top of page

പാര്‍ക്ക് വീട് | സ്മാർട്ട് കിഡ്സ് | സെറീൻ ഏയ്ഞ്ചൽ | KAIROS MALAYALAM | APRIL 2025

സെറീൻ ഏയ്ഞ്ചൽ
3 days ago
2 min read

കുട്ടികളും ക്ലാസ്ടീച്ചറും വലിയ അത്ഭുതത്തോടെയാണ് ആ കാഴ്ചകളെല്ലാം കണ്ടുനില്‍ക്കുന്നത്. 7 ബി ഡിവിഷനിലെ കുട്ടികളും ടീച്ചറുമാണ് പ്രകൃതിരമണീയമായ ഈ സ്ഥലത്ത് വന്നിരിക്കുന്നത്. ഒരു ചെറിയ വീടും അതിനു ചുറ്റുമുള്ള കുറച്ച് സ്ഥലവും, കണ്ടാല്‍ ഒരു പാര്‍ക്ക് ആണെന്നേ തോന്നൂ. ഈ സ്ഥലത്തേക്ക് പ്രവേശിക്കുന്ന ഗേറ്റിനു മുകളിലായി മുല്ലപ്പൂക്കള്‍ പടര്‍ന്നു പന്തലു പോലെയായി നില്‍ക്കുന്നു. ആ പരിസരത്ത് എത്തുമ്പോള്‍ തന്നെ എന്തൊരു സുഗന്ധമാണ്. വീടിനടുത്തേക്ക് നടക്കുന്ന വഴിയില്‍ ഇരുവശങ്ങളിലായി ബൊഗയ്ന്‍വില്ല ചെടികള്‍ പലനിറത്തില്‍ ക്രമീകരിച്ചിരിക്കുന്നത് നല്ല രസമാണ് കാണാന്‍. പ്രാവുകള്‍ കുറുകുന്നത് കേട്ടപ്പോള്‍ തങ്ങളെയെല്ലാവരെയും പ്രാവുകള്‍ വീട്ടിലേക്ക് ക്ഷണിക്കുന്നതായിട്ടാണ് അവര്‍ക്ക് തോന്നിയത്.


മുറ്റത്തു നടുവിലായി വലിയ ഒരു മാവ്. അധികം ഉയരമില്ലായെങ്കിലും പന്തലിച്ചാണ് നില്‍പ്പ്, നിറയെ മാങ്ങകളും. പറമ്പ് മുഴുവന്‍ നല്ല പച്ചപ്പുല്ല് പിടിപ്പിച്ചിരിക്കുകയാണ്. മാവിന്റെ ചുവട്ടിലും പിന്നെ പറമ്പില്‍ ചുറ്റിലുമായി നിറയെ പൂക്കളുള്ള ചെടികളാല്‍ നിറഞ്ഞിരിക്കുകയാണ്. ഒരറ്റത്തായി ചെറിയ ഒരു കുളം. കുളത്തില്‍ മീനുകളുമുണ്ട്. കുളത്തിന് കുറുകെയായി നല്ല ഭംഗിയുള്ള ഒരു കുഞ്ഞു മരപ്പാലവും. പറമ്പിന്റെ ഒരു മൂലയില്‍ പേരമരത്തില്‍ നിറയെ മഞ്ഞയും ചുവപ്പും നിറങ്ങളിലുള്ള പഴുത്ത പേരക്കകള്‍ ഉണ്ടായിക്കിടക്കുന്നു. പേരമരച്ചോട്ടില്‍ മരം കൊണ്ടുണ്ടാക്കിയ ചാരിയിരിക്കാവുന്ന ബെഞ്ചുകള്‍ ഇട്ടിരിക്കുന്നു. കുട്ടികള്‍ ഓടിനടന്ന് കളിക്കുന്നതിനിടയില്‍ രാജുമോനും മിനിക്കുട്ടിയും എല്ലാവര്‍ക്കും കുടിക്കാനായി സംഭാരവുമായെത്തി. എല്ലാവരും മരച്ചോട്ടിലിരുന്ന് സംഭാരം കുടിച്ചു. രാജുവിന്റെയും മിനിയുടെയും വീടാണ് ഇതെന്ന് കൂട്ടുകാര്‍ക്ക് വിശ്വസിക്കാനായില്ല. ശരിക്കും പാര്‍ക്ക് പോലെ തന്നെ. അമ്മയും കൂടെയെത്തി ടീച്ചറോട് വിശേഷങ്ങള്‍ പറഞ്ഞുകൊണ്ടിരിക്കുകയാണ്.


