നിത്യതയോളം നിറയുന്ന നിർമല സാന്നിധ്യം | കവര്‍സ്റ്റോറി | വിജയ് പി ജോയി | KAIROS MALAYALAM | JUNE 2025


''അവിടത്തെ നന്മയും കരുണയും ജീവിതകാലം മുഴുവന്‍ എന്നെ അനുഗമിക്കും. കര്‍ത്താവിന്റെ ആലയത്തില്‍ ഞാന്‍ എന്നേക്കും വസിക്കും'' (സങ്കീ 23, 6).
യുദ്ധങ്ങള്‍, ആഭ്യന്തര കലാപങ്ങള്‍, പ്രകൃതിദുരന്തങ്ങള്‍, ഭരണകൂട ഭീകരതകള്‍, സാമ്പത്തിക പ്രതിസന്ധികള്‍, നിര്‍മിത ബുദ്ധിയുടെ കടന്നുകയറ്റം, ആത്മീയ ജീവിതത്തിലെ പാളിച്ചകള്‍, പൊള്ളിക്കുന്ന ജീവിതയാഥാര്‍ഥ്യങ്ങള്‍ ഇവയ്‌ക്കെല്ലാം നടുവില്‍ മറ്റേതൊരു ആശയ സംഹിതയെക്കാളും ആശ്വാസവാക്കിനേക്കാളും പ്രത്യാശ പകര്‍ന്ന ശാന്തിതീരത്തേക്കും ജീവന്റെ പ്രകാശത്തിലേക്കും മര്‍ത്യരെ നയിക്കാനുള്ള കൃപാവരം പേറുന്ന ഒന്നാണ് ഇരുപത്തിമൂന്നാം സങ്കീര്‍ത്തനം. ഹ്രസ്വമായ ഈ ലോകവാസത്തില്‍ തുടങ്ങി നിത്യതയിലേക്ക് നീളുന്ന നിന്റെ ജീവിതത്തിലെ ഓരോ കാര്യത്തിലും ദൈവം ശ്രദ്ധാലുവാണെന്ന ഉറപ്പാണ് വരികള്‍.
ബൈബിളില്‍ ആദ്യാവസാനം ദൈവ പരിപാലനയുടെ ആര്‍ദ്രത പടര്‍ന്നു കിടപ്പുണ്ട്. തണലായും പ്രകാശമായുംഅപ്പമായും വെള്ളമായും സൗഹൃദമായും സൗഖ്യമായും അവിടന്ന് മനുഷ്യര്‍ക്ക് കൂട്ടുവരുന്നു. ആ പരിപാലന വേദഗ്രന്ഥത്തിന് പുറത്തേക്കൊഴുകി നമ്മുടെ അനുദിന ജീവിതങ്ങള്‍ നനയ്ക്കുന്നു എന്നത് ഒരു വര്‍ത്തമാന യാഥാര്‍ഥ്യവും ആശ്വസിപ്പിക്കുന്ന സത്യവുമാണ്. ആ യാഥാര്‍ഥ്യത്തെ അഭിമുഖീകരിക്കുന്ന ഏതൊരാള്‍ക്കും ദൈവപരിപാലനയാല്‍ ജീവിക്കുന്ന ഒരുവന്‍ എന്നല്ലാതെ സ്വയം അടയാളപ്പെടുത്താന്‍ മറ്റെന്താണ് കുറിക്കാനാകുക!?
