നമ്മുടെ പ്രാര്‍ത്ഥനാ ശൈലികള്‍, ആകര്‍ഷകമോ അതോ വെറുപ്പിക്കുന്നതോ? | ഫ്രം ദി ഹാര്‍ട്ട് | ഡോ. എഡ്‌വേര്‍ഡ് എടേഴത്ത് | KAIROS MALAYALAM | JANUARY 2025

നവീകരണ ശൈലികള്‍ ഒരു വിപ്ലവമായിരുന്നു. അവിടെ പുഞ്ചിരിക്കാനും, സ്വന്ത വാക്കുകളില്‍ കാര്യങ്ങള്‍ പറയാനും, കൈയടിക്കാനും ഒക്കെയുള്ള സ്വാതന്ത്രവും അതൊക്കെ പ്രാര്‍ഥനയാക്കാനാകും എന്ന അറിവും…

വിശുദ്ധ അഗസ്റ്റിന്റെ മാനസാന്തരത്തെ ക്കുറിച്ച് പണ്ടേ കേട്ടിട്ടുണ്ട്, പക്ഷേ അദ്ദേഹത്തിന്റെ മൂന്ന് മാനസാന്തരങ്ങളെ ക്കുറിച്ച് ഈയ്യിടെയാണ് ആദ്യം കേട്ടത്, ബെനഡിക്ട് പാപ്പയില്‍ നിന്ന്. അഗസ്റ്റിന്റെ ആദ്യ മാനസാന്തരം തന്റെ ലൗകിക പാതയില്‍ നിന്ന് യേശുവിനെ അറിഞ്ഞ് കത്തോലിക്കാ വിശ്വാസത്തിലേക്ക് തിരിയുന്നതിലായിരുന്നു. തുടര്‍ന്ന്, അദ്ദേഹം ചില ക്രിസ്തീയ സമൂഹങ്ങളില്‍ പോയെങ്കിലും അവരുടെ രീതികള്‍ ഏറെ അരോചകരായിരുന്നു. പ്രത്യേകിച്ച് അവരുടെ പ്രാര്‍ത്ഥന ശൈലികള്‍ വിരസവും വെറുപ്പുളവാക്കുന്നതുമായിരുന്നു, ആ കൂട്ടായ്മകളില്‍ അദ്ദേഹം തുടര്‍ന്നതുമില്ല. എന്നാല്‍ പിന്നീട്, അദ്ദേഹം വി. ആംബ്രോസിന്റെ സഭാസമൂഹത്തെ കാണാനിടയായി. അത് ഏറെ സുന്ദരമായ ഒരനുഭവമായിരുന്നു. അവിടത്തെ പ്രാര്‍ത്ഥന സ്വര്‍ഗ്ഗീയം എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്. മാത്രമല്ല ആ പുത്തന്‍ അനുഭവം ക്രിസ്തീയ പ്രതിബദ്ധതയില്‍ ആഴപ്പെടാനും ഒരു പുതു തുടക്കമാക്കാനും ഇടയാക്കി. ഇതായിരുന്നു അഗസ്റ്റിന്റെ രണ്ടാമത്തെ മാനസാന്തരം.
യേശുവിനെ അടുത്തറിയുന്ന മിക്കവരും ഒരു ക്രിസ്തീയ കൂട്ടായ്മ അന്വേഷിക്കും. പക്ഷേ, അവര്‍ കാണാനിടവരുന്ന പല ഗ്രൂപ്പുകളിലേയും രീതികള്‍ പ്രത്യേകിച്ച് പ്രാര്‍ത്ഥനാ ശൈലികള്‍ തീരെ ആകര്‍ഷകമാകാറില്ല. ഇതിന് ഒരു പരിഹാരം ഇന്ന് അത്യാവശ്യമാണ്. ആളുകള്‍ക്ക് ഒരു ''രണ്ടാം മാനസാന്തരം'' സാധ്യമാകുന്ന നല്ല സ്‌നേഹ സമൂഹങ്ങള്‍ നമ്മള്‍ ഒരുക്കേണ്ടിയിരിക്കുന്നു.
കൂട്ടായ്മകള്‍ വിരസമാക്കണമോ?
