top of page

KAIROS GLOBAL വിശ്വാസത്തിൽ നിന്നും പിറവിയെടുത്ത ഒരു മാസികയുടെ വിസ്മയകഥ I വിശേഷാല്‍ ലേഖനം I ജോഷി ജോസഫ്, USA I KAIROS MALAYALAM I SEPTEMBER 2026

smithajose4
Aug 31
4 min read



പാലായില്‍ കോളേജില്‍ പഠിക്കുമ്പോള്‍ മുതല്‍ കെയ്‌റോസ് മാസികയുടെ ഒരാരാധകനാണ് ഞാന്‍. മിക്കപ്പോഴും ഒറ്റയിരിപ്പിനു മുഴുവന്‍ വായിച്ചു തീര്‍ക്കാറുള്ള ഏക മാസികയും കെയ്‌റോസ് തന്നെ. പലപ്പോഴും കര്‍ത്താവില്‍നിന്നും ജീസസ് യൂത്തില്‍ നിന്നും പല കാരണങ്ങളാല്‍ മാറി നടന്നപ്പോഴും എന്നെ വീണ്ടും തിരിച്ചുവരുവാന്‍ കെയ്‌റോസ് മാസിക കാരണമായിട്ടുണ്ട്. ഒരു പെണ്‍കുട്ടിയുടെ അനുഭവക്കുറിപ്പ് വായിച്ച് ദൈവത്തിന്റെ സ്‌നേഹത്തെയോര്‍ത്ത് കരഞ്ഞുപോയതും പാലാ സെന്റ്. തോമസ് കോളേജില്‍ എല്ലാ ബുധനാഴ്ച രാത്രിയിലും നടന്നിരുന്ന ജീസസ് യൂത്ത് പ്രയര്‍ ഗ്രൂപ്പില്‍ വര്‍ഷങ്ങള്‍ക്കുശേഷം വീണ്ടും പോകാന്‍ തുടങ്ങിയതും ഇന്നുമോര്‍ക്കുന്നു.


അമേരിക്കയില്‍ വന്നതിനുശേഷവും കെയ്‌റോസ് മലയാളം മാസിക വരുത്തുകയും ഇവിടത്തെ ജീസസ് യൂത്ത് പ്രയര്‍ ഗ്രൂപ്പുകളില്‍ പ്രചരിപ്പിക്കുകയും ചെയ്തു. ഇതില്‍ വരുന്ന ലേഖനങ്ങളും അനുഭവക്കുറിപ്പുകളും എന്നെ എപ്പോഴും പ്രചോദിപ്പിച്ചിരുന്നു. ചിലപ്പോഴൊക്കെ ഇരിക്കുന്ന കസേരയില്‍നിന്ന് ആവേശത്താല്‍ ചാടി എഴുന്നേല്‍ക്കുക പോലും ചെയ്തിട്ടുണ്ട്. ഇവിടത്തെ പല ജീസസ് യൂത്ത് പ്രയര്‍ ഗ്രൂപ്പുകള്‍ക്കും തുടക്കം കുറിക്കാനായത് നിങ്ങള്‍ എവിടെയാണോ, അവിടെ ശോഭിക്കുക, അഥവാ 'നട്ടിടത്ത് പുഷ്പിക്കുക' എന്ന പ്രചോദനം കെയ്‌റോസ് മാസികയില്‍ നിന്നുതന്നെ ലഭിച്ചതിനാലാണ്.


യുവജനങ്ങള്‍ക്കായി അമേരിക്കയിലെ ഹൂസ്റ്റണില്‍ തുടങ്ങിയ ഒരു യൂത്ത് പ്രയര്‍ ഗ്രൂപ്പില്‍ കെയ്‌റോസ് മാസിക പരിചയപ്പെടുത്തിയപ്പോളാണ് കെയ്‌റോസ് മാസികയ്ക്കു ഒരു ഇംഗ്ലീഷ് എഡിഷന്‍ ആവശ്യമാണെന്നുള്ള