പഠനത്തിന്റെ ഭാഗമായി ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍ സന്ദര്‍ശിക്കണമെന്ന് പറഞ്ഞിട്ടുണ്ടായിരുന്നു. മിനിക്കുട്ടിയുടെ വീട്ടില്‍ ഇങ്ങനെയുള്ള പ്രകൃതിദൃശ്യങ്ങള്‍ ഒരുക്കിവെച്ചിരിക്കുന്നത് പറഞ്ഞു കേട്ടിട്ടേ ഉണ്ടായിരുന്നുള്ളൂ. കുട്ടികളും ടീച്ചറും ഏറെനാളായി ഇവരുടെ വീട്ടില്‍ വരണമെന്ന് ആഗ്രഹിച്ചിരിക്കുകയായിരുന്നു. അങ്ങനെയാണ് ഇന്നേദിവസം അവരിവിടെയെത്തിയത്. ഈദിവസം മിനി കുട്ടിയുടെ ജന്മദിനം കൂടിയായിരുന്നതുകൊണ്ട് കൂട്ടുകാരുടെയും ടീച്ചറുടെയും സന്ദര്‍ശനം അവര്‍ക്ക് ഇരട്ടിമധുരമായി. രാജുമോന്‍േറയും മിനിക്കുട്ടിയുടേയും അച്ഛനുമമ്മയും വലിയ പ്രകൃതി സ്‌നേഹികളാണ്. അതുകൊണ്ടുതന്നെയാണ് അവരുടെ വീടും ചുറ്റുമുള്ള വലിയ മുറ്റവും പറമ്പുമെല്ലാം ഫലവൃക്ഷങ്ങളും പൂച്ചെടികളും ഒക്കെ നട്ടുവളര്‍ത്തിയിരിക്കുന്നത്. വൈകുന്നേരങ്ങളില്‍ തോട്ടത്തിലും പരിസരത്തുമൊക്കെ ദീപാലംകൃതമായിരിക്കും.പറമ്പിന്റെ മറ്റൊരു വശം പച്ചക്കറിത്തോട്ടമാണ്. പച്ചക്കറികളും പച്ചമുളകും വേപ്പിലയുമൊക്കെ തോട്ടത്തില്‍ നിന്ന് തന്നെയാണ് ഇവര്‍ ഭക്ഷണത്തിനായി എടുക്കാറുള്ളത്. ഇവരുടെ വീടിനെ പറ്റി നാടുമുഴുവന്‍ അറിയാം.


ടീച്ചറും കുട്ടികളും എല്ലായിടവും കണ്ട്, കളിയും ചിരിയുമൊക്കെയായി വീടിന്റെ വരാന്തയില്‍ ഒത്തുകൂടി. മിനിക്കുട്ടിയും രാജുമോനും അമ്മയും അവരോടൊപ്പം വന്നിരുന്നു. ഉദ്യാന പരിപാലനവും കൃഷികളുമൊക്കെ എങ്ങനെയാണ് ചെയ്യുന്നതെന്നും അമ്മ അവരോട് വിശദീകരിച്ചു. ഇതിനിടയില്‍ അമ്മ അടുക്കളയില്‍ നിന്ന് പിറന്നാള്‍ ദിനത്തില്‍ ഉണ്ടാക്കിയ പാലട പായസം അവര്‍ക്ക് എല്ലാവര്‍ക്കും കൊണ്ടുവന്നു കൊടുത്തു. പെട്ടെന്ന് കുട്ടികളില്‍ ചിലര്‍ വലിയ ശബ്ദത്തോടെ പേടിച്ചരണ്ട് ഒരു വശത്തേക്ക് ഓടിമാറി. ഒച്ചകേട്ട് നോക്കുമ്പോള്‍ അതാ ഒന്ന് രണ്ട് അണ്ണാന്‍ കുഞ്ഞുങ്ങള്‍ അവര്‍ക്കിടയിലൂടെ ഓടിക്കളിച്ച് കടന്നുപോകുന്നു. അതുകൊണ്ട് രാജുവും മിനിയും പൊട്ടിച്ചിരിച്ചു. അണ്ണാന്‍ കുഞ്ഞുങ്ങളെ കണ്ട് പേടിച്ച് കൂട്ടുകാരെ അവര്‍ കണക്കിന് കളിയാക്കി. ഇടയ്ക്ക് വല്ലപ്പോഴുമൊക്കെ മറ്റെവിടെ നിന്നോ മയിലുകളും ഇവരുടെ വീട്ടുമുറ്റത്ത് വരാറുണ്ടെന്നും പീലി വിടര്‍ത്തിയാടുന്നത് കാണാന്‍ ഇല്ല ചന്തമാണെന്നും മിനിക്കുട്ടി അവരോട് പറഞ്ഞു. ഏറെ കൗതുകത്തോടെയാണ് കൂട്ടുകാര്‍ ആ വിശേഷങ്ങള്‍ കേട്ടിരുന്നത്.


അച്ഛനെ കാണാമെന്ന് വിചാരിച്ചെങ്കിലും ജോലി കഴിഞ്ഞ് തിരികെയെത്തുമ്പോള്‍ വൈകുമെന്ന് അറിഞ്ഞതിനാല്‍ അവരെല്ലാവരും മടങ്ങി പോകാനൊരുങ്ങി. തിരികെ മടങ്ങുമ്പോള്‍, രാജുവിന്റെ അമ്മ അവര്‍ക്ക് എല്ലാവര്‍ക്കും കൃഷി ചെയ്യുവാനും പൂന്തോട്ടം വച്ചുപിടിപ്പിക്കാനുമായി വിത്തുകളൊക്കെ പാക്ക് ചെയ്ത് കൊടുത്തു വിടുകയും ചെയ്തു. പിറന്നാള്‍ ദിനത്തിലെ ഇവരുടെ സന്ദര്‍ശനവും ഒത്തുകൂടലും കളിചിരികളുമൊക്കെയായി അടിപൊളിയായിരുന്നതിനാല്‍ ഏറെ സന്തോഷത്തിലായിരുന്ന രാജുമോനും മിനിക്കുട്ടിയും അച്ഛന്‍ വരുമ്പോള്‍ വിശേഷങ്ങളെല്ലാം പറയുവാന്‍ കൊതിയോടെ കാത്തിരുന്നു.

 
 
 

Comments


Kairos USA

Kairos INDIA

Kairos UK

     Kairos International Inc. 700 Louisiana St, Houston, TX. USA 77002

     Kairos Media, No 8/174, Navodaya Studio Complex, Thengod P.O, Cochin, Kerala, India. Pin: 682030

     Kairos Media, St Charles Street, Sheffield S9 3WU, United Kingdom

COPYRIGHT © 2021 KAIROS MEDIA, JESUS YOUTH

bottom of page