top of page

PEACE OF MIND | കവര്‍‌സ്റ്റോറി |ഷീബ പ്രസാദ് | KAIROS MALAYALAM | JUNE 2025

Writer: ഷീബ പ്രസാദ്
ഷീബ പ്രസാദ്
7 days ago
2 min read

വിദ്യാര്‍ഥികളുടെ സങ്കീര്‍ത്തനമായി, വിശ്വാസ സമൂഹത്തില്‍ വേരുപാകിയ ഒരു വചനഭാഗമാണ് സങ്കീര്‍ത്തനം 23. എന്റെ അനുദിന ജീവിതത്തില്‍ ഞാന്‍ കൂടെ കൂട്ടുപിടിച്ചു നടക്കുന്ന, ഹൃദയത്തില്‍ ആഴത്തില്‍ പതിഞ്ഞു കിടക്കുന്ന വചനഭാഗം. അതില്‍ എനിക്ക് ഏറെ പ്രിയപ്പെട്ട വചനം സങ്കീ 23, 1 ആണ്. ഞാന്‍ എന്നോടുതന്നെ നിരന്തരം മന്ത്രിക്കാറുള്ള വചനം, ''കര്‍ത്താവാണ് എന്റെ ഇടയന്‍; എനിക്ക് ഒന്നിനും കുറവുണ്ടാവുകയില്ല.'' എന്റെ ഇന്നുവരെയുള്ള ജീവിതത്തിലേക്ക് പിന്‍തിരിഞ്ഞു നോക്കുമ്പോള്‍ ഈ ലോകത്തോട് ഉറക്കെ വിളിച്ചു പറയാന്‍ തോന്നും. 'കര്‍ത്താവാണ് എന്റെ ഇടയന്‍, എനിക്ക് ഒന്നിനും കുറവുണ്ടായിട്ടില്ല.'


ബാല്യകാലം മുതല്‍ ഈ നിമിഷം വരെ നിരവധി പ്രശ്‌നങ്ങളിലൂടെ ഞാന്‍ കടന്നുപോയിട്ടുണ്ട്... രോഗങ്ങള്‍... പ്രിയപ്പെട്ടവരുടെ വേര്‍പാടുകള്‍.. അതിരൂക്ഷമായ സാമ്പത്തിക ബുദ്ധിമുട്ടുകള്‍. മനുഷ്യര്‍ നമുക്കുനേരെ എറിയുന്ന പരിഹാസങ്ങള്‍, നുണപ്രചരണങ്ങള്‍, ബിസിനസ്സ് തകര്‍ച്ചകള്‍ അങ്ങനെയങ്ങനെ എണ്ണിയാല്‍ തീരാത്ത പ്രശ്‌നങ്ങളിലൂടെ കടന്നു പോകുമ്പോഴും എന്റെ ഇടയനായ കര്‍ത്താവ് എനിക്ക് ഒന്നിനും കുറവ് വരുത്തിയിട്ടില്ല എന്ന യാഥാര്‍ഥ്യം ഞാന്‍ ഓരോ നിമിഷവും തിരിച്ചറിയുന്നു. അതിന്റെ ഫലമായി ഒരു 'പീസ് ഓഫ് മൈന്റ്' എന്നില്‍ രൂപം

കൊള്ളുന്നു. കര്‍ത്താവ് പരിശുദ്ധാത്മാവുവഴി നല്‍കിയ എന്റെ ജീവിതത്തിലെ ഏറ്റവും വലിയ ധനമാണ് ഈ ''Peace of mind.'


ബാഹ്യമായി കാണാവുന്ന 'Richnes' ല്‍ ജീവിക്കുന്ന അനേകം മനുഷ്യരുണ്ട്. സമ്പത്തില്‍, വിദ്യാഭ്യാസത്തില്‍, ജോലിയില്‍, ഉന്നതസ്ഥാനമാനങ്ങളില്‍ ഒക്കെ ജീവിക്കുന്നവര്‍ നമുക്ക് ചുറ്റുമുണ്ട്. ഇത്തരത്തില്‍ വളരെ 'റിച്ച് ' ആയി ജീവിക്കുന്ന ഭൂരിഭാഗം പേരും പറയുന്നത് കേള്‍ക്കാനിടയായിട്ടുണ്ട് 'എല്ലാം ഉണ്ട്, പക്ഷേ ഒരു മനഃസമാധാനമില്ല' എന്ന്.' നമ്മുടെയൊക്കെ സാഹചര്യങ്ങള്‍ എന്തുമായി കൊള്ളട്ടെ, ഏതവസ്ഥയിലും ഇല്ലായ്മയിലും ഉള്ളായ്മയിലും നമുക്ക് ആ ജലമരല ീPeace of Mind-ല്‍ ജീവിക്കാന്‍ ആകുമ്പോഴാണ് ജീവിതം ധന്യമാവുക.