കാര്യം ശരിക്കും ബോധ്യപ്പെട്ടത്. പ്രയര്‍ ഗ്രൂപ്പില്‍ വന്നിരുന്ന എല്ലാവരും മലയാളി കുടുംബങ്ങളില്‍ നിന്നായിരുന്നു. മലയാളം കേട്ടാല്‍ മനസ്സിലാകുമെങ്കിലും മിക്കവര്‍ക്കും വായിക്കാനറിയില്ലായിരുന്നു. മാത്രമല്ല, അമേരിക്കയിലെ ഇംഗ്ലീഷ് ഇടവകയിലുള്ള യുവജനങ്ങളിലേക്കും സ്വദേശീയ യൂണിവേഴ്‌സിറ്റികളിലും കെയ്‌റോസ് മാസിക പരിചയപെടുത്തണമെങ്കില്‍ ഒരു ഇംഗ്ലീഷ് എഡിഷന്‍ കൂടിയേ തീരു. ഒരു ദിവസം കെയ്‌റോസ് മലയാളം മാസികയുടെ അന്നത്തെ ചീഫ് എഡിറ്റര്‍ ഡോ. ചാക്കോച്ചന്‍ ഞാവള്ളിയെ വിളിച്ചു. ഒരു ഇംഗ്ലീഷ് മാസിക എന്ന ആശയം പങ്കുവയ്ക്കുകയും അതിന്റെ അവശ്യകത എത്രത്തോളം വലുതാണെന്ന് ബോധ്യപ്പെടുത്തുകയും ചെയ്തു. അങ്ങനെ ഒരാശയം ജീസസ് യൂത്ത് ഇന്റര്‍നാഷണല്‍ കൗണ്‍സിലില്‍ ഇതിനകംതന്നെ അദ്ദേഹം സംസാരിക്കുകയും ചെയ്തു. കൗണ്‍സില്‍ അനുമതി നല്‍കിയെങ്കിലും ഇന്റര്‍നാഷണല്‍ തലത്തില്‍ ഇതു കോര്‍ഡിനേറ്റു ചെയ്യുവാന്‍ മാസങ്ങള്‍ കഴിഞ്ഞിട്ടും ഒരാളെ ലഭിച്ചില്ലായെന്ന് അദ്ദേഹം പറഞ്ഞു. എന്തായാലും കോര്‍ഡിനേറ്റു ചെയ്യേണ്ട ജോലികള്‍ എന്തൊക്കെയാണെന്നും ഒരു മാസികയുടെ പബ്ലിഷിംഗ് ജോലികള്‍ എങ്ങനെയൊക്കെയാണെന്നും ഞാന്‍ വിശദമായി ചോദിച്ചു മനസ്സിലാക്കി. ഓരോ മാസവും ഒരോ തീം ഉണ്ടെന്നും ഇംഗ്ലീഷ് മാസികയുടെ ആദ്യത്തെ പന്ത്രണ്ടു മാസത്തെ തീം പരിശുദ്ധാത്മാവിന്റെ ഫലങ്ങളെ കുറിച്ചാകാമെന്നും പൈലറ്റ് ഇഷ്യൂ ആദ്യഫലമായ സ്‌നേഹത്തെ കുറിച്ചാകാമെന്നും അദ്ദേഹം പറഞ്ഞു.



