ്ധീകരിച്ചത്. നിന്നും തലകുനിച്ചും മുട്ടുകുത്തിയും കമിഴ്ന്നുകിടന്നും വിശുദ്ധ ഡൊമിനിക്ക് നടത്തിയ പ്രാര്‍ഥനകള്‍ പിന്നീട് പല വിശുദ്ധര്‍ക്കും മാതൃകയായി.


2000ല്‍ ബെനഡിക്ട് പാപ്പ പ്രസിദ്ധീകരിച്ച 'ആരാധനാക്രമത്തിന്റെ ആത്മാവ്' എന്ന ഗ്രന്ഥത്തില്‍ വിശുദ്ധ ഡൊമിനിക്ക് കാണിച്ച പ്രാര്‍ഥനാക്രമത്തിന്റെ പ്രാധാന്യം അടിവരയിട്ടു പറയുന്നു. പ്രാര്‍ഥനയും ആരാധനാക്രമങ്ങളും ദൈവ സന്നിധിയില്‍ എത്രമാത്രം വിലമതിക്കപ്പെടുന്നു എന്നതിന്റെ നിഗൂഢ രഹസ്യങ്ങളിലേക്ക് വിരല്‍ചൂണ്ടുന്ന റാറ്റ്‌സിങ്ങറുടെ പ്രഖ്യാത ഗ്രന്ഥം റൊമാനോ വാര്‍ദ്ധീനി എന്ന ജര്‍മന്‍ വൈദികന്‍ 1918ല്‍ എഴുതിയ ദൈവശാസ്ത്ര ഗ്രന്ഥത്തില്‍നിന്ന് പ്രചോദനം ലഭിച്ചു രചിക്കപ്പെട്ടതാണ്. പ്രാര്‍ഥനയും ദൈവവചനവും കൂദാശയും ക്രൈസ്തവനെ സര്‍വാത്മനാ നവീകരിച്ചു കൊണ്ടിരിക്കുന്ന പ്രതിഭാസങ്ങള്‍ ആണെന്നും അവ അനുവദനീയമല്ലാത്ത മാറ്റിമറിക്കലുകള്‍ക്കും കൂട്ടിക്കുറയ്ക്കലുകള്‍ക്കും വിധേയമാകാന്‍ പാടില്ലെന്നും റാറ്റ്‌സിംഗര്‍ തന്റെ ഗ്രന്ഥത്തില്‍ അടിവരയിട്ട് പറയുന്നു.


പ്രാര്‍ഥനയ്ക്ക് തക്കതായ നിര്‍വചനം ഉണ്ടോ? അത് ഹൃദയത്തിന്റെ ആന്തരിക വിലാപമോ യാചനയോ ആണ്. ദാതാവും രക്ഷകനുമായ ഒരു അദൃശ്യ ശക്തി അത് പ്രപഞ്ചത്തിന്റെ സൃഷ്ടിയും ദൈവവും ആകുന്നു. ദൈവത്തോടുള്ള ബന്ധപ്പെടലാണ് പ്രാര്‍ഥന; ദുരിതങ്ങള്‍ അനുഭവിക്കുമ്പോള്‍ മാത്രമല്ല സന്തോഷത്തിലും സംതൃപ്തിയില്‍ ആയിരിക്കുമ്പോഴും ദൈവവുമായി ബന്ധപ്പെടണം. ദൈവത്തെ അനുഭവിക്കാത്ത ഒരുവന് യഥാര്‍ഥത്തില്‍ അവിടെത്തെപ്പറ്റി പറയാന്‍ സാധിക്കുമോ?യഥാര്‍ഥ ദൈവഭക്തന്റെ പ്രാര്‍ഥനയില്‍ ലാഭേച്ഛയുണ്ടാവരുതെന്നാണ് തത്ത്വം.


