OPERATION TOOFAN - THE NARCO HUNT I വാര്‍ത്താവിചാരം I സണ്ണി കോക്കാപ്പിള്ളില്‍ I KAIROS MALAYALAM I AUGUST 2026
- smithajose4
- Jul 31
- 3 min read

ഈ കൊടുങ്കാറ്റ് വീശിയടിക്കട്ടെ
മലബാറിലെ ഒരു സണ്‍ഡേ സ്‌കൂളില്‍
നടന്ന ഒരു സംഭവം ഓര്‍ക്കുന്നു. പത്താം ക്ലാസ്സ് പാസായ ഒരു വിദ്യാര്‍ഥിയെ തുടര്‍പഠനത്തിന് കാണാതിരുന്നതിനാല്‍ വൈദികന്‍ അവന്റെ വീട്ടിലേക്ക് ആളയച്ചു. അടുത്ത ദിവസംതന്നെ വിദ്യാര്‍ഥിയും പിതാവും കടന്നുവന്നു. എന്തുകൊണ്ടാണ് 11-ാം ക്ലാസ്സിലേക്ക് വരാത്തതെന്ന് വികാരിയച്ചന്‍ ആരാഞ്ഞു. ഉന്നതോദ്യോഗസ്ഥനായ പിതാവ് ഈ ചോദ്യത്തിന് നല്‍കിയ മറുപടി ഇങ്ങനെയായിരുന്നു: ''ഇതൊക്കെ പഠിച്ചിട്ട് എന്തുനേട്ടമാണ് കിട്ടുക. എന്റെ മകനെ ഐഐടിയില്‍ എനിക്ക് പഠിപ്പിക്കണം. അതിനുള്ള കോച്ചിംഗ് കൂടി കിട്ടുന്ന സ്ഥലത്തേക്ക് മകനെ ഞാന്‍ ചേര്‍ക്കാന്‍ പോവുകയാണ്.'' ''പ്ലസ് ടു കഴിഞ്ഞിട്ട് കോച്ചിങ്ങിന് വിട്ടാല്‍ പോരെ?'' ''പറ്റില്ല, പത്തു കൊല്ലം വേദപാഠം പഠിച്ചു. എന്റെ മകന് അത്രയൊക്കെ മതി. ആകെക്കൂടി കിട്ടുന്ന ഒരു ഞായറാഴ്ച. ഇനി അന്നുകൂടി വേദപാഠം പഠിച്ച് വിശുദ്ധനാവണമെന്നില്ല.'' പുച്ഛത്തോടെ അയാള്‍ പള്ളിമുറിയില്‍ നിന്നും മകനോടൊപ്പം ഇറങ്ങിപ്പോയി. ഇടവകയിലെ
ദേവാലയം പുതുക്കിപ്പണിയുന്നതുമായി ബന്ധപ്പെട്ട് ആ വൈദികന്‍ കുറച്ചുകാലം കൂടി ആ ഇടവകയില്‍ ചെലവഴിക്കേണ്ടി വന്നു.
വിശ്വാസ പരിശീലനത്തിന്റെ ഹയര്‍ സെക്കന്‍ഡറി തലം മനപ്പൂര്‍വം ഉപേക്ഷിച്ചു പോയ ആ വിദ്യാര്‍ഥിയുടെയും പിതാവിന്റെയും നടപടി വൈദികന്റെ മനസ്സില്‍ മുറിവേല്‍പ്പിച്ചിരുന്നു. വിശ്വാസ പരിശീലനം പത്താംക്ലാസ്സ് വരെ മാത്രം പോരാ, തുടര്‍ന്നും ആവശ്യമാണെന്ന ബോധ്യം തന്റെ ഇടവകയിലെ ഒരു കുടുംബത്തിനെങ്കിലും ഇല്ലാതെ പോയല്ലോ എന്ന ചിന്ത അദ്ദേഹത്തെ വേദനിപ്പിച്ചു. തന്റെ അജപാലന ശുശ്രൂഷയിലെ ഒരു വീഴ്ചയായി ഇത് അദ്ദേഹത്തിനു തോന്നി.