അന്ന് വൈകിട്ട് സന്ധ്യാപ്രാര്‍ഥനയ്ക്കിടയില്‍ വര്‍ഷങ്ങള്‍ക്കുമുമ്പ് നടന്ന ഒരു കാര്യം പെട്ടന്ന് ഓര്‍മയില്‍ വന്നു. ഒരു കൗണ്‍സിലിങ്ങ് ശുശ്രൂഷയില്‍ കൗണ്‍സിലര്‍ എന്നോടിങ്ങനെ പറഞ്ഞിരുന്നു: ''ഈശോ ജോഷിക്ക് ഒരു താക്കോല്‍ കൂട്ടം തരുന്നതായി കാണുന്നു.'' ഒരു BENZ അല്ലെങ്കില്‍ BMW കാര്‍ വാങ്ങണം എന്ന് വിചാരിച്ചു നടന്നിരുന്ന കാലമായിരുന്നതിനാല്‍ ഒരുപക്ഷേ ഒരുകാറിന്റെ താക്കോല്‍ ആയിരിക്കുമെന്ന് ഞാന്‍ വിചാരിച്ചു. ''ജോഷി മനസ്സില്‍ വിചാരിക്കുന്നതുപോലെ ഇതൊരു കാറിന്റെ താക്കോലൊന്നുമല്ല. ജോഷിക്ക് ഈശോ വലിയൊരു ഉത്തരവാദിത്വം തരാന്‍ പോകുന്നു.'' അദ്ദേഹം പറഞ്ഞു. കല്യാണവും കഴിഞ്ഞു നാലു കുട്ടികളുമായി, ഇനി സ്വസ്ഥം ഗൃഹഭരണം എന്ന് വിചാരിച്ചിരുന്നപ്പോള്‍ ഇനി വലിയൊരുത്തരവാദിത്വം എന്ന് കേട്ടപ്പോള്‍ മനസ്സ് അസ്വസ്ഥമായി. വര്‍ഷങ്ങളും മാസങ്ങളും കടന്നു പോയിട്ടും പുതിയ ഉത്തരവാദിത്വങ്ങള്‍ ഒന്നും ലഭിക്കാത്തതിനാല്‍ ഒരുപക്ഷേ കര്‍ത്താവു തന്നെ ഈ കാര്യം മറന്നു പോയി എന്ന് സമാധാനിച്ചു ഇരിക്കുകയായിരുന്നു. അന്നേ ദിവസത്തെ സന്ധ്യാപ്രാര്‍ഥനയ്ക്കിടയില്‍ ഞാന്‍ കര്‍ത്താവിനോട് പറഞ്ഞു, 'വര്‍ഷങ്ങള്‍ക്കു മുന്‍പ്, നീ എന്നെയേല്പിക്കുമെന്നു പറഞ്ഞ ഉത്തരവാദിത്വം കെയ്‌റോസിന്റെ ഇംഗ്ലീഷ് മാസിക കോര്‍ഡിനേറ്റ് ചെയ്യുക എന്നുള്ളതാണെങ്കില്‍ എനിക്ക് ഒരടയാളം കാണിച്ചുതരണം, എനിക്കു ശരിക്കും ബോധ്യപ്പെട്ടാല്‍ ഞാനിതു നിനക്ക് വേണ്ടി ചെയ്യാം.' ജേര്‍ണലിസത്തിന്റെ എബിസിഡി പോലുമറിയാത്ത, ഒരു ഇംഗ്ലീഷ് മാസിക വായിച്ചിട്ടോ ശരിക്കൊന്നു കണ്ടിട്ടോ പോലുമില്ലാത്ത എന്നെ എന്തായാലും ഒരു ഇംഗ്ലീഷ് മാസിക കോര്‍ഡിനേറ്റ് ചെയ്യാന്‍ പറയില്ല എന്ന ധൈര്യത്തോടെ അന്നുരാത്രി സമാധാനത്തോടെ കിടന്നുറങ്ങി. പിറ്റേദിവസം അതിരാവിലെ ഓഫീസില്‍, ഒരു സഹപ്രവര്‍ത്തക എന്റെ മുറിയിലേക്ക് വളരെ അപ്രതീക്ഷിതമായി കയറി വന്നിട്ട് ഒരു പേപ്പര്‍ എന്റെ കൈയില്‍ തന്നിട്ട് വായിച്ചു നോക്കാന്‍ പറഞ്ഞു. പരിശുദ്ധാത്മാവിന്റെ ആദ്യ ഫലമായ സ്‌നേഹത്തെക്കുറിച്ച് എഴുതിയ മനോഹരമായ ഒരു ലേഖനം. രാവിലെ ബസില്‍ ഇരുന്നപ്പോള്‍ പരിശുദ്ധാത്മാവിന്റെ അഭിഷേകം ഉണ്ടായെന്നും ദൈവ സ്‌നേഹത്തെക്കുറിച്ച് ഇംഗ്ലീഷില്‍ ഒരു ലേഖനമെഴുതി ജോഷിക്ക് തരാന്‍ പ്രചോദിപ്പിച്ചുവെന്നും അവള്‍ പറഞ്ഞു. അടയാളം ചോദിച്ചു പന്ത്രണ്ട് മണിക്കൂറിനുള്ളില്‍ മാസികയുടെ തീം ആയി ആലോചിച്ച, സ്‌നേഹത്തെ അടിസ്ഥാനമാക്കി അതും ഇംഗ്ലീഷില്‍ ഒരു ലേഖനം ചോദിക്കാതെ തന്നെ ലഭിച്ചത് എന്നെ ശരിക്കും ആശ്ചര്യപ്പെടുത്തി. കാര്യങ്ങള്‍ എല്ലാം വിശദമായി പലരോടും പങ്കുവച്ചപ്പോള്‍ ഇതില്‍ കൂടുതല്‍ എന്തടയാളമാണ് വേണ്ടത് എന്ന മറുചോദ്യം. ഇതു തന്നെയാണ് കര്‍ത്താവു എന്നെയേല്‍പ്പിക്കുന്ന പുതിയ ദൗത്യമെന്ന് എനിക്ക് ഏറെക്കുറെ ബോധ്യപെട്ടു. എന്തായാലും പിറ്റേ ദിവസംതന്നെ ഡോ. ചാക്കോച്ചന്‍ ഞാവള്ളിയെ വിളിച്ചു. പുതിയ ഇംഗ്ലീഷ് മാസിക കോര്‍ഡിനേറ്റ് ചെയ്യാന്‍ ഞാന്‍ തയ്യാറാണെന്ന് അറിയിക്കുകയും അതിന്റെ വിശദാംശങ്ങള്‍ ചോദിച്ചു മനസ്സിലാക്കുകയും ചെയ്തു.