അനുഗ്രഹങ്ങളും കഷ്ടതകളും സ്വര്‍ഗവും നരകവും ഒരു സാക്ഷാല്‍ ദൈവഭക്തന് വിഷയമാകരുത്. അവന് ഒന്നു മാത്രം മതി, ദൈവകൃപ. എന്നാല്‍ അഴുക്കും മാലിന്യവും കുമിഞ്ഞു കൂടി കിടക്കുന്ന ഒരു ഹൃദയത്തിലേക്ക് ദൈവകൃപ അങ്ങനെ കടന്നു വരില്ല. മാലിന്യമുക്തമായി ഹൃദയം ശൂന്യവത്കരിക്കപ്പെടുമ്പോള്‍ ദൈവകൃപ താനെ വന്നുകൊള്ളും. അര്‍ഥം, കാമം, ധര്‍മം, മോക്ഷം എന്നീ ലക്ഷ്യങ്ങളില്‍ ഊന്നിയാണ് പ്രാര്‍ഥന നടക്കുക. ഭൗതികസമ്പത്തും ശരീരസുഖം ലക്ഷ്യം വച്ചുള്ള കാമവും പരസ്‌നേഹം മുറുകെ പിടിച്ചുള്ള നിസ്വാര്‍ഥമായ ധര്‍മവും നിത്യരക്ഷ പ്രാപ്തമാക്കുന്ന മോക്ഷവും എല്ലാം പ്രാര്‍ഥനയുടെ വിവിധ തലങ്ങളില്‍ നടക്കുന്നു. പ്രാര്‍ഥനയുടെ അപരിമേയമായ വിതാനത്തില്‍ എത്തുമ്പോള്‍ ഒരുവന്‍ സ്വന്തം ലാഭങ്ങള്‍ക്കായി പ്രാര്‍ഥിക്കുന്നതിന് പകരം മറ്റുള്ളവരുടെ നന്മയ്ക്കായി മാത്രം പ്രാര്‍ഥന അര്‍പ്പിക്കുന്നു. ശരീരനാശം സൃഷ്ടിക്കുകയും മരണ ഭീതി ഉളവാക്കുകയും ചെയ്ത് മൃതിഭീകരതയുടെ സംവേദനത്തെ കോര്‍ത്തിണക്കുന്ന രോഗത്തെ അത്ഭുതകരമായി പിടിയില്‍ ഒതുക്കുവാന്‍ പ്രാര്‍ഥനയ്ക്കും തപസ്സിനും സാധിക്കുമെന്ന് നാം തിരിച്ചറിയണം. ശരീരത്തിന്റെ ഊര്‍ജസ്രോതസ്സുകളില്‍ ലീനമായി കിടക്കുന്ന ആന്തരിക ശക്തികള്‍ ആണ് രോഗാതുരതയെ തടയുന്നതും ശമിപ്പിക്കുന്ന തെന്നും നാം മനസ്സിലാക്കണം. ഇവയുടെ സന്തുലിതാവസ്ഥ പതറുമ്പോളാണ് രോഗങ്ങള്‍ ഉണ്ടാകുന്നത്. ജയിച്ചുകൊണ്ടിരിക്കുന്ന ഈ ശക്തികള്‍ക്കുള്ള ഉത്തേജനം മാത്രമാണ് വിവിധ ചികിത്സാരീതികള്‍. അല്ലാതെ ഒരു ഔഷധ ചികിത്സയും ഒരു രോഗത്തെയും പൂര്‍ണമായി ഉന്മൂലനം ചെയ്യുന്നില്ല.


ഡോക്ടര്‍മാരില്‍ പലരും തങ്ങള്‍ ചികിത്സിക്കുന്ന രോഗികള്‍ സുഖം പ്രാപിക്കുമ്പോള്‍ അത് തങ്ങളുടെ മാത്രം കഴിവുകൊണ്ടാണെന്ന് കരുതി ലഹരി കൊള്ളുകയോ അഹങ്കരിക്കുകയോ ചെയ്യുന്നു. യൂണിവേഴ്‌സിറ്റിയില്‍ പഠിച്ച വിജ്ഞാനം എല്ലാം രോഗിയുടെ മേല്‍ പ്രയോഗിച്ചപ്പോള്‍ രോഗം അപ്രത്യക്ഷമായി. അപ്പോള്‍ രോഗിചികിത്സ വൈദ്യശാസ്ത്ര അറിവുകളുടെ ഒരു പ്രകടനം ആണെന്നും കരുതുന്നു. ശാസ്ത്രത്തിനു മാത്രമേ എന്തിനും പരിഹാരം കാണാന്‍ സാധിക്കുകയുള്ളൂ എന്ന ധാര്‍ഷ്ട്യം ഡോക്ടര്‍മാര്‍ ക്കിടയില്‍ വ്യാപകമാണ്. അത് അവരുടെ കരുത്തായി കരുതുന്നു. ദൈവത്തിന്റെ രോഗശാന്തി പ്രക്രിയ ഇഹലോകത്ത് പ്രവാര്‍ത്തികമാക്കാന്‍ നിയുക്തരായ വെറും ഉപകരണങ്ങള്‍ മാത്രമാണ് ഡോക്ടര്‍മാര്‍ എന്ന് തിരിച്ചറിവ് ഉണ്ടാകുമ്പോഴാണ് രോഗീശുശ്രുഷ പൂര്‍ണവും സമഗ്രവു മാകുന്നത്.


