top of page
Search

കാൽവിനും കാതറിനും I സ്മാര്‍ട്ട് കിഡ്‌സ് I ചിത്രീകരണം: വെങ്കി കഥ: സെറീന്‍ ഏയ്ഞ്ചല്‍ I KAIROS MALAYALAM I SEPTEMBER 2026

  • smithajose4
  • 6 days ago
  • 2 min read



സ്‌കൂള്‍ വിട്ടു വരുന്നവഴി കാതറിനും കാല്‍വിനും നേരെ പോയത് സ്‌കൂളിനോടുചേര്‍ന്നുള്ള ഇടവക പള്ളിയുടെ സെമിത്തേരിയിലേക്കാണ്. സെമിത്തേരി ഈയിടെ നവീകരിച്ചിട്ടുണ്ട്. കൂടുതല്‍ ഭംഗിയുള്ളതായി

രിക്കുന്നു. പ്രധാന ഗേറ്റില്‍ത്തന്നെ പച്ചപിടിച്ചു നില്‍ക്കുന്ന വള്ളിച്ചെടികളില്‍ നിറയെ പൂക്കളാണ്. ആ കവാടം കാണുമ്പോള്‍ ഒന്നടുത്തു ചെന്ന് അകത്തേക്ക് പ്രവേശിക്കാന്‍ തോന്നും. അകത്ത് കടന്നാല്‍ എല്ലാ കുഴിമാടങ്ങളും കാണുന്നതുതന്നെ നയനമനോഹരമായ ഒരു കാഴ്ചയാണ്. പച്ചപ്പുല്ലുകളും പൂച്ചെടികളും നട്ടുവളര്‍ത്തി അതിമനോഹരമായ ഒരു

പൂന്തോട്ടം കണക്കെയാണ് ഇടവക പള്ളിയുടെ സെമിത്തേരി.


കാതറിനും കാല്‍വിനും അകത്തു കടന്ന്, ചാപ്പലിന്റെ വലതുവശത്തുള്ള കുഴിമാടത്തിനരികിലേക്ക് ചെന്നു. സ്‌കൂള്‍ വിട്ടു വരുന്നവഴി കടയില്‍ നിന്ന് വാങ്ങിച്ച കുഞ്ഞു മെഴുകുതിരികള്‍ കത്തിച്ചുവച്ച്, കൈയിലുണ്ടായിരുന്ന

ചെറുപൂക്കള്‍ കുഴിമാടത്തിങ്കല്‍ വച്ച് രണ്ടുപേരും കൈകള്‍ കൂപ്പി പ്രാര്‍ഥിച്ചു. അവരുടെ അമ്മാമ്മയുടെ കുഴിമാടമാണ്. ഒരു മാസം മുന്‍പാണ് അമ്മാമ്മ മരിച്ചത്. പപ്പയുടെ അമ്മ അവര്‍ക്ക് സ്വന്തം അമ്മയേക്കാള്‍ പ്രിയങ്കരിയായിരുന്നു. കഥകള്‍ പറഞ്ഞും തമാശകള്‍ പറഞ്ഞും അവരുടെ

കൂടെക്കളിച്ചുകൊണ്ടും അമ്മാമ്മ അവരോടൊപ്പം എന്നുമുണ്ടായിരുന്നു. അമ്മാമ്മയുടെ വിയോഗം വലിയ സങ്കടമാണുണ്ടാക്കിയത്. കുഴിമാടത്തിനരികില്‍ നിന്ന് അവര്‍ പ്രാര്‍ഥിക്കുമ്പോള്‍ രണ്ടുപേരുടെയും കണ്ണുകള്‍ നിറഞ്ഞിരുന്നു.


അമ്മാമ്മ ഉണ്ടാക്കിത്തരാറുണ്ടായിരുന്ന അവല്‍ നനച്ചതിന്റെ ഓര്‍മ കാല്‍വിന്റെ മനസ്സില്‍ നിറഞ്ഞു. അവലും ശര്‍ക്കരയും പഴവും ചേര്‍ത്ത് നന്നായി കുഴച്ച് വൈകിട്ടത്തെ ചായയ്‌ക്കൊപ്പം തരാറുണ്ടായിരുന്നു. വൈകുന്നേരങ്ങളില്‍ സ്‌കൂള്‍വിട്ട് വീട്ടിലെത്തുമ്പോള്‍ ചായയുടെ കൂടെ മറ്റുപലതും ഉണ്ടാകാറുണ്ടെങ്കിലും അമ്മാമ്മയുടെ അവല് നനച്ചതിന്റെ രുചി വളരെ വേറിട്ടതാണ്.



അവല്‍ നനച്ചത് മാത്രമല്ല, തേങ്ങയും പഞ്ചസാരയും കുഴച്ചെടുത്ത് ആവിയില്‍ വേവിച്ചെടുത്ത വെള്ള നിറമുള്ള അരിയുണ്ട, പിന്നെ ശര്‍ക്കരയും തേങ്ങാപ്പീരയും വിളയിച്ച് ഉള്ളില്‍വച്ച കൊഴുക്കട്ടയും അമ്മാമ്മയുടെ വിഭവങ്ങള്‍ ആയിരുന്നു.