പച്ചയായ ജീവിതയാഥാര്‍ഥ്യങ്ങളെ അഭിമുഖീകരിച്ച് ജീവിക്കാന്‍ നമുക്ക് പറ്റുന്നുണ്ടോ? എങ്കില്‍ അങ്ങനെയുള്ളവര്‍ക്കാണ് നിറഞ്ഞ മനസ്സോടെ ഈ സങ്കീര്‍ത്തനം ഏറ്റുപറയാന്‍ സാധിക്കുക. അങ്ങനെയുള്ളവരുടെ ജീവിതത്തെ കര്‍ത്താവ് പച്ചയായ പുല്‍ത്തകിടിയിലേക്കും പ്രശാന്തമായ ജലാശയത്തിലേക്കും നയിക്കും... അവര്‍ ശാന്തിയോടെ സമാധാനത്തോടെ കര്‍ത്താവിന്റെ ആലയത്തില്‍ നിരന്തരം വസിക്കും. നമ്മുടെ അധരങ്ങളിലും ഹൃദയങ്ങളിലും എപ്പോഴും ഈ വചനം നിറയട്ടെ! കര്‍ത്താവാണ് എന്റെ ഇടയന്‍ എന്ന് സങ്കീര്‍ത്തനത്തില്‍ നാം വായിക്കുമ്പോള്‍, സുവിശേഷങ്ങളില്‍ ഞാന്‍ നല്ല ഇടയനാണ് എന്ന് പറയുന്ന ഈശോയെ നമുക്ക് ഓര്‍ക്കാം. ആടുകള്‍ക്ക് വേണ്ടി ജീവന്‍ അര്‍പ്പിക്കുന്ന ഇടയന്‍. കൈയിലുള്ള 99 ആടുകളെയും വിട്ട് നഷ്ടപ്പെട്ട ഒന്നിനെ തേടി ഇറങ്ങുന്ന ഇടയന്‍... അങ്ങനെയൊരു ഇടയന്‍ കൂടെ ഉണ്ടാകുമ്പോള്‍ നമുക്ക് എന്ത് കുറവാണുണ്ടാവുക? ആടിന്റെ ചൂരറിയുന്ന ഇടയനൊപ്പം ആണ് നാം നീങ്ങുന്നതെങ്കില്‍ പിന്നെന്തിന് ഭയപ്പെടണം? ആ ഇടയനില്‍ പൂര്‍ണമായി ആശ്രയിക്കാനും, നമ്മെത്തന്നെ പൂര്‍ണമായി അവിടത്തേക്ക് വിട്ടുകൊടുക്കാനും കഴിയുമ്പോള്‍ നമ്മുടെ കുറവുകള്‍ നിറവുകള്‍ ആക്കാന്‍ അവിടത്തേയ്ക്ക് സാധിക്കും.


''കര്‍ത്താവാണ് എന്റെ ഇടയന്‍; എനിക്ക് ഒന്നിനും കുറവുണ്ടാവുകയില്ല.'' ഈ സങ്കീര്‍ത്തനത്തിന്റെ മാറ്റൊലികള്‍ അനേകരില്‍ പ്രത്യാശയുടെ തിരിനാളം കൊളുത്തട്ടെ.



ജീസസ് യൂത്ത് പുനലൂർ സോണിന്റെ ആനിമേറ്റർ ആയിരുന്ന ലേഖിക ഭർത്താവിനോടും മൂന്നു മക്കൾക്കുമൊപ്പം കായംകുളത്ത് താമസിക്കുന്നു.

 
 
 

Comments


Kairos USA

Kairos INDIA

Kairos UK

     Kairos International Inc. 700 Louisiana St, Houston, TX. USA 77002

     Kairos Media, No 8/174, Navodaya Studio Complex, Thengod P.O, Cochin, Kerala, India. Pin: 682030

     Kairos Media, St Charles Street, Sheffield S9 3WU, United Kingdom

COPYRIGHT © 2021 KAIROS MEDIA, JESUS YOUTH

bottom of page