വിവിധ രാജ്യങ്ങളിലെ ജീസസ് യൂത്ത് കോര്‍ഡിനേറ്റര്‍മാര്‍ വഴി ഒട്ടുമിക്കരാജ്യങ്ങളെയും പ്രതിനിധാനം ചെയ്യുന്ന രീതിയില്‍, അധികം താമസിക്കാതെ തന്നെ ഒരു എഡിറ്റോറിയല്‍ ബോര്‍ഡിനും ഒരു സര്‍ക്കുലേഷന്‍ ടീമിനും രൂപംനല്‍കാന്‍ സാധിച്ചു. ആദ്യത്തെ എഡിറ്റോറിയല്‍ ബോര്‍ഡ് മീറ്റിംഗില്‍ തന്നെ മാസികയുടെ പേര്, കെയ്‌റോസ് ഗ്ലോബല്‍ എന്നിടാമെന്നും 'സ്‌നേഹം' എന്ന തീമില്‍ 48 പേജുള്ള ഒരു പൈലറ്റ് എഡിഷന്‍ ഒരു വര്‍ഷത്തിനുള്ളില്‍ പബ്ലിഷ് ചെയ്യാന്‍ തീരുമാനിക്കുകയും ചെയ്തു. അതുപോലെ മാസികയുടെ സബ്‌സ്‌ക്രിപ്ഷന്‍ സുഗമമാക്കുന്നതിനു വേണ്ടി ഒരു ഓണ്‍ലൈന്‍ പോര്‍ട്ടലിനും രൂപം കൊടുക്കാനും തീരുമാനിച്ചു. കെയ്‌റോസിന്റെ ഇന്ത്യയിലെ ബാങ്ക് അക്കൗണ്ടില്‍, മാസികയുടെ വിദേശ രാജ്യങ്ങളില്‍ നിന്നുള്ള സബ്‌സ്‌ക്രിപ്ഷന്‍ തുക സ്വീകരിക്കാന്‍ നിയമപരമായി സാധ്യമല്ലാത്തതിനാല്‍ അമേരിക്കയില്‍ കെയ്‌റോസിന് ഒരു നോണ്‍പ്രോഫിറ്റ് സ്ഥാപനം ആരംഭിക്കാനും അന്തര്‍ദേശീയമായ പണമിടപാടുകള്‍ക്കായി ഒരു ബാങ്ക് അക്കൗണ്ട് ഈ സ്ഥാപനത്തിന്റെ പേരില്‍ തുറക്കാനും തീരുമാനിച്ചു.