ആ ഇടവകയില്‍ നിന്നും സ്ഥലം മാറി പോകുന്നതിന് ഏതാനും മാസങ്ങള്‍ക്കു മുമ്പ് ഒരു ദിവസം അദ്ദേഹത്തിന്റെ മുറിയിലേക്ക് മുമ്പ് പറഞ്ഞ വ്യക്തി കടന്നുവന്നു. ആദ്യം തന്നെ വൈദികന്റെ കാലില്‍ തൊട്ടു വന്ദിച്ച്, എനിക്ക് തെറ്റുപറ്റിപ്പോയി അച്ചാ എന്നോട് ക്ഷമിക്കണം എന്ന് പറഞ്ഞ് പൊട്ടിക്കരയാന്‍ തുടങ്ങി. അച്ചന്‍ അയാളെ കസേരയില്‍ പിടിച്ചിരുത്തി. സംഭവം ഇങ്ങനെയായിരുന്നു: പ്ലസ്ടുവിന് നല്ല മാര്‍ക്ക് മേടിച്ച് കേരളത്തിനു വെളിയിലുള്ള ഒരു സ്ഥാപനത്തില്‍ എഞ്ചിനീയറിങ് പഠനത്തിനുള്ള പ്രവേശന പരീക്ഷ എഴുതാന്‍ കോച്ചിങ്ങിന് ചേര്‍ന്നു. പിന്നീട് എന്താണ് സംഭവിച്ചതെന്ന് വീട്ടുകാര്‍ക്ക് അറിയില്ല. ഇന്ന് അവന്‍ മയക്കുമരുന്നിന് അടിമയാണ്. അയാളുടെ എല്ലാ പ്രതീക്ഷകളും അസ്തമിച്ചു. ഇപ്പോള്‍ അയാള്‍ക്ക് തോന്നുന്നത് രണ്ടുവര്‍ഷം കൂടി വേദപാഠം
പഠിച്ചിരുന്നെങ്കില്‍ മകന്‍ ഇങ്ങനെ ആകുകയില്ലായിരുന്നു എന്നാണ്. അന്ന് വികാരിയച്ചനെ എതിര്‍ത്ത് ഇനിയും വേദപാഠം പഠിച്ച് മകനെ ഒരു വിശുദ്ധനാക്കാനില്ല എന്നുപറഞ്ഞു പോകുമ്പോള്‍ ഇങ്ങനെയൊന്നും ചിന്തിച്ചിരുന്നില്ല. മകന്‍ ഐഐടിയില്‍ പഠിച്ച് ഉന്നത ഉദ്യോഗസ്ഥനായി കാണാനുള്ള തത്രപ്പാടില്‍ ദൈവവചനത്തിന് വിലകല്‍പ്പിച്ചില്ല.
ഈ സംഭവം കുറിക്കാന്‍ കാരണം, ഇന്ന് കേരളത്തില്‍ നടക്കുന്ന 'തൂഫാന്‍' എന്ന പരിപാടിയെ പറ്റി സൂചിപ്പിക്കാനാണ്. ആയിരക്കണക്കിന് യുവജനങ്ങളെയാണ് മയക്കുമരുന്നുമായി അറസ്റ്റ് ചെയ്തിരിക്കുന്നത്. അതില്‍ വിദ്യാര്‍ഥികളും പെണ്‍കുട്ടികളും ധാരാളം ഉള്‍പ്പെടുന്നു. ഇതുവരെ അനേകായിരം കേസുകള്‍ പിടിച്ചു. ഇക്കഴിഞ്ഞ വര്‍ഷങ്ങള്‍ കേരള സമൂഹത്തെ ആകെ കാര്‍ന്നുതിന്നുന്ന ഒന്നായി മയക്കുമരുന്ന് ഉപയോഗം മാറി. മയക്കുമരുന്ന് വ്യാപാരത്തിന്റെ ശൃംഖലകള്‍ ഞെട്ടിക്കുന്നതാണ്. സൗഹൃദ വലയങ്ങളിലൂടെയാണ് പലരും മയക്കുമരുന്ന് ഉപയോഗത്തില്‍
വീണുപോയത്. ഒരിക്കല്‍ ഉപയോഗിച്ചാല്‍ പിന്നീട് അതിനു മോചനമില്ലാതെ സ്ഥിരമായ ഉപയോഗത്തിലേക്കു നയിക്കപ്പെടുന്നു. അടിമയായി കഴിഞ്ഞാല്‍ ഇത് കിട്ടുന്നതിനുവേണ്ടി എന്ത് സാഹസത്തിനും ആളുകള്‍ മുതിരും. എംഡിഎംഎ എന്ന മയക്കുമരുന്നാണ് ഇന്ന് ഏറ്റവും പ്രചാരത്തിലുള്ളത്. ദോഷവശങ്ങളെക്കുറിച്ച് അനുദിനം മാധ്യമങ്ങളില്‍ വിവരങ്ങള്‍ വരുന്നതിനാല്‍ അതിനെപ്പറ്റി ഇവിടെ സൂചിപ്പിക്കുന്നില്ല.