പൗലോസ് അപ്പസ്‌തോലന്റെ പ്രായോഗിക നിര്‍ദ്ദേശങ്ങള്‍ ശ്രദ്ധേയമാണ്, ''നിങ്ങള്‍ സമ്മേളിക്കുമ്പോള്‍ ഓരോരുത്തര്‍ക്കും ഒരു സങ്കീര്‍ത്തനമോ, സാരോപദേശമോ, വെളിപാടോ ഭാഷയോ വ്യാഖ്യാനമോ ഉണ്ടായിരിക്കട്ടെ. ഇവയെല്ലാം ആത്മീയോത്കര്‍ഷത്തിനായി ഉപയോഗപ്പെടുത്തുകയും ചെയ്യട്ടെ. (1 കോറി. 14:26) ഏതാണ്ട് രണ്ടായിരം വര്‍ഷങ്ങള്‍ക്ക് മുമ്പ്, എങ്ങനെ കൂട്ടായ്മകള്‍ മനോഹരമാക്കാം എന്നതിനെക്കുറിച്ച് പൗലോസ് ഏറെ ചിന്തിച്ചു. അത് ഒരു നേതാവിന്റെ 'കസര്‍ത്ത്' ആയിരുന്നില്ല. അങ്ങനെയെങ്കില്‍, നമ്മുടെ കൂട്ടായ്മകള്‍ നല്ല വിശ്വാസ രൂപീകരണ വേദികളാകാന്‍ വേണ്ട ചേരുവകള്‍ എന്തൊക്കെയാണ്? 1) ദൈവസാന്നിദ്ധ്യ അനുഭവം, 2) ഗ്രൂപ്പിലെ അംഗങ്ങളുമായുള്ള (ക്രിസ്തുഗാത്ര) ബന്ധം, 3) എല്ലാവരുടെയും നല്ല പങ്കാളിത്തം, 4) 'കാലത്തിന്റെ അടയാളങ്ങള്‍' കണക്കിലെടുക്കുന്ന സാംസ്‌കാരിക അവബോധം. പൗലോസിന്റെ വിവരണങ്ങളില്‍ ഇതൊക്കെ കാണാം.
ഈ കാലത്ത് സാധാരണ ഒത്തുചേരലുകള്‍ പോലും രസകരമാക്കാന്‍ ഏവരും ശ്രമിക്കാറുണ്ട്. വീട്ടില്‍ അതിഥികളെ ക്ഷണിച്ചാലും, ജന്മദിന ആഘോഷമോ, പിക്‌നിക്കോ ഒക്കെ ആയാലും വീടൊരുങ്ങും, ഭക്ഷണ മേശ മനോഹരമാക്കും, ആകര്‍ഷകമായ എന്തെങ്കിലുമൊക്കെ തയ്യാറാക്കും. അത് ഏറെ ആകര്‍ഷകമായി എന്ന് ഉറപ്പുവരുത്തും. അപ്പോള്‍ നാം പറയും ആദ്ധ്യാത്മിക ഒത്തുചേരലുകള്‍ അങ്ങനെയല്ലല്ലോ. മറിച്ച്, അവിടെ നവീകരണവും ശൈലികളെക്കുറിച്ചുള്ള അവലോകനവും പാടില്ലെന്നുണ്ടോ? എങ്ങനെയൊക്കെയോ ആദ്ധ്യാത്മിക കൂട്ടായ്മകള്‍ ജീവിത ബന്ധിയാകാതെ പോകുകയും, പലര്‍ക്കും അത് ഒഴിവാക്കാന്‍ എളുപ്പമുള്ള ഒന്നായി തീരുകയും ചെയ്തിരിക്കുന്നു. ആധ്യാത്മിക ജീവിതത്തിന്റെ ഇന്നത്തെ ദുരന്തം ഇതാണെന്നു തോന്നുന്നു.
ആത്മീയതയും സംസ്‌കാരവും ഒരുമിച്ചുപോകണം.
നവീകരണതിലേക്കുള്ള വരവ് എന്നെ സംബന്ധിച്ചിടത്തോളം വലിയ തുറവിയുടെ അനുഭവമായിരുന്നു. പ്രാര്‍ഥനാ രീതികളിലെ മാറ്റമായിരുന്നു ഏറ്റവും പ്രധാനം. ഉരുവിടുന്ന പ്രാര്‍ത്ഥനകള്‍, പ്രധാനമായും കുര്‍ബാനയും ജപമാലയും, നമ്മളെ മിക്കവാറും കേള്‍വിക്കാരും ചൊല്ലുന്നവരും ഒക്കെ ആക്കുമല്ലോ. എന്നാല്‍ നവീകരണ ശൈലികള്‍ ഒരു വിപ്ലവമായിരുന്നു. അവിടെ പുഞ്ചിരിക്കാനും, സ്വന്ത വാക്കുകളില്‍ കാര്യങ്ങള്‍ പറയാനും, കൈയടിക്കാനും ഒക്കെയുള്ള സ്വാതന്ത്രവും അതൊക്കെ പ്രാര്‍ഥനയാ ക്കാനാകും എന്ന അറിവും ഒരു പുതു ചക്രവാളം തന്നെ മുന്നില്‍ തുറന്നു.
