കർട്ടൻ വീഴുമ്പോൾ | കവര്‍സ്റ്റോറി | സുജമോൾ ജോസ് | KAIROS MALAYALAM | JUNE 2025


കവി റഫീഖ് അഹമ്മദിന്റെ ഈ വരികള്‍ നമുക്ക് സുപരിചിതമാണ്. മരണത്തെ മുഖാമുഖം കണ്ട ഒരാളുടെ ഒടുവിലത്തെ ആഗ്രഹം വളരെ മനോഹരമായി കവി അവതരിപ്പിച്ചിട്ടുണ്ട്. ഇത് വായിക്കുമ്പോള്‍ തോന്നുന്ന ഒരു ചിന്തയുണ്ട്. ജീവിക്കുന്ന നല്ല പ്രായത്തില്‍, ഇത്തരം ആഗ്രഹങ്ങള്‍ക്ക് നമ്മള്‍ എത്രമാത്രം
പ്രാധാന്യം നല്‍കാറുണ്ട്? ജീവിതത്തിന്റെ നെട്ടോട്ടത്തില്‍ പലപ്പോഴും ഇത്തരം ആഗ്രഹങ്ങള്‍ പോലും നഷ്ടപ്പെട്ടവരായിരിക്കും ഭൂരിഭാഗവും. എന്നെന്നോ, എത്ര നാളത്തേക്കെന്നോ അറിയാത്ത ഈ ഹ്രസ്വജീവിതം ജീവിക്കാന്‍ മറന്നു പോകുന്നവരാണ് ഭൂരിഭാഗവും. മരണമെന്ന നിത്യസത്യം തലയ്ക്കു മീതെ ഉള്ളപ്പോഴും അതിനെക്കുറിച്ച് ചിന്തിക്കാതെ ജീവിക്കാനാകുന്നു എന്നത് മനുഷ്യനെ സംബന്ധിച്ചുള്ള വലിയൊരു വിസ്മയം തന്നെയാണ്.
'മരണം വരുമൊരു നാള്‍ ഓര്‍ക്കുക മര്‍ത്യാ, നീ കൂടെ പോരും നിന്‍ ജീവിത ചെയ്തികളും...' ഓരോ മൃതസംസ്‌കാര വേളയിലും കര്‍ണപുടങ്ങളില്‍മുഴങ്ങുന്ന ഈ വരികള്‍ ഒരു ചെവിയിലൂടെ കേട്ട് മറുചെവിയിലൂടെ പുറത്തേക്കു പോകുന്നു എന്നതാണ് ദുഃഖസത്യം. നമ്മുടെ ബോധ്യങ്ങളിലേക്ക് ഈ ചിന്ത കടന്നു വന്നിരുന്നെങ്കില്‍ എന്നേ ഈ ലോകം നന്നായേനെ. മറ്റുള്ളവരെ സ്‌നേഹിക്കണമെങ്കില്‍, അവരെ മനസ്സിലാക്കണമെങ്കില്‍, മറ്റുള്ളവര്‍ക്ക് നന്മ ചെയ്യണമെങ്കില്‍, ജീവിച്ചിരിക്കുമ്പോള്‍ മാത്രമേ സാധിക്കൂ. ജീവിച്ചിരിക്കുമ്പോള്‍ നല്‍കാന്‍ കഴിയാത്ത സ്‌നേഹവും കരുതലും നല്ല വാക്കുകളും മരണം പോലെതന്നെ നിര്‍ജീവമാണ്. മുകളിലേക്ക് എടുക്കുന്ന ശ്വാസം കീഴ്‌പ്പോട്ട് വന്നില്ലെങ്കില്‍, താഴേക്ക് വന്നശ്വാസം മുകളിലേക്ക് എടുക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ അവിടെ തീരുന്നു ഒരു ഹ്രസ്വജീവന്‍. ആ ജീവന്റെയും ജീവിതത്തിന്റെയും പേരിലാണ് നമ്മള്‍ അഹങ്കരിക്കുന്നത്. രാജ്യങ്ങള്‍ വെട്ടിപ്പിടിക്കുന്നത്, ഉറ്റവരെയും ഉടയവരെയും കണ്ടില്ലെന്നു നടിക്കുന്നത്, അര്‍ഹതപ്പെട്ടവന് നേരെ മുഖംതിരിക്കുന്നത്, അധികാരത്തിനും സ്ഥാനമാനത്തിനും വേണ്ടി എന്തും ചെയ്യാന്‍ മടിക്കാത്തത്, ഒരുപിടി മണ്ണിനുവേണ്ടി ഒരേ ഗര്‍ഭപാത്രത്തില്‍ നിന്നും വന്ന സഹോദരങ്ങളെ ചതിക്കുന്നത്,.. ജീവിതപങ്കാളിയെ വഞ്ചിക്കുന്നത്,.. മാതാപിതാക്കളെ ഇല്ലാതാക്കുന്നത്,.. ഇങ്ങനെ പോകുന്നു സ്വാര്‍ഥതയുടെയും വെട്ടിപ്പിടിക്കലിന്റെയും യാത്ര.
