കലുഷിതമായ സാഹചര്യങ്ങളിലെ സാക്ഷ്യജീവിതം | ഫ്രം ദി ഹാര്‍ട്ട് | ഡോ. എഡ്‌വേര്‍ഡ് എടേഴത്ത് | KAIROS MALAYALAM | FEBRUARY 2025


ഈ പുതു വര്‍ഷത്തെ ആദ്യ പ്രാര്‍ഥനാ മീറ്റിങ്ങില്‍ വിചിന്തനത്തിന് എടുത്തത് വിശുദ്ധ മത്തായിയുടെ സുവിശേഷത്തിന്റെ ആദ്യഭാഗമാണ്. വി. യൗസേപ്പിതാവായിരുന്നു പ്രധാന
ചര്‍ച്ചാ വിഷയം. ദൈവത്തിന്റെ വലിയ പദ്ധതികളെക്കുറിച്ച് അദ്ദേഹത്തിന് അറിവും അതില്‍ ഉറച്ച വിശ്വാസവും ഒക്കെയുണ്ടായിരുന്നു. പക്ഷേ അദ്ദേഹവും കുടുംബവും കടന്നുപോയത് ഏറെ കലുഷിതമായ അവസ്ഥയിലൂടെ ആയിരുന്നു. എങ്ങനെയാകും യൗസേപ്പിതാവ് ഇതിനോട് പ്രതികരിച്ചത്?
പിന്നീടുള്ള ചര്‍ച്ച ഇന്നത്തെ യുവാക്കളുടെ രീതികളെ കുറിച്ചായി. അടുത്തയിടെ വര്‍ധിച്ചുവരുന്ന യുവജന ആത്മഹത്യകളെപ്പറ്റി ഒരാള്‍ സൂചിപ്പിച്ചു. ഇടവകയിലെ നേതൃനിരയിലെ നല്ല ഒരു പെണ്‍കുട്ടി ജീവനൊടുക്കിയത് അനേകരെ അമ്പരപ്പിച്ചു. മറ്റൊരാള്‍ പറഞ്ഞു: ''വളരെയധികം പ്രാര്‍ഥനയോടെയും തയ്യാറെടുപ്പോടെയും ഞങ്ങള്‍ ഒരു നല്ല വാരാന്ത്യപരിപാടി ആസൂത്രണം ചെയ്തു. പക്ഷേ യുവാക്കളുടെ പ്രതികരണം പൂജ്യം. ടീം മുഴുവന്‍ ഏറെ അസ്വസ്ഥരായി.'' അങ്ങനെ പല കഥകളും ഓരോരുത്തരായി പങ്കുവച്ചു. എല്ലാം ഇന്നത്തെ യുവജന സംസ്‌കാരത്തിന്റെ ഇരുണ്ട ചിത്രങ്ങള്‍. മാത്രമല്ല സാഹചര്യങ്ങള്‍ വീണ്ടും പെട്ടെന്ന് മാറി മറിയുകയാണ്.
നാം തേടുന്നത് ചിട്ടയും സുരക്ഷിതത്വവും
ആകാശം ഇരുണ്ടു കാറ്റും മഴയും തുടങ്ങുമ്പോള്‍ നാമെല്ലാം സുരക്ഷിതമായ അഭയ ഇടങ്ങള്‍ തേടും. കാലാവസ്ഥയുടെ കാര്യത്തില്‍ മാത്രമല്ല അനുദിന ജീവിതത്തിലും ഇങ്ങനെ തന്നെയാണ്. ഒരു പുതിയ നാട്ടില്‍ എത്തുമ്പോള്‍ നാം തേടുന്ന സുരക്ഷിത ഇടം കുറച്ച് സൗഹൃദങ്ങളും ഒരു കൂട്ടായ്മയും ഒക്കെയാകും. ഒരു പുതിയ സ്‌കൂളിലോ ജോലി സ്ഥലത്തോ ഒക്കെ യുവാക്കള്‍ ഹൃദ്യമായ കൂട്ടായ്മകള്‍ തേടും. ഏത് അവ്യക്തതയും നമുക്കസഹ്യമാണ്. രസകരമെന്നു പറയട്ടെ, ആത്മീയ മേഖലയിലും അവ്യക്തതയില്‍ നിന്നുള്ള ഓടിയകലല്‍ സാധാരണമാണ്. അവ്യക്തതകളുടെ ലോകത്ത് ചിട്ടയും സുരക്ഷിതത്വവും ഒരുക്കുന്ന ഒന്നാണ് നമ്മുടെ ആത്മീയത. അത് ഒട്ടും മോശമല്ല, ഒരു നല്ല കാര്യം തന്നെ. പക്ഷേ ചിലപ്പോഴെങ്കിലും നമ്മള്‍ അതിനപ്പുറം പോകുന്ന ഒരാധ്യാത്മികത സ്വീകരിക്കേണ്ടി വരും.