ഞങ്ങളുടെ ബുധനാഴ്ച പ്രാര്‍ത്ഥനാ കൂട്ടായ്മയില്‍ ഈ പുതുമ ഏറെ ആവേശത്തോടെ തന്നെ ഞങ്ങള്‍ തുടര്‍ന്നു. മാത്രമല്ല പ്രാര്‍ഥനാ രീതികളെ കുറിച്ച് ഞങ്ങള്‍ ചര്‍ച്ച ചെയ്യുമായിരുന്നു. പ്രാര്‍ത്ഥിക്കേണ്ടത് എങ്ങനെ എന്ന് ചോദിക്കാന്‍ മിക്ക വിശ്വാസികള്‍ക്കും ഭയമാണെന്ന് തോന്നുന്നു. പ്രാര്‍ത്ഥനാ രീതികള്‍, പ്രത്യേകിച്ച് സ്തുതിപ്പും, ഭാഷാവരവും ഒക്കെ എങ്ങനെയാകണം എന്നത് ഞങ്ങള്‍ ചര്‍ച്ച ചെയ്യുമായിരുന്നു. ഇതിന്റെ ഒരു സദ്ഫലം സുന്ദരമായി ഭാഷാവരം ഉപയോഗിക്കാനും അരോചകമല്ലാതെ സ്വതന്ത്രമായി സ്തുതിക്കാനും ഗ്രൂപ്പിലുള്ളവര്‍ പഠിച്ചു. അതുകൊണ്ടുതന്നെ പുതുമുഖങ്ങള്‍ക്ക് പോലും ഇവയോട് വെറുപ്പ് തോന്നിയതുമില്ല.
ഒരു കാര്യം കൂടി: ഞങ്ങളുടെ ജീവിതവുമായി ബന്ധപ്പെട്ട് ആരോചകമല്ലാത്ത പ്രാര്‍ഥനാ ശൈലികള്‍ കണ്ടെത്താനും പരിശീലിക്കാനുമുള്ള ഞങ്ങളുടെ കൂട്ടായ്മയുടെ ശ്രമങ്ങളില്‍ മാര്‍ഗ്ഗനിര്‍ദ്ദേശം നല്‍കാനും സഹായിക്കാനും പക്വതയുള്ള വൈദികര്‍ ഉണ്ടായിരുന്നത് ഏറെ സഹായമായി. ആദ്യ കാലങ്ങളില്‍ തന്നെ ഫാ. ഫിയോയുടെ പരിശീലനങ്ങള്‍ ലളിതവും വചനാധിഷ്ഠിതവുമായി പ്രാര്‍ത്ഥന സമ്മേളനങ്ങളുടെ പ്രധാന ഘടകങ്ങള്‍ പഠിക്കാന്‍ ഇടയാക്കി. ഫാ. മാര്‍സെലിനോയുടെ വാക്കുകള്‍ ഇപ്പോഴും ഓര്‍ക്കുന്നു, 'പ്രാര്‍ത്ഥിക്കുമ്പോഴും ഭാഷാവരത്തില്‍ പാടുമ്പോഴും ഇരു ചെവികളും ഉപയോഗിക്കണം, ഒന്ന് ഉള്ളിലെ ആത്മാവിനെ കേള്‍ക്കാന്‍ മറ്റേത് കൂട്ടായ്മയുള്ളവരുടെ പ്രാര്‍ത്ഥന ശ്രദ്ധിക്കാന്‍.'' ഫാ. ജിനോയുടെ നിര്‍ദ്ദേശം, പ്രാര്‍ത്ഥന അരോചകം ആക്കരുത് എന്നതായിരുന്നു, 'കര്‍ത്താവിന് ആനന്ദ ഗീതം ഉതിര്‍ക്കുവിന്‍'' (സങ്കീ. 100:1; 66:1). സ്തുതിപ്പ് ഒരിക്കലും കലപില ആക്കേണ്ടതില്ല.