'ആപ്പിളി'ന്റെ സ്ഥാപകനും സി.ഇ.ഒ.യുമായ സ്റ്റീവ് ജോബ്‌സ് തന്റെ അന്ത്യനാളുകളില്‍ കുറിച്ചിട്ട വാക്കുകള്‍ ഓര്‍ക്കുന്നത് നല്ലതായിരിക്കും. തന്റെ അമ്പത്താറാമത്തെ വയസ്സില്‍ ലോകം ഉപേക്ഷിച്ചു പോകേണ്ടി വന്നപ്പോള്‍ എഴുതിയ ഈ കുറിപ്പ് ലോകം മുഴുവന്‍ വിജയി എന്ന് പാടിയവന്റെ പരാജയത്തിന്റെ കഥ പറയുന്നു.
'ഞാന്‍ കച്ചവട സാമ്രാജ്യത്തില്‍ വിജയത്തിന്റെ കൊടുമുടി കയറി. മറ്റുള്ളവരുടെ നോട്ടത്തില്‍ എന്റെ ജീവിതം വലിയ വിജയം തന്നെ. എന്നാല്‍, ജോലിക്ക് പുറത്ത് സന്തോഷം എന്തെന്ന് ഞാന്‍ അറിഞ്ഞില്ല. ആത്യന്തികമായി, സമ്പത്ത് ആര്‍ജിക്കുക എന്നത് എന്റെ ജീവിതത്തിന്റെ ഭാഗമായി മാറി. ആശുപത്രിയില്‍, മരണക്കിടക്കയില്‍ കിടന്നുകൊണ്ട് എന്റെ മൊത്തം ജീവിതത്തെ പുനര്‍വിചിന്തനം ചെയ്യുമ്പോള്‍, ഞാന്‍ മനസിലാക്കുന്നു, ഞാന്‍ അഭിമാനിച്ചിരുന്ന എന്റെ സമ്പത്തും അംഗീകാരങ്ങളുമെല്ലാം മങ്ങിപ്പോയിരിക്കുന്നു. അതെല്ലാം ആസന്നമായ മൃത്യുവിന്റെ മുന്നില്‍ അപ്രസക്തമായിരിക്കുന്നു.
വാഹനം ഓടിക്കാന്‍ ഒരു ഡ്രൈവറെയോ, പണമുണ്ടാക്കാന്‍ ആരെയെങ്കിലുമോ നിങ്ങള്‍ക്ക് നിയമിക്കാന്‍ സാധിക്കും. രോഗങ്ങളോ, വേദനകളോ സഹിക്കുവാനോ, നിങ്ങള്‍ക്ക് വേണ്ടി മരിക്കുവാനോ ആരെയും നിയമിക്കാനാവില്ല. നഷ്ടപ്പെട്ട ഒരു വസ്തു നിങ്ങള്‍ക്ക് തേടി കണ്ടു പിടിക്കാം. എന്നാല്‍, നഷ്ടപ്പെട്ട ഒന്നുമാത്രം നിങ്ങള്‍ക്ക് വീണ്ടും തേടി കണ്ടുപിടിക്കാനാവില്ല. അതാണ് ജീവിതം.
നിങ്ങള്‍ ഇപ്പോള്‍ ജീവിതത്തിന്റെ ഏതു ഘട്ടത്തില്‍ ആണെങ്കിലും ഒരിക്കല്‍ ജീവിതത്തിന്റെ കര്‍ട്ടന്‍ വീഴുന്ന ദിവസം അഭിമുഖീകരിക്കേണ്ടി വരും. അതുകൊണ്ട് കുടുംബം, ഇണ, കുട്ടികള്‍, സുഹൃത്തുക്കള്‍... അവരോടെല്ലാം നന്നായി പെരുമാറുക. നമുക്ക് പ്രായം കൂടി വരുന്ന സമയത്ത് നമ്മള്‍ പതുക്കെ മനസ്സിലാക്കി തുടങ്ങുന്നു...'
