top of page

നിന്നോടെൻ ദൈവമേ... I പാഥേയം I ജെ ക്രൈസ്റ്റ് വോണ്‍ I KAIROS MALAYALAM I SEPTEMBER 2026

smithajose4
Sep 1
2 min read

ഹെയര്‍പ്പിന്‍ വളവുകളില്‍ മീന്‍കണ്ണ് കണക്കെയുള്ള കണ്ണാടികള്‍ കണ്ടിട്ടില്ലേ? അപ്പുറത്തെന്ത് എന്നതിനൊരു അകലെക്കാഴ്ച നല്‍കുന്നതിനാണത്. പക്ഷേ ജീവിതം മനുഷ്യന് ഇങ്ങനൊരു സൗഭാഗ്യം വച്ചുനീട്ടുന്നില്ല



'കാറ്റാറ്റുംബോ ലൈറ്റിനിംഗ്' (Catatumbo Lightning) എന്നൊരു പ്രതിഭാസം നിങ്ങള്‍ കേട്ടിട്ടുണ്ടോ? വെനസ്വലയിലെ രാത്രികാലങ്ങളില്‍ ആവര്‍ത്തിക്കുന്ന മിന്നല്‍ മേഘങ്ങളാണവ. എല്ലാ ദിവസവും സന്ധ്യയോടുകൂടെ ഒരേ മിന്നല്‍ കഥകള്‍ ആവര്‍ത്തിക്കുകയാണ്. ഇത്തിരി ഭയപ്പെടുത്തുന്നുവെങ്കിലും മിന്നല്‍ വെളിച്ചങ്ങളില്‍ തെളിഞ്ഞും കുതിര്‍ന്നും രാത്രികള്‍ 'അപ്രതീക്ഷിതമായതിനെ പ്രതീക്ഷിക്കൂ' എന്ന് മന്ത്രിക്കുന്നുണ്ട്. എല്ലാദിവസവും ഒരുപോലെ ആവര്‍ത്തിക്കുവാന്‍ ജീവിതം ഇതുപോലൊരു പ്രതിഭാസമല്ലല്ലോ!

ഒരുപക്ഷേ ജീവിതത്തിന്റെ ചാരുത ഒളിഞ്ഞിരിക്കുന്നത് അതിന്റെ നിഗൂഢതയില്‍ തന്നെ ആയിരിക്കണം. അടുത്ത മൂന്ന് മിനിറ്റില്‍ കളി തീരും എന്നറിയുന്ന ഒരു ചെസ്സ് കളിക്കാരന് തന്റെ എങ്ങുമെത്താത്ത കരുക്കളോട് നിര്‍വികാരത തോന്നിയേക്കാം. നാളെയെന്തെന്ന് കൃത്യമായറിയാവുന്ന ഒരാളുടെ ശൂന്യതയും അത്ര തന്നെ വലുതാവും.

മുംബൈയിലെ 'മറാത്താ മന്ദിര്‍' എന്ന സിനിമാ കോട്ടയില്‍ കഴിഞ്ഞ മുപ്പത് വര്‍ഷമായി രാവിലെ പത്തുമണിക്ക് ഒരേ സിനിമയാണ് പ്രദര്‍ശിപ്പിക്കുന്നത്, 'ദില്‍വാലേ ദുല്‍ഹനിയ ലേജായേംഗേ'. ആ മെഷീന്‍ ഓപ്പറേറ്ററുടെ ശൂന്യത ഒന്നു ചിന്തിച്ചു നോക്കൂ, പക്ഷേ വ്യതിരക്തവും അപ്രതീക്ഷിതവുമായ സഞ്ചാരികളാല്‍ നിറഞ്ഞ ആ ഇടം ടിക്കറ്റ് കൗണ്ടറില്‍ ഇരിക്കുന്ന ആള്‍ക്ക് വ്യത്യസ്ത അനുഭവങ്ങള്‍ എന്നും വിളമ്പുന്നുണ്ട്.

വിയര്‍പ്പിന്‍ വളവുകളിലെ മീന്‍കണ്ണ് കണക്കെയുള്ള കണ്ണാടികള്‍ കണ്ടിട്ടില്ലെ? അപ്പുറത്തെന്ത് എന്നതിനൊരു അകലെക്കാഴ്ച നല്‍കുന്നതിനാണത്. പക്ഷേ ജീവിതം മനുഷ്യന് ഇങ്ങനൊരു സൗഭാഗ്യം വച്ചുനീട്ടുന്നില്ല. സഡന്‍ ബ്രേക്കുകളെയും സുദീര്‍ഘ ഹോണടികളെയും പിന്തുടര്‍ന്ന് ചിലപ്പോളെങ്കിലും അത് നിയന്ത്രണം വിട്ടുപോകുന്നു.

