top of page

ജീസസ് യൂത്ത് വിചിന്തനം |ബിഷപ് ഡോ. അലക്‌സ് വടക്കും തല | KAIROS MALAYALAM | JANUARY 2025

Writer: ബിഷപ്പ് അലക്‌സ് വടക്കുംതല
ബിഷപ്പ് അലക്‌സ് വടക്കുംതല
9 hours ago
2 min read

2025, ഒരു ജൂബിലി വര്‍ഷത്തിലേക്കു നാം കടന്നിരിക്കുന്നു. പ്രത്യാശയുടെ തീര്‍ഥാടകര്‍ എന്ന ആശയത്തിലൂന്നി ക്കൊണ്ട് ക്രിസ്തുവിന്റെ അനന്തമായ സ്‌നേഹത്തെക്കുറിച്ച് ധ്യാനിക്കാന്‍ ഇൗ ജൂബിലി വര്‍ഷം നമ്മെ ക്ഷണിക്കുന്നു. ഫ്രാന്‍സിസ് പാപ്പയുടെ ഏറ്റവും പുതിയ ചാക്രികലേഖനമായ 'ദെലിക്‌സിത്ത് നോസ്' ജൂബിലിയെ വിശദീകരിക്കുന്നത്


റോമാക്കാര്‍ക്കുള്ള ലേഖനത്തില്‍ (8, 37-39) പറയുന്ന ആഴമേറിയ സത്യത്തെ അടിസ്ഥാനപ്പെടുത്തിയാണ്. ''അവന്‍ നമ്മെ സ്‌നേഹിച്ചു. ആ സ്‌നേഹത്തില്‍നിന്നും നമ്മെ വേര്‍പെടുത്താന്‍ യാതൊ ന്നിനും കഴിയില്ല''. യേശുവിന്റെ തിരുഹൃദയത്തില്‍നിന്നും പുറപ്പെടുന്ന സ്‌നേഹം മാനവകുലത്തെ വിളിക്കുന്നത് ദൈവികവാത്സല്യത്തിലേക്കും മാനവര്‍ക്കിടയിലെ ബന്ധത്തെക്കുറിച്ചുള്ള ആത്മപരിശോധനയിലേക്കു മാണ്.


തിരുഹൃദയത്തിന്റെ സ്‌നേഹം


യേശുവിന്റെ തിരുഹൃദയം ദൈവവും മനുഷ്യനും തമ്മിലുള്ള സ്‌നേഹ ത്തിന്റെ അടയാളമാണെന്നു 'ദെലിക്‌സിത്ത് നോസി'ല്‍ ഫ്രാന്‍സിസ് പാപ്പാ എടുത്തുപറയുന്നു. ഇൗ സ്‌നേഹം അമൂര്‍ത്തമായ ഒന്നല്ല. മറിച്ച്, നമുക്കു സുവ്യക്തമായതും നമ്മുടെ തകര്‍ച്ചകളെയും സഹനങ്ങളെയും ആഗ്രഹങ്ങളെയും ആശ്ലേഷിക്കുന്നതുമാണ്. ക്രിസ്തുവിന്റെ മനുഷ്യത്വ ത്തെപ്പറ്റി ധ്യാനിക്കുമ്പോള്‍ പരിശുദ്ധ പിതാവ് പറയുന്നത് സ്‌നേഹം ക്രിസ്തുവിനെ കുരിശിലേക്കു നയിച്ചെന്നാണ്. എന്നാല്‍, കുരിശ് ഇവിടെ പരാജയത്തിന്റെ ചിഹ്നമല്ല, ത്യാഗപൂര്‍ണമായ സ്‌നേഹത്തിന്റെ ഏറ്റവും മഹനീയ മാതൃകയാണ്. ''ആ സ്‌നേഹത്തില്‍നിന്ന് നമ്മെ വേര്‍പെടുത്താന്‍ യാതൊന്നിനും കഴിയില്ല''. ഇൗ ഉറപ്പാണ് ആന്തരികവും ബാഹ്യവുമായ പ്രതിസന്ധിഘട്ടങ്ങളില്‍ നമ്മെ വിശ്വാസത്തില്‍ ജീവിക്കാന്‍ സഹായിക്കുന്നത്.


