top of page

മനസ്സുമാറാന്‍ ഒരോര്‍മ മതി | എഡിറ്റേഴ്‌സ് റൂം | അഡ്വ. കെ.ജെ. ജോണ്‍സണ്‍ | KAIROS MALAYALAM | FEBRUARY 2025

Writer: അഡ്വ. കെ.ജെ. ജോണ്‍സണ്‍
അഡ്വ. കെ.ജെ. ജോണ്‍സണ്‍
1 day ago
1 min read

വിദേശത്ത് രണ്ടു ലക്ഷം രൂപയോളം ശമ്പളം ഉണ്ടായിരുന്ന ജോലി ഉപേക്ഷിച്ചാണ് ജോബിയും ഭാര്യയും മക്കളും നാട്ടിലേക്ക് വന്നത്. വാര്‍ധക്യസഹജമായ രോഗങ്ങളാല്‍ കിടപ്പിലായ പിതാവിനെ ശുശ്രൂഷി ക്കാനാണ് ജോബി വന്നത്. അധ്യാപക നായ പിതാവിന്റെ പെന്‍ഷന്‍ മാത്രമാണ് ഇപ്പോള്‍ ആശ്രയം. എങ്കിലും വളരെ സന്തോഷത്തോടെയും സ്‌നേഹത്തോടെ യുമാണ് എല്ലാവരുമായി ജോബി ഇടപെട്ടുവന്നത്. ജോലിയെക്കുറിച്ചും ജീവിതത്തെക്കുറിച്ചും തിരക്കിയവരോടെല്ലാം ജോബി പറഞ്ഞു: ''എന്റെ അപ്പന്‍ എന്നെ നല്ല നിലയില്‍ പഠിപ്പിച്ചു. ഇന്നദ്ദേഹത്തിന് എന്റെ സാമീപ്യവും പരിചരണവും ആവശ്യമുണ്ട്. എന്റെ പിതാവിന് ഞാന്‍ തിരിച്ചു നല്‍കേണ്ട സമയമാണിപ്പോള്‍.''


ഏതൊരു ജീവിതവും വളരുന്നത് പലരും നല്‍കുന്ന വെള്ളവും വെളിച്ചവും വളവും മൂലമാണ്. അതില്‍ പലരും അറിയപ്പെടാത്തവര്‍ ആയിരിക്കാം. ജീവിതത്തെ സ്വാധീനിക്കുന്ന പല പ്രചോദനങ്ങളും സ്വീകരിക്കുന്നത് നേരിട്ടറിയാത്ത വ്യക്തികളില്‍ നിന്നാകാം. ജീവിതത്തില്‍ ലഭിക്കുന്ന നന്മകളെ കണ്ണുതുറന്ന് കാണുകയും അവയോട് പ്രത്യുത്തരിക്കുന്ന മനോഭാവവുമാണ് നന്ദി എന്ന് പറയുന്നത്.


ചെറുപ്പത്തില്‍ വിദേശത്തുപോയി സഹോദരങ്ങളെ പഠിപ്പിച്ച് കുടുംബത്തിന്റെ അഭിവൃദ്ധിക്കുവേണ്ടി സമ്പത്ത് ചെലവിട്ട ചേട്ടനോട്, പിന്നീട് നല്ല ജീവിതാവസ്ഥകളിലേക്ക് പ്രവേശിച്ച അനുജന്‍ ചോദിച്ചു: ''ചേട്ടന്‍ എന്താണ് ഞങ്ങള്‍ക്കുവേണ്ടി ചെയ്തത്? ചേട്ടന്‍ കണക്ക് പറയുകയാണോ!? ഏതൊരാളും ചെയ്യുന്നതേ ചേട്ടന്‍ ചെയ്തിട്ടുള്ളൂ.'' തകര്‍ന്നുപോയി അയാള്‍. സഹോദരനുമായി നിത്യവൈരാഗ്യത്തി

ലായി, രോഗാതുരനായി.