മൂന്നാം ക്ലാസ്സില്‍ പഠിക്കുന്ന കാലത്ത് ഒരു മൂന്നുമണി നേരത്താണ് വീട്ടില്‍ ഇടിവെട്ടിയത്. മെയിന്‍സ്വിച്ചിന്റെ താഴെ കളിച്ചിരുന്ന ആ കുഞ്ഞു ബാല്യം ഇപ്പോഴും കണ്‍മുമ്പിലുണ്ട്. ഒരു ഞൊടിയിടയില്‍ വിരുന്നുവന്ന ഇരുട്ടും ഒപ്പം മെയിന്‍ സ്വിച്ചില്‍ നിന്നും തെറിച്ചുവന്ന ഒരു ചുമന്ന തീഗോളവുമാണ് ഓര്‍മ. തല പുറകിലാണടിച്ചത് ! അയല്‍വാസിയായ ചേടത്തി പതിനഞ്ച് ദിവസമാണ് ഐസിയുവില്‍ കിടന്നത്. അവരുടെ ഭീകരാവസ്ഥയുടെ മുമ്പില്‍ നമ്മുടെ തലയിലെ മുഴ ചെറുതാണെങ്കിലും അത് അന്തരാത്മാവിലും മനസ്സിലുമേല്‍പിച്ച ഭയഭാരം അതി കഠിനമായിരുന്നു. ചേടത്തിയെയുംകൊണ്ട് അപ്പന്‍ ഹോസ്പിറ്റലില്‍ പോയപ്പോള്‍ ആ പേടിച്ചരണ്ട അമ്മയ്ക്കും കുഞ്ഞിനും നിത്യസഹായ മാതാവിന്റെ നൊവേന മാത്രമായിരുന്നു ആശ്രയം.

ഭയത്തിന്റെ മൂര്‍ദ്ധാവില്‍ ആശ്രയബോധം തെളിഞ്ഞു നോവേന വായിക്കുമ്പോള്‍ പുസ്തകത്താളിനിടയില്‍ കണ്ട ഒരുവരി കൈയില്‍ തടഞ്ഞിരുന്നു. ''താന്‍ സ്‌നേഹിക്കുന്നവന് അവിടന്ന് സ്‌നേഹപാഠങ്ങള്‍ നല്‍കുന്നു; മക്കളായി സ്വീകരിക്കുന്നവരെ പ്രഹരിക്കുകയും ചെയ്യുന്നു'' (ഹെബ്രായര്‍ 12, 6). തൊട്ടുമുമ്പിലത്തെ വചനം കാണാതെ പോകരുത്. ''നിങ്ങളെ പുത്രന്‍മാരെന്ന് അഭിസംബോധന ചെയ്തുകൊണ്ടുള്ള ആ ഉപദേശം
നിങ്ങള്‍ മറന്നുപോയോ?''

ഇഗ്‌നേഷ്യസ് ലൊയോളയുടെ കഥ ഓര്‍മയില്ലേ? യുദ്ധത്തിലായിരുന്നപ്പോള്‍ ഒരു പീരങ്കിയുണ്ട കാല്‍പാദം ചിതറിച്ചു കളഞ്ഞതാണ് തുടക്കം. സ്വസങ്കല്‍പത്തിന്റെ ചില്ലു കൂടാരങ്ങള്‍ ചിതറിപ്പോയി. ജീവിതവ്യര്‍ഥതയുടെ ചിന്തകള്‍ ഉള്ളില്‍ വേരാഴ്ത്തുകയും മെല്ലെ മെല്ലെ വിശുദ്ധന്‍ ആത്മമഴയില്‍ നനഞ്ഞു പോകുകയും ചെയ്തു. ഒരുപക്ഷേ അയാള്‍ എറ്റവും അധികം പഠിപ്പിച്ചിരുന്ന കാര്യങ്ങളില്‍ മുന്‍പന്തിയില്‍ ഉണ്ടായത് 'ദൈവികപദ്ധതി' യുടെ വീണ്ടുവിചാരങ്ങളാണ്.