ഹൃദയരഹിത ലോകം: നവീകരണത്തിനുള്ള വിളി


നിസ്സംഗരായ, സംഘര്‍ഷവും വിഭാഗീയതയും വളര്‍ത്തുന്ന ''ഹൃദയരഹി തരായ'' മനുഷ്യരുടെ എണ്ണം ഇന്നത്തെ ലോകത്തില്‍ വര്‍ധിച്ചു വരുന്നതിനെക്കുറിച്ച് പാപ്പാ വ്യാകുലപ്പെടുന്നുണ്ട്. ദസ്തയേവ്‌സ്‌കിയുടെ 'ഡീമണ്‍സ്' എന്ന നോവലിലെ കേന്ദ്ര കഥാപാത്രമായ സ്റ്റാവ്റോഗിനെയാണ് ആധുനിക ഹൃദയരാഹിത്യത്തിന്റെ ഉദാഹരണമായി പാപ്പ ചൂണ്ടി ക്കാണിക്കുന്നത്. പ്രമുഖ തത്ത്വചിന്തകനും ദൈവശാസ്ത്രജ്ഞനുമായ ജര്‍മന്‍ വൈദികന്‍ റൊമാനോ ഗ്വര്‍ദീനി, സ്റ്റാവ്‌റോഗിനെ വിശേഷിപ്പിക്കുന്നത് അനുകമ്പ തൊട്ടുതീണ്ടാത്ത സ്വന്തംകാര്യം മാത്രം നോക്കുന്ന, അര്‍ഥവത്തായ ബന്ധങ്ങളുണ്ടാക്കാന്‍ കഴിവില്ലാത്ത ഒരു വ്യക്തിയായാണ്. ഇൗ പശ്ചാത്തലത്തില്‍ നമ്മോടുതന്നെ ഒരു ചോദ്യം ചോദിക്കാന്‍ മാര്‍പാപ്പ ആവശ്യപ്പെടുന്നു, ''എനിക്ക് ഒരു ഹൃദയമുണ്ടോ?'' (ദെലിക്‌സിത്ത് നോസ് # 24). ഉള്ളിലേക്കു തുളച്ചുകയറുന്ന ഇൗ ചോദ്യം, വിഘടിതമായ ഇൗ ലോകത്ത് അനുകമ്പയോടെയും നിസ്വാര്‍ഥമായും ഐക്യത്തോടെയും ജീവിക്കാന്‍ നമുക്ക് എത്രത്തോളം കഴിയുമെന്നു പരിശോധിക്കാന്‍ നമ്മെ വെല്ലു വിളിക്കുകയാണ്.


നമ്മുടെ രോഗാതുരമായ ഇൗ അവസ്ഥയ്ക്കു പരിഹാരം ദൈവകരുണയുടെ പ്രതീകമായ തിരുഹൃദയമാണ്. അനുദിന ജീവിതത്തില്‍ ക്രിസ്തുവിന്റെ സ്‌നേഹം യാഥാര്‍ഥ്യമാക്കാനും അതുവഴി സൗഖ്യത്തിന്റെയും അനുരഞ്ജനത്തിന്റെയും കൈവഴികളാകാനും തിരുഹൃദയം നമ്മെ നിരന്തരം ക്ഷണിക്കുന്നു. ഇൗ സ്‌നേഹം ഉന്നതത്തിലേക്ക് ഒഴുകി ദൈവവുമായുള്ള ബന്ധത്തില്‍ നമ്മെ നിലനിറുത്തണമെന്നും എല്ലാവശങ്ങളിലേക്കും ഒഴുകി സഹജീവികളുമായി നമ്മെ ഒന്നിപ്പിക്കണമെന്നും മാര്‍പാപ്പ ഓര്‍മിപ്പിക്കുന്നു. (ദെലിക്‌സിത്ത് നോസ് # 163). സ്‌നേഹത്തിന്റെ ഇരുവശങ്ങളിലേക്കുമുള്ള ഇൗ ഒഴുക്കാണ് മാനവസമൂഹങ്ങളെ പരിവര്‍ത്തനം ചെയ്യുന്നതും പ്രത്യാശ വളര്‍ത്തുന്നതും.