300 ഡോളറിന്റെ വാച്ചും, 30 ഡോളറിന്റെ വാച്ചും കാണിക്കുന്നത് ഒരേ സമയം തന്നെയാണെന്ന സത്യം.
300 ഡോളറിന്റെ പണസഞ്ചിയോ, ചെറിയ പേഴ്‌സോ കൊണ്ടുനടന്നാലും അതിലുള്ള തുകയ്ക്ക് മാറ്റം വരുന്നില്ല എന്ന കാര്യം. ഒന്നര ലക്ഷം ഡോളറിന്റെ വാഹനമോ, മുപ്പതിനായിരം ഡോളറിന്റെ വാഹനമോ ഉപയോഗിച്ചാലും വഴിയും അകലവും ഒന്നായിരിക്കും. രണ്ടും നിങ്ങളെ ഒരേപോലെ ലക്ഷ്യസ്ഥാനത്തെത്തിക്കുന്നുവെന്നും 1000 ഡോളറിന്റെ മദ്യം കഴിച്ചാലും, 10 ഡോളറിന്റെ മദ്യം കഴിച്ചാലും, രണ്ടും തലയ്ക്ക് പിടിക്കുന്നത് ഒരേപോലെ ആയിരിക്കും.
താമസിക്കുന്ന വീട് ചെറുതായാലും, വലുതായാലും അനുഭവിക്കുന്ന ഏകാന്തത ഒരേപോലായിരിക്കും.ആന്തരിക സന്തോഷം ഭൗതിക വസ്തുക്കളുമായി ബന്ധപ്പെട്ടല്ല സ്ഥിതി ചെയ്യുന്നത് എന്ന സത്യം നമ്മള്‍ തിരിച്ചറിയുന്നു. ഫസ്റ്റ് ക്ലാസ്സില്‍ സഞ്ചരിച്ചാലും, സാധാരണ സീറ്റില്‍ യാത്രചെയ്താലും വിമാനം തകര്‍ന്നാല്‍ നിങ്ങള്‍ വീഴുന്നത് ഒരേ താഴ്ചയിലേക്കായിരിക്കും അതുകൊണ്ട് തിരിച്ചറിയുക, നിങ്ങള്‍ക്ക് സംസാരിക്കാന്‍ സുഹൃത്തുക്കള്‍, സഹോദരീസഹോദരന്മാര്‍ ഉള്ളപ്പോള്‍ അവരോടൊത്ത് ചിരിക്കുക, കളിക്കുക, സംസാരിക്കുക, പാട്ട് പാടുക... അതാണ് ജീവിതത്തിലെ യഥാര്‍ഥ സന്തോഷം... ജീവിതത്തിലെ അനിഷേധ്യമായ സത്യം... നിങ്ങളുടെ മക്കളെ സമ്പന്നരാകാന്‍ പഠിപ്പിക്കരുത്. അവരെ സന്തോഷമായിരിക്കുവാന്‍ പഠിപ്പിക്കുക. അങ്ങനെ വളര്‍ന്നു വരുമ്പോള്‍ അവര്‍ വസ്തുക്കളുടെ വിലയല്ല, മൂല്യം മനസ്സിലാക്കും. അപ്പോള്‍ ജീവിതം സുന്ദരമാകും...!