അങ്ങയുടെ പരിപാലനം എന്നെ വലിയവനാക്കി. 2 സാമുവല്‍ 22, 36 ദാവീദിന്റെതന്നെ കീര്‍ത്തനമാണ്. ആകാശത്തിലെ പറവകളെക്കാളും വയലിലെ ലില്ലികളെക്കാളും മനുഷ്യനെ വിലമതിക്കുകയും സംതൃപ്തരാക്കുകയും സമാലങ്കരിക്കുകയും ചെയ്യുന്ന സ്‌നേഹനിധിയായ അപ്പനാണ് ദൈവം. കാറ്റില്‍ അണയാതെ ഒരു മെഴുകുതിരിയെ പരിപാലിക്കുംപോലെയാണ് നമ്മെ ഓരോരുത്തരെയും ദൈവം പൊതിഞ്ഞു പിടിക്കുന്നതും ചേര്‍ത്തുനിറുത്തുന്നതും. നിസ്സാരരായ നമുക്ക് വേണ്ടി അനുദിനം എത്രയോ മഹത്തായ കാര്യങ്ങളാണ് ദൈവം ഒരുക്കി വയ്ക്കുന്നത്. അവിടത്തെ നന്മയും കരുണയും ലോകാവസാനത്തോളം നമ്മെ അനുഗമിക്കാനും അനുഭവവേദ്യമാക്കാനുമായി സ്വപുത്രനെ പോലും നമുക്കായി നല്‍കാന്‍ ദൈവം തിരുമനസ്സായി.
ക്രിസ്തു ആകട്ടെ ജീവിതത്തിലുടനീളം പിതാവിന്റെ പരിപാലനയില്‍ ആശ്രയിക്കുകയും അതിലേക്കായി സമ്പൂര്‍ണ സമര്‍പ്പണം നടത്തുകയും ചെയ്തു. അതിനാലാണ് പിതാവേ നിന്റെഹിതം നിറവേറട്ടെയെന്ന് കഠിന പ്രതിസന്ധിക്ക് നടുവില്‍ പ്രഘോഷിക്കാനും നിന്റെ കരങ്ങളില്‍ എന്റെ ആത്മാവിനെ ഞാന്‍ സമര്‍പ്പിക്കുന്നു എന്നു പറഞ്ഞു ജീവന്‍ വെടിയാനും ക്രിസ്തുവിന് സാധിച്ചത്. നല്ല ഇടയനായ ദൈവം നിങ്ങളെ അനാഥരായി വിടുകയില്ലെന്ന ഉറപ്പാണ് ക്രിസ്തു തന്റെ ജീവിതംകൊണ്ട് നമുക്കായി പകര്‍ന്നുനല്‍കിയത്. ദൈവത്തിന്റെ ആ ഉറപ്പ് ജീവിതത്തിന് പുതിയ അര്‍ഥവും ലക്ഷ്യവും ഉണര്‍വും കരുത്തും പ്രധാനം ചെയ്യുന്നതാണ്. ആ ഉറപ്പില്‍ പ്രത്യാശ വച്ചതിനാലാണ് എനിക്ക് നിന്റെ കൃപമതിയെന്ന് അപ്പസ്‌തോലന്റെ കുറിപ്പ് തിരുവചനമായി മാറിയത്. അല്ലെങ്കിലും
പ്രത്യാശയുടെ സന്ദേശങ്ങളും ജീവിത സമസ്യകളുടെ ഉത്തരങ്ങളും ഗൂഗിള്‍ സെര്‍ച്ചിലോ എ.ഐ ചാറ്റിലോ ലഭിക്കാനിടയില്ല. അതിന് വിശുദ്ധ ഗ്രന്ഥത്തിന്റെ താളുകള്‍ മറിക്കുക തന്നെ വേണം.
'സ്വപ്നം കാണുക എന്ന് പറഞ്ഞാല്‍ വിശ്വാസിയാവുക എന്ന് തന്നെയാണര്‍ഥം. കാരണം ദൈവം കൂടെയുള്ളവന് ഭാവിയെക്കുറിച്ച് പ്രത്യാശയുണ്ടാകും' - വിനായക് നിര്‍മല്‍.