സിനഡാത്മകത: സ്‌നേഹത്തില്‍ ഒരുമിച്ചു നടക്കാം


അടുത്തിടെ നടന്ന സിനഡാത്മകതയെക്കുറിച്ചുള്ള സിനഡ് 'ദെലിക്‌സിത്ത് നോസി'ന്റെ സന്ദേശങ്ങള്‍ പ്രതിധ്വനിക്കുന്നതായിരുന്നു. സിനഡ് എന്ന പദത്തിന്റെ ഉത്ഭവം 'സിന്‍ ഹോഡോസ്' (്യെിവീറീ െഒരുമിച്ചു നടത്തം) എന്ന ഗ്രീക്ക് വാക്കില്‍നിന്നാണ്. - ക്രൈസ്തവ ജീവിതത്തിന്റെ അന്തസത്ത ഉള്‍ക്കൊള്ളുന്ന ഒരു വാക്കാണിത്. സിനഡാത്മകത സഭയുടെ ഘടനാപരമായ നവീകരണം മാത്രമല്ല, പരസ്പരം ശ്രവിക്കലും വിവേചനബുദ്ധിയും സഹവര്‍ത്തിത്വവും നിറഞ്ഞ ഒരു ആത്മീയ യാത്രയുമാണ്. ക്രിസ്തുവിന്റെ സ്‌നേഹത്തില്‍ ഐക്യപ്പെട്ട വിശ്വാസികളുടെ കുടുംബമായ സഭയുടെ കൂട്ടായ്മയാണ് സിനഡാത്മകത പ്രതിഫലിപ്പിക്കുന്നത്.


പരസ്പരം ശ്രവിക്കുക എന്നത് സ്‌നേഹത്തിന്റെ പ്രവൃത്തിയാണെന്ന് മാര്‍പാപ്പാ ഉൗന്നിപ്പറയുന്നു. മറ്റുള്ളവരെ കേള്‍ക്കാന്‍ എളിമയും തുറവിയും, വൈവിധ്യത്തെ സ്വാഗതം ചെയ്യുന്ന മനസ്സും ഇവിടെ ആവശ്യമുണ്ട്. വിവേചനത്തിന്റെയും നിസ്സംഗതയുടെയും മതിലുകള്‍ തകര്‍ത്ത് ഒത്തുചേരലിന്റെ സംസ്‌കാരം വളര്‍ത്തിയെടുക്കാന്‍ ഇൗ സിനഡ് നമ്മെ വെല്ലുവിളിക്കുകയാണ്. അങ്ങനെ സഭ, എല്ലാവരെയും ഉള്‍ക്കൊള്ളുന്ന, എല്ലാവരെയും വിലമതിക്കുന്ന, ആരെയും പുറകില്‍ ഉപേക്ഷിക്കാത്ത ക്രിസ്തുവിന്റെ സ്‌നേഹത്തിന്റെ ജീവിക്കുന്ന സാക്ഷ്യമായി മാറും.


