മറിയം തെളിക്കുന്ന വിളക്കുകൾ I കവര്‍സ്റ്റോറി I സജീവ് പാറേക്കാട്ടില്‍ I KAIROS MALAYALAM I SEPTEMBER 2026

അത്തള പിത്തള തവളാച്ചി
ചുക്കുമേലിരിക്കണ ചൂളാപ്പ
മറിയം വന്നു വിളക്കൂതി
ഗുണ്ടു മാണി സാറാ ഗോട്ട്
ബാല്യത്തിന്റെ ആഹ്ലാദകരമായ ഓര്‍മകളില്‍ ഈ പാട്ടും കളിയുമുണ്ട്. എല്ലാവരും വട്ടത്തിലിരുന്ന് കൈകള്‍ കമിഴ്ത്തി വച്ച് ആരംഭിക്കുന്ന ഈ കളി പലവട്ടം ആവര്‍ത്തിച്ചാണ് പുരോഗമിക്കുന്നത്. എന്നാലും, ഈ മറിയം എന്തിനായിരിക്കും കുട്ടികളുടെ കളിവിളക്ക് ഊതുന്നത് എന്നത് അക്കാലത്തെ ഒരു വലിയ സമസ്യയായിരുന്നു! ആ വിളക്കൂതിയിട്ട് മറിയത്തിന് എന്തു കിട്ടാനാണ്? ഒരിക്കല്‍പ്പോലും അവള്‍ വരാതിരുന്നിട്ടില്ല!
മറിയം ഒരു നല്ല ചേച്ചി ആയിരുന്നെങ്കില്‍ (ചേച്ചി ആയിരിക്കാനാണ് സാധ്യത!) വിളക്ക് തെളിച്ച് കുട്ടികളുടെ കൂടെ കളിക്കുകയല്ലേ ചെയ്യേണ്ടത്? വല്ലാത്ത കുറുമ്പി തന്നെ! ഇങ്ങനെയായിരുന്നു അന്നത്തെ വിചാരങ്ങള്‍. ഒരുപക്ഷേ ആദ്യം ഉള്ളില്‍ കുടിയേറിയതും വിളക്കൂതുന്ന ആ മറിയമാണ്. വിളക്ക് തെളിക്കുന്ന മറിയത്തെ പരിചയപ്പെടാന്‍ സമയമായിരുന്നില്ല! നടാനും നട്ടതു പറിക്കാനും തകര്‍ക്കാനും പണിതുയര്‍ത്താനും കരയാനും ചിരിക്കാനുമെല്ലാം ഒരു കാലമുണ്ടെന്ന് സഭാപ്രസംഗകന്‍ പഠിപ്പിക്കുന്നുണ്ട്. അതുപോലെ വിളക്ക് തെളിക്കുന്ന മറിയത്തെ കണ്ടുമുട്ടാനുള്ള കാലം സമാഗതമായിരുന്നില്ല!
അമ്മ ആദ്യമായി പാടി പഠിപ്പിച്ച പാട്ട് ഇന്നും ഓര്‍മയുണ്ട്.
'ഈ വിശ്വവാടിയില്‍
ഈശ്വരനായ് വന്ന
സ്വര്‍ഗകുമാരാ
കനിഞ്ഞാലും...'