'വിളമ്പിയത് ഭക്ഷിക്കുക' എന്ന സുവിശേഷക്കറി ചേര്‍ത്ത് മനുഷ്യര്‍ക്ക് എല്ലാ ദുരന്ത കാണ്ഡങ്ങളെയും ഭക്ഷിക്കാന്‍ സാധിക്കാറുണ്ടോ? ഇനി ഭക്ഷിച്ചെങ്കില്‍ത്തന്നെ ദഹിക്കാറുണ്ടോ? ഭൂമിയില്‍ നിന്നല്ലാത്ത ഒരു എലമെന്റിന്റെ സാന്നിധ്യം പിടികിട്ടുന്നവര്‍ മാത്രമാണ് ''നിന്റെ
കരങ്ങളില്‍ എന്റെ ആത്മാവിനെ സമര്‍പ്പിക്കുന്നു'' എന്ന സമ്പൂര്‍ണ സമര്‍പ്പണത്തിന് സ്വയം വിട്ടു നല്‍കുന്നത്. അവരൊക്കെയും ഉയിര്‍ക്കുന്നുമുണ്ട്.

ഒരേ കളിമണ്ണിന്റെ മൂന്നുതരം സഹനങ്ങളാണ് ഒരു കുടത്തെ പരുവപ്പെടുത്തുന്നത് എന്നതൊരു ആത്മപാഠമാണ്. ആദ്യം നനഞ്ഞു
കുതിരണം, ശേഷം അമിത സമ്മര്‍ദത്തില്‍ വളയണം, ഒടുക്കം കൊടുംചൂടില്‍ പാകപ്പെടണം. അല്ലെങ്കില്‍തന്നെ ഏതു പാലാഴി കടഞ്ഞ കഥയിലാണ് ആദ്യം തന്നെ അമൃത് കിട്ടിയിട്ടുള്ളത്? ആദ്യം കാളകൂടം തന്നെ
യാണ് ഉയര്‍ന്നുവരുന്നത് പിന്നെയാണമൃത്. ജോണ്‍ ഓഫ് ദി ക്രോസിന്റെ ജയില്‍ വാസത്തിനും സഹനകാലത്തിനും ശേഷമാണ് 'ദി ഡാര്‍ക്ക് നൈറ്റ് ഓഫ് ദി സോള്‍' എഴുതപ്പെട്ടത് എന്ന് ഓര്‍മിക്കുന്നു.

ടൈറ്റാനിക്കിലെ ആ എട്ട് സംഗീതജ്ഞരെ കണ്ടതല്ലേ നമ്മള്‍? ഈ പാട്ടു കഴിഞ്ഞു നിങ്ങള്‍ ബോട്ടില്‍ കയറി രക്ഷപെടണം എന്ന നിര്‍ദേശത്തിന് ശേഷം ബൈ പറഞ്ഞു പിരിഞ്ഞിട്ടും ഒരാള്‍തന്നെ നിന്നു വയലിന്‍ വായിക്കുകയാണ് 'Nearer the GOD to thee.' ആ ഒരാളെ തനിച്ചു വിടാതെ പിരിഞ്ഞു പോയ ഓരോരുത്തരായി തിരികെ വന്നു വിലാപഗീതം പാടുകയാണ്. ജീവിതത്തിലെ അപ്രതീക്ഷിത കപ്പല്‍ ചേതങ്ങളില്‍ 'നിന്നോടെന്‍ ദൈവമെ ഞാന്‍ ചേരട്ടെ' എന്ന് പാടാന്‍ മാത്രം തെളിമയാണ് നമ്മളും ആഗ്രഹിക്കുന്നത്. അതുതന്നെയാണ് പാട്ടുകളും പ്രാര്‍ഥനകളും.


ജെ.ക്രൈസ്റ്റ് വോണ്‍ എന്നത് തൂലികാനാമം. ജിത്തൂ ജോര്‍ജ് എന്നതാണ് ശരിയായ പേര്. ഓസ്‌ട്രേലിയയിലെ പെര്‍ത്തില്‍ കുടുംബമായി താമസിക്കുന്നു. ഓസ്‌ട്രേലിയന്‍ ഗവണ്‍മെന്റ് ഓര്‍ഗനൈസേഷനായ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് കമ്യൂണിറ്റിയില്‍ ഡാറ്റ എഞ്ചിനീയറായി പ്രവര്‍ത്തിക്കുന്നു.



 
 
 

Comments


Kairos USA

Kairos INDIA

Kairos UK

     Kairos International Inc. 700 Louisiana St, Houston, TX. USA 77002

     Kairos Media, No 8/174, Navodaya Studio Complex, Thengod P.O, Cochin, Kerala, India. Pin: 682030

     Kairos Media, St Charles Street, Sheffield S9 3WU, United Kingdom

COPYRIGHT © 2021 KAIROS MEDIA, JESUS YOUTH

bottom of page