top of page

നന്ദി എന്നും എപ്പോഴും | കവര്‍‌സ്റ്റോറി | സിജോ പൈനാടത്ത് | KAIROS MALAYALAM | MAY 2025

Writer: സിജോ പൈനാടത്ത്
സിജോ പൈനാടത്ത്
6 days ago
2 min read

'

എന്റെ വഴിയിലെ വെയിലിനും നന്ദി,

എന്റെ ചുമലിലെ ചുമടിനും നന്ദി.

എന്റെ വഴിയിലെ തണലിനും, മര-

ക്കൊമ്പിലെ കൊച്ചുകുയിലിനും നന്ദി.

വഴിയിലെ കൂര്‍ത്ത നോവിനും നന്ദി...'

(സുഗതകുമാരി)


നന്ദിയുടെ തീക്ഷ്ണസൗന്ദര്യം അടയാളപ്പെടുത്തുന്ന വരികള്‍. നാം നടന്ന വഴികളിലെ സകലതും നമ്മുടെ സ്വത്വം ക്രമപ്പെടുത്തുന്നതില്‍ ചെറുതോ വലുതോ ആയ പങ്കുവഹിക്കുന്നുണ്ട്. ഇന്നോളം നാം നടന്നുതീര്‍ത്ത വഴികളാണ് ഇന്നത്തെ നമ്മെ രൂപപ്പെടുത്തിയത്. അവയോടുള്ള കടപ്പാടും കടമയും മറന്നു നാളേയിലേക്കു നടക്കുക മാനുഷികനീതിയുടെ നിരാസമാണ്.


അഹംഭാവത്തില്‍നിന്ന് ആത്മബോധത്തിലേക്ക്


ഞാന്‍, എനിക്ക്, എന്റെ... ഇത്യാദി വാക്കുകള്‍ ഒരു ദിവസം നാം എത്രവട്ടം ഉപയോഗിക്കുന്നുണ്ടാകും? വെറുതെ ഒരു ദിവസം ഇത്തരമൊരു കണക്കെടുപ്പ് ഉചിതവും രസകരവുമാകും.


സ്ഥാനത്തും അസ്ഥാനത്തും സ്വന്തം മഹിമയും മഹത്വവും നേട്ടങ്ങളും അടയാളപ്പെടുത്താന്‍ വെമ്പല്‍ കൊള്ളുന്ന പ്രവണത നമ്മുടെ ശീലങ്ങളിലുണ്ടോ? ആത്മബോധം നമ്മെ നന്മയുള്ളവരാക്കും; എന്നാല്‍ അഹംഭാവവും അഹങ്കാരവും ക്രിയാത്മക വ്യക്തിത്വത്തിന്റെ അടയാളമല്ല.


എന്റേതെന്നു ഞാന്‍ ഉറക്കെ വിളിച്ചുപറയുന്നവയില്‍ പലതും എനിക്ക് ആര്‍ജിക്കാനായത് മറ്റുള്ളവരുടെ സ്‌നേഹത്തിലും സഹായത്തിലും കൂടിയാണെന്നു തിരിച്ചറിയുമ്പോള്‍ എങ്ങനെയാണു നമുക്ക് അഹങ്കാരവും അഹംഭാവവും ഉള്ളവരാവാന്‍ സാധിക്കുക? എന്നിലെ അഹംഭാവങ്ങളെ തിരുത്തി ആ സ്ഥാനത്തു മറ്റുള്ളവരോടു കൃതജ്ഞത പ്രകടിപ്പിക്കുന്നതിലേക്കു വഴിതിരിച്ചുവിടാന്‍ ബോധപൂര്‍വം

ഒന്നു ശ്രമിച്ചാലോ? അത്തരമൊരു ആത്മബോധത്തിലേക്കുണരാം.