അന്താരാഷ്ട്ര തലത്തില്‍ പ്രസിദ്ധീകരിച്ചിരുന്ന നൂറുകണക്കിന് മാസികകള്‍ വളരെ വിശദമായി പഠിച്ച്, പുതിയ മാസികയുടെ ഉള്ളടക്കം, അതിലെ ഓരോ പേജിലും എന്ത് വേണം, പേപ്പര്‍ ഗുണമേന്മ, മാസികയുടെ വലുപ്പം, ആകെ പേജുകള്‍, ഡിസൈന്‍ സ്‌റ്റൈല്‍ എന്നു തുടങ്ങി എല്ലാ വിഷയങ്ങളും വിശദമായി പ്രതിപാദിച്ചുകൊണ്ട്, ദൈവത്തിന് ഏറ്റവും മികച്ചത് നല്‍കുക എന്ന ലക്ഷ്യത്തോടെ ഒരു പ്രൊജക്റ്റ് പ്രൊപ്പോസല്‍ ജീസസ് യൂത്ത് ഇന്റര്‍നാഷണല്‍ കൗണ്‍സിലിനു സമര്‍പ്പിച്ചു. പ്രിന്റ് മാസികകള്‍ക്ക് ഇനി ഭാവിയൊന്നുമുണ്ടാവില്ല, അച്ചടി ചെലവ് ദിനംപ്രതി കൂടിക്കൂടി വരുകയാണ്, ഇനിയിത് തുടങ്ങിയാല്‍തന്നെ ഒന്നോ രണ്ടോ വര്‍ഷങ്ങള്‍ക്കകം ഇത് നിന്ന് പോകുകയേയുള്ളു എന്നുതുടങ്ങി നിരവധി സ്‌നേഹോപദേശങ്ങള്‍ വഴി പലരും പിന്തിരിപ്പിക്കാന്‍ ശ്രമിച്ചിരുന്നു. എങ്കിലും ഇതു ദൈവത്തിന്റെ പദ്ധതിയാണ്, ദൈവം തന്നെ വഴിനടത്തിക്കോളുമെന്ന പൂര്‍ണ ബോധ്യത്തില്‍ മുന്നോട്ടു പോയി. ഏകദേശം ഒന്നര വര്‍ഷത്തെ നിരന്തര കഠിന പ്രയത്‌നങ്ങള്‍ക്കൊടുവില്‍ ജീസസ് യൂത്ത് അമേരിക്കയുടെ സഹായത്തോടെ അമേരിക്കയില്‍ കെയ്‌റോസിന് ഒരു നോണ്‍ പ്രോഫിറ്റ് സ്ഥാപനവും അതിനു ഒരു ബാങ്ക് അക്കൗണ്ടും, ഏതു രാജ്യത്തില്‍ നിന്നും കെയ്‌റോസ് മാസികയുടെ സബ്‌സ്‌ക്രിപ്ഷന്‍ എടുക്കാന്‍ സാധിക്കുന്ന ഒരു ഓണ്‍ലൈന്‍ പോര്‍ട്ടലും നിലവില്‍ വന്നു. ഈ സമയം കൊണ്ട് വിവിധ രാജ്യങ്ങളില്‍ നിന്നും ലഭിച്ച ലേഖനങ്ങള്‍ സമാഹരിച്ച് എഡിറ്റോറിയല്‍ ടീം എഡിറ്റു ചെയ്തു. എഡിറ്റ് ചെയ്ത ലേഖനങ്ങള്‍ ഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മസ്റ്റാര്‍ഡ് ട്രീ എന്ന ഡിസൈന്‍ സ്ഥാപനം അതിമനോഹരമായി ഡിസൈന്‍ ചെയ്തു. അങ്ങനെ ദൈവത്തിന്റെ വലിയ പരിപാലനയുടെയും വഴിനടത്തിപ്പിന്റെയും ഭാഗമായി കെയ്‌റോസ് ഗ്ലോബല്‍ മാസികയുടെ പൈലറ്റ് എഡിഷന്‍ 2016 ഡിസംബറില്‍ ജീസസ് യൂത്ത് ഇന്റര്‍ നാഷണല്‍ കോണ്‍ഫറന്‍സില്‍ വച്ച് പ്രകാശനം ചെയ്തു.