എന്നാല്‍ ഒന്നോര്‍ക്കണം, ചിട്ടയും സുരക്ഷിതത്വവും തേടുന്നത് അമിത പ്രാധാന്യം നേടിയാല്‍ പിന്നെ അതിനുള്ള പ്രവര്‍ത്തന പരതയും പരക്കം പാച്ചിലും നമ്മെ ഗ്രസിക്കും. ജീവിതത്തിലും ചുറ്റുപാടുമുള്ള അവ്യക്തതകള്‍ അംഗീകരിക്കാന്‍ മടിക്കും. യൗസേപ്പിതാവും മാതാവുമെല്ലാം ജീവിതത്തില്‍ വന്‍തിരകള്‍ പോലെ ഉയര്‍ന്ന ക്രമരാഹിത്യത്തിനു മുന്നില്‍ ശാന്തമായി നിലകൊണ്ടു. വിശ്വാസത്തിന്റെ വലിയ അടയാളം അതുതന്നെ. പിന്നെ മറ്റൊന്നു കൂടെയുണ്ട്. ചിട്ടകളുടെ ശീലങ്ങളിലുളള ഊന്നല്‍ കൂടിയാല്‍ കുത്തഴിഞ്ഞ ഇന്നത്തെ സംസ്‌കാരത്തില്‍ ജീവിക്കുന്നവരെ അവജ്ഞയോടെ കാണാനുള്ള സാധ്യത വര്‍ധിക്കും. മിക്കവാറും യുവജന പ്രവര്‍ത്തനങ്ങളുടെ വലിയ തടസ്സം ഇതാണ്. നമ്മുടെ ആധ്യാത്മികതയുടെ കേന്ദ്രം ക്രിസ്തുവും അവന്റെ ബന്ധങ്ങളുടെ ശൈലിയുമാണോ അതോ ക്രമവും ചിട്ടയും മാത്രമാണോ എന്ന് ചിന്തിക്കുന്നത് നന്നായിരിക്കും.
നിയമങ്ങളുടെയും ആചാരങ്ങളുടെയും അതിരുകള്‍ക്കുള്ളില്‍ സുരക്ഷിതമായ ഈ ആത്മീയതയെ യേശുനാഥന്‍ വെല്ലുവിളിച്ചു. നഷ്ടപ്പെട്ട ആടുകളുടെ കുത്തഴിഞ്ഞ ലോകത്തേക്ക് കടന്നു ചെല്ലുകയും തന്റെ അനുയായികളെ ആ ലോകത്തേക്ക് അവിടന്ന് അയയ്ക്കുകയും ചെയ്തു. മത്തായി 9-ാം അധ്യായം ഇത് നന്നായി വിവരിക്കുന്നു. യേശു നഗരങ്ങളിലും ഗ്രാമങ്ങളിലും ചുറ്റിനടന്നു. ജനക്കൂട്ടത്തെ കാണുകയും അവരുമായി ഇടപഴകുകയും അവരോട് യേശുവിന് സഹതാപം തോന്നുകയും ചെയ്തു. അവര്‍ നിസ്സഹായരും പരിഭ്രാന്തരുമായിരുന്നു. എന്നാല്‍ ഇത് വലിയൊരു അവസരമായും ഒരു വിളവെടുപ്പായും അദ്ദേഹം കണ്ടു. കുത്തഴിഞ്ഞ ഈ ലോകത്തില്‍ നിന്ന് രക്ഷപ്പെടാനല്ല, മറിച്ച് ആ കുഴപ്പം നിറഞ്ഞ ലോകത്ത് പ്രവര്‍ത്തിക്കാന്‍ വേലക്കാരെ അയക്കാന്‍ പ്രാര്‍ഥിക്കാനാണ് യേശു ആവശ്യപ്പെട്ടത്.