എന്നാല്‍, വിദ്യാര്‍ഥികളടക്കം യുവജനങ്ങളുടെയിടയില്‍ മയക്കുമരുന്ന് ഉപയോഗം വ്യാപകമായത് എന്തുകൊണ്ട് സര്‍ക്കാരും സമൂഹവും ശ്രദ്ധിച്ചില്ല എന്നത് ഞെട്ടിക്കുന്നതാണ്. ഒരു വംശത്തെ ഇല്ലാതാക്കാന്‍ ഏറ്റവും പറ്റിയ ഒന്നാണ് മയക്കുമരുന്നിന്റെ വ്യാപനം. സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളോടു ചേര്‍ന്നുനിന്ന് ജനങ്ങള്‍ എല്ലാവരും പരമാവധി പരിശ്രമിക്കട്ടെ. ഇനിയെങ്കിലും അനേകരുടെ കണ്ണുനീര്‍ തോരട്ടെ. ഈ കുറിപ്പ് എഴുതുമ്പോള്‍ കിട്ടിയ വാര്‍ത്ത ഇതാണ്: ബംഗളൂരുവിലെ പരപ്പന അഗ്രഹാര ജയിലില്‍ മാത്രം 63 മലയാളികള്‍ മയക്കുമരുന്ന് കേസില്‍ അകത്തു കിടപ്പുണ്ട്!

ഇത് എന്തൊരു ശമ്പളം!
കേരളത്തില്‍ ഏറ്റവും കൂടുതല്‍ സര്‍ക്കാര്‍ശമ്പളം വാങ്ങുന്നത്
പിഎസ് സി ചെയര്‍മാന്‍ ആണെന്ന് പറയുന്നു. അലവന്‍സുകള്‍ ഉള്‍പ്പെടെ 4.10 ലക്ഷം രൂപ.
പിഎസ്‌സി അംഗങ്ങളുടെ പ്രതിമാസശമ്പളം: 2,19,090 അടിസ്ഥാന ശമ്പളമായി നിശ്ചയി
ച്ചിരിക്കുന്നു (സെലക്ഷന്‍-ഗ്രേഡ് ജില്ലാ ജഡ്ജിമാര്‍ക്ക് ആനുപാതികമായി), ഏകദേശം 3.25 ലക്ഷം മുതല്‍ 4 ലക്ഷംവരെ മൊത്തം പ്രതിമാസ പേഔട്ട്. ഇന്ത്യയിലെ പ്രധാനമന്ത്രി, കേരളത്തിന്റെ മുഖ്യമന്ത്രി, എന്നിവരെക്കാളും ശമ്പളമാണ് ഇവര്‍ക്ക് ലഭിക്കുന്നത്. ആറുവര്‍ഷം കാലാവധി പൂര്‍ത്തിയായാല്‍ ആജീവനാന്ത പെന്‍ഷന്‍ ലഭിക്കുന്നു. ചെയര്‍മാന് രണ്ടര ലക്ഷം രൂപയാണ് പെന്‍ഷന്‍ ലഭിക്കുക. അംഗങ്ങള്‍ക്ക് രണ്ടേ കാല്‍ ലക്ഷം രൂപയും കിട്ടും. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ അംഗങ്ങളുള്ളത് കേരളത്തിലാണ്. 21 അംഗങ്ങളാണുള്ളത്. ഏറ്റവും വലിയ സംസ്ഥാനമായ ഉത്തരപ്രദേശില്‍ 9 പേരും തമിഴ്‌നാട്ടില്‍
14 പേരും ആണുള്ളത്. യൂണിയന്‍ പബ്ലിക് സര്‍വീസ് കമ്മീഷനില്‍ ആകെ 7 അംഗങ്ങള്‍ മാത്രമാണുള്ളത്. അവിടെ അംഗങ്ങളായി വരുന്നത് സിവില്‍ സര്‍വീസില്‍ പ്രവര്‍ത്തിച്ചിരുന്നവരോ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നവരോ ആണ്. വളരെ വിദഗ്ധരായ ആള്‍ക്കാരാണ് അവര്‍. എന്നാല്‍, കേരളത്തിലെ സ്ഥിതി എന്താണ്? രാഷ്ട്രീയക്കാര്‍ വീതംവച്ച് എടുക്കുന്നു. ഉന്നത വിദ്യാഭ്യാസമോ അക്കാദമിക് നിലവാരമോ ഇല്ലാത്ത രാഷ്ട്രീയക്കാരനെ
