ജോര്‍ഡന്‍ പീറ്റേഴ്‌സണ്‍ ലോകത്തോട് പറയുന്നത് | ഫമിലിയ/മൈസ്റ്റോറി | റോബിന്‍ സക്കറിയാസ് | KAIROS MALAYALAM | FEBRUARY 2025


ഇംഗ്ലീഷ് സിനിമ നടി ജെയിന്‍ ഫോണ്ട (Jane Fonda), പ്രശസ്ത ഇംഗ്ലീഷ് നടന്‍ മാര്‍ക്ക് വല്‍ബെര്‍ഗ് (Mark Wahlberg),, സിനിമാ നടി നിക്കോളെ കിഡ്മാന്‍ (Nicole Kidman) തുടങ്ങിയ ലോക പ്രശസ്തര്‍ തങ്ങളുടെ ക്രിസ്തു വിശ്വാസം ലോകത്തോട് വിളിച്ചുപറഞ്ഞത് വലിയ അത്ഭുത ത്തോടെയാണ് ലോകം നോക്കിക്കണ്ടത്. ഇപ്പോള്‍ ലോകം ആശ്ചര്യത്തോടെ നോക്കിക്കാണുന്നത് മറ്റാരെയുമല്ല, ലോകമെങ്ങും 8 മില്യണ്‍ ആരാധ കരുള്ള കനേഡിയന്‍ മനഃശാസ്ത്ര ജ്ഞനും, എഴുത്തുകാരനും, മാധ്യമ നിരൂപകനുമായ ജോര്‍ഡന്‍ ബെര്‍ണ്ട് പീറ്റേഴ്‌സന്റ ക്രൈസ്തവ വിശ്വാസ പ്രഖ്യാപനമാണ്.
സാംസ്‌കാരിക, രാഷ്ട്രീയ വിഷയങ്ങളെക്കുറിച്ചുള്ള തന്റെ വീക്ഷണങ്ങള്‍ക്ക് 2010കളുടെ അവസാനത്തോടെയാണ് അദ്ദേഹം വ്യാപകമായ ശ്രദ്ധ നേടാന്‍ തുടങ്ങിയത്. അതിനുശേഷം ജോര്‍ഡന്‍ പീറ്റേഴ്‌സണ്‍ ലോകമെമ്പാടും പ്രശസ്തിയിലേക്ക് ഉയര്‍ന്നു. അദ്ദേഹത്തിന്റെ യൂട്യൂബ് ചാനലിന് എട്ട് ദശലക്ഷത്തില്‍ അധികം സബ്‌സ്‌ക്രൈബര്‍മാരുണ്ട്. അദ്ദേഹത്തിന്റെ പോഡ്കാസ്റ്റിന് ദശലക്ഷക്കണക്കിന് ഡൗണ്‍ലോഡുകളുണ്ട്. അദ്ദേഹത്തിന്റെ പുസ്തകങ്ങള്‍ ലോകത്തിലെ തന്നെ ബെസ്റ്റ് സെല്ലറു കളാണ്.ക്രൈസ്തവ കുടുംബത്തില്‍ ജനിച്ച പീറ്റേഴ്‌സണ്‍ തന്റ മതബോധന പഠനകാലത്ത് ഉണ്ടായ സംശയങ്ങള്‍ തന്റെ അധ്യാപകനോട് ചോദിക്കുമായിരുന്നു. എന്നാല്‍ കൃത്യമായ ഉത്തരം നല്‍കാന്‍ അധ്യാപകന് സാധിച്ചില്ല, പീറ്റേഴ്‌സണ്‍ തന്റ വിശ്വാസത്തില്‍ നിന്ന് ക്രമേണ വ്യതിചലിക്കാന്‍ തുടങ്ങുകയും, ക്രിസ്തു എന്നത് ഒരു കഥാപാത്രം മാത്രമാണെന്നുമുള്ള ബോധ്യത്തിലേക്ക് മാറുകയും ചെയ്തു. ക്രമേണ സഭയില്‍ നിന്നും അദ്ദേഹം അകന്നു.