രൂപരഹിതവും കലുഷിതവുമായ ലോകത്തിന് സമീപസ്ഥരാകാന്‍
ഒരു യുവജന പരിശീലന പരിപാടിയുടെ പ്ലാനിങ് ചര്‍ച്ച മീറ്റിംഗ് ഓര്‍ക്കുന്നു. ക്ലാസ്സുകളും മറ്റു സെഷനുകളും എല്ലാം ഒരുങ്ങി. പക്ഷേ യുവാക്കള്‍ക്ക് ഇത് എത്രമാത്രം സ്വീകാര്യമാകും? തുടര്‍ന്ന് അതായി ചര്‍ച്ച 'ഒരു ലക്ഷ്യവുമി ല്ലാത്ത ഈ ചെറുപ്പക്കാര്‍. ആ ഉഴപ്പന്മാരൊന്നും കൃത്യസമയത്ത് എത്തുക പോലുമില്ല.'
ചുരുക്കത്തില്‍ ആ വലിയ പദ്ധതികളും യുവാക്കളുടെ കുത്തഴിഞ്ഞ അവസ്ഥയും തമ്മിലുള്ള വലിയ അന്തരം ഏറെ വ്യക്തമായിരുന്നു. എന്നാല്‍ കുറ്റം ചെറുപ്പക്കാര്‍ക്ക്, അല്ലാതെ അവരില്‍ നിന്ന് ഏറെ ദൂരെ നില്‍ക്കുന്ന നേതാക്കള്‍ക്കല്ല. എന്നാല്‍ ഫ്രാന്‍സിസ് മാര്‍പാപ്പയുടെ വാക്കുകളില്‍, 'ആശയങ്ങളേക്കാള്‍ പ്രധാനം യാഥാര്‍ഥ്യങ്ങളാണ്.' ഞാന്‍ അവരോട് പറയാന്‍ ശ്രമിച്ചത് ഇതായിരുന്നു, മുന്‍കാലങ്ങളിലോ മറ്റ് സ്ഥലങ്ങളിലോ നന്നായി പ്രവര്‍ത്തിച്ച ആശയങ്ങളും പദ്ധതികളും ഇവിടെ പ്രസക്തമാകണമെന്നില്ല. അവരുടെ ശ്രദ്ധ സുന്ദരമായ പരിപാടികള്‍ ഒരുക്കുന്നതിലായിരുന്നു. എന്നാല്‍ ക്രമരഹിതമായ സാഹചര്യങ്ങളിലെ യുവാക്കളുമായി അവര്‍ ഏറെ അകലെത്തന്നെ. അത് ഏറെ കഷ്ടവുമാണ്.
നമ്മില്‍ മിക്കവര്‍ക്കും, സുവിശേഷ പ്രവര്‍ത്തനം എന്നാല്‍ പരിചിതമായ വിഷയങ്ങളും എല്ലാവരും പിന്തുടരുന്ന രീതികളുമാണ്. യുവജന പരിപാടികളും മിക്കവാറും പരിചിതമായ ക്ലാസ്സുകളും പരിപാടികളുടെ ശൈലികളും ഒക്കെയാണ്. എന്നാല്‍ എങ്ങനെയോ, പുതിയ തലമുറയ്ക്ക്, ഇവ അത്ര ഫലപ്രദമല്ലെന്ന് തോന്നുന്നു. കാരണം ഇന്നലെകള്‍ കടന്നുപോയി, ഇന്നത്തെ ലോകം തികച്ചും വ്യത്യസ്തവും പുതിയതുമാണ്.