പ്രാര്‍ത്ഥന ശൈലിയാണ് നമ്മുടെ വിശ്വാസനിലവാര സൂചിക
'നിങ്ങള്‍ എങ്ങനെ പ്രാര്‍ത്ഥിക്കുന്നു എന്നതില്‍ നിന്ന് നിങ്ങളുടെ ദൈവം ആരാണെന്ന് അറിയാം.' കത്തോലിക്കാ പാരമ്പര്യം വൈവിധ്യവും ക്രിയാത്മകവുമായ പ്രാര്‍ഥനാ രീതികള്‍ കൊണ്ട് സമ്പന്നമാണ്. ദൈവത്തെ അഭിസംബോധന ചെയ്യുന്ന വാക്കുകള്‍ മാത്രമല്ല പ്രാര്‍ത്ഥന. 'എന്റെ ആത്മാവ് കര്‍ത്താവിനെ മഹത്വപ്പെടുത്തുന്നു' എന്ന് മാതാവ് ഉദ്‌ഘോഷിക്കുന്നത് ഒരു സംഭാഷണമാണ്, പക്ഷേ ഏറ്റം ഉദാത്തമായ പ്രാര്‍ത്ഥനയും. വിശുദ്ധ കുര്‍ബാനയില്‍, , 'കര്‍ത്താവ് നിങ്ങളോടുകൂടെ!' എന്ന വൈദികന്റെ അഭിസംബോധനയ്ക്ക്, 'അങ്ങേ ആത്മാവോടും കൂടെ'' എന്ന പ്രതികരണവും പ്രാര്‍ത്ഥന തന്നെ.
സഭ ദിവസവും മൂന്നു പ്രാവശ്യം ചൊല്ലാന്‍ നിര്‍ദ്ദേശിക്കുന്ന ''കര്‍ത്താവിന്റെ മാലാഖ'' കൂടുതലും ബൈബിള്‍ വാക്യങ്ങള്‍ ഏറ്റുപറയുന്നതാണ്. പിന്നെ, കുരിശിന്റെ വഴി കുട്ടികള്‍ ഏറെ ഇഷ്ടപ്പെടുന്നു, കാരണം അത് നീണ്ട വിരസമായ പ്രാര്‍ഥനയല്ല, മറിച്ച് അവിടെ ചിത്രങ്ങളുണ്ട്, ചെറു ധ്യാനവും, പിന്നെ ഒരു ചുറ്റിനടപ്പുമാണ്. പക്ഷേ ചിലര്‍ അത് വലിച്ചു നീട്ടി വിരസമാക്കി അതിന്റെ തനിമ കളയാറുമുണ്ട്. പ്രാര്‍ത്ഥനയുടെ കാര്യത്തില്‍ ''അതിഭാഷണം ചെയ്യരുത്'' എന്ന യേശുനാഥന്റെ നിര്‍ദ്ദേശം സഭാ മാതാവ് അക്ഷരാര്‍ത്ഥത്തില്‍ പാലിക്കാന്‍ നോക്കാറുണ്ടെന്ന് തോന്നുന്നു. പാരമ്പര്യ പ്രാര്‍ത്ഥനകളുടെ വൈവിധ്യവും ക്രിയാത്മകതയും ഇതാണ് സൂചിപ്പിക്കുന്നത്. ഇതില്‍ ഏറ്റം മഹത്തരം ഒരു മേശയ്ക്ക് ചുറ്റും വിരുന്നിനായി ഒന്നിക്കുന്ന ഭക്ഷണ-പാനീയ ആരാധന തന്നെ.
കഴിഞ്ഞ ദിവസം മധ്യസ്ഥ പ്രാര്‍ത്ഥന നയിക്കാന്‍ ഒരുക്കമായി ജോസ് എന്നെ വിളിച്ചു. ''പ്രാര്‍ത്ഥന കൂടുതല്‍ സജീവവും ക്രിയാത്മകവും ആകണമെന്ന് പറഞ്ഞല്ലോ. ഇന്ന് വൈകുന്നേരം ഓണ്‍ലൈനായി ഞങ്ങള്‍ മധ്യസ്ഥ പ്രാര്‍ഥനയ്ക്ക് ഒന്നിച്ചു വരുന്നു. എന്തെങ്കിലും നിര്‍ദ്ദേശങ്ങളുണ്ടോ?'' ഏതായാലും ആ ചോദ്യം എനിക്ക് ഇഷ്ടമായി. ഈ അന്വേഷണം യഥാര്‍ത്ഥത്തില്‍ ''കര്‍ത്താവേ, ഞങ്ങളെ പ്രാര്‍ത്ഥിക്കാന്‍ പഠിപ്പിക്കണമേ!'' എന്ന അപേക്ഷതന്നെയല്ലേ? അന്നു രാത്രി മനോജിന്റെ ശസ്ത്രക്രിയക്കു വേണ്ടിയുള്ള പ്രാര്‍ഥനയായിരുന്നു.