അദ്ദേഹം ധാരാളം വായിക്കുന്ന ഒരു വ്യക്തിയായിരുന്നു, വൈകാതെ സൈക്കോളജി അദ്ദേഹത്തിന് ഇഷ്ടവിഷയമായി. സൈക്കോളജിയില്‍ ഉന്നത ബിരുദങ്ങള്‍ നേടിയ അദ്ദേഹം തുടര്‍ന്ന് കാനഡയിലെ ഒരു യൂണിവേഴ്‌സിറ്റിയില്‍ പ്രൊഫസ്സറായി പ്രവര്‍ത്തനമാരംഭിച്ചു. ഈ കാലഘട്ടത്തില്‍ അദ്ദേഹം പുസ്തകങ്ങള്‍ എഴുതിത്തുടങ്ങി, അതുപോലെതന്നെ യൂട്യൂബില്‍ തന്റ ആശയങ്ങള്‍ പങ്കുവയ്ക്കാനും. വളരെപ്പെട്ടന്നുതന്നെ ലക്ഷക്കണക്കിന് ആരാധകരെ നേടിയെടുക്കാന്‍ അദ്ദേഹത്തിനായി. പുസ്തകങ്ങള്‍ ലോകശ്രദ്ധ നേടി. യൂട്യൂബില്‍ ലക്ഷക്കണക്കിന് ആളുകള്‍ അദ്ദേഹത്തെ ശ്രവിക്കാന്‍ തുടങ്ങി.
തന്റെ anxiety ടെന്‍ഷന്‍ മാറുന്നതിനുമായി പീറ്റേഴ്‌സണ്‍ സ്ഥിരമായി ഡയസിപാം എന്ന മരുന്ന് ഉപയോഗിക്കുകയും കാലക്രമേണ അദ്ദേഹം അതിന് അടിമയായി തീരുകയും ചെയ്തു. അതില്‍ നിന്ന് ഒരു മോചനം അദ്ദേഹം ആഗ്രഹിച്ചിരുന്നുവെങ്കിലും അദ്ദേഹത്തിന് അത് സാധിച്ചില്ല. ഈ സമയത്താണ് അദ്ദേഹത്തിന്റ ഭാര്യ ടാമി പീറ്റേഴ്‌സണ് അപൂര്‍വവും മാരകവുമായ കിഡ്‌നി കാന്‍സര്‍ പിടിപെടുന്നത്. പത്ത് മാസം മാത്രമേ ജീവിക്കാന്‍ സാധ്യതയുള്ളൂവെന്ന് വൈദ്യ ശാസ്ത്രം വിധിയെഴുതി. സമ്മര്‍ദങ്ങളെ അതിജീവിക്കാന്‍ ഈ സമയത്ത് പീറ്റേഴ്‌സണ്‍ തന്റെ മരുന്നിന്റെ വീര്യം വര്‍ധിപ്പിച്ചു. തികച്ചും പ്രതികൂലമായ ഒരു അവസ്ഥയിലൂടെ കുടുംബം കടന്നുപോകുന്ന സമയം. ടാമിയുടെ സുഹൃത്ത് ആ സമയത്ത് ഒരു ജപമാല നല്‍കിക്കൊണ്ട് മാതാവിനോട് മാധ്യസ്ഥ്യം പ്രാര്‍ഥിക്കാന്‍ പറയുകയും, ടാമി അത് അനുസരിക്കുകയും ചെയ്യുന്നു.
അഞ്ച് ആഴ്ചകള്‍ക്കുശേഷം ടാമി ക്യാന്‍സറില്‍ നിന്ന് പരിപൂര്‍ണ വിമുക്തയാകുന്നു. പ്രാര്‍ഥനയുടെ ശക്തിയാല്‍ മാത്രമാണ് ഇത് സംഭവിച്ചതെന്ന് ടാമി പീറ്റേഴ്‌സണ്‍ പറയുന്നു. ഇത് വിശ്വാസത്തിലേക്ക് തിരികെ നടക്കാന്‍ പീറ്റേഴ്‌സണ്‍ കുടുംബത്തിന് വഴിയൊരുക്കി. ഈ സമയം ശക്തമായ ശ്വാസ തടസം മൂലം കോമ അവസ്ഥയിലേക്ക് പോകുന്ന പീറ്റേഴ്‌സണ് ന്യൂമോണിയ പിടിപെടുന്നു. ആദ്യം അമേരിക്കയിലും പിന്നീട് റഷ്യയിലും സെര്‍ബിയയിലുമായി ഒരു വര്‍ഷത്തോളമായി ചികിത്സ നടന്നു. ഡയസിപാം ഉപേക്ഷിക്കാന്‍ ഇത് പ്രചോദനമായി. പൂര്‍ണ ആരോഗ്യവാനായി പീറ്റേഴ്‌സണും ആരോഗ്യവതിയായി ടാമിയും തിരിച്ചെത്തി.