ഇവിടെ ഒരു നല്ലകാര്യം, ജീസസ് യൂത്തിന്റെ ചിട്ട കുറഞ്ഞ രീതികളാണ്. സംഘടിത പ്രവര്‍ത്തനത്തില്‍ പിന്നോക്കമായ ജീസസ് യൂത്തിന്റെ ശൈലി ഇന്നത്തെ ദ്രുത മാറ്റങ്ങളുടെ നടുവില്‍ ഏറെ നല്ലതാണ്. യുവാക്കളുടെ ഒരു ചെറിയ ഒത്തുചേരല്‍ ആസൂത്രണം ചെയ്യുമ്പോള്‍ പോലും, കുറെ ചോദ്യങ്ങളുമായി അവര്‍ ഒരുമിച്ചു കൂടും: ആരാണ് വരാന്‍ പോകുന്നത്? കര്‍ത്താവ് എന്താണ് ആഗ്രഹിക്കുന്നത്? നാം എന്തുചെയ്യണം? സാധ്യമെങ്കില്‍, ഒരിക്കലും പരീക്ഷിക്കാത്ത ചില വിഷയങ്ങളും സമീപനങ്ങളും അവര്‍ ശ്രമിച്ചു നോക്കും. പലപ്പോഴും, ദൈവാത്മാവ് അവിടെ നന്നായി പ്രവര്‍ത്തിക്കുകയും ചെയ്യും.
സൗഹൃദം, ആഘോഷം, കൂട്ടായ്മ, മിഷന്‍
വര്‍ഷങ്ങള്‍ക്ക് മുമ്പ് ക്യാമ്പസുകള്‍ ഏറെ കലുഷിതമായി വിദ്യാര്‍ഥികളുടെ ഇടയിലെ പ്രവര്‍ത്തനം എങ്ങനെ മുന്നോട്ടുപോകും എന്ന അവ്യക്തത വളരുന്ന സമയത്താണ് ജീസസ് യൂത്ത് ക്യാമ്പസ് മിനിസ്ട്രി രൂപപ്പെട്ടത്. ഒരു പ്രശസ്ത സംഗീത ഗ്രൂപ്പിന് വലിയ സമ്മേളനങ്ങളിലൊന്നില്‍ എത്താനാവാതെ വിഷമിച്ച സാഹചര്യത്തിലാണ് റെക്‌സ് ബാന്‍ഡ് ജന്മമെടുത്തത്. മുന്നേറ്റത്തിന്റെ അസ്തിത്വം തന്നെ ചോദ്യംചെയ്യപ്പെട്ട ഒരു വഴിത്തിരിവിലാണ് ജീസസ് യൂത്തിന് സഭയുടെ കാനോനിക അംഗീകാരം ലഭിച്ചത്. പഴയ രീതികള്‍ ശരിയാകാതെ വരുമ്പോഴും, വലിയ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനെക്കുറിച്ച് ആശയക്കുഴപ്പം കൂടുമ്പോഴുമാണ് പുതു പാതകളും സുപ്രധാന ശുശ്രൂഷകളും ജന്മമെടുക്കുന്നത്. ജീസസ് യൂത്ത് മുന്നേറ്റത്തിന്റെ ഒരു പ്രധാന കാരിസം ഇത്തരം അവ്യക്ത സാഹചര്യങ്ങളില്‍ ദൈവാശ്രയ ബോധത്തോടെ പുതുവഴികള്‍ കാണാനുള്ള കഴിവാണ്. പ്രതിസന്ധികളിലെ മനസാന്നിധ്യമാണല്ലോ ഇതിന് അത്യാവശ്യം.
യുവാക്കളുടെ ഇടയിലെ വെല്ലുവിളികള്‍ എന്നത്തേക്കാളും ഇന്ന് കൂടിവരുന്നു. അതോടൊപ്പം അവ്യക്തതകളെ അഭിമുഖീകരിക്കാന്‍ മടിക്കാത്ത ജീസസ് യൂത്ത് പോലുള്ള മുന്നേറ്റങ്ങളുടെ പ്രസക്തിയും. എന്നാല്‍ അവ്യക്തതകള്‍ നിറയുന്ന സാഹചര്യങ്ങളെ പ്രത്യാശയോടും ക്രിയാത്മകതയോടും കൂടെ സമീപിക്കുന്നതിനുള്ള പടികള്‍ ഏവയാണ്?
1. യാഥാര്‍ഥ്യങ്ങളെ കണ്ട് അവിടേയ്ക്ക് കടന്നുചെല്ലുക. ''ജനക്കൂട്ടത്തെ കണ്ടപ്പോള്‍'' യേശു ചെയ്തതാണ് ഏതൊരു മിഷണറിയുടേയും മാതൃക.
