MM09 പോട്ടെ, സാരമില്ല ! | യുവ/ യൂത്ത് ക്ലാസ് | ജിബി ജോര്‍ജ്, ഷാര്‍ജ | KAIROS MALAYALAM | FEBRUARY 2025


ജനുവരി രണ്ടാം തീയതി രാവിലെ വീട്ടില്‍ ഷര്‍ട്ട് ഇസ്തിരിയിട്ടുകൊണ്ടിരിക്കുമ്പോള്‍ കൈ തട്ടി ചായ നിറഞ്ഞ ഗ്ലാസ്സ് മേശവിരി യിലും ഷര്‍ട്ടിലും വീണു. പെട്ടെന്ന് നുരഞ്ഞു പൊന്തിയ ദേഷ്യത്തെ പുഞ്ചിരിയോടെ നിയന്ത്രിച്ചുകൊണ്ട് എന്നെ തിരുത്തി, 'പോട്ടെ, സാരമില്ല.' ഉടനടി സ്വയം മേശവിരി മാറ്റി, തറ വൃത്തിയാക്കിയപ്പോള്‍ സാധാരണ സംഭവിക്കേണ്ടിയിരുന്ന കോപത്തിന് പകരം ഇഷ്ടപ്പെട്ട ഒരു പാട്ട് മൂളികൊണ്ട് അബദ്ധത്തെ ഒരു ഉള്‍ക്കാഴ്ചയാക്കി മാറ്റി. പല കാര്യങ്ങള്‍ ഒരുമിച്ച് ചെയ്യു മ്പോള്‍ നിതാന്ത ജാഗ്രത വിജയത്തിന് അവശ്യഘടകമാണ്. അപ്രതീക്ഷിത മായി സംഭവിക്കുന്ന ചെറിയ കാര്യങ്ങള്‍ വലിയ കാഴ്ചപ്പാടുകള്‍ രൂപീകരി ക്കാന്‍ എന്നെ പഠിപ്പിച്ചു.
2024 ഞൊടിയിടയില്‍ കടന്നുപോയപ്പോള്‍ നഷ്ടങ്ങളുടെ നനവേറിയ ഓര്‍മകള്‍ പങ്കുവയ്ക്കുന്നതിനേക്കാള്‍ നേട്ടങ്ങളുടെ പകിട്ടാര്‍ന്ന ചെറിയ അനുഭവങ്ങള്‍ ഓര്‍ത്തെടുക്കുന്നതാണ് കൂടുതല്‍ അഭികാമ്യം. അമ്മ നിത്യതയിലേക്ക് വിളിക്കപ്പെട്ടപ്പോള്‍, മനസ്സില്‍ ഘനീഭവിച്ച ദുഃഖത്തെ മറക്കുവാനുള്ള ശ്രമം ഏറെക്കുറെ വിജയിച്ചു. പക്ഷേ, അമ്മയുടെ മരണമുണ്ടാക്കിയ മനസ്സിലെ നീറ്റല്‍ നികത്താനാവാത്ത ഒരു ശൂന്യത സൃഷ്ടിച്ചു. എനിക്കിനി തമാശകള്‍ പറയാനും വിശേഷങ്ങള്‍ പങ്കുവയ്ക്കാനും 2025ല്‍ ഞങ്ങളുടെ പ്രിയപ്പെട്ട അമ്മ ഇല്ലല്ലോ എന്ന സത്യം ഏതൊരു വേദനയ്ക്കും മുകളിലാണ്. 'വേര്‍പാടിന്റെ വേദന' എന്ന ക്ലീഷേ പദപ്രയോഗത്തില്‍ ഈ സത്യത്തെ തളയ്ക്കാനാവില്ല. മാതൃ വാത്സല്യവും, കരുതലും സ്‌നേഹത്തില്‍ ചാലിച്ചു നല്‍കുവാന്‍ 2025ല്‍ ആരെങ്കിലുമുണ്ടോ? ഈ യാഥാര്‍ഥ്യത്തെ മനസ്സ് ഉള്‍ക്കൊണ്ട് പറഞ്ഞു, 'സാരമില്ല. ഇതും ഞാന്‍ കടന്നു പോകേണ്ടതായിരുന്നു.' വേദനകളെ മറക്കാനും, നന്മകളെ ആശ്ലേഷിക്കാനും, കുറവുകളെ സ്‌നേഹിക്കാനും നമ്മെ പഠിപ്പിക്കുന്നത് വേദനിപ്പിക്കുന്ന ചില യാഥാര്‍ഥ്യങ്ങളിലൂടെയാണ്.
