നിശ്ശബ്ദതയുടെ ശൂന്യാകാശത്ത് കുടുങ്ങിപ്പോയൊരാളുടെ ഓര്‍മയ്ക്ക് | കവിത |അഭിലാഷ് ഫ്രേസർ | KAIROS MALAYALAM | APRIL 2025


ദൈവവും പ്രതിശ്രുതവധുവും മിണ്ടാതിരിക്കെ,
ആ യഹൂദമണവാളന്‍ കുടുങ്ങിപ്പോയത്
സന്ദേഹങ്ങളുടെ മഹാനിശ്ശബ്ദമായ ശൂന്യാകാശത്ത്.
ഇന്ദ്രിയങ്ങളുടെ ശ്വാസം നിലച്ച ഇരുണ്ട നാളുകളില്‍
അയാള്‍ ബഹിരാകാശ സഞ്ചാരിയെ പോലെ ജീവന്‍ നിലനിറുത്തിയത്
വിശ്വാസം മാത്രം ശ്വസിച്ച്.
ലോകവും മനുഷ്യസമൂഹവും പ്രകാശവര്‍ഷങ്ങള്‍ അകലെ...
ഉദയാസ്തമയങ്ങള്‍ വേര്‍തിരിക്കാനാവാത്ത
സന്ദേഹങ്ങളുടെ ദിനരാത്രങ്ങള്‍.
വചനം കന്യാഗര്‍ഭത്തിന്റെ തടവറയില്‍ പെട്ടുപോയ നാളുകളില്‍
മഹാമൗനത്തിന്റെ സംഗീതം മാത്രമാണയാള്‍ കാതോര്‍ത്തത് -
പ്രപഞ്ചത്തിന്റെ ആദിമ നിശ്ശബ്ദത.
ഒരു നാള്‍ സ്വപ്നത്തിന്റെ പേടകത്തിലൂടെ
അയാളുടെ മോചനവാക്ക് ഇറങ്ങി വരികയാണ്.
സന്ദേഹങ്ങളുടെ പേടകത്തില്‍ നിന്നിറങ്ങി അയാള്‍ ഊഴിയെ തൊട്ടു,
ആത്മാവുകൊണ്ട് കന്യകയെ തൊട്ടു,
അയാളുടെ മൗനം വാക്കിനെ തൊട്ടു.
അയാളുടെ വാചാലമൗനം ചരിത്രത്തില്‍ സംഗീതമായി.
അയാള്‍ വാക്കിന്റെ കാവലാളായി.
ജോസഫ് എന്ന് അയാളുടെ പേര്.

അമേരിക്ക ആസ്ഥാനമായുള്ള യുഎസ് സി എം എ ബുക്ക് അവാർഡ് ലഭിച്ചിട്ടുള്ള എഴുത്തുകാരനും കവിയുമാണ് അഭിലാഷ് ഫ്രേസർ. മനോരമ ഇന്റർനാഷണൽ ലിറ്ററേച്ചർ അവാർഡ് ജേതാവ് കൂടിയാണ് അദ്ദേഹം



Comments