പ്രപഞ്ചം മുഴുവന്‍ നിറഞ്ഞുനില്‍ക്കുന്ന പരാശക്തിയുടെ പരിപാലനയിലാണ് നിന്റെ ജീവിതം എന്നത് പരാതികളില്ലാതെ നൈരാശ്യമില്ലാതെ ജീവിക്കാനുള്ള ക്ഷണമാണ്. എത്രയോ ഇടങ്ങളില്‍ നാം ഇടറി പോയിരിക്കുന്നു. പരാജയപ്പെട്ട് വെറുംകൈയോടെ നിന്നിരിക്കുന്നു. ചേര്‍ത്തുപിടിച്ചു പലരും പലതും വീണ്ടെടുക്കാനാവാത്തവിധം അകന്നു പോയിരിക്കുന്നു. എന്നിട്ടും തിരിഞ്ഞുനോക്കുമ്പോള്‍ ഒരു കാര്യം വ്യക്തമാണ്. ദൈവത്തിന്റെ അനുഗ്രഹങ്ങളാകുന്ന നന്മകളും എല്ലാം മറന്ന് കളയുന്ന കാരുണ്യവും ഒരിക്കലും നമ്മെ വിട്ടുപിരിഞ്ഞിരുന്നില്ല. നാം നിനയ്ക്കാത്ത വഴികളിലൂടെ നാം കിനാവുകണ്ടതിലും മനോഹരമായി അവിടന്ന് നമ്മുടെ ജീവിതത്തെ മുന്നോട്ടു നയിച്ച ഈ നിമിഷത്തിലേക്ക് എത്തിച്ചിരിക്കുന്നു. അവസാനത്തോളം ദൈവം അത് തുടരുമെന്ന് സങ്കീര്‍ത്തനം നമ്മെ ഓര്‍മപ്പെടുത്തുകയും ചെയ്യുന്നു.
സദാ സമീപസ്ഥനായി നമ്മെ കരുതുന്ന ദൈവത്തിന്റെ മുമ്പില്‍ അലസമായിരുന്ന് ജീവിതം ആസ്വദിക്കാനുള്ള ആനുകൂല്യമായി ഈ പരിപാടിയെ തെറ്റിദ്ധരിക്കരുത്. അപ്പം ലഭിക്കുന്നതു മാത്രമല്ല അധ്വാനിക്കാനുള്ള കരുത്തും അവസരവും സ്വന്തമാക്കുന്നതും പരിപാലനയുടെ ഭാഗമാണ്. അകയാല്‍ ആകുലതകള്‍, അപകര്‍ഷതകള്‍, അലസതകള്‍, നിരാശകള്‍ ഇവയെല്ലാം ദൈവപരിപാല
നക്കെതിരായ പാപങ്ങളാണെന്നും പരാതികളില്ലാത്ത ജീവിതം ഒരുവന്‍ ദൈവത്തോടൊപ്പമാണെന്നതിന്റെ തെളിവാണെന്നും തിരിച്ചറിഞ്ഞ് നന്മകളെ ധ്യാനിച്ചു ദൈവത്തെ മഹത്വപ്പെടുത്തിയും കുലീനമായി നടന്നു പോകാനുള്ള ബോധപൂര്‍വമായ ശ്രമങ്ങള്‍ ഉണ്ടാകട്ടെ. ഞങ്ങള്‍ക്ക് പ്രശ്‌നങ്ങളുണ്ട് എന്നതല്ല ഞങ്ങള്‍ക്ക് ദൈവമുണ്ട് എന്നതാവണം നമ്മുടെ കുടുംബാംഗങ്ങളില്‍ ഉയരുന്ന വിശ്വാസ പ്രഖ്യാപനം.നാളെ എന്ത് സംഭവിക്കും എന്നോര്‍ത്ത് ആകുലത വേണ്ട. എല്ലാ ദിവസത്തെയും പോലെ നിങ്ങളുടെ നിത്യപിതാവ് ഇടപെട്ടു കൊള്ളും. ''ഒന്നുകില്‍ അവിടന്ന് നിങ്ങളെ സഹനത്തില്‍ നിന്ന് ഒഴിവാക്കും. അല്ലെങ്കില്‍ അത് സഹിക്കാനുള്ള ശക്തി നല്‍കും'' - വിശുദ്ധ ഫ്രാന്‍സിസ് ഡി സെയില്‍സ്.
