കാല്‍വരി നാഥനൊപ്പം | കവിത | എലിസബത്ത് മരിയ | KAIROS MALAYALAM | MARCH 2025

'കഴിയുമെങ്കില്‍ പിതാവേ നീക്കുകയീ
പാനപാത്രം, നിന്‍ഹിതമെങ്കില്‍ മാത്രമെന്‍-ദൈവമേ''
അന്നു ഗെത്‌സെമനില്‍ ഉയര്‍ന്നോരാ-വിലാപത്തിന്‍ മാറ്റൊലികള്‍,
പ്രതിധ്വനിക്കുന്നു ഇന്നുമെന്‍ കര്‍ണപുടങ്ങളില്‍.
വഹിച്ചിടും ജീവിത ക്രൂശുമേന്തി,
വഴിയായ വഴികളില്‍ ഞാന്‍ അലഞ്ഞിടുമ്പോള്‍,
എനിക്കായ് സ്വയം ബലിയായവന്‍
കാല്‍വരിയില്‍ നിന്നെന്നെയുറ്റുനോക്കുന്നു.
കുത്തുവാക്കുകള്‍, പരിഹാസങ്ങള്‍, നിന്ദനം,
കുറ്റപ്പെടുത്തല്‍, ഒറ്റപ്പെടുത്തല്‍ ഇങ്ങനെ പോകുന്നു
എന്‍ മുള്‍ക്കിരീടത്തിലെ മുള്ളുകളോരോന്നും.
ചോര വാര്‍ന്നതെന്‍ ശിരസ്സിലല്ല,
നിണം ചാലിട്ടൊഴുകിയതെന്‍ ഹൃദയത്തിലത്രേ...
നെഞ്ചുനീറുമ്പോഴും തളരില്ല ഞാന്‍
മുള്‍മുടിയേന്തിയ ശിരസ്സുമായവനെന്നെ
കാത്തുനില്‍പ്പൂ കാല്‍വരിയില്‍.
ഉറ്റവരെന്നുമുടയവരെന്നും ഞാന്‍
നെഞ്ചോടു ചേര്‍ത്തോരെല്ലാം..
പാതിവഴിയിലെന്നെ തഴഞ്ഞു...
താങ്ങാകുമെന്നുകരുതിയോരെല്ലാം
തനിച്ചാക്കിയെങ്ങോ മറഞ്ഞു.
ഒറ്റിക്കളയുന്ന യൂദായും
തള്ളിപ്പറഞ്ഞ കേപ്പായും
അവനോടൊപ്പവുമുണ്ടായിരുന്നു.
വേദനകള്‍, ദുഃഖങ്ങള്‍, സഹനങ്ങള്‍
താങ്ങിടാനാവാതെ പലപ്പോഴും ഞാന്‍
ഇടറി വീഴുന്നെന്‍ ജീവിത വഴിത്താരയിലെങ്കിലും
ക്രൂശുമായി മൂന്നുവട്ടം വീണവന്‍
താങ്ങായി എനിക്കെന്നും കൂടെയുണ്ട്..
ഒടുവിലാ ക്രൂശിലെന്നെ ലോകം ഏറ്റിടുമ്പോള്‍,
വേദനയാല്‍ ഞാന്‍ പുളഞ്ഞിടുമ്പോള്‍..
ദിഗന്തങ്ങള്‍ പൊട്ടുമാറുച്ചത്തില്‍ കരഞ്ഞിടുമ്പോള്‍,
തിരിച്ചറിയുന്നു ഞാനാ നിത്യസത്യം
ക്രൂശില്‍ അവന്‍ ബലിയായി തീര്‍ന്നതെനിക്കായെന്ന്..
മൃത്യുവേ ജയിച്ചു മൂന്നാം നാളുയര്‍ത്തോന്‍,
എന്നെയും ഉയര്‍പ്പിക്കും നാള്‍ വരും.
ദുഃഖ ദുരിതങ്ങളെല്ലാമകറ്റി
സ്വര്‍ഗീയാനന്ദം അവന്‍ പകരും.
ഉയിര്‍പ്പിന്‍ ആഹ്ലാദം ഞാന്‍ നുകരും.



Comments