നമുക്കൊരു ചായ കുടിച്ചാലോ | യുവ /മൈസ്റ്റോറി | സാജന്‍ സി എ | KAIROS MALAYALAM | MARCH 2025

ഞങ്ങള്‍ കൂട്ടുകാര്‍ വെറുതെ ഒരു വൈകുന്നേരം ഒത്തു കൂടിയതാണ്, മറൈന്‍ ഡ്രൈവില്‍. പിരിയുംനേരം, ഞങ്ങള്‍ക്കിടയിലെ ആ വര്‍ത്തമാനങ്ങള്‍ ഒന്നെഴുതണമെന്നു തോന്നി. എല്ലാമെ ഴുതിയിട്ടില്ല, ഓര്‍ത്തെടുത്ത ചിലതുമാത്രം.

മാത്തച്ചന്‍ : ''ക്രിസ്തു പറഞ്ഞതുപോലെ ജീവിക്കാന്‍ വലിയ പാടല്ലേ, ലോകത്തിന്റേതായ വഴിയില്‍ ജീവിക്കാനല്ലേ ശരിക്കും എളുപ്പം?'' ഇങ്ങനെയൊക്കെയാണ് പൊതുവേ, ആളുകള്‍ പറയുന്നത്. ശരിക്കും തിരിച്ചല്ലേ എളുപ്പം. സുവിശേഷം പറയുന്നതുപോലെ ജീവിക്കുന്നതല്ലേ കുറേക്കൂടെ ഈസി. ഉദാഹരണത്തിന് സത്യം പറയുക എന്നത് എന്തെളുപ്പമാണ്. അല്ലായെങ്കില്‍ ഒരു നുണപറഞ്ഞാല്‍ അത് മറ്റൊരാളോട് പറയുമ്പോള്‍ അതേപോലെ തന്നെ ശ്രദ്ധയോടെ പറയണ്ടേ! കൂടുതല്‍ പേരോട് പറയുമ്പോള്‍ തെറ്റിപ്പോകാതെ ആ നുണ പറയേണ്ടിവരും, എന്തുമാത്രം പൊല്ലാപ്പാണ്. ആളുകള്‍ എന്താണ് അങ്ങനെ ചിന്തിക്കുന്നതെന്ന് എനിക്ക് മനസ്സിലാവുന്നില്ല.
മനോജ് : ശരിക്കു പറഞ്ഞാല്‍ അങ്ങനെ ലോകത്തിന്റെ വഴിയേ ജീവിക്കുന്നവര്‍ക്ക് സൈക്കോളജിക്കലി, സ്പിരിച്വലി, ഫിസിക്കലി ഒക്കെ വലിയ പ്രശ്‌നങ്ങളായിരിക്കും നേരിടേണ്ടിവരിക!
ജീന : ഓ അത് അങ്ങനെ ചെയ്യുന്നവര്‍ക്ക് ചിലപ്പോള്‍ എളുപ്പമായിരിക്കും. കാരണം, നുണ പറയുന്നവര്‍ക്കും അസന്മാര്‍ഗികതയില്‍ ജീവിക്കുന്നവര്‍ക്കുമൊക്കെ അങ്ങനെ ചെയ്യാനും പറയാനുമൊക്കെ നല്ല വശമുണ്ടാവും. അവര്‍ക്ക് അതായിരിക്കും എളുപ്പം എന്നാണ് എനിക്ക് തോന്നുന്നത്. തന്നെയുമല്ല ചെയ്യുന്നത് തെറ്റാണെന്ന് മനസ്സിലായാലല്ലേ ബുദ്ധിമുട്ട് തോന്നുകയുള്ളൂ. മോശപ്പെട്ട എന്ത് ചെയ്താലും അത് ശരിയാണെന്ന് വിചാരിച്ചല്ലേ അവര്‍ അതു ചെയ്യുന്നത്. അവര്‍ക്കത് എങ്ങനെ ബുദ്ധിമുട്ടാവും, അവരുടെ നോട്ടത്തില്‍ അതാണ് ശരി.
