ജീസസ് യൂത്ത് വിചിന്തനം | KAIROS MALAYALAM | MAY 2025

ആരുടെയെങ്കിലുമൊക്കെ ഒരു ഇടപെടല്‍ കൊണ്ട് ചിലരുടെ ജീവിതം മാറിമറിയുന്നത് നിങ്ങള്‍ കണ്ടിട്ടുണ്ടോ? ചില സാഹചര്യങ്ങളില്‍ ആ ഇടപെടല്‍ ദൈവത്തിനു പ്രവര്‍ത്തിക്കാനുള്ള വഴിയൊരുക്കുകയായിരുന്നു എന്നും തോന്നിയിട്ടുണ്ടാകും.
രണ്ട് ജീസസ് യൂത്ത് സുഹൃത്തുക്കളെ നമുക്ക് ഒന്നു പരിചയപ്പെടാം. ഒരാള്‍ പരമ്പരാഗത കത്തോലിക്കാ കുടുംബത്തില്‍ ജനിച്ചുവളര്‍ന്നയാള്‍. മറ്റേയാള്‍ ആ ജീവിതം തിരഞ്ഞെടുത്തയാള്‍. അല്ലെങ്കില്‍, തിരഞ്ഞെടുക്കപ്പെട്ടു എന്ന് പറയുന്നതാവും ശരി.
ടര്‍ബനും താടിയുമൊക്കെയുള്ള അസ്സല്‍ സിഖ് മതവിശ്വാസിയായ സുഖ്‌വിന്ദര്‍ സിംഗ് ഡോക്ടറാണ്. ഒരു ജീസസ് യൂത്ത് പ്രോഗ്രാമിലേക്ക് അനു അദ്ദേഹത്തെ വിളിച്ചപ്പോള്‍ അദ്ദേഹത്തിനു നിസ്സംഗഭാവമായിരുന്നു. എന്തായാലും, ക്ഷണം തുടര്‍ന്നപ്പോള്‍ ധ്യാനത്തില്‍ പങ്കെടുക്കുമെന്ന് തീരുമാനിക്കാതെ അദ്ദേഹത്തിന് നിര്‍വാഹമില്ലാതായി.
ധ്യാനത്തിനിടയില്‍ പ്രത്യേകിച്ചൊരു 'യേശു അനുഭവം' ഉണ്ടായില്ലെങ്കിലും, പ്രാര്‍ഥനയ്ക്കായി ഇത്രയും യുവതീയുവാക്കള്‍ ഒത്തുചേരുന്ന കാഴ്ച സുഖ്‌വിന്ദറില്‍ വലിയ മതിപ്പുളവാക്കി.
ലോകത്തിന്റേതായ വ്യഗ്രതകളില്‍ മുഴുകുന്നതിന് പകരം ഇത്രയും യുവാക്കള്‍ക്ക് പ്രാര്‍ഥിക്കാന്‍ പ്രചോദനം ലഭിക്കണമെങ്കില്‍, ഉന്നതമായ ഒരു ശക്തി തീര്‍ച്ചയായും അവരില്‍ പ്രവര്‍ത്തിക്കുന്നുണ്ട് എന്ന ഉറച്ച ബോധ്യത്തിലേക്ക് അദ്ദേഹം നയിക്കപ്പെട്ടു. ആ തിരിച്ചറിവില്‍ തുടങ്ങിയ യാത്ര അദ്ദേഹത്തെ യേശുവിലേക്ക് എത്തിക്കുകയായിരുന്നു. അത്ഭുതകരമായ വിധത്തിലാണ് സുഖ്‌വിന്ദര്‍ സിംഗ് പിന്നീട് കര്‍ത്താവിനാല്‍ രൂപാന്തരപ്പെട്ട് ഒരു മിഷണറിയും ജീസസ് യൂത്തും ആയിത്തീര്‍ന്നത്. വലിയ രോഗശാന്തികള്‍ക്കായി ഉപയോഗിച്ചു കൊണ്ടുപോലും കര്‍ത്താവ് അദ്ദേഹത്തിലൂടെ ശക്തമായി പ്രവര്‍ത്തിച്ചു.