2024ന്റെ അവസാന ആഴ്ചയില്‍ ഓഫീസില്‍ നടന്ന ഒരു ചെറിയ സംഭവം പങ്കുവയ്ക്കട്ടെ, എന്റെ സഹപ്രവര്‍ത്തകനും സുഹൃത്തുമായ ഒരാള്‍ അതിശക്തമായ ഭാഷയില്‍ ജൂനിയര്‍ സഹപ്രവര്‍ത്തകരെ ശകാരിക്കുന്നു. ഹിന്ദിയിലും ഇംഗ്ലീഷിലുമാണ് ശകാരഭാഷ. ഘനഗംഭീരമാര്‍ന്ന ശബ്ദത്താല്‍ സഹപ്രവര്‍ത്തകരുടെമേല്‍ അദ്ദേഹത്തിന്റെ രോഷം ആഞ്ഞു പതിച്ചപ്പോള്‍ അക്ഷരാര്‍ഥത്തില്‍ ഓഫീസ് നിശ്ചലമായി. പിന്നീട് ശാന്തതയോടെ ഞാന്‍ അദ്ദേഹത്തോട് പറഞ്ഞു: സഹോദരാ ഇന്ന് പോകേണ്ടിയിരുന്ന ഷിപ്പ്‌മെന്റ് ഓര്‍ഗനൈസ് ചെയ്യാന്‍ കഴിയാതിരുന്നത് ഒരു വീഴ്ചയാണ്. പക്ഷേ അതിന് ഇത്രയും കടുത്ത ഭാഷയില്‍ നമ്മുടെ സഹപ്രവര്‍ത്തകരെ ശകാരിക്കണമോ? അവരുടെ ജീവിതാന്തസിനും ഒരു വിലയില്ലേ? ചില വീഴ്ചകള്‍ ഉണ്ടായാല്‍ ഇങ്ങനെ ശകാരിച്ചാല്‍ അതില്‍ എന്തെങ്കിലും നേട്ടങ്ങളുണ്ടാവുമോ? മറ്റുള്ളവരുടെ മുന്‍പില്‍ വച്ച് ഒരാളെ അകാരണമായി അടിച്ചിരുത്തുമ്പോള്‍ അവന്റെ മനസ്സിലുണ്ടാകുന്ന വേദനയുടെ തീവ്രത നമ്മുടെ ചിന്തകള്‍ക്കും അതീതമാണ്. അദ്ദേഹം അല്പസമയം എന്റെ കണ്ണുകളിലേക്ക് നോക്കി. ഒന്നും ഉരിയാടാതെ പോയി. അര്‍ഥഗര്‍ഭമായ മൗനത്തെ എങ്ങനെയും വ്യാഖ്യാനി ക്കാമല്ലോ. എന്നാല്‍ പിന്നീട് അദ്ദേഹമെന്നോട് പറഞ്ഞു: 'സഹോദരാ നീ എന്റെ കണ്ണുകള്‍ തുറന്നു. ഇനി ഞാന്‍ മറ്റുള്ളവരുടെ അധ്വാനത്തെ മാനിക്കാതെ സംസാരിക്കില്ല. പെട്ടെന്നുണ്ടായ കോപം എന്നെ അന്ധനാക്കി. അദ്ദേഹത്തെ അഭിനന്ദിച്ചുകൊണ്ട് ഞാന്‍ പറഞ്ഞു, ഇതാണ് മനോഹരമായ വ്യക്തിത്വം! വിവേകശൂന്യമായ പ്രവൃത്തികള്‍ പലപ്പോഴും വികലമായ കാഴ്ചപ്പാടുകളുടെ ഫലമാണ്. വീഴ്ചകള്‍ സംഭവിച്ചാല്‍ അത് മനസ്സിലാക്കുകയും സ്വയം തിരുത്തുകയും ചെയുമ്പോള്‍ നാം എക്‌സ്ട്രാ ഓര്‍ഡിനറി ആകുന്നു.
