പീലാത്തോസെ നീ ജാഗ്രതൈ .. | യുവ/ യൂത്ത് ക്ലാസ് | ബിലാസ് ജോസഫ് | KAIROS MALAYALAM | MARCH 2025


യേശുക്രിസ്തുവിനെ പീലാത്തോസ് വിചാരണ ചെയ്യുന്ന പ്രത്തോറിയത്തിലെ നിമിഷങ്ങള്‍ ബൈബിളിലെ അതി മഹത്തരവും ദുഃഖകരവുമായ സംഭവങ്ങളിലൊന്നാണ്. പീലാത്തോസ് പറഞ്ഞു: ''അവനില്‍ ഒരു കുറ്റവും ഞാന്‍ കാണുന്നില്ല.'' (യോഹ 18, 39). യേശുവില്‍ ഒരു തെറ്റും കണ്ടെത്താനാകാതെ പോയ പീലാത്തോസ് ജനസമ്മതം നേടാന്‍ അവനെ ക്രൂശിക്കാന്‍ വിധിച്ചു.
പീലാത്തോസ് സത്യത്തിന്റെ അടിസ്ഥാനത്തിലല്ല, ഭയത്തിന്റെ അടി സ്ഥാനത്തില്‍ തീരുമാനമെടുത്തു. 'എനിക്ക് ഈ രക്തത്തില്‍ പങ്കില്ല' എന്ന് പറഞ്ഞ് അവന്‍ തന്റെ കൈകള്‍ കഴുകിയെങ്കിലും തെറ്റായ വിധിയുടെ ഭാരം അവനെ വിട്ടുമാറിയില്ല.
മനുഷ്യന്റെ പരിമിതമായ വിധിയും ദൈവത്തിന്റെ പരിപൂര്‍ണതയും
പീലാത്തോസ് ഒരു മനുഷ്യന്‍ തന്നെയായിരുന്നു, തന്റെ ഭയം, ലാളിത്യം, നിലനില്‍പ് എന്നിങ്ങനെയുള്ള കാരണങ്ങളില്‍ കുടുങ്ങിയവന്‍. എന്നാല്‍, യേശു പാപരഹിതനും ദൈവസ്‌നേഹത്തിന്റെ പ്രതീകവുമായിരുന്നു. ദൈവത്തിന്റെ സ്‌നേഹം കുറ്റമറ്റതാണ്. യേശു പാപികള്‍ക്കും പീഡിതര്‍ക്കും അശരണര്‍ക്കും സ്‌നേഹവും ആശ്വാസവും നല്‍കിയവനാണ്. അവന്റെ വഴികളില്‍ തെറ്റൊന്നുമില്ല. എന്നാല്‍, ജീവിതത്തിലെ ദുഷ്‌കരമായ അവസ്ഥകള്‍ നേരിടുമ്പോള്‍ നാം പലപ്പോഴും ദൈവത്തെ കുറ്റപ്പെടുത്തുകയും അവന്റെ സ്‌നേഹത്തെയും നീതിയെയും സംശയിക്കുകയും ചെയ്യുന്നു.
നില തെറ്റിയ വിധി
പീലാത്തോസിനെപ്പോലെ നാം പലപ്പോഴും വസ്തുതകളെ മനസ്സിലാക്കാതെ വിധികള്‍ പുറപ്പെടുവിക്കുന്നു. നമ്മുടെ വികാരങ്ങളും ആഗ്രഹങ്ങളും നമ്മെ വഴിതെറ്റിക്കുന്നു. ദൈവത്തെ കുറ്റപ്പെടുത്താന്‍ നമുക്ക് എളുപ്പമാണ്; പക്ഷേ, അവന്റെ വഴികള്‍ എല്ലായിപ്പോഴും നന്മയ്ക്കായിരിക്കും. ദൈവത്തിന്റെ പ്രവൃത്തിയിലും ചിന്തയിലും തെറ്റൊന്നുമില്ല. അവന്റെ വഴികള്‍ നിത്യവും നമ്മുടെ ചിന്തകള്‍ക്ക് അതീതവുമാണ്. ''എന്റെ ചിന്തകള്‍ നിങ്ങളുടേതു പോലെയല്ല; നിങ്ങളുടെ വഴികള്‍ എന്റേതുപോലെയുമല്ല'' (ഏശ 55, 8).
വിധിക്കുമ്പോള്‍ ജാഗ്രതപാലിക്കുക
പീലാത്തോസിന്റെ പിഴവ് നമ്മള്‍ പഠിക്കേണ്ട ഒന്നാണ്. ദൈവത്തെ കുറ്റപ്പെടുത്തുന്നതിനുപകരം, നമ്മുടെ ഹൃദയത്തെ അവനിലേക്ക് തുറന്നു സമര്‍പ്പിക്കുക. അവന്റെ നന്മയിലും കരുതലിലും വിശ്വസിക്കുക. വ്യക്തിപരമായ ആഗ്രഹങ്ങളില്‍ പതറാതെ, സത്യത്തെ അന്വേഷിക്കുക. ദൈവത്തെ കുറ്റപ്പെടുത്താനോ വിധിക്കാനോ നില്‍ക്കാതെ പകരം, അവന്റെ സ്‌നേഹത്തോടും കരുതലിനോടും ചേര്‍ന്ന് ജീവിക്കുക. നമ്മുടെ ജീവിതത്തില്‍ പലപ്പോഴും നാം പീലാത്തോസ് ആയി മാറുന്നുണ്ടോ എന്ന് ചിന്തിക്കണം. സഭയെയും ക്രിസ്തുവിനെയും സഭാധികാരികളെയുമൊക്കെ കുറ്റപ്പെടുത്തുമ്പോള്‍...
മുതിര്‍ന്നവരെയും മാതാപിതാക്കളെയും സഹോദരങ്ങളെയും മക്കളൈയും കുറ്റപ്പെടുത്തുമ്പോള്‍...
പീലാത്തോസെ നീ ജാഗ്രതൈ... ''പുറമേ കാണുന്നതനുസരിച്ചു വിധിക്കാതെ നീതിയായി വിധിക്കുവിന്‍'' (യോഹ 7, 24).

അധ്യാപകനും എഴുത്തുകാരനുമായ ബിലാസ് ജോസഫ് ഭാര്യക്കും 5 മക്കൾക്കും ഒപ്പം പാലായിൽ താമസിക്കുന്നു.



Comments