നന്ദിയുടെ ഗൃഹപാഠം


ആരോടെല്ലാമാണ് നാം നന്ദി പറയേണ്ടത്? നമ്മുടെ നന്ദി ആരെല്ലമാണ് അര്‍ഹിക്കുന്നത്? നാം നന്ദി പറയാതെ അവഗണിച്ചവര്‍ എത്ര പേര്‍....!? ആത്മവിചാരങ്ങളുടെ നിശ്ശബ്ദനേരങ്ങളില്‍ നമ്മെ അസ്വസ്ഥമാക്കേണ്ട ചോദ്യങ്ങളാണിത്...! മാതാപിതാക്കളോട് ആത്മാര്‍ഥമായി നാം നന്ദി പറഞ്ഞ നിമിഷങ്ങള്‍ വെറുതെ ഒന്നോര്‍ത്തെടുക്കൂ. നമ്മെ നാമാക്കുന്നതില്‍ നമ്മെപ്പോലെയോ ഒരുപക്ഷേ നമ്മേക്കാളധികമോ ആത്മാര്‍ഥത പുലര്‍ത്തിയ ജീവിതങ്ങളാണ് നമ്മുടെ മാതാപിതാക്കളുടേതെന്ന് നാം എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? ഇന്നു വേഗത്തില്‍ നടക്കുന്ന നമുക്കുവേണ്ടി അവര്‍ എത്ര ദൂരം നടന്നുകാണും? ഇന്ന് ഈണത്തില്‍ പാടുന്ന നമ്മുടെ കാതില്‍ എത്രയോ തവണ അവര്‍ താരാട്ടീണം മൂളിക്കാണും? ഇന്നു സ്വസ്ഥമായി ഉറങ്ങുന്ന നമുക്കായി അവര്‍ എത്രയോ രാത്രികളില്‍ ഉറക്കമൊഴിച്ചു കൂടെയിരുന്നുകാണും? അവരുടെ സമര്‍പ്പണം, അവരേറ്റെടുത്ത നഷ്ടങ്ങള്‍, അവര്‍ വേണ്ടെന്നുവച്ച സന്തോഷങ്ങള്‍... അവയിലെല്ലാം അവര്‍ സ്വപ്നംകണ്ടത് നമ്മുടെ നിറചിരികളായിരുന്നു, സന്തോഷമായിരുന്നു. അതിനെല്ലാം അവരോടു നന്ദി പറയാന്‍ എത്ര സമയം ചെലവഴിച്ചുകാണും.നന്ദിയങ്ങനെ പറഞ്ഞവസാനിപ്പിക്കാനുള്ളതാണോ, അതെന്നുമുണ്ടല്ലോ... എന്നെല്ലാമുള്ള ലോജിക്കല്‍ മറുപടികളുണ്ടാകും നമുക്ക്. എങ്കിലും, മക്കളുടെ നന്ദിയും സ്‌നേഹവും വാക്കുകളിലൂടെ, നിറചിരികളിലൂടെ, വികാരാര്‍ദ്രമായി ഏറ്റുവാങ്ങാന്‍ കൊതിക്കുന്ന മാതാപിതാക്കളെ നിരാശരാക്കേണ്ടതില്ലല്ലോ. നന്ദി ജീവിതത്തിന്റെ ശീലമാക്കാന്‍ ആദ്യം നാം ചെയ്യേണ്ട ഗൃഹപാഠം വീട്ടകത്തു തന്നെയാണ്. മാതാപിതാക്കളുടെ കേവല സാമീപ്യത്തില്‍ പോലും കൃതജ്ഞതയുടെ ഊഷ്മളത ആര്‍ദ്രമായി വിനിമയം ചെയ്യപ്പെടും. നമ്മെ നെഞ്ചോടു ചേര്‍ത്തു നിറുത്തിയ മാതാപിതാക്കളോടും നമുക്കു തണലൊരുക്കിയ സഹോദരങ്ങളോടും നിരന്തരം നന്ദി പ്രകടിപ്പിക്കാന്‍ കുടുംബം നല്ല വേദിയാകട്ടെ.


ഹൃദയം തുറക്കാം


വഴിയില്‍ തണലേകിയവര്‍ക്കു നന്ദിപറയുന്ന കവിതാ വരികള്‍ മുകളില്‍ സൂചിപ്പിച്ചല്ലോ. നമ്മുടെ അധ്യാപകരും നല്ല കൂട്ടുകാരും സാമൂഹ്യ സാഹചര്യങ്ങളുമെല്ലാം നമ്മുടെ വഴികളിലെ തണലുകളായിരുന്നു. ജീവിതത്തിന്റെ ചൂടേറ്റു തളര്‍ന്ന നേരങ്ങളില്‍ അവര്‍ പകര്‍ന്ന തണലേറ്റിട്ടുണ്ടു നാം. അതില്‍ ആശ്വാസമറിഞ്ഞിട്ടുമുണ്ട്. അവരോടു ഹൃദയം തുറന്നു പറയണം- നന്ദി. അവരിലാരെങ്കിലും വേദനിപ്പിക്കുന്ന ഓര്‍മകള്‍ സമ്മാനിച്ചതാണു മനസ്സില്‍ മായാതെ നില്‍ക്കുന്നതെങ്കില്‍, ആ സങ്കടസ്മൃതിയും നമ്മെ ബലപ്പെടുത്തിയ കാര്യങ്ങളിലുണ്ട്. അവരോടും പറയാം- നന്ദി.


വേണ്ട; റെഡിമെയ്ഡ് നന്ദി!


നേടാനുള്ള നെട്ടോട്ടങ്ങളില്‍ നന്ദി പറയാന്‍ മറന്നുപോകുന്ന ശീലത്തെ തിരുത്തിയെഴുതാം. ഔപചാരികമായ നന്ദിപ്രകടനങ്ങള്‍ പലപ്പോഴും യാന്ത്രിക സ്വഭാവമുള്ളതാകുന്നത് നാം കാണാറുണ്ട്. പുഞ്ചിരിയുടെ ഊഷ്മളത തെല്ലുമില്ലാത്ത മുഖഭാവത്തോടെ, 'ഹൃദയത്തിന്റെ ഭാഷയില്‍ നന്ദി അര്‍പ്പിക്കുന്നു...' എന്നു പറയുന്ന കൃതജ്ഞതാ പ്രസംഗകരെ കാണാറില്ലേ. നമ്മുടെ കൃതജ്ഞതകള്‍ ആത്മാര്‍ഥമാകട്ടെ. പ്രസിദ്ധമായ ഭക്തിഗാനത്തിലെ ആ വരികള്‍ നാവിന്‍തുമ്പില്‍ ശബ്ദമാകുന്നതിനപ്പുറം ആഴത്തിലുള്ള ബോധ്യം കൂടിയാകട്ടെ:


നന്ദി ചൊല്ലി തീര്‍ക്കുവാനീ ജീവിതം പോരാ...




ദീപിക പത്രത്തിന്റെ കൊച്ചി ബ്യൂറോ ചീഫ് ആണ് ലേഖകൻ.

 
 
 

Comments


Kairos USA

Kairos INDIA

Kairos UK

     Kairos International Inc. 700 Louisiana St, Houston, TX. USA 77002

     Kairos Media, No 8/174, Navodaya Studio Complex, Thengod P.O, Cochin, Kerala, India. Pin: 682030

     Kairos Media, St Charles Street, Sheffield S9 3WU, United Kingdom

COPYRIGHT © 2021 KAIROS MEDIA, JESUS YOUTH

bottom of page