top of page

മഡ്ഗാസ്കറിലെ ഓശാന | മിഷന്‍ ബീറ്റ്‌സ്‌ | ഫാ. ജോൺസൺ തളിയത്ത് | KAIROS MALAYALAM | JUNE 2025

Writer: ഫാ. ജോൺസൺ തളിയത്ത്
ഫാ. ജോൺസൺ തളിയത്ത്
7 days ago
2 min read

ഞങ്ങള്‍ക്കു കുരിശിന്റെവഴി ഓശാന ഞായര്‍ മുതല്‍ തുടങ്ങും. അതിനുപകരിക്കുന്ന സാഹചര്യങ്ങളാണ് ഞങ്ങളുടെ മിഷനുകളില്‍ അരങ്ങേറുന്നത്. അല്ലെങ്കിലും ഇവിടത്തെ ആരാധനക്രമമനുസരിച്ച് ഓശാന വിളികളോടു ചേര്‍ന്നുതന്നെ കര്‍ത്താവിന്റെ സഹനങ്ങളും അന്നേദിവസം പള്ളിയില്‍ വായിച്ച് ഓര്‍മിക്കപ്പെടും. ഈ വര്‍ഷം 22 കി.മീ അകലെയുള്ള ബെപ്പേഹ പള്ളിയിലാണ് ഞങ്ങളുടെ യൂത്തിനുവേണ്ടിയുള്ള ഓശാന ആഘോഷം നടത്തപ്പെട്ടത്. 19 ഗ്രാമ പള്ളികളില്‍ നിന്നും വെള്ളിയാഴ്ച തന്നെ യുവാക്കള്‍ നടന്നു കുരിശിന്റെവഴി നടത്തി മൂന്നു ദിവസത്തെ കൂട്ടായ്മക്കായി ബെപ്പേഹയിലെത്തി. ഞങ്ങള്‍ എത്തുവാന്‍ വേണ്ടി ഗ്രാമത്തിലേക്കുള്ള വഴി അവര്‍ നന്നാക്കിയിട്ടിരുന്നു. തലേദിവസം ശനിയാഴ്ച ഞങ്ങള്‍ തിരിച്ചു പോന്നു. അന്നു രാത്രി ശക്തിയായ മഴ. അനുഗ്രഹവും ഒപ്പം കുരിശുമായും ഞങ്ങള്‍ക്കതു അനുഭവപ്പെട്ടു.


ഗ്രാമക്കാര്‍ ഞങ്ങള്‍ക്കായി നന്നാക്കിയിട്ടിരുന്ന വഴി ആ മഴയില്‍ ഞായറാഴ്ച ചെളിക്കുണ്ടുകളായി. തടസ്സങ്ങള്‍ തരണം ചെയ്തു 18 കി.മീ എത്തിയപ്പോള്‍ വലിയൊരു തടസ്സം. വീതി കുറഞ്ഞ ഒരു കയറ്റത്തില്‍ ബെപ്പേഹയില്‍ വന്ന ഒരു ട്രക്ക് കേടായി കിടക്കുന്നു. ഇനി വെറും നാലു കി.മീ മാത്രമേയുള്ളൂ. നടക്കുക തന്നെവേണം. പക്ഷേ, വണ്ടി ഉപേക്ഷിച്ച് പോകാന്‍ പറ്റില്ല. വിജനമായ പ്രദേശം. തിരിച്ചു വിട്ടു, വണ്ടി 3 കി.മീ അകലെ പാതയരുകിലുള്ള ഒരു ഹോട്ടലില്‍ പാര്‍ക്കു ചെയ്തു. നടപ്പാതയിലൂടെ വീണ്ടും ഞങ്ങള്‍ ബെപ്പേഹ ഗ്രാമം ലക്ഷ്യമാക്കി നടന്നു. രാവിലെ 8 മണിക്ക് എത്തേണ്ട ഞങ്ങള്‍ 10 മണിക്കാണ് ബെപ്പേഹയിലെത്തിയത്. എല്ലാവരും കാത്തു നില്ക്കുന്നുണ്ട്. വെയിലിനു ചൂടു കൂടിത്തുടങ്ങിയെങ്കിലും പള്ളിയില്‍ നിന്നും 500 മീറ്റര്‍ അകലെയുള്ള സ്‌കൂള്‍ മുറ്റത്തു നിന്നും ഞങ്ങള്‍ ഓശാനയുടെ കര്‍മങ്ങള്‍ ആരംഭിച്ചു. മരച്ചില്ലകള്‍ ഉയര്‍ത്തിപ്പിടിച്ച്, തങ്ങളുടെ വിശ്വാസം ഉറക്കെ പ്രഖ്യാപിച്ചുക്കൊണ്ട് ബെത്താലത്താല ഇടവകയിലെ 19 പള്ളികളില്‍ നിന്നും നടന്നെത്തിയ മുന്നൂറോളം ചെറുപ്പക്കാര്‍ ബെപ്പേഹയിലെ ഗ്രാമ വീഥിയിലൂടെ ഓശാന സ്തുതികള്‍ പാടി നടന്നുനീങ്ങി. ഗ്രാമത്തിലെ പരിമിത സൗകര്യങ്ങള്‍ക്കിടയിലും കര്‍ത്താവിന്റെ ശവസംസ്‌കാരം വരെയുള്ള സംഭവങ്ങള്‍ ശ്രവിച്ച് വലിയ ആഴ്ചയുടെ അനുഭവം സ്വന്തമാക്കുവാന്‍ എല്ലാവരും ഒരുങ്ങി. അസൗകര്യങ്ങള്‍ക്കിടയിലും ഈ മൂന്നു ദിവസങ്ങളിലും അവരെ സഹായിക്കുവാന്‍ രണ്ടു സിസ്റ്റേഴ്‌സും അവിടെ താമസിച്ചു. ഓരോ പള്ളിക്കാരും വ്യത്യസ്ത വേഷവിധാനങ്ങളുമായി കൃതജ്ഞതാ പ്രകാശനനൃത്തത്തില്‍ പങ്കെടുത്തു.