ഇക്കഴിഞ്ഞ ലക്കം കെയ്‌റോസ് ഗ്ലോബലിന്റെ നൂറാമത്തെ എഡിഷനായിരുന്നു. കൂടിപ്പോയാല്‍ രണ്ടു വര്‍ഷം എന്ന് കരുതിയവരുടെ

മുന്‍പില്‍, കടുത്ത സാമ്പത്തിക പ്രതിസന്ധിയുടെ കാലത്തും കോവിഡ് കാലത്തു പോലും ഒരു എഡിഷന്‍ പോലും മുടങ്ങാതെ കഴിഞ്ഞ എട്ടു വര്‍ഷക്കാലം ഈ മാസികയെ കണ്ണിലെ കൃഷ്ണമണി പോലെ കാത്തു പരിപാലിച്ച കര്‍ത്താവിനു എങ്ങനെ നന്ദി പറയണമെന്ന് അറിയില്ല. ഇത് ശരിക്കും വിശ്വസിക്കാനാവാത്ത ഒരു വഴിനടത്തലിന്റെയും പരിപാലനയുടെയും പ്രവൃത്തിയാണ്. അവിടത്തെ വിശ്വസിച്ചു മുന്നേറിയാല്‍ ഏതു പ്രതിസന്ധിയിലും ഒരു കരുതലായി അവനെപ്പോഴും നമ്മുടെ കൂടെയുണ്ടാകുമെന്നത് ഒരിക്കല്‍ക്കൂടി നമ്മെ ഓര്‍മപ്പെടുത്തുകയും ധൈര്യപ്പെടുത്തുകയും ചെയ്യുന്ന വലിയൊരത്ഭുതമാണിത്. ഈ അവസരത്തില്‍ അനേകം പേര്‍ക്ക് നന്ദി പറയേണ്ടിയിരിക്കുന്നു. ആദ്യത്തെ ഏഴു വര്‍ഷം ചീഫ് എഡിറ്റര്‍ എന്ന നിലയില്‍ ഈ മാസികയെ നയിച്ച ഡോ. ചാക്കോച്ചന്‍ ഞാവള്ളിയെ എത്ര അഭിനന്ദിച്ചാലും മതിവരില്ല, ആദ്യംമുതല്‍ അദ്ദേഹം നല്‍കിയ ശക്തമായ പിന്തുണയും മാര്‍ഗനിര്‍ദേശങ്ങളും കരുതലും ഒരിക്കലും മറക്കാനാവില്ല. അതുതന്നെ മറ്റൊരു ലേഖനം എഴുതുവാന്‍ മാത്രമുണ്ട്. സുസ്ഥിരമായ സേവനം കാഴ്ചവച്ച എക്‌സിക്യൂട്ടീവ് എഡിറ്റര്‍മാരില്‍ ആദ്യമുണ്ടായിരുന്ന ഷാരോള്‍ ജോസിനും, നിലവിലുള്ള ടാനിയ റോസിനും ഈയവസരത്തില്‍ പ്രത്യേകം നന്ദി അറിയിക്കുന്നു. അതോടൊപ്പംതന്നെ, എഡിറ്റോറിയല്‍ ബോര്‍ഡിലും സര്‍ക്കുലേഷന്‍ ടീമിലും കെയ്‌റോസ് ഓഫീസ് ടീമിലും വിവിധ കാലങ്ങളില്‍ പ്രവര്‍ത്തിച്ച എല്ലാവരെയും ഒത്തിരി സ്‌നേഹത്തോടെ ഓര്‍ക്കുന്നു. ഇന്ന് ജീസസ്‌യൂത്ത് സജീവമായ മിക്ക രാജ്യങ്ങളിലും കെയ്‌റോസ് ഗ്ലോബല്‍ മാസിക പ്രിന്റ് എഡിഷന്‍ എത്തുന്നു. കഴിഞ്ഞ എട്ടു വര്‍ഷമായി പതിനായിരക്കണക്കിന് യുവജനങ്ങളിലേക്കു കര്‍ത്താവിന്റെ സുവിശേഷവുമായി എത്തിച്ചേരാന്‍ കെയ്‌റോസ് ഗ്ലോബല്‍ മാസികയ്ക്കു സാധിച്ചിട്ടുണ്ട്. ക്ലൗഡ്കാത്തലിക് (cloudcatholic) മൊബൈല്‍ ആപ്പില്‍ ഡിജിറ്റല്‍ ആന്‍ഡ് ഓഡിയോ എഡിഷനും സൗജന്യമായി ലഭ്യമാണ്. കൂടാതെ, കെയ്‌റോസ് മീഡിയ വെബ്‌സൈറ്റില്‍ 100 എഡിഷന്റെയും ഓണ്‍ലൈന്‍ പതിപ്പും സൗജന്യമായി ഇപ്പോള്‍ ലഭ്യമാണ്. ഇത് ഇന്റര്‍നെറ്റ് വഴി കര്‍ത്താവിന്റെ സുവിശേഷം അനേകരിലേക്ക് എത്തിക്കാന്‍ വലിയ സാധ്യത നമുക്ക് മുമ്പില്‍ തുറന്നുതരുന്നു. ഇതിലെ അനുഭവങ്ങളും ലേഖനങ്ങളും സോഷ്യല്‍ മീഡിയയുടെ അനന്തസാധ്യതകള്‍ ഉപയോഗിച്ച് ഷെയര്‍ ചെയ്യപ്പെടട്ടെ. ഇതിനിയും അനേകരെ കര്‍ത്താവിലേക്ക് കൊണ്ടുവരാനും അകന്നു പോയവരെ തിരിച്ചുകൊണ്ടുവരാനും ആത്മീയമായി ഉണര്‍ത്താനും ജീസസ് യൂത്ത് കൂട്ടായ്മയിലേക്ക് കൊണ്ടുവരാനും കാരണമാകട്ടെ. ഈ മാസിക മറ്റുഭാഷകളില്‍ പ്രസിദ്ധീകരിക്കുന്നതും, ലോകത്തിലെ എല്ലാ ബിഷപ്പുമാര്‍ക്കും വൈദികര്‍ക്കും സിസ്റ്റേഴ്‌സിനും ജീസസ് യൂത്ത് പ്രവര്‍ത്തകര്‍ക്കും ഈ മാസിക എത്തിച്ചേരുന്നതും അവരത് അവരുടെ രൂപതയിലും ഇടവകയിലും സ്‌കൂളുകളിലും കോളേജുകളിലും പ്രൊമോട്ട് ചെയ്യുന്നതും നമുക്ക് സ്വപ്നം കണ്ട് പ്രാര്‍ഥിക്കുകയും തീക്ഷ്ണമായി പ്രവര്‍ത്തിക്കുകയും ചെയ്യാം.