ടൊറന്റോയിലെ ഹോളി റോസറി പള്ളിയില്‍ ഈസ്റ്റര്‍ വിജില്‍ ദിവ്യബലിയില്‍ ഇരുവരും പങ്കെടുത്തത് ലോകമാധ്യമ ശ്രദ്ധനേടി. ക്രിസ്തുമതം പഠിപ്പിക്കുന്നത്, ആരംഭത്തില്‍ ലോകം 'വളരെ നന്നായി' സൃഷ്ടിക്കപ്പെട്ടുവെന്നും, യേശുവിന്റ രണ്ടാം വരവില്‍ നമ്മുടെ കണ്ണുകളില്‍ നിന്ന് എല്ലാ കണ്ണുനീരും തുടയ്ക്കുമെന്നുമാണ്. മരണം നിറഞ്ഞ ഒരു ലോകത്തിന്റെ താത്ക്കാലിക അന്ധകാരം മനുഷ്യര്‍ ദൈവത്തെ നിരാകരിക്കുന്നതിന്റെ ഫലമാണ്, കൂടാതെ നമ്മിലും നമ്മുടെ ചുറ്റുമുള്ള ലോകത്തിലുമുള്ള ആ അന്ധകാരത്തെ കീഴടക്കാനുള്ള ഏക മാര്‍ഗം യേശുവിന്റെ മരണത്തിലൂടെയും പുനരുത്ഥാനത്തിലൂടെയുമാണ്. ദൈവത്തിന്റെ ആത്മാവ് നമ്മില്‍ വസിക്കുന്നു. നമ്മെ സംബന്ധി ച്ചിടത്തോളം, ലോകം ഇരുണ്ടതും കുഴപ്പങ്ങള്‍ നിറഞ്ഞതുമാണ്, ഭൂമിയിലെ നമ്മുടെ ഹ്രസ്വ സമയം അര്‍ഥവത്താക്കാന്‍ നാം നമ്മുടെ പരമാവധി ചെയ്യണം. ക്രിസ്ത്യാനിയെ സംബന്ധിച്ചിടത്തോളം, യേശു ഇതിനകം ഈ ഇരുണ്ടലോകത്തെ മറികടന്നു. നമ്മുടെ ആത്യന്തിക ലക്ഷ്യം നല്ല ദൈവത്തിലാണ്, അവന്‍ നമ്മെ എന്നേക്കും തന്നോടൊപ്പമായിരിക്കാന്‍ ക്ഷണിക്കുന്നു - ജോര്‍ഡന്‍ ബി. പീറ്റേഴ്‌സണ്‍ പറഞ്ഞുവയ്ക്കുന്നു.
മനുഷ്യ ജീവിതത്തില്‍ ചെയ്യാനാവുന്ന ഏറ്റവും മഹത്തരമായ പ്രവൃത്തിയാണ് കൃതജ്ഞത നിര്‍ഭരരാവുക എന്നത്. ജീവിതത്തിന്റെ ഏതു സാഹചര്യങ്ങളിലും ദൈവത്തിന്റെ ഇടപെടലും ഓരോ ചെറിയ കാര്യങ്ങളില്‍ പോലുമുള്ള വഴിനടത്തലും ഉള്‍ക്കണ്ണ് തുറന്നാല്‍ നമുക്ക് കാണാനാകും. ദൈവത്തെ കാണാനും ദൈവത്തില്‍ ആശ്രയിക്കാനും അവര്‍ണനീയമായ ആ സ്‌നേഹവും കരുതലും അനുഭവിച്ചു ജീവിക്കാനും കഴിയുക എന്നത് നിശ്ചയമായും മനുഷ്യന്റെ ശക്തിയോ ബുദ്ധിയോ കൊണ്ടല്ല. ദൈവത്തിന്റെ കരുണാര്‍ദ്ര സ്‌നേഹം മാത്രമാണ് അതിന് കാരണം. തിരികെ നന്ദിയല്ലാതെ മറ്റെന്താണ് നമുക്ക് നല്‍കാനാവുക. പണ്ഡിതനും പാമരനും ധനികനും ദരിദ്രനും എന്നുവേണ്ട ഏതൊരു മനുഷ്യന്റെയും ജീവിതത്തില്‍ കൃതജ്ഞതയോടെ ജീവിക്കുക എന്നതാണ് പ്രധാനം, സന്തോഷത്തിന് നിദാനം.
യേശു പറഞ്ഞു: ''വഴിയും സത്യവും ജീവനും ഞാനാണ്. എന്നിലൂടെയല്ലാതെ ആരും പിതാവിന്റെ അടുക്കലേക്കു വരുന്നില്ല'' (യോഹ 14, 6).

നേഴ്സ് ആയ റോബിൻ ഭാര്യയോടും മക്കളോടും ഒപ്പം കുവൈറ്റിൽ താമസിക്കുന്നു.



Comments