സമ്പാനുവില്‍ നിന്നും വന്ന കാറ്റക്കിസ്റ്റ് ദറോളക്കു ഇനിയും 4 മണിക്കൂര്‍ വഞ്ചി യാത്ര കഴിഞ്ഞുവേണം തന്റെ കുടിലിലെത്താന്‍. മസിക്കാപ്പിഗ്രാമം വരെ ഞങ്ങള്‍ ഒരുമിച്ചു നടന്നു. ബെത്താലത്താലയിലെ ചെറുപ്പക്കാര്‍ രാത്രി 8 മണിക്കാണ് ഓശാന പാടി നടന്നു സ്വന്തം ഗ്രാമത്തിലെത്തിയത്. മുതലയുടെ ആക്രമണത്തില്‍ നിന്നും രക്ഷപ്പെട്ട സുവണ്ട്രീനയും യൂത്തും ഓശാന പാടാന്‍ എത്തിയിരുന്നു.


മഴക്കാലത്തോടു ചേര്‍ന്നാണ് ഈസ്റ്റര്‍ ആഘോഷങ്ങള്‍ ആരംഭിക്കുക. ഗ്രാമങ്ങളിലേക്കുള്ള വഴികള്‍ വളരെ മോശമായിരിക്കും. അതു കൊണ്ടുതന്നെ ഒരോ യാത്രയിലും ഈശോയുടെ സഹനത്തില്‍ പങ്കുചേരാനുള്ള അവസരവും നമുക്കു ലഭിക്കും.


ഈശോ പറഞ്ഞില്ലേ, ''ആരെങ്കിലും എന്നെ അനുഗമിക്കാന്‍ ആഗ്രഹിക്കുന്നെങ്കില്‍ അവന്‍ തന്നെത്തന്നെ പരിത്യജിച്ച് തന്റെ കുരിശുമെടുത്ത് എന്നെ അനുഗമിക്കട്ടെ'' (മര്‍ക്കോ 8, 34).



ജോൺസൺ തളിയത്ത് സി എം ഐ മിഷൻ ബീറ്റ്സിലൂടെ മഡ്ഗാസ്കറിലെ ഓശാന എന്ന ലേഖനത്തിൽ തൻ്റെ മിഷൻ അനുഭവങ്ങൾ പങ്കുവയ്ക്കുന്നു.

 
 
 

Comments


Kairos USA

Kairos INDIA

Kairos UK

     Kairos International Inc. 700 Louisiana St, Houston, TX. USA 77002

     Kairos Media, No 8/174, Navodaya Studio Complex, Thengod P.O, Cochin, Kerala, India. Pin: 682030

     Kairos Media, St Charles Street, Sheffield S9 3WU, United Kingdom

COPYRIGHT © 2021 KAIROS MEDIA, JESUS YOUTH

bottom of page