അനു അവളുടെ കംഫര്‍ട് സോണിനു പുറത്തുകടന്ന് സുഖ്‌വിന്ദര്‍ സിംഗുമായി ഇടപഴകിയില്ലായിരുന്നെങ്കില്‍, അദ്ദേഹം യേശുവിനെ അറിയുമായിരുന്നോ? പലപ്പോഴും ദൈവത്തിന് നമ്മിലൂടെ പ്രവര്‍ത്തിക്കാന്‍ സാധിക്കുന്നത് ഇൗ കംഫര്‍ട്ട് സോണുകള്‍ വിട്ട് നാം പുറത്തിറങ്ങുമ്പോഴല്ലേ? തിരസ്‌കരിക്കപ്പെടുമെന്നുള്ള ഭയം കൊണ്ടോ തെറ്റിദ്ധാരണ കൊണ്ടോ എത്രയോ വട്ടം നാം നമ്മെത്തന്നെ മുന്നോട്ടുപോകാന്‍ അനുവദിക്കാതിരുന്നിട്ടുണ്ട് ! ഒരുപക്ഷേ, ഇൗ അസ്വസ്ഥതയുടെ നിമിഷങ്ങളിലാകാം നമ്മുടെ ശരിയായ വളര്‍ച്ച തുടങ്ങുന്നത്.
ചുറ്റുമുള്ള മനുഷ്യരിലേക്ക് ഇറങ്ങിച്ചെല്ലുക എന്നത് നമ്മെ പേടിപ്പെടുത്തിയേക്കാം. നമ്മെ അപകടകരമായ പല അവസ്ഥകളിലൂടെയും അത് കൊണ്ടുപോയേക്കാം. പലപ്പോഴും അപരിചിതങ്ങളായ ഇടങ്ങളിലേക്ക് കാലെടുത്തുവയ്‌ക്കേണ്ടി വന്നേക്കാം. പലവിധത്തിലുള്ള ജീവിതപശ്ചാത്തലങ്ങളില്‍നിന്നുവരുന്ന ആളുകളുമായി ഇടപെടേണ്ടി വന്നേക്കാം. മുഖം തിരിക്കലിന്റെ, തിരസ്‌കരണങ്ങളുടെ സ്വസ്ഥതകളുണ്ടായേക്കാം. എന്നിരുന്നാലും നമ്മുടെ വിശ്വാസം ശരിക്കും വളരുന്നത് ഇങ്ങനെയുള്ള അസ്വസ്ഥതകളിലൂടെയുമാവാം. ഒരു കര്‍ത്തവ്യം എന്നതിലുപരി മറ്റുള്ളവരിലേക്ക് ഇറങ്ങിച്ചെല്ലുക എന്നത് പരിവര്‍ത്തനത്തിനുള്ള അവസരമാകുമോ, നമുക്ക് മാത്രമല്ല മറ്റുള്ളവര്‍ക്കും?
അനു ചെയ്തത് ഒരു നിസ്സാരകാര്യമല്ലേ എന്ന് തോന്നിയേക്കാം. എന്നാല്‍, ആരംഭത്തില്‍ തടസ്സങ്ങള്‍ ഉണ്ടായെങ്കിലും പിന്മാറാതെ, സുഖ്‌വിന്ദറിന്റെ അനുകൂല പ്രതികരണം ഉണ്ടാകുന്നതുവരെ അവള്‍ തന്റെ കര്‍ത്തവ്യത്തെ പിന്തുടര്‍ന്നു. തന്നെ ശക്തിപ്പെടുത്തുകയും സഹായിക്കുകയും ചെയ്യുമെന്ന് വാഗ്ദാനം ചെയ്തവനില്‍ വിശ്വസിച്ചുകൊണ്ട് അവള്‍ തന്റെ മടിയെയും ഭയത്തെയും അതിജീവിച്ചു.
