top of page

മരണത്തിൻറെ നിഴൽ വീണ താഴ്വരയിൽ നിന്നും കുഞ്ഞുമാണി | ഫമിലിയ/മൈസ്റ്റോറി | വിനോദ് മങ്കുട്ടത്തിൽ | KAIROS MALAYALAM | MARCH 2025

വിനോദ് മങ്കുട്ടത്തിൽ
2 days ago
2 min read

ഞാന്‍ വിനോദ്. വയനാട് സ്വദേശിയാണ്, ഇപ്പോള്‍ കോഴിക്കോട് താമസിക്കുന്നു. ഭാര്യയും നാലു മക്കളുമുണ്ട്. ഓരോ നിമിഷവും ദൈവം നമ്മെ പരിപാലിക്കുന്നുവെന്ന് തിരിച്ചറിഞ്ഞ് ജീവിക്കാനുള്ള

വലിയ കൃപയാണ് ഞങ്ങളുടെ കുടുംബത്തിന് ദൈവം നല്‍കിയത്. ഞങ്ങളുടെ ഇളയ മകന്റെ ജനനത്തെ തുടര്‍ന്ന് വലിയ പ്രതിസന്ധികളും സഹനങ്ങളും ഞങ്ങളുടെ ജീവിതത്തില്‍ കടന്നുവന്നു. എന്നാല്‍, ആ വലിയ വേദനകളുടെ നടുവിലും ദൈവം ഞങ്ങളെ ചേര്‍ത്തുപിടിക്കുന്നത് ഞങ്ങള്‍ തിരിച്ചറിഞ്ഞു.


മൂന്നു പെണ്‍മക്കള്‍ക്ക് ശേഷമാണ് കുഞ്ഞുമാണി എന്ന് ഞാന്‍ വിളിക്കുന്ന ഞങ്ങളുടെ നാലാമത്തെ കുഞ്ഞു ജനിക്കുന്നത്. ഗര്‍ഭാവസ്ഥയില്‍ ഒമ്പതാം മാസം കുഞ്ഞിന്റെ അനക്കം കുറവുള്ളതായി ഭാര്യക്ക് ഫീല്‍ ചെയ്യാന്‍ തുടങ്ങി. കോഴിക്കോട് മിംസ് ഹോസ്പിറ്റലില്‍ നടത്തിയ പരിശോധനകളില്‍ കുഞ്ഞ് വെര്‍ട്ടിക്കലി ആണ് കിടക്കുന്നതെന്ന് അറിഞ്ഞു. ഒപ്പം വേറൊരു കോംപ്ലിക്കേഷനുമുള്ളതായി ഡോക്ടര്‍ പറഞ്ഞു. കുഞ്ഞിന്റെ ഹാര്‍ട്ടില്‍ ഒരു ഹോള്‍ ഉള്ളതായും ഞരമ്പ് ചതഞ്ഞിരിക്കുന്നതായും ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു. അതിനൊപ്പം ഹൃദയത്തിലെ ശുദ്ധരക്തവും അശുദ്ധ രക്തവും വഹിക്കുന്ന സിരയും ധമനിയും മാറിക്കിടക്കുന്നതായും ഡോക്ടേഴ്‌സ് സൂചിപ്പിച്ചു.


ഇതുകാരണം പീഡിയാട്രിക് കാര്‍ഡിക് ഡിപ്പാര്‍ട്ട്‌മെന്റുള്ള ഹോസ്പിറ്റലില്‍തന്നെ വേണം ഡെലിവറി നടക്കാന്‍ എന്ന് ഡോക്ടര്‍ പറഞ്ഞു. കാരണം കുഞ്ഞിന് ഹാര്‍ട്ടിന് മേജര്‍ സര്‍ജറി ആവശ്യമായിരുന്നു. അങ്ങനെ കോഴിക്കോട് മിംസ് ഹോസ്പിറ്റല്‍തന്നെ ഡെലിവറിക്കായി തിരഞ്ഞെടുത്തു.


ഈ സംഭവം അറിഞ്ഞതു മുതല്‍ ജീസസ് യൂത്ത് മാനന്തവാടി സോണിലുള്ള എല്ലാവരും കുഞ്ഞിനുവേണ്ടി പ്രാര്‍ഥിക്കാന്‍ തുടങ്ങി. ഈ പ്രാര്‍ഥനയുടെ ശക്തിയാണ് കുഞ്ഞിനെയും ഞങ്ങളെയും താങ്ങിയത്.


