top of page

കേള്‍ക്കാന്‍ ഒരാളെങ്കിലും ഉണ്ടായിരുന്നെങ്കില്‍ | കവര്‍‌സ്റ്റോറി |ഡോ. സെമിച്ചൻ ജോസഫ് | KAIROS MALAYALAM | JANUARY 2025

Writer: ഡോ. സെമിച്ചൻ
ഡോ. സെമിച്ചൻ
4h
2 min read

ഉള്ളില്‍ സങ്കടക്കടല്‍ ഒളിപ്പിച്ചിട്ട് സ്വയം മറന്ന് ചിരിക്കാന്‍ ശ്രമിക്കുന്നവര്‍, ആരും കാണാതെ കണ്ണ് പൊത്തി കരയുന്നവര്‍, തലയിണകളെ കൈലേസുകളായി പരിവര്‍ത്തനം ചെയ്യാന്‍ വിധിക്കപ്പെട്ടവര്‍. ചങ്ക് പറിച്ചുകൊടുത്ത് സ്‌നേഹിച്ചിട്ടും അവഗണനയും 'തേപ്പും' മാത്രം തിരിച്ച് കിട്ടിയവര്‍. ഇനിയും ചിലര്‍ ആള്‍ക്കൂട്ട ആരവങ്ങള്‍ക്കു നടുവിലും തനിയെയായി പ്പോയവര്‍, അത്തരം ഒരുപിടി ജീവിതങ്ങളെ ഈ നാളുകളില്‍ കണ്ടുമുട്ടാന്‍ ഇടവന്നു.


അവരൊക്കെ തിരിച്ച് ചോദിച്ച ചോദ്യം എന്നെ കേള്‍ക്കാന്‍ ഒരാളെങ്കിലും ഉണ്ടായിരുന്നെങ്കില്‍ എന്നതാണ്. അതെ, നമുക്ക് ആരെയും കേള്‍ക്കാന്‍ കഴിയാതായിരിക്കുന്നു. പറയാനും പ്രസംഗിക്കാനും മടിയില്ലാത്ത നാം കേള്‍വിയുടെ ജാലകങ്ങള്‍ അപരനു മുന്നില്‍ കൊട്ടിയടച്ചുകളഞ്ഞതിന്റെ പൊരുള്‍ തേടിയുള്ള യാത്ര അതീവ സങ്കീര്‍ണമാണ്.


ഏതാനും വര്‍ഷങ്ങള്‍ക്കു മുന്‍പത്തെ ആ നവംബര്‍മാസ രാത്രി എനിക്കൊരിക്കലും മറക്കാന്‍ കഴിയാത്ത ഒന്നാണ്. ഒരു ദീര്‍ഘയാത്രയുടെ ക്ഷീണംകൊണ്ട് അത്താഴം പോലും കഴിക്കാതെയാണ് ഞാനന്ന് കിടന്നത്. ഏകദേശം 11:00 മണി കഴിഞ്ഞ സമയത്ത് നിറുത്താതെയുള്ള ഫോണിന്റെ റിംഗ് കേട്ട് അല്പം ദേഷ്യപ്പെട്ടുകൊണ്ടുതന്നെ കോള്‍ അറ്റന്‍് ചെയ്തു. മറുതലക്കല്‍ ഒരു ചെറിയ തേങ്ങല്‍ മാത്രം. ഡിഗ്രിക്ക് ഒപ്പം പഠിച്ച സുഹൃത്താണ് ''നിങ്ങള്‍ ആരും ഇനിയെന്നെ കാണില്ല; ഞാന്‍ ഈ രാത്രി മരിക്കും, എനിക്കാരുമില്ല. എല്ലാരും എന്നെ തോല്പിക്കുകയാടോ'' ഇടയ്ക്കിടയ്ക്ക് മുറിഞ്ഞു പോകുന്ന വാക്കുകള്‍ ഇടവേളകള്‍ തീര്‍ക്കുന്ന ഏങ്ങലടികള്‍. വര്‍ഷങ്ങളായി ഹൃദയത്തില്‍ കൊണ്ടുനടന്ന പ്രണയം പരാജയപ്പെട്ടതിന്റെ നൊമ്പരമാണ് അയാള്‍ കരഞ്ഞുതീര്‍ത്തത്. രാവ് പുലരും വരെ നീണ്ടുനിന്ന ഫോണ്‍ കോളിന്റെ അവസാനം യാഥാര്‍ഥ്യ ബോധത്തോടെ തീരുമാനം എടുക്കാന്‍ ആ സ്‌നേഹിതന് കഴിഞ്ഞു എന്നതില്‍ ഇന്നും എനിക്ക് അഭിമാനവും സന്തോഷവുമുണ്ട്. ഞാനെഴുതുന്ന എല്ലാ കുറിപ്പുകളും വായിക്കുകയും അഭിപ്രായം രേഖപ്പെടുത്തുകയും ചെയ്യുന്ന ആ നല്ല സ്‌നേഹിതന്‍ ഇതും വായിക്കുമെന്നെനിക്കറിയാം. ഇവിടെ ഉള്ളുലഞ്ഞവന്റെ മുന്നില്‍ ഒരു നല്ല കേള്‍വിക്കാരനായിരിക്കുക എന്ന എന്റെ നിയോഗത്തിന് ഒരു ജീവന്റെ വിലയുണ്ടായിരുന്നു എന്നതാണ് സത്യം.