2. സന്തോഷം കൈവെടിയാത്ത പ്രതികരണം: ആകുലതയും ആവലാതിയുമാണ് ദൈവിക പദ്ധതികള്‍ സ്വീകരിക്കുന്നതിലുള്ള വലിയൊരു തടസ്സം. ദൈവസാന്നിധ്യം ആഘോഷിക്കുന്നിടത്താണ് കര്‍ത്താവിന് പ്രവര്‍ത്തിക്കാന്‍ എളുപ്പം.
3. സ്‌നേഹസമൂഹമാണ് പുതു മിഷനുകളുടെ വിളനിലം. ക്രിസ്തീയ സ്വപ്നങ്ങളുടെ സ്രോതസ്സും മാര്‍ഗവും ലക്ഷ്യവും സ്‌നേഹ കൂട്ടായ്മ തന്നെ. കലുഷിതമായ സാഹചര്യങ്ങളില്‍ ഒരു കൂട്ടായ്മയിലെ സിനഡല്‍ വിചിന്തനമാണ് പുത്തന്‍ ക്രിയാത്മക സമീപനങ്ങള്‍ക്ക് രൂപം നല്‍കുന്നത്.
4. എല്ലാ മാറ്റങ്ങളെയും തരണം ചെയ്യുന്ന പ്രതിബദ്ധത. ക്രിസ്തുവാകുന്ന ഉറച്ച അടിത്തറയില്‍ പണിതുയര്‍ത്തപ്പെട്ടവര്‍ മാത്രമേ ഇളകി മറിയുന്ന സാംസ്‌കാരിക പശ്ചാത്തലത്തില്‍ ഉറച്ച മാര്‍ഗദര്‍ശികളായി നിലകൊള്ളൂ.
മുന്‍പേ ഞാന്‍ സൂചിപ്പിച്ച പ്ലാനിങ് ചര്‍ച്ചയ്ക്കിടയില്‍ ഇന്നത്തെ സമൂഹത്തിന്റെ അവസ്ഥയെക്കുറിച്ച് ഗവേഷകര്‍ നല്‍കുന്നസൂചനകള്‍ ചര്‍ച്ചാ വിഷയമായി. വൂക്കാ ((VUCA)) എന്ന ചുരുക്കപ്പേരില്‍ ഈ തലമുറയുടെ നാലു പ്രത്യേകതകള്‍ അവര്‍ ചൂണ്ടിക്കാണിക്കുന്നു: വോളറ്റൈല്‍ (വേഗത്തില്‍ മാറുന്നത്), അണ്‍സേര്‍ട്ടന്‍ (പ്രവചനാതീതം), കോംപ്ലക്‌സ് (സങ്കീര്‍ണം), അമ്പിഗ്യുഅസ് (അവ്യക്തം) എന്നിങ്ങനെയാണ് അവ. യേശുവിന്റെ വാക്കുകളില്‍ കാറ്റ് അതിന് ഇഷ്ടമുള്ളിടത്ത് വീശുന്നു. പരിശുദ്ധാത്മാവിന്റെ
പ്രവര്‍ത്തനവും നമ്മുടെ ചട്ടക്കൂടുകളില്‍ കൃത്യമായി ഒതുങ്ങണമെന്നില്ല, ഇന്നത്തെ യുവാക്കളെ പോലെ!
അതിനാല്‍ തന്നെ ആത്മാവിനാല്‍ പ്രചോദിതനായ ഒരാള്‍ക്ക് സന്തോഷം നിറഞ്ഞ ഒരു അവസരമായിരിക്കും ഇന്നത്തെ യുവലോകവും അതിന്റെ കുത്തഴിഞ്ഞ രീതികളും. നമ്മുടെ മുന്‍വിധികളില്‍ നിന്ന് പുറത്തുവന്നാല്‍ ആ സാഹചര്യങ്ങളില്‍ വലിയ അത്ഭുതങ്ങള്‍ പ്രവര്‍ത്തിക്കാന്‍ നാം തീര്‍ച്ചയായും വഴിയൊരുക്കും.

ജീസസ് യൂത്ത് മുന്നേറ്റത്തിന്റെ തുടക്കക്കാരിൽ പ്രധാനിയായ ലേഖകൻ അന്തർദേശീയ പ്രഭാഷകനും എഴുത്തുകാരനുമാണ് . 2018ൽ ഷെവലിയർ പട്ടം ലഭിച്ചു.



Comments