മാത്തച്ചന്‍ : അതല്ല, അങ്ങനെ ലോകത്തിന്റെ വഴിയേ പോകുമ്പോള്‍ ഉണ്ടാകുന്ന ബുദ്ധിമുട്ടുകളും അസ്വസ്ഥതകളും കാര്യങ്ങള്‍ നേരേചൊവ്വേ കൊണ്ടുവരാന്‍ വേണ്ടിയിട്ടുള്ള കഷ്ടപ്പാടുകളും ഒക്കെക്കൂടി ജീവിതമാകെ അസ്വസ്ഥമാകും. അപ്പോഴല്ലേ ആളുകള്‍ മദ്യപാനത്തിലേക്കും ലഹരികളിലേക്കും അത്തരത്തിലുള്ള മറ്റു ജീവിതരീതികളിലേക്കുമൊക്കെ പോകുന്നത്. അസ്വസ്ഥതയില്ല, സമാധാനക്കേടില്ല... സുവിശേഷം പറയുന്നതുപോലെ നേരെചൊവ്വേ ജീവിച്ചാല്‍!
ജോജന്‍ : എന്റെ ഒരു സുഹൃത്ത് സര്‍ക്കാര്‍ തലങ്ങളിലുള്ള ഓഫീസുകളില്‍ ജോലി ചെയ്യുമ്പോള്‍ ഉണ്ടാകുന്ന മാനസിക ബുദ്ധിമുട്ടുകളെ കുറിച്ച് പറയുകയുണ്ടായി. മേലധികാരികള്‍ കൈക്കൂലി വാങ്ങിക്കുകയും അത്തരത്തിലുള്ള പ്രവൃത്തികളില്‍ മുഴുകുകയും ചെയ്യുമ്പോള്‍ അതിനോട് സഹകരിച്ച് നില്‍ക്കാനും പേപ്പര്‍വര്‍ക്കുകള്‍ അതനുസരിച്ച് ചെയ്യാനുമൊക്കെ ഞങ്ങള്‍ നിര്‍ബന്ധിതരാകേണ്ടിവരാറുണ്ട്. ഇപ്പറഞ്ഞ സുവിശേഷങ്ങളും മൂല്യങ്ങളുമൊക്കെ അറിയാമെങ്കിലും പലപ്പോഴും ജോലിയുടെയും ഭാവിയുടെയും കാര്യങ്ങള്‍ വരുമ്പോള്‍ അഡ്ജസ്റ്റ്‌മെന്റുകള്‍ക്ക് തയ്യാറാകേണ്ട ഗതികേടാണ്. എന്ത് ചെയ്യും?
സജിമോള്‍ : കഴിഞ്ഞ ആഴ്ചയിലെ ഒരു സംഭവം പറയാം. പ്രാര്‍ഥിക്കുന്ന ഒരു പെണ്‍കുട്ടി, ടീനേജറാണ്. അവളുടെ ഒരു ചേച്ചിയുടെ വീട്ടില്‍ മീറ്റിങ്ങുണ്ട് എന്നുപറഞ്ഞ് വീട്ടില്‍ നിന്നിറങ്ങി. എന്നാല്‍, ആ ചേച്ചിയുടെ വീട്ടിലും അവള്‍ ചെന്നില്ല. ചേച്ചിയോട് പറഞ്ഞത് മറ്റേതോ ഒരു പ്രോഗ്രാമുണ്ട് എന്നാണ്. എന്തായാലും പാതിരാത്രിയില്‍ ബോയ്ഫ്രണ്ടിനൊപ്പം ബൈക്കില്‍ ചുറ്റിക്കറങ്ങുന്നത് ശ്രദ്ധയില്‍പ്പെട്ടു. പിന്നീട് അതിനെക്കുറിച്ച് ചോദിച്ചപ്പോള്‍ പറഞ്ഞത്: ''എനിക്ക് നൈറ്റ് ഡ്രൈവ് ഇഷ്ടമാണ്, ഞാനെന്റെ ഫ്രണ്ടിനോടൊപ്പം അത് ചെയ്യുന്നതില്‍ നിങ്ങള്‍ക്ക് എന്താണ് കുഴപ്പം?'' എന്നാണ്.
ഇതല്ല ഇതിനപ്പുറം ചെയ്താലും, അതായത് ശാരീരിക ബന്ധത്തിലേര്‍പ്പെട്ടാലും അതെന്റെ ഇഷ്ടമാണ്, ചോദിക്കാന്‍ നിങ്ങള്‍ ആരാണെന്നായിരിക്കും മറുചോദ്യം. ഇതെവിടെച്ചെന്ന് അവസാനിക്കും!? എല്ലാ കുട്ടികളും ഇങ്ങനെയാണെന്നല്ല പക്ഷേ, ഇത്തരത്തിലുള്ള ട്രെന്‍ഡുകള്‍ ധാരാളമായി കാണുന്നുണ്ട്. അതൊരു അപകടസൂചനയല്ലേ?