നിങ്ങളുടെ പ്രാര്‍ഥനയില്‍ കെയ്‌റോസിനെയും ഇതിന്റെ എല്ലാ പുതിയ സംരഭങ്ങളെയും പ്രത്യേകം ഓര്‍ക്കുമല്ലോ. ''തീക്ഷ്ണതയില്‍ മാന്ദ്യം കൂടാതെ ആത്മാവില്‍ ജ്വലിക്കുന്നവരായി കര്‍ത്താവിനെ ശുശ്രൂഷിക്കുവിന്‍'' (റോമ 12, 11).




ജോഷി ജോസഫ്, കെയ്‌റോസ് ഗ്ലോബല്‍ മാസികയുടെ മാനേജിംഗ് എഡിറ്ററും

കെയ്‌റോസ് മീഡിയ ബോര്‍ഡ് അംഗവുമാണ്.

ഭാര്യയും നാല് കുട്ടികളുമൊത്ത് അമേരിക്ക

യിലെ ഹൂസ്റ്റണില്‍ താമസിക്കുന്ന അദ്ദേഹം ഒരു ഐടി മാനേജരായി ജോലി ചെയ്യുന്നു.






 
 
 

Comments


Kairos USA

Kairos INDIA

Kairos UK

     Kairos International Inc. 700 Louisiana St, Houston, TX. USA 77002

     Kairos Media, No 8/174, Navodaya Studio Complex, Thengod P.O, Cochin, Kerala, India. Pin: 682030

     Kairos Media, St Charles Street, Sheffield S9 3WU, United Kingdom

COPYRIGHT © 2021 KAIROS MEDIA, JESUS YOUTH

bottom of page