അതേ; സ്വര്‍ഗകുമാരന് ഈ വിശ്വവാടിയില്‍ ഈശ്വരനായ് വരാന്‍ അമ്മ വേണമായിരുന്നു. ദൈവത്തിന് പോലും ഒരമ്മയെ ആവശ്യമുണ്ടാ
യിരുന്നു! അമ്മയില്‍ നിന്ന് പിറന്ന, അമ്മത്വമുള്ള അമ്മദൈവമാണല്ലോ യേശുക്രിസ്തു. (സന്ദേഹികള്‍ക്ക് അരുമശിഷ്യന്റെ സുവിശേഷത്തിലെ ഇരുപത്തിയൊന്നാം അധ്യായത്തിലെ തിബേരിയാസ് കടലിലെ മീന്‍പിടിത്തത്തിന്റെയും തീരത്തെ പ്രഭാതവിരുന്നിന്റെയും വിവരണം ധ്യാനനിമഗ്‌നരായി വായിക്കാവുന്നതാണ്). ആദ്യം മറിയം ഈ വിശ്വവാടിക്ക് ഈശ്വരനെ നല്‍കി; ഒടുവില്‍ ഈശ്വരന്‍ ഈ വിശ്വവാടിക്ക് മുഴുവനുമായി മറിയത്തെ അമ്മയായി നല്‍കി! ആദ്യത്തേതിന്റെ രംഗവേദി നസറത്തിലെ അവളുടെ കുടിലാണ്. ''ഇതാ, കര്‍ത്താവിന്റെ ദാസി! നിന്റെ വാക്ക് എന്നില്‍ നിറവേറട്ടെ'' എന്ന് അവള്‍ പറഞ്ഞതാണ് സ്വര്‍ഗകുമാരന്റെ വരവിന് നാന്ദി
കുറിച്ചത്. ''മറിയത്തിന്റെ ശരീരത്തില്‍ നിന്നല്ല, അവളുടെ സമ്മതത്തില്‍ നിന്നാണ് ക്രിസ്തു പിറന്നത്'' എന്ന് ബിഷപ് ഷീന്‍ പഠിപ്പിക്കുന്നുണ്ട്. ദൈവത്തിന്റെ വാക്കാണ് വചനം അഥവാ ലോഗോസ്. ദൈവം തന്നെയായ വാക്കാണ് ലോഗോസ്. നിറവേറട്ടെ എന്ന് മറിയം പറഞ്ഞ വാക്കാണ് നിറവയറാര്‍ന്ന വചനമായി പരിണമിച്ചത്! ദൈവത്തിന്റെ വചനം; ദൈവം തന്നെയായ വചനം അവളില്‍ മാംസം ധരിച്ചു. വചനം മാംസമാകുന്ന അനന്തത! സമ്മതത്തിന്റെ വാക്ക് അവതാരവചനമാകുന്ന അപാരത! അങ്ങനെയാണ് വചനം മാംസമായി നമ്മുടെയിടയില്‍ കൂടാരമടിച്ചത്.
രണ്ടാമത്തെ രംഗവേദി ഗോല്‍ഗോഥായാണ്. അവിടെ വച്ചാണ് സ്വര്‍ഗകുമാരന്‍ തന്റെ അമ്മയെ ഈ വിശ്വവാടിയിലെ സര്‍വ മനുഷ്യര്‍ക്കും അമ്മയും അഭയവുമായി നല്‍കിയത്. ഒന്നോര്‍ത്താല്‍, ദൈവത്തിന്റെ ഏറ്റവും വലിയ പരീക്ഷണശാല മറിയമായിരുന്നു. മനുഷ്യനെ സംബന്ധിച്ച എല്ലാ സമസ്യകള്‍ക്കും അവിടന്ന് ഉത്തരം തേടിയതും ദൈവ-മനുഷ്യ ബന്ധത്തിലെ എല്ലാ സാധ്യതകളും പരിശോധിച്ചതും മറിയത്തിന്റെ ജീവിതത്തിലായിരുന്നു. ആ പരീക്ഷണങ്ങളില്‍ വിജയിച്ചാണ് അവള്‍ ദൈവമാതാവും സ്വര്‍ഗത്തിന്റെ രാജ്ഞിയുമെല്ലാം ആയത്. ലുത്തിനിയയിലെ നാമവിശേഷണങ്ങള്‍ (അഡ്‌ജെക്ടീവ്‌സ്) മറിയത്തിനുള്ള വെറും ഹൈപ്പും ഡോപമിന്‍ റഷും അല്ലെന്ന് സാരം! അതിനെല്ലാം അവള്‍ തീര്‍ത്തും അര്‍ഹയായിരുന്നു. ''ഇതാ, നിന്റെ അമ്മ'' എന്നത് അതിന്റെ പ്രഖ്യാപനമാണ്. ആ കൈയേല്‍പ്പിക്കലിലൂടെ, അനാഥനായ ഒരു ചെറുപ്പക്കാരന് അമ്മയെ കിട്ടുന്നതും അനാഥയായ ഒരമ്മയ്ക്ക് മകനെ കിട്ടുന്നതും മാത്രമല്ല സംഭവിക്കുന്നത്. പിന്നെയോ, തന്റെ അമ്മയെ പ്രിയ ശിഷ്യനിലൂടെ മനുഷ്യവംശം മുഴുവന്റെയും അമ്മയായി നല്‍കിയതിലൂടെ മനുഷ്യവംശം മുഴുവനെയും യേശുക്രിസ്തു സഹോദരങ്ങളും സ്‌നേഹിതരുമായി സ്വീകരിക്കുകയായിരുന്നു. അതുപോലെ, തന്നെത്തന്നെയെന്നോണം പ്രിയശിഷ്യനെ മറിയത്തിന് മകനായി നല്‍കിയതിലൂടെ മനുഷ്യവംശത്തെ മുഴുവനും മറിയത്തിന്റെ സ്‌നേഹ വാത്സല്യങ്ങള്‍ക്ക് ഭരമേല്‍പിക്കുകയായിരുന്നു. ഇപ്രകാരമാണ് ഈ വിശ്വവാടിക്ക് ഈശ്വരനെയും അമ്മയെയും കിട്ടിയത്!