1912ല്‍ വൈദ്യശാസ്ത്രത്തിനും ഭൗതികശാസ്ത്രത്തിനും ഒരുമിച്ച് നോബല്‍ പുരസ്‌കാരം ലഭിച്ച അലക്‌സിസ് കാറല്‍ എന്ന ഫ്രഞ്ച് ശാസ്ത്രജ്ഞന്റെ ജീവിതവിജയങ്ങള്‍ ഏറെ ശ്രദ്ധേയമാണ്. ദൈവത്തെയും അത്ഭുത സൗഖ്യത്തെയും എപ്പോഴും തള്ളിപ്പറഞ്ഞിരുന്ന അലക്‌സിസ് കാറല്‍ ഫ്രാന്‍സിലെ ലൂര്‍ദ് തീര്‍ഥാടന കേന്ദ്രത്തില്‍വച്ച് അത്ഭുതകരമായി രോഗവിമുക്തി നേടിയ ബര്‍ണദത്ത എന്ന യുവതിയുടെ ശാരീരിക പരിവര്‍ത്തനങ്ങള്‍ നേരില്‍ കണ്ടറിഞ്ഞ് ഒരു ദൈവവിശ്വാസിയായി മാറി. ദൈവത്തിലുള്ള അടിയുറച്ച വിശ്വാസവും അവിടത്തോടുള്ള നിരന്തരമായ പ്രാര്‍ഥനയും മനുഷ്യ ശരീരത്തില്‍ വിസ്മയകരമായ രാസപ്രവര്‍ത്തനങ്ങള്‍ ഉണ്ടാക്കുമെന്ന് അദ്ദേഹം തിരിച്ചറിഞ്ഞു. 1947ല്‍ പ്രസിദ്ധീകരിച്ച പ്രാര്‍ഥന എന്ന പുസ്തകത്തിന്റെ പുറം ചട്ടയില്‍ അദ്ദേഹം ഇപ്രകാരം എഴുതി: പ്രാര്‍ഥനയിലൂടെയാണ് മനുഷ്യന്‍ ദൈവത്തിലെത്തിച്ചേരുന്നതും ദൈവം മനുഷ്യനില്‍ പ്രവേശിക്കുന്നതും. പ്രാണവായുവും ജലവും ആവശ്യമാകുന്നതുപോലെ ദൈവത്തെയും മനുഷ്യനാവശ്യമാണ്.


കണ്‍മുമ്പില്‍ കാണുന്ന ഗവേഷണ നിരീക്ഷണങ്ങളുടെ ഫലങ്ങളെ മാത്രം തൊട്ടറിഞ്ഞ് വിശ്വസിക്കുന്ന ശാസ്ത്രജ്ഞര്‍ സ്പര്‍ശനാതീതവും പ്രത്യാതീതവുമായ പ്രതിഭാസങ്ങളോട് അവിശ്വാസം പുലര്‍ത്തുന്നത് യാദൃച്ഛികമല്ല. ഇനി വിശ്വാസമുണ്ടെങ്കില്‍തന്നെ അത് പുറത്തു കാണിക്കാന്‍ മടിക്കുന്നവരാണ് പലരും. കാരണം തങ്ങള്‍ മതഭ്രാന്തന്മാരും വിഡ്ഢികളുമായി മുദ്രകുത്തപ്പെടുമോ എന്ന ഭയം. ധൈഷണിക സിദ്ധാന്തങ്ങളെ മാത്രം വാരിപ്പുണരുന്ന ശാസ്ത്രജ്ഞന്‍ തനിക്ക് പഞ്ചേന്ദ്രിയങ്ങള്‍ക്കുള്ളില്‍ ഒതുങ്ങുന്ന അറിവുകള്‍ മാത്രമേ പരിചിതമുള്ളൂ എന്ന് തിരിച്ചറിയുന്നില്ല. പ്രപഞ്ച നിയന്താവായ ദൈവത്തിന്റെ ലക്ഷ്യങ്ങളും സൃഷ്ടിപരിപാലന രഹസ്യങ്ങളും മനുഷ്യബുദ്ധിക്ക്