കുടിയിരുത്താനുള്ള (എന്നു പറഞ്ഞാല്‍ തെറ്റാണ് പട്ടാഭിഷേകം നടത്താനുള്ള) വേദിയായി പിഎസ്‌സി അംഗത്വം മാറിക്കഴിഞ്ഞു. എന്നാല്‍, ഇത്രയധികം ശമ്പളം മേടിച്ചിട്ട് അതിനനുസരിച്ചാണോ ഇവരുടെ സേവനമെന്നത് വിലയിരുത്തപ്പെടേണ്ടതാണ്. അടുത്ത നാളുകളില്‍ പിഎസ്‌സിയെ പറ്റിയുള്ള അഴിമതി ആരോപണങ്ങള്‍ എണ്ണിയാല്‍
തീരാത്തതാണ്. ഏറ്റവും നിഷ്പക്ഷമായി പ്രവര്‍ത്തിക്കുന്ന ഒരു ഭരണസംവിധാനം ആയിട്ടാണ് നാളിതുവരെ പിഎസ്‌സി അറിയപ്പെട്ടിരുന്നത്. എന്നാല്‍, ഇപ്പോള്‍ പുറത്തുവന്നുകൊണ്ടിരിക്കുന്ന സ്വജനപക്ഷപാതത്തിന്റെ വാര്‍ത്തകള്‍ തൊഴില്‍ തേടുന്ന യുവജനങ്ങളുടെ പ്രത്യാശ തകര്‍ക്കുന്നതാണ്. ചോദ്യപേപ്പര്‍ തയ്യാറാക്കുന്നതില്‍, അത് ആര്‍ക്കും ചോര്‍ത്തി കൊടുക്കാതിരിക്കുന്നതില്‍, കൃത്യമായ മൂല്യനിര്‍ണയം ചെയ്യുന്നതില്‍, അഭിമുഖത്തില്‍ പക്ഷപാതം കാണിക്കാതിരിക്കല്‍, കൃത്യസമയത്ത് റാങ്ക് ലിസ്റ്റ്
പ്രസിദ്ധീകരിക്കല്‍, ഒഴിവുകള്‍ കൃത്യമായി
നികത്തുന്നതില്‍ ഒക്കെ ഏറെ കാര്യക്ഷമത പുലര്‍ത്തിയിരുന്ന ഒരു സ്ഥാപനം ആയിരുന്നു ഒരിക്കല്‍ പിഎസ് സി.
ഇന്ന് ധാരാളം ഓഫീസുകളിലെ ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യാതിരിക്കുക, താത്ക്കാലികമായി ഇഷ്ടക്കാരെ നിയമിക്കുക, റാങ്ക് ലിസ്റ്റില്‍ നിന്നും ഒന്നോ രണ്ടോ പേരെ മാത്രം നിയമിക്കുക. അതും ലിസ്റ്റ് കാലഹരണപ്പെടുന്നതിന് തൊട്ടു മുന്‍പായി മാത്രം. ചുരുക്കത്തില്‍ പിന്‍വാതില്‍ നിയമനങ്ങള്‍ മാത്രമാണ് കൂടുതലായി കേരളത്തില്‍ കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി നടന്നുകൊണ്ടിരിക്കുന്നത്. ഒരു ജോലിക്കുവേണ്ടി അനേക വര്‍ഷങ്ങള്‍ കുത്തിയിരുന്നു പഠിച്ചവരോടുള്ള ഈ ക്രൂരത ഇനിയും വച്ചുപൊറുപ്പിക്കരുത്. യോഗ്യതയില്ലാത്തവര്‍ എവിടെ വന്നാലും ആ മേഖലയ്ക്ക് അപചയം സംഭവിക്കും. കൃത്യമായ വഴികളിലൂടെ യോഗ്യതയുള്ളവര്‍ ഓരോ സ്ഥാനത്തും വരട്ടെ.



Comments