അഭിനവ നിരൂപണങ്ങള്‍ വിമര്‍ശന വിധേയമാകേണ്ടതുണ്ടോ? കലാസൃഷ്ടികളെ നിരൂപിക്കുമ്പോള്‍, അതിന്റെ പിന്നിലെ അധ്വാനത്തെ ഇകഴ്ത്തുന്ന ആധുനിക വ്‌ളോഗര്‍മാരുടെ ശൈലി തിരുത്തപ്പെടേണ്ടതാണ്. ഈ അടുത്തകാലത്തിറങ്ങിയ മലയാളം ത്രീഡി സിനിമ കുടുംബസമേതം കണ്ടു. മനോഹരമായ ഒരു ചലച്ചിത്രത്തിന്റെ പിന്നാമ്പുറങ്ങളിലെ കഠിനാധ്വാനം കാണാതെ അഭിനവ നിരൂപകന്മാര്‍ വിലകുറഞ്ഞ വാക്കുകളിലൂടെ പരിഹാസരൂപേണ വിമര്‍ശിക്കുന്നത് കണ്ടപ്പോള്‍, ഇത്തരം തരംതാണ വിമര്‍ശനങ്ങള്‍ക്കെതിരെ മാന്യമായി പ്രതികരിക്കണമെന്ന് തോന്നി. കലയോടുള്ള അഭിനിവേശമല്ലേ ഒരു കലാസൃഷ്ടിയെ വ്യത്യസ്തമായി അവതരിപ്പിക്കാനുള്ള പ്രചോദനം? കലയെ സ്‌നേഹിക്കുന്നവര്‍ വിമര്‍ശിക്കുമ്പോള്‍ കുറവുകള്‍ ചൂണ്ടിക്കാണിക്കാനുള്ള ആഗ്രഹത്തില്‍ വിനയത്തിന്റെ ശൈലി പുലര്‍ത്തും. എല്ലാവര്‍ക്കും അഭിപ്രായ സ്വാതന്ത്ര്യമുണ്ട്. അഭിപ്രായപ്രകടനങ്ങള്‍ക്ക് മൂക്കുകയര്‍ ഇടാനല്ല എന്റെ ആഗ്രഹം, മറിച്ച് മാന്യതയും, മര്യാദയും, അപരന്റെ അധ്വാനത്തെ മാനിക്കുന്നതുമാകട്ടെ 2025ലെ നിരൂപണങ്ങളുടെ ആത്മധാര. കഴിഞ്ഞവര്‍ഷം പരാജയങ്ങള്‍ സംഭവിച്ചല്ലോ എന്ന് ചിന്തിക്കുന്നതിനു പകരം വിജയത്തിലേക്കുള്ള പല വഴികളും മനസ്സിലാക്കുവാന്‍ സര്‍വശക്തന്‍ എന്നെ പഠിപ്പിച്ചല്ലോ എന്ന് ചിന്തിക്കുമ്പോള്‍ മനസ്സില്‍ പറയാം സാരമില്ല, ഇതും കടന്നുപോകും.
മുക്കുവരെ ശിഷ്യരായി വിളിച്ച്, ആഴങ്ങളിലേക്ക് വല വീശുവാന്‍ ആഹ്വാനം ചെയ്തവന്‍, അധ്വാനത്തിന്റെയും, നന്മയുടെയും, പരസ്പര ബഹുമാന ത്തിന്റെയും സന്ദേശമാണ് നമുക്ക് നല്‍കുന്നത്. മാനുഷിക ബന്ധങ്ങളിലെ നിസ്വാര്‍ഥ സ്‌നേഹം സഹിഷ്ണുതയില്‍ അലിഞ്ഞുചേരുമ്പോഴാണ്, ക്രിസ്തുവിന്റെ ജീവിതശൈലിക്ക്, നമ്മുടെ ബന്ധങ്ങളിലും ആശയങ്ങളിലും ഊടും പാവുമേകുന്നത്. അപരന്റെ അധ്വാനത്തിന് വില നല്‍കുകയും, പരസ്പരം മനസ്സിലാക്കുന്ന ആത്മാര്‍ഥതയുള്ള ബന്ധങ്ങളും, നിലപാടുകളിലെ സംശുദ്ധതയും, അന്തസ്സുള്ള അഭിപ്രായങ്ങളും ശുദ്ധ എഴുത്തുകളും നിറഞ്ഞ ജീവിതം സ്‌നേഹനിര്‍ഭരമായ കൂട്ടായ്മകളില്‍ മനോഹരമാകട്ടെ.

ജോര്‍ജ് കുടുംബത്തോടൊപ്പം ഷാര്‍ജയില്‍ താമസി ക്കുന്നു. ഷാര്‍ജ സെന്റ് മൈക്കിള്‍സ് ദേവാലയ ത്തിലെ മലയാളം കമ്മ്യൂണിറ്റി സെക്രട്ടറിയും സീറോ മലബാര്‍ വിശ്വാസ പരിശീലകനുമാണ്. ജീസസ് യൂത്തിന്റെ സജീവ പ്രവര്‍ത്തകനാ യിരുന്നു. ഓഡിയോ വിഷ്വല്‍ മീഡിയ മേഖലകളില്‍ കൂടുതലായി പ്രവര്‍ത്തിച്ചു വരുന്നു. ഭാര്യ ലിനി, മക്കള്‍ കൃപ, ഗ്രീഷ്മ, ക്രിസ്റ്റഫര്‍.



Comments