അപ്രാപ്യമാണ് എന്ന് ജോബിന്റെ പുസ്തകം നമ്മെ പഠിപ്പിക്കുന്നു.


ശാസ്ത്ര ഗവേഷണങ്ങള്‍ക്ക് വഴിപ്പെടാത്ത ഒരു പ്രകൃത്യാതീത ശക്തി അഥവാ ദൈവം ഉണ്ടെന്ന് ദൃഢമായി വിശ്വസിക്കുന്ന എത്ര പേര്‍ നമുക്കിടയിലുണ്ട്? എന്നാല്‍ അറിവിന്റെ പാരമ്യത്തിലും ദൈവത്തെ കണ്ടെത്തിയ മഹാന്മാര്‍ ഉണ്ടെന്ന് മനസ്സിലാക്കണം. ഫയദോര്‍ ഡസ്റ്റോസ്‌കി പറയുന്നത് കേള്‍ക്കണം: ദൈവത്തെ കൂടാതെയുള്ള ജീവിതം ദുരിത പൂര്‍ണമാണ്. ദൈവത്തെ സ്‌നേഹിക്കുകയും അവിടത്തോട് പ്രാര്‍ഥിക്കുകയും ചെയ്യാതെ ജീവിക്കുവാന്‍ മനുഷ്യന് അസാധ്യമാണ്.


മതം കേവലവിശ്വാസത്തില്‍ അധിഷ്ഠിതമായിട്ടാണ് അല്ലാതെ തെളിവുകളുടെ ബലത്തിലല്ല അതിന്റെ പ്രമാണങ്ങളും തത്ത്വസംഹിതകളും എഴുതിവച്ചിരിക്കുന്നത് എന്ന് വിമര്‍ശിക്കുന്ന നാസ്തികരും യുക്തിവാദികളും ഉണ്ട്. എന്നാല്‍ ലോകം കണ്ട ബുദ്ധിജീവികള്‍ പലരും ഈ വാദഗതിയെ ഖണ്ഡിച്ചിട്ടുണ്ട്.


നിരന്തരമായ പ്രാര്‍ഥനയും ധ്യാനവും ശരീരത്തിലുളവാക്കുന്ന ജൈവശാസ്ത്രപരവും രാസഘടനാപരവുമായ വ്യതിയാനങ്ങളെ അപഗ്രഥിച്ചുകൊണ്ട് ഗവേഷണ നിരീക്ഷണങ്ങള്‍ നടന്നിട്ടുണ്ട്. അവ കണ്ടെത്തിയ ഗുണകരമായ ഫലങ്ങള്‍: രക്തസമ്മര്‍ദം കുറയ്ക്കുന്നു, ഹൃദയമിടിപ്പ് സന്തുലിതമാക്കുന്നു, ഹൃദയ ശ്വാസകോശ ഏകകാലീകരണം സംഭവിക്കുന്നു, നല്ല ഹോര്‍മോണുകളായ സെറോട്ടോണിന്‍, ഡോപ്പാമിന്‍, ഓക്‌സിടോസിന്‍, എന്‍ഡോര്‍ഫിന്‍, മേലോട്ടോണിന്‍ എന്നിവയുടെ അളവുകള്‍ വര്‍ധിക്കുന്നു. നാഡികളുടെ സംവേദനക്ഷമത വര്‍ധിക്കുന്നു. പ്രതിരോധശക്തി ബലപ്പെടുന്നു, മനസ്സ് പോസിറ്റീവ് ആകുകയും ചെയ്യുന്നു. സ്‌ട്രെസ്സ് ഹോര്‍മോണുകളുടെ അളവുകള്‍ കുറയുന്നു.