സന്ധ്യാപ്രാര്‍ഥനയ്ക്ക് തിരി കത്തിച്ച് മുട്ടുകുത്തുമ്പോള്‍ അമ്മാമ്മയാണ്

പ്രാര്‍ഥന തുടങ്ങുന്നത്. പ്രാര്‍ഥന കഴിയുമ്പോള്‍ മാതാവിന്റെ പാട്ടുകള്‍ പാടു

കയും പഠിപ്പിച്ചുതരുകയും ചെയ്യുമായിരുന്നു. എന്തെങ്കിലും കുസൃതികള്‍ കാണിച്ച് അമ്മയുടെ വഴക്ക് കേള്‍ക്കുമ്പോള്‍ ഞങ്ങളുടെ രക്ഷയ്‌ക്കെത്തുന്നത് അമ്മാമ്മയാണ്. അമ്മാമ്മയുടെ ബൈബിള്‍ വായനയാണ് എടുത്തു പറയേണ്ടത്. പ്രാര്‍ഥനയ്ക്കു ശേഷമുള്ള ബൈബിള്‍ വായനയായാലും, വിശേഷം പറച്ചിലുകള്‍ക്കിടയിലായാലും ബൈബിള്‍ കഥകള്‍ അമ്മാമ്മ രസകരമായി പറഞ്ഞുതരുമായിരുന്നു.


അങ്ങനെ ഒരുപാട് ഓര്‍മകളാണ് അമ്മാമ്മയുടെ ശവകുടീരത്തിനു മുന്നില്‍ നിന്ന് പ്രാര്‍ഥിക്കുമ്പോള്‍ രണ്ടുപേരുടെയും മനസ്സിലൂടെ കടന്നുപോയത്. പ്രാര്‍ഥിച്ച് തിരികെ മടങ്ങുമ്പോള്‍ കാതറിനും കാല്‍വിനും മ്ലാനവദനരായിരുന്നു. മരിച്ച് സ്വര്‍ഗത്തില്‍ ചെല്ലുമ്പോള്‍ ഈശോയെയും മാതാവിനെയുമൊക്കെ കാണാമെന്നുള്ള കാര്യം അമ്മാമ്മ ഇടയ്ക്കിടെ പറയുമായിരുന്നു. അക്കാര്യമോര്‍ത്തപ്പോള്‍ അവര്‍ക്ക് സന്തോഷമായി. അമ്മാമ്മയെയും കാണാം ഈശോയെയും പിന്നെ മാലാഖമാരെയും എല്ലാവരെയും കാണാമല്ലോ എന്നോര്‍ത്ത് അവര്‍ പരസ്പരം നോക്കിച്ചിരിച്ചു.


വീട്ടില്‍ ചെല്ലുമ്പോള്‍ അമ്മാമ്മ ഉണ്ടാക്കാറുണ്ടായിരുന്ന അവല് നനച്ചത് ഉണ്ടാക്കിത്തരുവാന്‍ അമ്മയോട് പറയണമെന്ന് കാല്‍വിനോട് കാതറിന്‍ പറഞ്ഞു. അമ്മാമ്മയുടെ പലഹാരങ്ങളുടെ രുചികളോര്‍ത്ത് രസിച്ചുകൊണ്ട് അവര്‍ വീട്ടിലേക്ക് മടങ്ങി. വീട്ടില്‍ ചെന്ന് കയറിയതേ കാതറിന്‍ അമ്മയുടെ അടുക്കലേക്ക് ഓടിച്ചെന്ന് അമ്മാമ്മയുടെ അവല് നനച്ചതിന്റെ കാര്യം

പറഞ്ഞു. അതൊന്നും ഉണ്ടാക്കാന്‍ ഇപ്പോള്‍ നേരമില്ല എന്നുപറഞ്ഞ് അമ്മ അവളെ നോക്കി ചിരിച്ചു. കേട്ടുനിന്ന കാല്‍വിനും സങ്കടമായി. സ്‌കൂള്‍ ബാഗ് ഷെല്‍ഫില്‍ വച്ചിട്ട് ചായ കുടിക്കാനെത്തിയ അവരുടെ മുന്നില്‍, മൂടിവച്ചിരുന്ന പാത്രം തുറന്നു കാണിച്ച് അമ്മ അവരെ നോക്കി. പാത്രത്തിലേക്ക് നോക്കിയ രണ്ടുപേരുടെയും കണ്ണുകള്‍ വിടര്‍ന്നു. അവര്‍ ചിരിച്ചുകൊണ്ട് അമ്മയെ നോക്കി. ദാ, അമ്മാമ്മയുടെ അവല്‍ നനച്ചത്! അവലും ശര്‍ക്കരയും തേങ്ങയും പഴവും ചേര്‍ത്ത് കുഴച്ച അടിപൊളി സ്‌നാക്‌സ് അമ്മ ഉണ്ടാക്കി വച്ചിരിക്കുന്നു. അവരത് കഴിക്കുന്നതിനിട

യില്‍ ചുമരിലെ ഫോട്ടോയിലിരുന്ന് അമ്മാമ്മ അവരെ നോക്കി പുഞ്ചിരിക്കുന്നുണ്ടായിരുന്നു.




സ്മാര്‍ട്ട് കിഡ്‌സ് I ചിത്രീകരണം: വെങ്കി കഥ: സെറീന്‍ ഏയ്ഞ്ചല്‍



 
 
 

Comments


Kairos USA

Kairos INDIA

Kairos UK

     Kairos International Inc. 700 Louisiana St, Houston, TX. USA 77002

     Kairos Media, No 8/174, Navodaya Studio Complex, Thengod P.O, Cochin, Kerala, India. Pin: 682030

     Kairos Media, St Charles Street, Sheffield S9 3WU, United Kingdom

COPYRIGHT © 2021 KAIROS MEDIA, JESUS YOUTH

bottom of page