മരണം എന്ന യാഥാര്‍ഥ്യത്തെ ഉള്‍ക്കൊണ്ട് മുന്നില്‍ക്കണ്ട് ജീവിക്കാന്‍ കഴിഞ്ഞാല്‍ നമ്മുടെയൊക്കെ ജീവിതം സുന്ദരമാകും എന്നതില്‍ സംശയമില്ല. മരണം എന്നത് നമ്മെ ഭയപ്പെടുത്തേണ്ടതോ, ഉറക്കം കളയേണ്ടതോ ആയ ഒരു വസ്തുതയല്ല. സൃഷ്ടി സ്രഷ്ടാവിലേക്ക് മടങ്ങുന്ന മനോഹരമായ നിദ്രയാണത്. ഒടുവിലെ ആ യാത്രയ്ക്ക് ഒരുക്കമുള്ളവരായിരിക്കുക എന്നതാണ് പ്രധാനം. ഒരാളുടെ ജീവിതം അടയാളപ്പെടുത്തുന്നത് അയാളുടെ മരണത്തിലൂടെയാണ്. സ്വര്‍ഗം ലക്ഷ്യമാക്കി നീങ്ങുന്ന നാം സ്വര്‍ഗോന്മുഖരായിതന്നെ ജീവിക്കേണ്ടതുണ്ട്. നന്മനിറഞ്ഞ ജീവിതത്തിലൂടെയാണ് നമുക്ക് സ്വര്‍ഗം കൈവരിക്കാന്‍ ആവുക എന്ന് നമുക്കെല്ലാം അറിയാം. പൗലോസ് ശ്ലീഹ പറഞ്ഞതുപോലെ മരണം എനിക്കും നിനക്കും ഒരു നേട്ടമായി മാറണമെങ്കില്‍ ജീവിതത്തില്‍ യേശുവിനെ സ്വന്തമാക്കണം. യേശുവിനൊപ്പം യേശുവിന്റെ പാതയില്‍ ചരിക്കാന്‍ കഴിയുമ്പോള്‍ മാത്രമാണ് നാം യേശുവിന്റെ സ്വന്തമായി തീരുക. 'ദൈവത്തോടു ചേര്‍ന്നുനില്‍ക്കുക അവിടന്ന് നിങ്ങളോടും ചേര്‍ന്നുനില്‍ക്കും' എന്ന യാക്കോബ് ശ്ലീഹായുടെ വാക്കുകള്‍ ഓര്‍ക്കാം. ദൈവത്തോടു ചേര്‍ന്നു നില്‍ക്കുന്നവരാകുമ്പോള്‍ നാം സ്വര്‍ഗത്തോടും ചേര്‍ന്നു നില്‍ക്കുന്നവരാകും. നമ്മുടെ ജീവിതം ഒരുക്കമുള്ളതായിരിക്കും.
''മരണത്തിന്റെ നിഴല്‍വീണതാഴ്‌വരയിലൂടെയാണുഞാന്‍ നടക്കുന്നതെങ്കിലും, അവിടന്നു കൂടെയുള്ളതിനാല്‍ഞാന്‍ ഭയപ്പെടുകയില്ല; അങ്ങയുടെ ഊന്നുവടിയും ദണ്ഡും എനിക്ക് ഉറപ്പേകുന്നു'' (സങ്കീ 23, 4). സങ്കീര്‍ത്തകന്‍ പറയുന്നതുപോലെ നമ്മുടെ ജീവിതം മരണത്തിന്റെ നിഴല്‍ വീണ താഴ്‌വരയിലൂടെയാണെന്ന് യാഥാര്‍ഥ്യം നമുക്ക് ഓര്‍ക്കാം. ആ യാഥാര്‍ഥ്യത്തില്‍ നമ്മുടെ ജീവിതത്തെ മുന്നോട്ടു നയിക്കാം. ഭയം കൂടാതെ അവിടത്തെ ഊന്നുവടിയിലും ദണ്ഡിലും ആശ്രയിക്കാം. മരണത്തെ ജയിച്ചവന്‍ നമ്മോടൊപ്പം ഉണ്ട്. 'കര്‍ത്താവിന്റെ മടിയില്‍ ശാന്തമായി ഉറങ്ങുന്ന കുഞ്ഞിനെ പോലെ മരണത്തെ പുല്‍കാന്‍ നമുക്ക് സാധിച്ചിരുന്നെങ്കില്‍! തന്റെ പ്രിയപ്പെട്ടവരുടെ മരണം അവിടത്തേക്ക് അമൂല്യമാണ്. മരണംവരെയും ആരെയും ഭാഗ്യവാന്മാര്‍ എന്ന് വിളിക്കരുത്. മരണത്തിലൂടെയാണ് മനുഷ്യനെ അറിയുക എന്ന് വേദപുസ്തകം പറയുന്നുണ്ടല്ലോ. മരണത്തിന്റെ വിനാഴിക ശാന്തമായി താണ്ടാന്‍ കഴിയുന്നതില്‍പരം ഭാഗ്യം മറ്റൊന്നില്ല എന്ന് ഈ വചനഭാഗം ഓര്‍മിപ്പിക്കുന്നു. ലോകത്തിന്റെ നേട്ടങ്ങളിലും സുഖങ്ങളിലും മുഴുകി ജീവിച്ച്, ഒടുവില്‍ ദൈവത്തിന്റെ സ്‌നേഹം തിരിച്ചറിഞ്ഞ് ദൈവത്തോടു ചേര്‍ന്ന് ജീവിച്ച ധന്യയായ ക്ലെയര്‍ ക്രോക്കറ്റ് ദൈവത്തെ പാടി സ്തുതിച്ചുകൊണ്ട് ഈ ലോകത്തില്‍ നിന്ന് പോയതുപോലെ പാടിക്കൊണ്ടു പോകാന്‍ നമുക്ക് സാധിക്കുമോ!?
