top of page

കരുതലിന്റെ കാവലാള്‍ I എഡിറ്റേഴ്‌സ് റൂം I അഡ്വ. കെ.ജെ. ജോണ്‍സണ്‍ I KAIROS MALAYALAM I SEPTEMBER 2026

smithajose4
Sep 1
1 min read

ഒരിക്കല്‍ ഭക്ഷണ സമയത്ത് ദ്രനാഫിലിയുടെ വീട്ടില്‍ ദരിദ്രനായ ഒരു മനുഷ്യനെത്തി. കുട്ടികള്‍ക്കും മറ്റുള്ളവര്‍ക്കുമായി നീക്കി വച്ചിരുന്ന ഭക്ഷണത്തില്‍ നിന്ന്
ഒരു ഭാഗമെടുത്ത് ആ മനുഷ്യന് കൊടുക്കാന്‍ മകളായ ആഗ്‌നസിനെ ഏല്‍പിച്ചു. ഇതെന്തിനാണെന്ന് മകള്‍ ചോദിച്ചപ്പോള്‍, നമ്മുടെ മേശയില്‍ ഭക്ഷണമുണ്ടെങ്കില്‍ വിശക്കുന്ന ഒരാള്‍ക്ക് അതിലൊരു പങ്ക് ഉണ്ടായിരിക്കണമെന്ന് അമ്മ പറഞ്ഞു. ഈ ബാല്യകാല അനുഭവം ആഗ്‌നസിന്റെ മനസ്സില്‍ ആഴത്തില്‍ പതിഞ്ഞു. വര്‍ഷങ്ങള്‍ക്കുശേഷം അവള്‍ മദര്‍ തെരേസയായി മാറി.

എന്റെ അമ്മ ഞങ്ങളെ പഠിപ്പിച്ചത് ദരിദ്രരോട് കരുണ കാണിക്കണമെന്നു മാത്രമല്ല, അവരില്‍ ക്രിസ്തുവിനെ കാണുകയും വേണമെന്നതായിരുന്നു; എന്നാണ് അമ്മയെക്കുറിച്ചുള്ള മദര്‍ തെരേസയുടെ വാക്കുകള്‍.

ഫുട്‌ബോള്‍ ലോകകപ്പ് നേടിയ സ്‌പെയിനിന്റെ പ്രധാന കളിക്കാരനായ യമീന്‍ യമാല്‍ വിജയത്തിനുശേഷം തന്റെ വിജയത്തിന്റെ പുറകിലുള്ള വ്യക്തികളെക്കുറിച്ച് പരാമര്‍ശിച്ചപ്പോള്‍ പ്രധാനമായും ഓര്‍ത്തത് തന്റെ അമ്മയായ ഷീല എബാനയെ കുറിച്ചായിരുന്നു. ഞാന്‍ അമ്മയുടെ ഉദരത്തില്‍ ആയിരുന്നപ്പോള്‍ മരുഭൂമിയിലൂടെ അമ്മ സഞ്ചരിച്ചതും അഭയാര്‍ഥിയായി അലയുമ്പോഴും എന്റെ സ്വപ്നങ്ങളുടെ പൂര്‍ത്തീകരണത്തിനായി സ്വന്തം ആഗ്രഹങ്ങള്‍ ത്യജിച്ച്, അധ്വാനിച്ച് എന്റെ കൂടെ നില്‍ക്കുന്ന ഒരാളാണ് എന്റെ അമ്മ.

ഒരമ്മ ഒരിക്കലും വലിയൊരു വേദിയില്‍ നില്‍ക്കണമെന്നില്ല. വലിയൊരു പുരസ്‌കാരം ലഭിക്കണമെന്നില്ല. ചരിത്രത്തിന്റെ താളുകളില്‍ അവളുടെ പേര് രേഖപ്പെടുത്തണമെന്നുമില്ല. എന്നാല്‍, വിശ്വാസത്തോടും സ്‌നേഹത്തോടും ത്യാഗത്തോടും കൂടി അവള്‍ ഒരു കുഞ്ഞിനെ വളര്‍ത്തുമ്പോള്‍ ലോകത്തെ മാറ്റി മറിക്കുന്ന ഒരാളെ അവള്‍ രൂപപ്പെടുത്തുകയായിരിക്കാം.

മക്കള്‍ക്ക് അമ്മ ഒരു വികാരമാണ്. 'കമ്പിളി കണ്ടത്തെ കല്‍ഭരണികള്‍' എന്ന പുസ്തകത്തില്‍ എഴുത്തുകാരനായ ബാബു എബ്രഹാം തന്റെ അമ്മയെ സ്‌നേഹപൂര്‍വം ഓര്‍ക്കുന്നുണ്ട്. ബാല്യകാല ജീവിതത്തിലെ ദാരിദ്ര്യവും
പ്രയാസങ്ങളും നിറഞ്ഞ സാഹചര്യത്തിലും മക്കള്‍ക്കുവേണ്ടി അമ്മ സഹിച്ച ത്യാഗങ്ങളും സ്‌നേഹവും കണ്ണീരോടെയാണ് വിവരിക്കുന്നത്.

അമ്മയുടെ സ്‌നേഹവും കരുതലും സങ്കടങ്ങളും കണ്ടാണ് ക്രിസ്തു വളര്‍ന്നത്. വേദനയുടെ പാരമ്യത്തില്‍, കുരിശില്‍ മരണാസന്നനായി കിടക്കുമ്പോള്‍ ക്രിസ്തു അവസാനമായി പറഞ്ഞേല്‍പിക്കുന്ന കാര്യമോര്‍ക്കാം. ഇതാ നിന്റെ അമ്മയെന്ന് യോഹന്നാനോടും ഇതാ നിന്റെ മകനെന്ന് മറിയത്തോടും പറയുകയായിരുന്നു. അപ്പോള്‍ മുതല്‍ ആ ശിഷ്യന്‍ അവളെ സ്വന്തം ഭവനത്തില്‍ സ്വീകരിച്ചു.

മറിയം നമ്മുടെ കുടുംബത്തില്‍ കാവലായി, കരുതലായി ഇന്നും നിലകൊള്ളുന്നു.






അഡ്വ. കെ.ജെ. ജോണ്‍സണ്‍


എഡിറ്റര്‍-ഇന്‍-ചീഫ്‌





 
 
 

Comments


Kairos USA

Kairos INDIA

Kairos UK

     Kairos International Inc. 700 Louisiana St, Houston, TX. USA 77002

     Kairos Media, No 8/174, Navodaya Studio Complex, Thengod P.O, Cochin, Kerala, India. Pin: 682030

     Kairos Media, St Charles Street, Sheffield S9 3WU, United Kingdom

COPYRIGHT © 2021 KAIROS MEDIA, JESUS YOUTH

bottom of page