ഒന്നാലോചിച്ചാല്‍ ദൈവത്തിന്റെ കരുതലും കരുണയും അനുഭവിക്കാന്‍ മാത്രം അര്‍ഹതയും പ്രാധാന്യവുമുള്ളതാണോ നമ്മുടെ ജീവിതം? മാനദണ്ഡങ്ങള്‍ ഒന്നുമില്ലാതെ ദുഷ്ടരുടെയും ശിഷ്ടരുടെയുംമേല്‍ ഒരുപോലെ വെയില്‍ പരത്തുകയും മഴപൊഴിക്കുകയും ചെയ്യുന്നവനാണ് ദൈവം എന്ന വെട്ടം കിട്ടുമ്പോള്‍ എല്ലാം ദൈവദാനമാണെന്ന് ബോധോദയം സിദ്ധിക്കും. എന്നിട്ടും ലഭിക്കുന്ന പരിഗണനയുടെയും പരിപാലനയുടെയും പലിശപോലും കൊടുത്തു തീര്‍ക്കാനാകാതെ ഇവിടെ നിന്നും കളമൊഴിയാനാണ് നമ്മുടെ വിധി എന്ന് തിരിച്ചറിയുമ്പോള്‍ കൃതജ്ഞത
യോടെ കരംകൂപ്പി മാത്രമേ ഓരോ നിമിഷത്തിലും വ്യാപരിക്കാനാവൂ. സുഹൃത്തായ ഒരു സന്യാസിനി കുറിച്ചിട്ട പോലെ:
''ഇല്ല പകരമാവില്ല ഒന്നും നിന്റെ ദാനത്തിന് എന്റെ ജീവിതം തന്നെ നല്‍കുന്നു നന്ദിയായി താഴ്മയോടെ നിന്‍ കരത്തിന്‍ കീഴിലാകാന്‍ കാക്കണേ കരതാരില്‍ ഈ ചെറു ജീവിതം''
ചുറ്റുപാടുമുള്ള മനുഷ്യരുടെ വാക്കാലും പ്രവൃത്തിയാലുമാണ് ഓരോ മനുഷ്യനും ഈശ്വരന്റെ നന്മയും കരുണയും രുചിച്ചറിയുന്നത്. വിശക്കുന്നവന്‍ ഭക്ഷണവും പാവപ്പെട്ടവന് ചികിത്സാ ചെലവും ഭവനരഹിതന് വീടും അഗതിക്ക് ആശ്രയവും സാമ്പത്തികശേഷിയില്ലാത്ത കുട്ടിക്ക് പഠന സഹായവും കടബാധ്യതയാല്‍ ഉഴലുന്നവന് പ്രതീക്ഷയുമൊക്കെയായി മാറുന്നത്, അപരിചിതരായ മനുഷ്യരുടെപോലും കൂട്ടായ്മകളും അവരുടെ പരസ്‌നേഹ പ്രവര്‍ത്തനങ്ങളുമാണ്. ഇപ്രകാരം ദൈവപരിപാലനയുടെ ചാലുകളും ഉപകരണങ്ങളുമായി രൂപപ്പെടാന്‍ ഇടപെടലുകള്‍ നടത്തുന്നുണ്ടോ എന്നൊരു ആത്മവിചാരണ ദൈവപരിപാലനെ ധ്യാനിക്കുമ്പോള്‍ അനുബന്ധമായി സംഭവിക്കേണ്ടതുണ്ട്. കാരണം അവസാന വിധിയില്‍ ക്രിസ്തു നമ്മോട് ചോദിക്കാനായി കരുതിവച്ചിരിക്കുന്ന ചോദ്യം ഇതാണ്, ദൈവത്തിന്റെ കാരുണ്യ പദ്ധതികളില്‍ നീ പങ്കാളിയായോ?