ഈയടുത്ത നാളില്‍ എന്റെ പപ്പ സ്വര്‍ഗത്തിലേക്ക് പോയപ്പോള്‍ ഒരാള്‍ അടുത്തുവന്നു പറഞ്ഞു: 'ഇനിയും സങ്കടപ്പെടരുത്, എന്റെ ജീവിതത്തില്‍ ഞാന്‍ ആദ്യമായിട്ടാണ് ഇത്ര മനോഹരമായി ഒരാള്‍ മരിച്ചത് കാണുന്നത്. തീര്‍ച്ചയായും പപ്പ സ്വര്‍ഗത്തില്‍ ഉണ്ടെന്നതിന്റെ അടയാളമാണ് പപ്പയുടെ മരണം' എന്ന്. കൊതിപ്പിക്കുന്ന മരണം എന്ന് അദ്ദേഹം വിശേഷിപ്പിച്ചപ്പോള്‍ ഇതുപോലെ മരിക്കാനുള്ള ഭാഗ്യം തരണമെന്ന് ഉള്ളുരുകി പ്രാര്‍ഥിച്ചു. നന്മരണ മധ്യസ്ഥനായ വി. യൗസേപ്പിതാവിന്റെ നാമം പേറിയ പപ്പ നന്മരണത്തിനു വേണ്ടി പ്രാര്‍ഥിക്കുമായിരുന്നു. പ്രത്യേകിച്ച് രോഗമോ, രോഗ ലക്ഷണങ്ങളോ ഒന്നുമില്ലാത്തപ്പോഴും 'എന്റെ സമയം ആയിക്കൊണ്ടിരിക്കുന്നു' എന്ന് പറഞ്ഞ് സ്വയം ഒരുങ്ങിയും ചെയ്യേണ്ട കാര്യങ്ങളെക്കുറിച്ചും ജീവിതത്തെക്കുറിച്ചും വ്യക്തമായ പാഠങ്ങള്‍ പറഞ്ഞു തന്നും എന്റെ പ്രിയപ്പെട്ട പപ്പ കടന്നുപോയി.
'മറ്റുള്ളവര്‍ പുറമേ നിന്ന് നമ്മെ കാണുന്നു. അവരെന്തും പറഞ്ഞുകൊള്ളട്ടെ. കര്‍ത്താവ് ഹൃദയം പരിശോധിക്കുന്നു.. കര്‍ത്താവിന് സത്യം അറിയാം.. അതുകൊണ്ട് മറ്റുള്ളവരെ പ്രീതിപ്പെടുത്താനോ, തൃപ്തിപ്പെടുത്താനോ ശ്രമിക്കാതെ കര്‍ത്താവിനെ പ്രീതിപ്പെടുത്തി ജീവിക്കുക' ഇങ്ങനെ അവസാന പാഠം ചൊല്ലി തന്ന് ഒരു പൂവിന്റെ ഇതള്‍ കൊഴിയുന്നതുപോലെ പോയി. ഓരോ ജീവിതവും മരണവും ഓരോ പാഠപുസ്തകങ്ങളാണ്. ചുറ്റുമൊന്ന് കണ്ണോടിച്ചാല്‍ ആഴത്തില്‍ ഒന്ന് ജീവിതങ്ങളെയും മരണങ്ങളെയും വിലയിരുത്തിയാല്‍ എളുപ്പത്തില്‍ പഠിക്കാന്‍ കഴിയുന്ന പാഠം. ഈ പരീക്ഷ എല്ലാവരും എഴുതിയേ തീരൂ. എ പ്ലസോടെ സ്വര്‍ഗം സ്വന്തമാക്കാന്‍ നമുക്ക് പരിശ്രമിക്കാം.

കൗണ്‍സിലിങ് സൈക്കോളജിസ്റ്റും മോട്ടിവേഷണല്‍ ട്രെയിനറുമായ സുജമോള്‍ ജോസ് ജീസസ് യൂത്ത് എറണാകുളം സോണല്‍ ടീന്‍സ് മിനിസ്ട്രി എല്‍ഡറാണ്. ഭര്‍ത്താവ് സിജു, മൂന്ന് മക്കള്‍.



Comments