ജീസസ് യൂത്ത് മുന്നേറ്റത്തിന്റെ റൂബി ജൂബിലിയോടടുക്കുന്ന ഇൗ വേളയില്‍, ദ്രുതഗതിയില്‍ ഗഹനമായ പരിവര്‍ത്തനങ്ങള്‍ക്ക് വിധേയമായിക്കൊണ്ടിരിക്കുന്ന ഒരു ലോകത്തെയാണു നാം കാണുന്നത്. 'ഇത് മാറ്റത്തിന്റെ യുഗമാണെന്ന് പറയുന്നതിനേക്കാള്‍, ഒരു യുഗത്തിന്റെ തന്നെ മാറ്റത്തിലൂടെ നമ്മള്‍ കടന്നുപോകുന്നു എന്നതാണ് വാസ്തവം' എന്ന് ഫ്രാന്‍സിസ് പാപ്പാ പറഞ്ഞത് തികച്ചും ശരിയാണ്. ഇത്രയും പ്രക്ഷുബ്ധമായ ഒരു കാലഘട്ടത്തില്‍ ജീവിക്കുമ്പോള്‍, നമ്മുടെ വിശ്വാസം ഉൗര്‍ജസ്വലമാണെന്നും കാലിക പ്രസക്തി ഉള്ളതാണെന്നും എങ്ങനെ ഉറപ്പാക്കാം? ഒരു പുനര്‍വിചിന്തനം നടത്താനും മറ്റുള്ളവരിലേക്ക് എത്തിച്ചേരാനുള്ള വഴികള്‍ കാലാനുസൃതമാക്കാനും നമ്മള്‍ തയാറാണോ?
സുരക്ഷിതമെന്ന് തോന്നുന്നതും പരിചിതമായതും മാത്രം ചെയ്തുകൊണ്ട് നമ്മുടെ കംഫര്‍ട്ട് സോണിനുള്ളില്‍ തന്നെ ഒതുങ്ങുക എന്നത് പ്രലോഭിപ്പിക്കുന്നതാണ്. പക്ഷേ, അത്തരം ചുറ്റുപാടുകളില്‍ വിശ്വാസവളര്‍ച്ച ഉണ്ടാകുന്നത് അപൂര്‍വമാണെന്നു മാത്രം. ശരിയായ ഇറങ്ങിച്ചെല്ലല്‍ നടക്കുന്നത് മറ്റുള്ളവരെ പൂര്‍ണഹൃദയത്തോടെ സ്വാഗതം ചെയ്യുമ്പോഴുംഅവരുടേതു മാത്രമായ കാഴ്ചപ്പാടുകളെ പോലും ഉള്‍ക്കൊള്ളാന്‍ സാധിക്കുമ്പോഴും, ആ വൈവിധ്യത്തിലെ സൗന്ദര്യം ആഘോഷിക്കുമ്പോഴുമാണ്. മറ്റുള്ളവര്‍ക്ക് തങ്ങള്‍ ശരിക്കും പരിഗണിക്കപ്പെടുന്നു, വിലമതിക്കപ്പെടുന്നു എന്ന തരത്തില്‍ അവരെ ഉള്‍കൊള്ളുന്ന ഇടങ്ങള്‍ സൃഷ്ടിക്കാന്‍ നമുക്ക് കഴിയുന്നുണ്ടോ? അതോ അതിനൊന്നും മെനക്കെടാന്‍ മനസ്സില്ലാതെ നമ്മള്‍ പുറകോട്ട് വലിയുകയാണോ?