കേള്‍ക്കുക (hearing) എന്ന ധര്‍മം നിറവേറ്റപ്പെടുന്നത് ശിരസ്സിന്റെ രണ്ട് ഭാഗത്തായി സ്ഥിതിചെയ്യുന്ന പഞ്ചേന്ദ്രിയങ്ങളില്‍ ഒന്നായ കര്‍ണങ്ങള്‍ കൊണ്ടാണ്. ശബ്ദം തിരിച്ചറിയുക, സ്വീകരിക്കുക, ശബ്ദതരംഗങ്ങളെ ന്യൂറോണ്‍ വഴി തലച്ചോറിലേയ്ക്ക് എത്തിക്കാനുള്ള സംവിധാനങ്ങള്‍ ഒരുക്കുക എന്നതാണ് ഇവയുടെ ധര്‍മം. ഇതൊരു ശാരീരികമായ പ്രക്രിയയാണ്, വല്ലതും കേള്‍ക്കാന്‍ നമ്മള്‍ ആഗ്രഹിച്ചാലും ഇല്ലെങ്കിലും ഉപബോധ മനസ്സ് അത് ചെയ്തിരിക്കും. എന്നാല്‍ ശ്രവിക്കുക (listening) എന്നത് ബോധമനസ്സ് അറിഞ്ഞുകൊണ്ട് ചെയ്യേണ്ട ഒന്നാണ്, ഇതില്‍ ബോധപൂര്‍വം മസ്തിഷ് ക്കം കൂടെ അതിന്റെ യഥാര്‍ഥ പങ്കാളിത്തം ഏറ്റെടുക്കേണ്ടതുണ്ട്. അതുകൊണ്ടാണ് കേള്‍ക്കാന്‍ മാത്രമല്ല മനസ്സിലാക്കാനും കൂടെ കഴിയണം എന്ന് പറയുന്നത്. അതിനാല്‍തന്നെ കേള്‍വി ഒരു സങ്കീര്‍ണമായ ഒരു കലയാണ്.


''എനിക്ക് കേള്‍ക്കാന്‍ ഇഷ്ടമാണ്. ശ്രദ്ധാപൂര്‍വം കേട്ടതില്‍ നിന്ന് ഞാന്‍ ഒരുപാട് കാര്യങ്ങള്‍ പഠിച്ചു.'' കിഴവനും കടലും പോലുള്ള വിഖ്യാത കൃതികള്‍ സമ്മാനിച്ച ഏണസ്റ്റ് ഹെമിംഗ്വേയുടെ വാക്കുകളാണിത്. അപരനെ കേള്‍ക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. അപാരമായ ക്ഷമയും സഹനവും അത് നമ്മില്‍ നിന്നും ആവശ്യപ്പെടുന്നുണ്ട്. എന്നാല്‍ ഈ കഴിവ് നാം സ്വായത്തമാക്കിയാല്‍ വ്യക്തിജീവിതത്തിലും കുടുംബജീവിതത്തിലും സാമൂഹ്യ ഇടപെടലുകളിലുമൊക്കെ വിജയിക്കാന്‍ നിഷ്പ്രയാസം നമുക്ക് സാധിക്കും.


പരീശിലകനും സ്മാർട്ട് ഇന്ത്യ ഫൗണ്ടേഷൻ എന്നെ സന്നദ്ധ സംഘടനയുടെ സഹസ്ഥാപനകനുമായ ഡോ. സെമിച്ചൻ ജോസഫ് ഇപ്പോൾ ഇംഗ്ലണ്ടിൽ ജോലി ചെയ്യുന്നു.

 
 
 

Comments


Kairos USA

Kairos INDIA

Kairos UK

     Kairos International Inc. 700 Louisiana St, Houston, TX. USA 77002

     Kairos Media, No 8/174, Navodaya Studio Complex, Thengod P.O, Cochin, Kerala, India. Pin: 682030

     Kairos Media, St Charles Street, Sheffield S9 3WU, United Kingdom

COPYRIGHT © 2021 KAIROS MEDIA, JESUS YOUTH

bottom of page