വിളക്ക് തെളിക്കുന്ന മറിയത്തെക്കുറിച്ചാണ് പറയേണ്ടത്! മറിയം തെളിക്കുന്ന വിളക്കുകളില്‍ ഒന്നാമത്തേത് ദൈവദര്‍ശനത്തിന്റെ വിളക്കാണ്. ദൈവസാന്നിധ്യാവബോധത്തിന്റെ വിളക്കെന്നും പറയാം. മറിയം തെളിച്ചുതരുന്ന പരമപ്രധാനമായ വിളക്ക് ഇതാണ്. പവിത്രമായ ഈ വിളക്ക് തെളിഞ്ഞു കിട്ടിയാല്‍ ഇഹത്തിലും പരത്തിലും ജീവിതം ശുഭപര്യവസായിയാകും. തന്നില്‍ തെളിക്കാത്ത ഒരു വിളക്കും മറിയം നമുക്ക് തെളിച്ചു തരുന്നില്ല എന്ന വസ്തുത പ്രത്യേകം ഓര്‍മിക്കണം. ഈ വിളക്കും അപ്രകാരമുള്ളതാണ്. ഒരു ഭാവനയിലൂടെ ദൈവദര്‍ശനം എന്ന വിളക്ക് വിശദീകരിക്കാം. യേശുവിന്റെ മൃതശരീരം മറിയത്തിന്റെ മടിയില്‍ കിടത്തിയിരിക്കുന്നു. അപ്പോള്‍ അവളുടെ മുമ്പില്‍ മുഖ്യദൂതനായ ഗബ്രിയേല്‍ വന്നുപെടുന്നതായി ഭാവനയില്‍ കാണുക. എന്തായിരിക്കും മറിയത്തിന്റെ പ്രതികരണം? സാന്ദ്രമൗനമായിരിക്കുമോ? അതോ രോഷ
പ്രകടനമോ? അതുമല്ലെങ്കില്‍ തീവ്രവിലാപമോ? അവര്‍ പരസ്പരം സംസാരിക്കുമോ? എങ്കില്‍ എന്തായിരിക്കും? ജെന്‍-സീകളോടാണ് ചോദ്യമെങ്കില്‍ ഒരുപക്ഷേ, മറിയം ഇപ്രകാരം പറയുമെന്ന് അവര്‍ പറയും:
''എന്നാലും എന്റെ ഗബ്രിയേല്‍ ബ്രോ! വല്ലാത്ത തേപ്പായിപ്പോയല്ലോ! എന്തൊക്കെയായിരുന്നു?! യാക്കോബിന്റെ ഭവനത്തിന്‍മേല്‍ അവന്‍ എന്നേക്കും ഭരണം നടത്തും; അവന്റെ രാജ്യത്തിന് അവസാനം ഉണ്ടാക
യില്ല. എന്നിട്ടിപ്പോള്‍ ദാ, കണ്ടല്ലോ!'' പക്ഷേ, നസറത്തിലെ മറിയം ഗബ്രിയേലിനെ നോക്കി ശോകച്ഛായയില്‍ മന്ദഹസിക്കുക മാത്രമേ ചെയ്യുമായിരുന്നുള്ളൂ. ഒരുവേള, മുന്‍പൊരിക്കല്‍ അദ്ദേഹത്തോട് പറഞ്ഞ അതേ വാക്കുകള്‍ ആവര്‍ത്തിക്കുക മാത്രമേ ചെയ്യുമായിരുന്നുള്ളൂ. ദൈവപുത്രന്‍ മരിച്ച് അവളുടെ മടിയില്‍ കിടക്കുകയാണ്.