മറ്റുള്ളവര്‍ നമ്മുടെ ജീവിതത്തിലേക്ക് ചൊരിയുന്ന നന്മകളെ പലപ്പോഴും തിരിച്ചറിയാന്‍ സാധിക്കാത്തതാണ് പല പ്രതിസന്ധികളുടെയും യഥാര്‍ഥ കാരണം. ഹൃദയപൂര്‍വം നല്‍കുന്ന ചില നന്ദിവചനങ്ങള്‍ പല അധമ വികാരങ്ങളെയും തകര്‍ത്തു കളയുന്നതാണ്. പ്രശസ്ത നടനായ ടോവിനോ തോമസ് സഹോദരനായ ടിന്‍സണ്‍ തോമസിനെ കുറിച്ച് പറയുന്ന വാക്കുകള്‍ ഇങ്ങനെയാണ്: ''എന്റെ കരിയറിന്റെ ആദ്യ നാളുകളില്‍ എനിക്ക് പ്രചോദനവും സഹായവും പ്രോത്സാഹനവും നല്‍കിയത് എന്റെ ചേട്ടനാണ്. എന്റെ ജീവിതത്തിന്റെ ഭാഗം തന്നെയാണ് എന്റെ ചേട്ടന്‍.''


കാറിന്റെ മുന്‍പില്‍ വന്നുപെട്ടയാളെ കാര്‍ നിറുത്തി കടന്നുപോകാന്‍ അനുവദിച്ചപ്പോള്‍ അയാള്‍ തിരിച്ചു നല്‍കിയ പുഞ്ചിരിയും കൈവീശലും, ഇന്നുമെന്നെ വഴിയാത്രക്കാര്‍ക്ക് റോഡില്‍ മുന്‍ഗണന കൊടുക്കാന്‍ പ്രേരിപ്പിക്കുന്നുവെന്ന് ഒരു സുഹൃത്ത് പറയുകയുണ്ടായി. ചില നന്ദി പ്രകടനങ്ങള്‍ സമൂഹത്തിന്റെ സംസ്‌കാരത്തെ തന്നെ മാറ്റാന്‍ ശക്തിയുള്ളതാണ്.


നന്ദി എന്നത് ഒരു വാക്കല്ല. അത് വാക്ക് മാത്രമാകുമ്പോള്‍ ആരെയും അത് സ്പര്‍ശിക്കുന്നില്ല. നന്ദി എന്നത് ഒരു മനോഭാവമാണ്. ജീവിതത്തിന്റെ സകല ഇടങ്ങളിലും പുലര്‍ത്തേണ്ട ഭാവം. രൂക്ഷമായും പരുഷമായും സ്ഥാപന ഉടമയോട് സംസാരിച്ച ജീവനക്കാരനെ പുറത്താക്കാന്‍ ആവശ്യപ്പെട്ട മാനേജരോട് സ്ഥാപന ഉടമ പറഞ്ഞു: അയാള്‍ നമ്മുടെ സ്ഥാപനത്തിന് വേണ്ടി എത്രയോ വര്‍ഷം നിസ്വാര്‍ഥമായി പണിയെടുത്തു. അതിലും വലുതല്ല ഈ പെരുമാറ്റം.


ജീവിതത്തിലുടനീളം നന്ദിയുള്ള ഹൃദയം സൂക്ഷിക്കാനാണ് വിശുദ്ധ ഗ്രന്ഥം നമ്മോടാവശ്യപ്പെടുന്നത്. ഒരു മനുഷ്യനെ ചേര്‍ത്തുപിടിക്കാന്‍ അയാള്‍ ചെയ്ത ഒരു നല്ല പ്രവൃത്തിയുടെ ഓര്‍മ മാത്രം മതി.



കെയ്റോസ് മലയാളം മാസികയുടെ ചീഫ് എഡിറ്റർ. ഇരിങ്ങാലക്കുട സ്വദേശി. ഭാര്യ ഡോ. സെൽബിയ. നാല് മക്കൾ

 
 
 

Comments


Kairos USA

Kairos INDIA

Kairos UK

     Kairos International Inc. 700 Louisiana St, Houston, TX. USA 77002

     Kairos Media, No 8/174, Navodaya Studio Complex, Thengod P.O, Cochin, Kerala, India. Pin: 682030

     Kairos Media, St Charles Street, Sheffield S9 3WU, United Kingdom

COPYRIGHT © 2021 KAIROS MEDIA, JESUS YOUTH

bottom of page