ജോണ്‍ : ഇതെല്ലാം ശരി തന്നെ, അതോടൊപ്പം എനിക്ക് തോന്നുന്ന മറ്റൊരു കാര്യം ഇപ്പോഴത്തെ വളര്‍ന്നുവരുന്ന കുട്ടികള്‍ക്ക് പക്വത പ്രാപിക്കാന്‍തക്ക രീതിയില്‍ എന്തെങ്കിലും നല്‍കാന്‍ ഉത്തരവാദിത്വപ്പെട്ടവര്‍ക്ക് കഴിയുന്നുണ്ടോ എന്നുള്ളതാണ്. രണ്ടുപേരോട് നേരെചൊവ്വേ വൃത്തിയായി സംസാരിക്കാന്‍ പലപ്പോഴും പല കുട്ടികള്‍ക്കും കഴിയാറില്ല. സത്യത്തില്‍ അത് അവരുടെ പ്രശ്‌നമല്ലായിരിക്കും. സമയനിഷ്ഠയോടെയും ഉത്തരവാദിത്വത്തോടെയും കാര്യങ്ങള്‍ ചെയ്യാനും പല കുട്ടികളും പിന്നിലാണ്. നമ്മള്‍ നോക്കുമ്പോള്‍ ഉഴപ്പന്മാര്‍, അലമ്പന്മാര്‍, പ്രശ്‌നക്കാര്‍... ഈ പറയുന്ന കുട്ടികള്‍ക്കൊക്കെ മുല്യങ്ങളില്‍ ജീവിക്കാന്‍ വേണ്ട പരിശീലനം കൊടുക്കാന്‍ ആരാണ് തയ്യാറായിട്ടുള്ളത്? എന്തുതന്നെ പ്രശ്‌നങ്ങള്‍ പറഞ്ഞു വന്നാലും എനിക്ക് തോന്നുന്നത് എല്ലാം ചെറിയ പ്രായത്തില്‍ തന്നെ തുടങ്ങണം. അതും സ്വന്തം വീട്ടില്‍ നിന്നുതന്നെ തുടങ്ങണം. മാതാപിതാക്കള്‍ക്ക് ഇത്തരം കാര്യങ്ങളില്‍ നിന്ന് ഒഴിഞ്ഞുമാറാന്‍ യാതൊരു ഒഴിവുകഴിവുമില്ല. മാതാപിതാക്കള്‍ മറ്റു പല ബുദ്ധിമുട്ടുകളിലൂടെയും പ്രശ്‌നങ്ങളിലൂടെയും ആയിരിക്കാം കുടുംബം നടത്തിക്കൊണ്ടു പോകുന്നത്. എന്നിരുന്നാലും പാരന്റിങ് എന്ന് പറയുന്ന സംഗതി വേണ്ട രീതിയില്‍ നിര്‍വഹിച്ചില്ലായെങ്കില്‍ പിന്നീട് വര്‍ഷങ്ങള്‍ക്കുശേഷം കതിരില്‍ വളം വച്ചിട്ട് കാര്യമുണ്ടോ? ഇത്തരം കാര്യങ്ങളാണ് എന്റെയുള്ളില്‍ തോന്നുന്നത്.
ജോജന്‍ : ഓക്കേ എല്ലാം കൊള്ളാം, എനിക്ക് ഒരു ചായ കുടിച്ചാല്‍ കൊള്ളാമെന്നുണ്ട്. നമുക്ക് ഒരു ചായക്കടയിലേക്ക് പോയാലോ? ഇവിടെ തൊട്ടടുത്ത് ചൂടുള്ള നല്ലവടയും ചമ്മന്തിയുമുണ്ട്. വരൂ നമുക്ക് അങ്ങോട്ട് പോകാം. ഈ ചെലവ് എന്റെ വക.

ലേഖകൻ കെല്റോസ് മാസികയുടെ എക്സിക്യൂട്ടീവ് എഡിറ്റർ ആണ്. എറണാകുളത്ത് താമസിക്കുന്നു.



Comments