top of page

ജീവിക്കാനാണ് ധൈര്യം വേണ്ടത്! | ഫമിലിയ /ചുറ്റുവട്ടം | സാജന്‍ സി എ | KAIROS MALAYALAM | MAY 2025

Writer: സാജന്‍ സി. എ
സാജന്‍ സി. എ
5d
1 min read

Bloom where you are planted... നട്ടിടത്തു പുഷ്പിക്കുക; എന്നത് തിരിച്ചറിയുന്നവര്‍ ഭാഗ്യവാന്മാര്‍. വളരാന്‍ വേണ്ട വെള്ളവും വളവും ലഭിക്കണമെന്നത് സത്യം. ഇനിയതില്ലെങ്കിലും വളരുമെന്നതാണ് യാഥാര്‍ഥ്യം. അതിനു പിന്നിലെ രഹസ്യമറിയണം, അതാണ് ധൈര്യം നല്‍കുക.


ചുറ്റും കാണുന്നതും കേള്‍ക്കുന്നതും സങ്കടകരവും നിര്‍ഭാഗ്യകരവുമായ കാര്യങ്ങളാണ്. ഒറ്റയ്ക്കും കൂട്ടായും ജീവിതമങ്ങ് അവസാനിപ്പിക്കുന്നവരിലേക്ക് നോക്കിയാല്‍ കാണുന്നത്, പ്രത്യാശയും പ്രതീക്ഷകളും ഒന്നുമില്ലെന്ന മിഥ്യാധാരണയില്‍ സ്വയം നിര്‍മിത തമസ്സിന്റെ ലോകത്തില്‍ അകപ്പെട്ടു പോയതാണ് കാരണമെന്നതാണ്. ജീവനെടുക്കാന്‍ തുനിഞ്ഞിറങ്ങുന്നവരുടെയുള്ളില്‍ നിറഞ്ഞുനില്‍ക്കുന്നതും മറ്റൊന്നല്ല, അവര്‍ നിര്‍മിച്ച ഇരുണ്ടലോകം തന്നെയാണ് അവര്‍ക്കുമുന്നിലെ മതിലുകള്‍.


ജീവിക്കുന്ന ഒരുദൈവം കൂടെയുണ്ടെന്ന് തിരിച്ചറിയുന്നവരുടെ കല്‍ഭരണികളില്‍ നുരഞ്ഞു പതഞ്ഞുയരുന്ന ലഹരിയാണ് ധൈര്യം. ദൈവം കൂടെയുണ്ടെന്ന ധൈര്യം. കാറ്റിനെയും തിരമാലകളെയും ശാന്തമാക്കാന്‍ ദൈവമുണ്ടെന്നു തിരിച്ചറിയുന്ന ധൈര്യം. എന്തൊക്കെ അനര്‍ഥങ്ങള്‍ ഉണ്ടായാലും ദൈവം വഴിനടത്തും എല്ലാം നന്മയ്ക്കായി മാറ്റുമെന്ന് തിരിച്ചറിയുന്നതും, പരാജയങ്ങളും പ്രതിസന്ധികളും മാത്രമാണ് മുന്നിലുള്ളതെങ്കിലും, ഇതിനെല്ലാത്തിനുമിടയില്‍ ദൈവകരം കാണുന്നതുമായ ധൈര്യം.പ്രിയ ചങ്ങാതീ, ജീവിക്കാനാണ് ധൈര്യം വേണ്ടത് എന്നതോര്‍ക്കാം. ''ഞാന്‍ വന്നിരിക്കുന്നത് അവര്‍ക്ക് ജീവന്‍ ഉണ്ടാകാനും അത് സമൃദ്ധമായി ഉണ്ടാകാനുമാണ്.'' ഈ തിരുവചനമൊക്കെയൊന്ന് ഒരുവട്ടം വായിച്ചാല്‍തന്നെ തിരിവെട്ടം തെളിയും, പിന്നെയാര്‍ക്കാണ് കാലിടറുക. ഭീതിയുടെ മാറാപ്പിനുള്ളില്‍ മറഞ്ഞിരിക്കുന്നവര്‍ക്ക് ദൈവമുണ്ടെന്ന ധൈര്യം പകരാം. അവരും ജീവിക്കട്ടെ വര്‍ണാഭമായ സുന്ദരലോകത്തില്‍ നിര്‍ഭയം. സുകൃതജപം പോലെ നമുക്കുരുവിടാം, ജീവിക്കാനാണ് ധൈര്യം വേണ്ടത്, അതു ദൈവം നല്‍കും.




കെറോസ് മലയാളം മാഗസിൻ എക്സിക്യൂട്ടീവ് എഡിറ്ററാണ് ലേഖകൻ.

 
 
 

Comments


Kairos USA

Kairos INDIA

Kairos UK

     Kairos International Inc. 700 Louisiana St, Houston, TX. USA 77002

     Kairos Media, No 8/174, Navodaya Studio Complex, Thengod P.O, Cochin, Kerala, India. Pin: 682030

     Kairos Media, St Charles Street, Sheffield S9 3WU, United Kingdom

COPYRIGHT © 2021 KAIROS MEDIA, JESUS YOUTH

bottom of page