പ്രത്യാശയുടെ തീര്‍ഥാടകര്‍


ജൂബിലിവര്‍ഷത്തിനായി തയാറെടുക്കുമ്പോള്‍ പ്രത്യാശയുടെ തീര്‍ഥാടകരാകാന്‍ നാം വിളിക്കപ്പെട്ടിരിക്കുകയാണ്. ഇൗ പ്രത്യാശ നിഷ്‌ക്രിയമായ തോന്നലുകളല്ല, മറിച്ച് ശുഭകരമായ ഭാവിയെ കെട്ടിപ്പടുക്കാനുള്ള നമ്മുടെ ക്രിയാത്മകമായ പ്രതിബദ്ധതയാണ്. പ്രതിസന്ധികളെ ധൈര്യത്തോടെ തരണം ചെയ്യാന്‍ നമ്മെ ശക്തരാക്കുന്ന ക്രിസ്തുസ്‌നേഹത്തിന്റെ ഉറപ്പിലാണ് ഇൗ പ്രത്യാശ വേരൂന്നേണ്ടത്. നമ്മുടെ ബന്ധങ്ങളെയും കൂട്ടായ്മകളെയും ലോകത്തെത്തന്നെയും രൂപാന്തര പ്പെടുത്താനുള്ള നവീകരണ സ്രോതസ്സായി തിരുഹൃദയത്തെ കാണാന്‍ പ്രത്യാശ നമ്മെ ക്ഷണിക്കുകയാണ്.


മുന്നോട്ടുള്ള വഴി


യുദ്ധങ്ങളും അസ്വസ്ഥതകളും രാഷ്ട്രീയസംഘര്‍ഷങ്ങളുമെല്ലാം ലോകത്തെ ഭീതിയിലാഴ്ത്തുന്ന ഇക്കാലത്ത് 'ദെലിക്‌സിത്ത് നോസി'ന്റെ സന്ദേശം വളരെ പ്രസക്തമാണ്. മാനവകുലത്തിനേറ്റ മുറിവുകള്‍ സുഖപ്പെടുത്താന്‍ ശക്തിയുള്ള ഒരേയൊരു ഒൗഷധം ക്രിസ്തുവിന്റെ സ്‌നേഹമാണെന്നു തിരിച്ചറിഞ്ഞുകൊണ്ട് ക്രിസ്തുവിലേക്കു മടങ്ങിവരാനാണ് ജൂബിലി വര്‍ഷം നമ്മെ ആഹ്വാനം ചെയ്യുന്നത്. സിനഡാത്മകതയുടെ 'ഒരുമിച്ച് നടക്കുക' എന്ന വിളി ഉള്‍ക്കൊണ്ട്, ഹൃദയരഹിതമായ ഇൗ ലോകത്തില്‍ പ്രത്യാശ പരത്തുന്ന ദൈവത്തിന്റെ ഉപകരണങ്ങളായി നമുക്കു മാറാം.


തീര്‍ഥാടകരെന്ന നിലയില്‍, ഫ്രാന്‍സിസ് പാപ്പാ പറയുന്നപോലെ, അനുദിനം നമ്മോടുതന്നെ ഇൗ ചോദ്യം ചോദിക്കാം 'എനിക്ക് ഒരു ഹൃദയമുണ്ടോ?' വിശ്വാസത്തിലും പ്രത്യാശയിലും സ്‌നേഹത്തിലും ഒന്നായ ശിഷ്യഗണമെന്ന നിലയില്‍ നാം സ്വീകരിച്ച സ്‌നേഹം നമുക്കു ജീവിക്കാം. അങ്ങനെ, തിരുഹൃദയ സ്പര്‍ശത്തിനായി വെമ്പല്‍കൊള്ളുന്ന ഇൗ ലോകത്തില്‍ യഥാര്‍ഥ പ്രത്യാശയുടെ തീര്‍ഥാടകരായി നമുക്കു മാറാം.


കണ്ണൂര്‍ രൂപതാ മെത്രാന്‍. ജീസസ് യൂത്ത് ഇന്ത്യയുടെ സഭാത്മക ഉപദേഷ്ടാവ്.

 
 
 

Comments


Kairos USA

Kairos INDIA

Kairos UK

     Kairos International Inc. 700 Louisiana St, Houston, TX. USA 77002

     Kairos Media, No 8/174, Navodaya Studio Complex, Thengod P.O, Cochin, Kerala, India. Pin: 682030

     Kairos Media, St Charles Street, Sheffield S9 3WU, United Kingdom

COPYRIGHT © 2021 KAIROS MEDIA, JESUS YOUTH

bottom of page