പക്ഷേ, അവളുടെ ദൈവത്തിന് മരണമില്ല. അവളുടെ ദൈവദര്‍ശനത്തിനും
ദൈവസാന്നിധ്യബോധത്തിനും മരണമില്ല. ''ഗാഗുല്‍ത്തായിലെ കാല്‍വരിയില്‍ രണ്ട് അള്‍ത്താരകളുണ്ട്. ഒന്ന് യേശുവിന്റെ കുരിശില്‍; മറ്റൊന്ന് മറിയത്തിന്റെ ഹൃദയത്തില്‍'' എന്ന് ബിഷപ് ഷീന്‍ പറയുന്നതിന്റെ പൊരുളതാണ്. തന്റെ മകനെപ്പോലെ താനും ബലിയര്‍പ്പിക്കുകയാണെന്ന് മറിയത്തിന് ബോധ്യമുണ്ടായിരുന്നു. നമ്മുടെ ബലിയര്‍പ്പണങ്ങളില്‍ അള്‍ത്താരകള്‍ സംഗമിക്കുന്നുണ്ടോ? യേശുവിന്റെ കുരിശിലെ അള്‍ത്താരയും നമ്മുടെ ഹൃദയത്തിലെ അള്‍ത്താരയും ബലിപീഠത്തില്‍ കണ്ടുമുട്ടാറുണ്ടോ? ഇല്ലെങ്കില്‍ മറിയത്തോടു പറയാം. ചിലപ്പോഴെങ്കിലും നമ്മുടെ ജീവിതത്തിലും ദൈവമില്ലായ്മയുടെയും ദൈവം മരിച്ചു എന്ന തോന്നലിന്റെയും ഇരുട്ട് നിറയാറില്ലേ? അപ്പോഴെല്ലാം മറിയത്തെ വിളിക്കാം. ഏത് കൂരിരുട്ടിലും ദൈവത്തെ കാണാനുള്ള വെട്ടം അവള്‍ പകര്‍ന്നു തരും. ജീവിതം ഒരു അഗ്‌നിനൃത്തമായിരുന്നപ്പോഴും (fire dance)) ദൈവദര്‍ശനത്തിന്റെ വിളക്ക് സ്വന്തമായുണ്ടായിരുന്നതിനാലാണ് മറിയം അതിജീവിച്ചത്.
രണ്ടാമത്തേത് ദൈവൈക്യത്തിന്റെ വിളക്കാണ്. എന്തുകൊണ്ടാണ് മറിയം ഇന്നും ക്രിസ്തീയതയുടെ സര്‍വകലാശാലയായി തുടരുന്നതെന്ന് ചിന്തിച്ചിട്ടുണ്ടോ? ദൈവൈക്യത്തിന്റെ പൂര്‍ണത മൂലമാണ് എന്നതാണ് ഉത്തരം. അതുകൊണ്ടാണ് ബേത്‌ലെഹെമിലും ഗോല്‍ഗോഥായിലും സമഭാവത്തോടെ നിലയുറപ്പിക്കാന്‍ മറിയത്തിന് കഴിഞ്ഞത്.
ബേത്‌ലെഹെമില്‍ അവള്‍ ഹൃദയത്തില്‍ എല്ലാം സംഗ്രഹിച്ചതിന് രേഖയുണ്ട്. എന്നാല്‍, ഗോല്‍ഗോഥായിലും അവള്‍ ചെയ്തത് അതു തന്നെയാണ്. എല്ലാം ഏകമാണെന്നും എല്ലാം തമ്മില്‍ അദൃശ്യമായ ഒരു നൂലിഴയില്‍ ബന്ധിക്കപ്പെട്ടിരിക്കുന്നുവെന്നും ദൈവൈക്യം എന്ന വിളക്കിന്റെ വെട്ടത്തില്‍ അവള്‍ക്കു വെളിപ്പെട്ടുകിട്ടി. ആ വെട്ടം ഉള്ളില്‍ നിറഞ്ഞിരുന്നെങ്കില്‍ നമ്മുടെ ജീവിതവും എത്രയോ ഭാരരഹിതവും ആഹ്ലാദകരവും ആയിത്തീര്‍ന്നേനെ? മറിയത്തോട് പറയാം.