എന്റെ ചിന്തകള്‍ ഞാന്‍ പങ്കുവച്ചു: ദൈവത്തെ പറഞ്ഞു മനസിലാക്കാനും അവിടുത്തെ മനസ്സു മാറ്റാനും വേണ്ടിയല്ലല്ലോ പ്രാര്‍ത്ഥന. എണ്ണം തികയ്ക്കലും, നീണ്ട വാചകമടിയും ഒഴിവാക്കുന്നതാകും നല്ലത്. ''ചോദിക്കുന്നതിന് മുന്‍പുതന്നെ പിതാവ് ആവശ്യം അറിയുന്നു'' (മത്താ. 6:8). അതുകൊണ്ട്, ഒന്നിച്ചുവരുമ്പോള്‍ എങ്ങനെ പ്രാര്‍ത്ഥിക്കണം എന്ന് കര്‍ത്താവിന്റെ ഇഷ്ടം തേടുകയും, പലരും അത് പങ്കുവയ്ക്കുകയും, ആ പ്രാര്‍ത്ഥന ദൈവേഷ്ടം അറിഞ്ഞുള്ള ഒരു സന്തോഷ യാത്രയാക്കുകയും ചെയ്യുക നന്നായിരിക്കില്ല?
പിന്നെ എല്ലാം പരിചിതമായ ''പ്രാര്‍ഥനാ സ്വരത്തിലാകാതെ'' ഒരു സംഭാഷണ ശൈലിയില്‍ ചെയ്താല്‍ നന്നായിരിക്കും. ഒരു പക്ഷേ, പലരും തങ്ങളുടെ ജീവിതത്തില്‍ മനോജിലൂടെ ദൈവം നല്‍കിയ അനുഗ്രഹങ്ങള്‍ പങ്കുവച്ച് നന്ദിപറഞ്ഞ് ഒരു ചെറു പ്രാര്‍ത്ഥന അര്‍പ്പിക്കുകയും ചെയ്താല്‍ അത് ഒരു കൂട്ടായ്മയിലുള്ള മധ്യസ്ഥ പ്രാര്‍ഥനയാകും. എന്നാല്‍ സംസാരങ്ങള്‍ നീളാതെ സൂക്ഷിക്കുകയും വേണം.
പ്രാര്‍ത്ഥന എങ്ങനെയായിരുന്നു? എല്ലാം നന്നായി പോയി, ഏവര്‍ക്കും ഒരു പുത്തന്‍ അനുഭവമായിരുന്നു. ജോസിന്റെ വാക്കുകളില്‍, ''വന്നവരെല്ലാം സജീവമായി പങ്കെടുത്തു. ഒരു മണിക്കൂറായിരുന്നു പ്ലാന്‍, പക്ഷേ മൂന്ന് മണിക്കൂര്‍ ഒട്ടും വിരസതയില്ലാതെ പങ്കുവച്ച് പ്രാര്‍ത്ഥിച്ചു. ആദ്യമായി കടന്നുവന്ന ചിലര്‍ക്ക് പോലും ഇത് വലിയ ഒരനുഭവവുമായി.''
ഒരു കാര്യം ഞാന്‍ ഓര്‍ത്തു, ഒരുമിച്ച് പ്രാര്‍ത്ഥിക്കാന്‍ സുന്ദരമായ എത്രയോ വഴികള്‍ ആകാം. നല്ല രീതിയില്‍ അത് ചെയ്താല്‍ കുറേപേര്‍ക്ക് ക്രിസ്തു ശരീരത്തിന്റെ സൗന്ദര്യം അനുഭവിച്ച് ഒരു ''രണ്ടാം മാനസാന്തരം'' ഉണ്ടാകാന്‍ അത് ഒരവസരവുമാകും.



Comments