ജൂണ്‍ മൂന്നാം തീയതി പ്രസവം നടന്നു. 13 ദിവസം കഴിഞ്ഞ് കുഞ്ഞിന്റെ സര്‍ജറിയുടെ ദിവസം എത്തി. ഇതെല്ലാം നടക്കുന്നത് കൊറോണ കാലത്താണ്. അതിന്റേതായ ബുദ്ധിമുട്ടുകളും നേരിടേണ്ടിവന്നു.

ഒടുവില്‍ സര്‍ജറിയെല്ലാം വലിയ കുഴപ്പമില്ലാതെ കഴിഞ്ഞു.


സര്‍ജറിക്കുശേഷം കുഞ്ഞിനെ ഞങ്ങള്‍ക്ക് കാണിച്ചുതന്നു. നിരവധി കുഴലുകളാലും യന്ത്രങ്ങളാലും ഘടിപ്പിക്കപ്പെട്ട നിലയിലായിരുന്നു ഞങ്ങളുടെ കുഞ്ഞുമാണി. ശസ്ത്രക്രിയ ചെയ്ത നെഞ്ചിന്റെ ഭാഗം തുറന്നുതന്നെ ആയിരുന്നു. എന്റെ ഭാര്യയ്ക്ക് അത് കാണാനുള്ള ശക്തി ഉണ്ടായിരുന്നില്ല. ഞാന്‍ ആ തുറന്ന നെഞ്ചിലൂടെ അവന്റെ തുടിക്കുന്ന ജീവനുള്ള ഹൃദയം കണ്ടു. ഒരു മാതാപിതാക്കള്‍ക്കും താങ്ങാനാവാത്ത കാഴ്ചയായിരുന്നു അത്. കൊറോണ ആയതിനാല്‍ ഞങ്ങളെ വേഗം റൂമിലേക്ക് മടക്കിവിട്ടു. കുഞ്ഞ് പെട്ടെന്ന് സുഖം പ്രാപിക്കുമെന്നും അത് കഴിഞ്ഞാല്‍ വീട്ടിലേക്ക് മടങ്ങാമെന്നുമുള്ള പ്രത്യാശയില്‍ ഞങ്ങള്‍ ഉറങ്ങാന്‍ കിടന്നു. ഇതിനകംതന്നെ ഞാന്‍ മാനന്തവാടി ജീസസ് യൂത്ത് കോര്‍ഡിനേറ്ററെ വിളിച്ച് സര്‍ജറി എല്ലാം വിജയകരമായി കഴിഞ്ഞു. ഇനി പ്രാര്‍ഥന നിറുത്താം എന്നു പറഞ്ഞു. എന്നാല്‍, അപ്പോള്‍ അവര്‍ പറഞ്ഞു: ''പ്രാര്‍ത്ഥന തുടരാനാണ് ഈശോ പറയുന്നത്. നമുക്ക് പ്രാര്‍ഥന നിറുത്തേണ്ട.'' അങ്ങനെ അവര്‍ രാവും പകലും പ്രാര്‍ഥന തുടര്‍ന്നു.


അന്ന് രാത്രി 11:00 മണിക്ക് സര്‍ജന്റെ ഒരു കോള്‍ വരുകയുണ്ടായി. ''കുഞ്ഞ് ഈ ലോകത്തുനിന്ന് വിടപറയുകയാണ്. കാണേണ്ടവര്‍ വന്നുകാണുകയും അറിയിക്കേണ്ടവരെ അറിയിക്കുകയും ചെയ്യുക.'' ഇതായിരുന്നു സര്‍ജന്റെ ഫോണ്‍കോളിലെ സന്ദേശം.