ഇന്നത്തെ അതിസാങ്കേതിക മികവുള്ള വൈദ്യപരിപാലന രംഗത്ത് ഡോക്ടര്‍മാര്‍ പലപ്പോഴും ടെക്‌നീഷ്യന്മാരാണ് എന്ന് തോന്നുന്ന വിധമാണ് ചികിത്സ. പ്രത്യേകിച്ച് പ്രബലമായിക്കൊണ്ടിരിക്കുന്ന നിര്‍മിത ബുദ്ധിയുടെ കുതിപ്പുകള്‍ ചികിത്സാരംഗത്തെയും കീഴടക്കി കൊണ്ടിരിക്കുന്നു. രോഗിയുടെ കഥകള്‍ ശ്രവിച്ച് അവരുടെ നിസ്വനങ്ങളും പരിദേവനങ്ങളും അനുഭവിച്ച് ചികിത്സ സംവിധാനം ചെയ്യുന്ന ഡോക്ടര്‍മാര്‍ ഇന്ന് വിരളം. അല്പം സമയം രോഗിയോടൊപ്പം ഇരുന്ന് സംസാരിച്ചാല്‍ തീരുന്ന അസ്വാസ്ഥ്യ ങ്ങള്‍ക്കുപോലും ചെയ്യേണ്ടി വരുന്ന പരിശോധനകളുടെ എണ്ണം കൂടുന്നു. എന്നാല്‍ സ്‌കാനിങ്ങുകളില്‍ കാണാത്ത രോഗങ്ങള്‍ ഉണ്ടെന്നും അവ കണ്ടുപിടിച്ചു ചികിത്സിക്കാനുള്ള മാര്‍ഗങ്ങള്‍ വേറെയാണെന്നും മനസ്സി ലാക്കാന്‍ 'ഹൈടെക്' ഡോക്ടര്‍മാര്‍ തയ്യാറല്ല. രോഗസൗഖ്യത്തിനുള്ള നിരന്തരമായ പ്രാര്‍ഥനയുടെ പ്രസക്തിയെ പറ്റി പറഞ്ഞാല്‍ ആ ഡോക്ടര്‍മാര്‍ പഴഞ്ചനാകും. മറ്റു ഡോക്ടര്‍മാര്‍ എഴുതിത്തള്ളിയ എത്രയെത്ര രോഗികള്‍ എന്റെ അടുത്ത് ചികിത്സിക്കായി വരുന്നു. ആയുസ്സ് ഏതാനും മാസങ്ങള്‍ മാത്രം കല്‍പിക്കപ്പെട്ട രോഗികള്‍ കര്‍ശനമായ ജീവിതചര്യകളിലൂടെയും ഔഷധ ചികിത്സയിലൂടെയും എത്രയേറെ വര്‍ഷങ്ങള്‍ ജീവിക്കുന്നു. അവരോട് ഞാന്‍ പ്രത്യേകിച്ച് പറയുന്നത് ഒരു കാര്യം മാത്രമാണ്. നിങ്ങള്‍ നിരന്തരമായി പ്രാര്‍ഥിക്കണം. പ്രാര്‍ഥനയുടെ അപരിമേയമായ ശക്തിയെപ്പറ്റി അവര്‍ക്ക് ഞാന്‍ പറഞ്ഞു കൊടുക്കും.




ഹൃദ്രോഗ വിദഗ്ധനും ഗ്രന്ഥകാരനുമാണ് ലേഖകന്‍.



 
 
 

Comments


Kairos USA

Kairos INDIA

Kairos UK

     Kairos International Inc. 700 Louisiana St, Houston, TX. USA 77002

     Kairos Media, No 8/174, Navodaya Studio Complex, Thengod P.O, Cochin, Kerala, India. Pin: 682030

     Kairos Media, St Charles Street, Sheffield S9 3WU, United Kingdom

COPYRIGHT © 2021 KAIROS MEDIA, JESUS YOUTH

bottom of page