നമ്മുടെ വയലുകളില്‍ ലില്ലിച്ചെടിക്ക് ഒരിടവും ആകാശത്തിലെ പറവകള്‍ക്ക് കുറച്ചു ധാന്യമണികളും നീക്കി വയ്ക്കാം. അങ്ങനെ പരിപാലനയുടെയും പങ്കുവയ്ക്കലിന്റെയും ആനന്ദം പ്രപഞ്ചമാകെ നിറയട്ടെ.
ഇഹലോകത്തില്‍ മാത്രമായി കരുതലിന്‍ കരം നീട്ടുന്ന ഒരുവനായിട്ടല്ല സങ്കീര്‍ത്തനങ്ങളില്‍ ദാവീദ് ദൈവത്തെ അവതരിപ്പിച്ചിരിക്കുന്നത്. നിത്യതയോളം നമുക്കൊപ്പം ആയിരിക്കുന്ന നിര്‍മല സാന്നിധ്യമായിട്ടാണ് സങ്കീര്‍ത്തകന്‍ അവിടത്തെ പരിചയപ്പെടുത്തുന്നത്. സ്വര്‍ഗത്തിലും ഭൂമിയിലും നിറഞ്ഞുനില്‍ക്കുന്ന ദൈവസാന്നിധ്യ സ്മരണയില്‍ ജീവിക്കാനും സ്വര്‍ഗീയ ജീവിതത്തെ സ്വപ്നം കാണാനുംപ്രേരിപ്പിക്കുന്നതാണ് സങ്കീര്‍ത്തനം 23ലെ അവസാന വരി. ആദ്യം അവിടത്തെ രാജ്യവും നീതിയും അന്വേഷിക്കുക, അതോടൊപ്പംമറ്റുള്ളവയെല്ലാം നിങ്ങള്‍ക്ക് നല്‍കപ്പെടും എന്ന് ക്രിസ്തുമൊഴിയുടെ നിഴല്‍ വീണ വരികയാണത്. ഈ ഭൂമിയില്‍ ജീവിക്കുമ്പോഴും എത്തിച്ചേരേണ്ട സ്വര്‍ഗീയ ഭവനത്തില്‍ ദൃഷ്ടി ഉറപ്പിച്ചു സഞ്ചരിക്കണമെന്നും പ്രാര്‍ഥിക്കുമ്പോള്‍ പ്രാര്‍ഥനാ ആവശ്യങ്ങളേക്കാള്‍ ആരോടാണോ പ്രാര്‍ഥിക്കുന്നത് അയാളെ കുറിച്ചുള്ള വിചാരങ്ങള്‍ ബോധമണ്ഡലത്തില്‍ തെളിയണമെന്നുമൊക്കെ ആ തിരുവരിയെ വ്യാഖ്യാനിക്കാവുന്നതാണ്. അത്തരമൊരു ജീവിതം സാധ്യമാകുമ്പോള്‍ ദൈവത്തിന്റെ ആലയത്തിനകത്ത് ആയിരിക്കുന്ന അനുഭൂതിയും അനന്തതയോളം ആ മഹാചൈതന്യത്തോടൊപ്പം ചെലവഴിക്കാനുള്ള അവകാശവും നമുക്ക് സ്വന്തമാകും.
''ഈ ലോകത്തോടുള്ള എന്റെ താത്പര്യങ്ങളൊക്കെ ക്ഷയിച്ചു. എന്നെ വിഷാദം പിടികൂടിയതുകൊണ്ടല്ല, ആകാശത്തിന്റെ മാറിടം ഇപ്പോള്‍ എന്നെ പോറ്റുന്നു'' - റാബിയ.

കൊച്ചിൻ റിഫൈനറിസിൽ ജോലിക്കാരനായ വിജയ് അറിയപ്പെടുന്ന എഴുത്തുകാരൻ കൂടിയാണ്



Comments