ഒരുപക്ഷേ ഉള്ളിന്റെ ഉള്ളില്‍ നമ്മളെല്ലാവരും തന്നെ ആഗ്രഹിക്കുന്നത് വ്യത്യസ്ത സാഹചര്യങ്ങളില്‍ നിന്നു വരുന്ന ആളുകളുമൊത്ത് യാത്ര തുടങ്ങാനായിരിക്കും. അതിനായുള്ള നമ്മുടെ ശ്രമങ്ങള്‍ വിജയിക്കുന്നുമുണ്ടാകാം. എന്നിരുന്നാലും അല്‍പംകൂടി കഠിനാധ്വാനം ചെയ്യാന്‍ നമുക്കാകുമോ? നമ്മുടെ പ്രൗഢമായ സാംസ്‌കാരിക പശ്ചാത്തലത്തില്‍ വേരൂന്നിക്കൊണ്ടു തന്നെ, മറ്റ് സംസ്‌കാരങ്ങളുടെ സമ്പന്നതയിലേക്കും കാഴ്ചപ്പാടുകളിലേക്കും തുറവിയുണ്ടാകുന്നത് നമുക്ക് സാധ്യമാണോ? ''ഇതെപ്പോഴും ഇങ്ങനെയായിരുന്നല്ലോ'' എന്ന ചിന്താഗതിക്കപ്പുറത്തേക്കു പോകാനാണ് ഫ്രാന്‍സിസ് പാപ്പാ നമ്മെ ആഹ്വാനം ചെയ്യുന്നത്. വളരാനും ഇറങ്ങിച്ചെല്ലാനും നവമായ ഉത്സാഹത്തോടെ നമ്മുടെ വിശ്വാസം ജീവിക്കാനുമുള്ള പുതിയ വഴികള്‍ അപ്പോള്‍ തെളിഞ്ഞെന്നുവരില്ലേ ?
വിശ്വാസത്തോടെ ചുവടുകള്‍ മുന്നോട്ട് വയ്ക്കുന്നതിന് ധീരത ആവശ്യമാണ്, പക്ഷേ നമ്മള്‍ നടക്കുന്നത് ഒറ്റയ്ക്കല്ലല്ലോ; നമ്മെ ശക്തിപ്പെടുത്തുകയും സഹായിക്കുകയും ചെയ്യുന്ന ദൈവം നമുക്കുണ്ട്. ആരുമായി ഇടപഴകാനായിരിക്കും ഇന്ന് ദൈവം നമ്മെ വിളിക്കുന്നുണ്ടാകുക? ഒരു ചെറിയ ക്ഷണത്തിനായി കാത്തുനില്‍ക്കുന്ന ആരെങ്കിലും നിങ്ങളുടെ ഹൃദയത്തിലുണ്ടോ? ഫ്രാന്‍സിസ് പാപ്പാ നമ്മുടെ മുന്നിലേക്കുവയ്ക്കുന്നത് ശക്തമായ വെല്ലുവിളിയാണ്, ''തെരുവില്‍ ആയിരിക്കുന്നതുമൂലം പരിക്കു പറ്റിയ, വേദനിക്കുന്ന, അഴുക്കു പുരണ്ട ഒരു സഭയാണ്, സ്വന്തം സുരക്ഷിതത്വത്തിലേക്ക് ചുരുങ്ങുകയും അതിനോട് ഒട്ടിനില്‍ക്കുകയും ചെയ്യുന്നത് മൂലം അനാരോഗ്യത്തിലായിരിക്കുന്ന സഭയേക്കാള്‍ എനിക്കിഷ്ടം'' (സുവിശേഷത്തിന്റെ ആനന്ദം, 49).
റിസ്‌ക്കെടുക്കുന്ന, വെല്ലുവിളികള്‍ നിറഞ്ഞ ഉദ്യമങ്ങള്‍ക്ക് ഇറങ്ങിത്തിരിക്കുന്ന, ഒരു സഭയുടെ ഭാഗമാകാന്‍ നമ്മള്‍ തയാറാണോ? ദൈവത്തിന്റെ ശക്തിയിലും വഴിനടത്തലിലും വിശ്വസിച്ചുകൊണ്ട് അവിടത്തോടൊപ്പം നിങ്ങള്‍ ഇറങ്ങിത്തിരിക്കുമോ? ആരിലേക്കെത്താനാണ് ഇന്ന് ദൈവം നിങ്ങളെ ക്ഷണിക്കുന്നത്?



Comments