ഒരു ഹോപ്പും ഇല്ലാത്ത ഒരു സിറ്റുവേഷന്‍ ആയിരുന്നു അത്. പക്ഷേ, ആ സമയത്താണ് ഷബീര്‍ അഹമ്മദ് എന്ന അസിസ്റ്റന്റ് സര്‍ജനിലൂടെ ദൈവം ഇടപെടുന്നത്. അദ്ദേഹം പറഞ്ഞു: എന്തായാലും കുട്ടി പോകുമെന്ന് ഉറപ്പാണല്ലോ. നമുക്ക് അവസാന ശ്രമം എന്ന നിലയില്‍ അല്പം ബ്ലഡ്കൂടി കയറ്റി നോക്കാം. (നമ്മുടെ സാച്ചുറേഷന്‍ ലെവല്‍ 22ല്‍ താഴെ ആവുമ്പോഴാണ് ഒരാള്‍ മരിക്കുന്നത്. മോന്റെ സാച്ചുറേഷന്‍ 22ന് താഴെ ആയിരുന്നു) ആ സമയം ആ ഡോക്ടറിലൂടെ സ്വര്‍ഗം ഇടപെടുകയായിരുന്നു. ബ്ലഡ് കയറ്റിയതിനെ തുടര്‍ന്ന് പതുക്കെ ഡോക്ടര്‍മാരെപ്പോലും അത്ഭുതപ്പെടുത്തിക്കൊണ്ട് കുഞ്ഞുമാണി ജീവിതത്തിലേക്ക് മടങ്ങിവന്നു. കൂട്ടായ പ്രാര്‍ഥനയുടെ ഫലമാണ് കുഞ്ഞുമാണിയുടെ ജീവന്‍ പിടിച്ചു നിറുത്തിയത്. അവന്റെ സര്‍ജറിയുടെ ദിവസം ലോകത്തിന്റെ പല ഭാഗങ്ങളിലിരുന്ന് ജീസസ് യൂത്ത് ചെറുപ്പക്കാര്‍ ദിവ്യകാരുണ്യത്തിനു മുന്നിലിരുന്ന് മധ്യസ്ഥ പ്രാര്‍ഥന നടത്തിയിരുന്നു; ദൈവം അപ്പോള്‍ ഷബീര്‍ അഹമ്മദ് എന്ന അസിസ്റ്റന്റ് സര്‍ജന്റെ മനസ്സിനെ പ്രചോദിപ്പിച്ചു.


പ്രാര്‍ഥനയുടെ ശക്തി വളരെ വലുതാണ്. ആ ശക്തിയില്‍ ആശ്രയിച്ചാല്‍ നമുക്ക് ഏത് പ്രതിസന്ധിയെയും മറികടക്കാനാകും. മക്കബായരുടെ പുസ്തകത്തില്‍ നമ്മള്‍ ഇങ്ങനെ വായിക്കുന്നു: ''അവര്‍ ആയുധ

ത്തിലും സാഹസകൃത്യങ്ങളിലും ആശ്രയിക്കുന്നു. നമുക്കെതിരേ വരുന്ന ശത്രുക്കളെയും ലോകം മുഴുവനെത്തന്നെയും അംഗുലീചലനംകൊണ്ടു തറപറ്റിക്കാന്‍ കഴിയുന്ന സര്‍വശക്തനായ ദൈവത്തിലാണു നമ്മുടെ പ്രത്യാശ'' (2 മക്ക 8, 18).


ഇതു വായിക്കുന്ന എന്റെ പ്രിയപ്പെട്ടവരോടും എനിക്ക് പറയാനുള്ളത് ഇതുതന്നെയാണ്. പ്രത്യാശ നമ്മെ നിരാശരാക്കുകയില്ല. പ്രാര്‍ഥനയുടെ തേരില്‍ യാത്രചെയ്യുന്ന ഒരാള്‍ക്കും നിരാശപ്പെടേണ്ടി വരില്ല. ചോദിക്കുവിന്‍ നിങ്ങള്‍ക്ക് ലഭിക്കുമെന്ന ഈശോയുടെ വാഗ്ദാനം നമുക്കോര്‍ക്കാം. അവിടന്നില്‍ ആശ്രയിക്കാം.


വയനാട് സ്വദേശിയായ ലേഖകൻ മാനന്തവാടി സോൺ ജീസസ് യൂത്ത് മുൻ കോഡിനേറ്റർ ആയിരുന്നു. ഭാര്യ നാല് മക്കൾ

 
 
 

Comments


Kairos USA

Kairos INDIA

Kairos UK

     Kairos International Inc. 700 Louisiana St, Houston, TX. USA 77002

     Kairos Media, No 8/174, Navodaya Studio Complex, Thengod P.O, Cochin, Kerala, India. Pin: 682030

     Kairos Media, St Charles Street, Sheffield S9 3WU, United Kingdom

COPYRIGHT © 2021 KAIROS MEDIA, JESUS YOUTH

bottom of page