താഴ്മ, വിനയം, ദൈവഹിതാന്വേഷണവും പൂര്‍ത്തീകരണവും, ഹൃദയശുദ്ധി, ആനന്ദം, വിശ്വസ്തത, ഹൃദയസമാധാനം എന്നിങ്ങനെ നസറത്തിലെ മറിയം തെളിക്കുന്ന ഒട്ടേറെ വിളക്കുകള്‍ ഇനിയുമുണ്ട്. എല്ലാം വിവരിച്ചാല്‍ ഈ ലക്കത്തിലെ മുഴുവന്‍ താളുകളും വേണ്ടിവരും. ഒന്നു മാത്രം പറയാം. മറിയം ഒരു മാതൃകയും സാധ്യതയുമാണ്. ഒരു മനുഷ്യവ്യക്തിക്ക് എത്രത്തോളം ദൈവവുമായി ഐക്യപ്പെടാമെന്നും എത്രത്തോളം ദൈവത്തെ സ്‌നേഹിക്കാമെന്നും എത്രത്തോളം ദൈവഹിതം അന്വേഷിച്ച് കണ്ടെത്തി നിറവേറ്റാമെന്നും എന്നതിന്റെ ഉത്തമമായ മാതൃകയും സാധ്യതയുമാണ്. ആ അര്‍ഥത്തില്‍ ദൈവ-മനുഷ്യബന്ധത്തെ, മറിയം അഗാധവും ഉന്നതവുമാക്കിയതുപോലെ മറ്റൊരു മനുഷ്യവ്യക്തിക്കും സാധ്യമായിട്ടില്ല. 'അഗാധനീലിമയില്‍; അപാരശൂന്യതയില്‍' എന്നാരംഭിക്കുന്ന
മനോഹരമായ ഒരു പഴയ സിനിമാ ഗാനമുണ്ട്. മറിയം ദൈവസ്‌നേഹത്തിന്റെ അഗാധനീലിമയാണ്. ദൈവത്തിനായി സ്വയം ശൂന്യമാക്കുന്നതിന്റെ അപാരതയാണ്. അവളുടെ ഹൃദയത്തിലും അസ്തിത്വത്തിലും നിറഞ്ഞു നിന്ന ആ ശുദ്ധശൂന്യതയിലാണ് (vacuum)
സര്‍വശക്തനും നിത്യനുമായ ദൈവം അവതരിച്ചത്. Mary had a little Lamb എന്ന നഴ്‌സറി ഗാനം ചരിത്രപരമായും ദൈവശാസ്ത്രപരമായും ശരിയാണ് - historical and theological correctnes ഉള്ളതാണ്! അവളുടെ മാറില്‍ പറ്റിച്ചേര്‍ന്നിരുന്ന കുഞ്ഞാണ് ലോകത്തിന്റെ പാപങ്ങള്‍ നീക്കുന്ന കുഞ്ഞാടായ ദൈവം! അവള്‍ തെളിച്ചു തരുന്ന വിളക്കിലെ വെട്ടമാണ് ഒടുവില്‍ നമ്മെ കുഞ്ഞാടിന്റെ വിവാഹവിരുന്നില്‍ (വെളിപാട് 19, 9 ) പങ്കാളികളാക്കുന്നത്. ദൈവദത്തമെങ്കിലും സ്വജീവിതത്തിന്റെ മഹിമയാല്‍, മറിയത്തിന് വിനിമയം ചെയ്യാന്‍ ദൈവം സവിശേഷമായ അവകാശം നല്‍കിയ ആ വെട്ടം സ്വന്തമായുള്ളവരെക്കുറിച്ചായിരിക്കും 'വിളക്കു കൈവശമുള്ളവനെന്നും വിശ്വം ദീപമയം' എന്ന് മഹാകവി പാടിയത്.

എഴുത്തുകാരനും പ്രഭാഷകനുമായ സജീവ് പാറേക്കാട്ടില്‍ എറണാകുളം ലിസി ഹോസ്പിറ്റലിലെ പബ്ലിക് റിലേഷന്‍ ഓഫീസറാണ്.



Comments