top of page

ജീസസ് യൂത്ത് വിചിന്തനം | റെന്നി ഞാറക്കുളം | KAIROS MALAYALAM | JUNE 2025

Writer: റെന്നി ഞാറക്കുളം
റെന്നി ഞാറക്കുളം
7 days ago
2 min read

ബലഹീനനെന്നു സമൂഹം മുദ്രകുത്തിയ വി. ജോണ്‍ വിയാനി പരിശുദ്ധാത്മാവിനു സമര്‍പ്പിക്കപ്പെട്ട ഒരു വ്യക്തിക്ക് എന്തായിത്തീരാനാകും എന്നതിന് ഉത്തമോദാഹരണമാണ്. പരിശുദ്ധാത്മാവിന്റെ വഴിനടത്തല്‍ സ്വജീവിതത്തില്‍ തിരിച്ചറിഞ്ഞ വിശുദ്ധന്‍ പറയുന്നു, 'ഒരമ്മ തന്റെ രണ്ടുവയസ്സുള്ള കുഞ്ഞിനെ കൈപിടിച്ച് നയിക്കുന്നതുപോലെ, കാഴ്ചയുള്ള ഒരാള്‍ അന്ധനെ നയിക്കുന്നതുപോലെ, പരിശുദ്ധാത്മാവ് നമ്മെ നയിക്കുന്നു.'


യേശു മനുഷ്യനായി അവതരിച്ചതും രക്ഷണീയ ദൗത്യം പൂര്‍ത്തിയാക്കിയതും ദൈവപൈതലായ നമ്മെ സ്വര്‍ഗത്തിന്റെ അവകാശികളാക്കുവാനാണ്. രക്ഷയുടെ അനുഭവം സ്വന്തമാക്കി അതില്‍ നിലനില്‍ക്കുവാനും വളരുവാനും നിത്യതയോളം എത്താനും നമുക്ക് തനിയെ ആവില്ലെന്നു നന്നായി അറിയാമായിരുന്ന യേശു, തന്നെ നയിച്ച അതേ പരിശുദ്ധാത്മാവിനെ നമുക്ക് നല്‍കുന്നതില്‍നിന്ന്, അവന്‍ എത്രമാത്രം നമ്മുടെ നിത്യരക്ഷ കൊതിക്കുന്നു എന്നത് വ്യക്തമാണ്. നമ്മുടെ വ്യക്തിജീവിതത്തിന്റെ ഓരോ നിമിഷവും ഈ സഹായകനിലേക്ക് നമ്മുടെ ഹൃദയം ചേര്‍ത്തുവയ്ക്കുന്നത് എത്രയോ അനുഗ്രഹപ്രദമാണ്!


ദൈവം പരിശുദ്ധാത്മാവിനെ നമുക്ക് നല്‍കുന്നത് എന്നേക്കും നമ്മോടു കൂടെയായിരിക്കാനാണ്. 'പാറക്ലെത്തോസ്' എന്ന ഗ്രീക്ക് വാക്കിന് കൂടെ ആയിരിക്കുന്നവന്‍, സഹായകന്‍, ഉപദേഷ്ടാവ്, അഭിഭാഷകന്‍, ആശ്വാസദായകന്‍ എന്നിങ്ങനെയെല്ലാം അര്‍ഥമുണ്ട്. സന്തതസഹചാരിയായി നമ്മുടെ കൂടെയും ഉള്ളിലും ആയിരിക്കുന്ന ഈ ദൈവസാന്നിധ്യം നല്‍കുന്ന ആത്മവിശ്വാസവും ബലവും എത്ര വലുതാണ്!


പരിശുദ്ധാത്മാവിനെ സ്വീകരിച്ച ശിഷ്യരുടെ കൂടെ എപ്പോഴും ആയിരിക്കുന്ന ആത്മാവിനെയാണ് അപ്പസ്‌തോല പ്രവര്‍ത്തനങ്ങളില്‍ നാം കാണുന്നത്. തെരുവില്‍ പ്രസംഗിക്കുമ്പോഴും, അധികാരികളുടെ മുന്‍പില്‍ നില്‍ക്കുമ്പോഴും, കാരാഗ്രഹത്തില്‍ അടയ്ക്കപ്പെടുമ്പോഴും, യാത്ര ചെയ്യുമ്പോഴും, ഭക്ഷണം പാചകം ചെയ്യുമ്പോഴും, കല്ലെറിയപ്പെടുമ്പോഴും, കൊടിയ പീഡനത്തിലൂടെയും മരണവക്ത്രത്തിലൂടെയും കടന്നുപോകുമ്പോഴുമെല്ലാം അവരുടെ കൂടെ വസിക്കുകയും അവരെ ധൈര്യപ്പെടുത്തുകയും ചെയ്തുകൊണ്ട് പരിശുദ്ധാത്മാവ് കൂടെയുണ്ട്.


''... ശത്രുവായ പിശാച് അലറുന്ന സിംഹത്തെപ്പോലെ ആരെ വിഴുങ്ങണമെന്ന് അന്വേഷിച്ചുകൊണ്ട് ചുറ്റിനടക്കുന്നു (1 പത്രോ 5, 8) വെന്ന് നമുക്കറിയാം. പ്രലോഭനങ്ങളിലൂടെയും പരീക്ഷണങ്ങളിലൂടെയും ഗോതമ്പുമണിപോലെ നമ്മെ പാറ്റാന്‍ തിന്മ ശ്രമിക്കുമ്പോള്‍ ആ കെണിയില്‍ പെട്ടുപോകാതെ, ഒരിക്കലും വേര്‍പിരിയാത്ത സഹായകനായി, സംരക്ഷകനായി കൂടെയുള്ള പരിശുദ്ധാത്മാവിനോടൊപ്പം തിന്മയെ അതിജീവിക്കാനാണ് നമ്മുടെ വിളി.


'നിത്യനരകത്തിലുള്ളവരോട് നിങ്ങള്‍ എന്തുെകാണ്ടാണ് നരകത്തില്‍ എത്തിയത് എന്ന് ചോദിച്ചാല്‍ അവര്‍ ഉത്തരം പറയും: പരിശുദ്ധാത്മാവിനെ എതിര്‍ത്തതിന്. വിശുദ്ധന്മാരോട് നിങ്ങള്‍ എങ്ങനെയാണ് സ്വര്‍ഗത്തില്‍ ചെന്നെത്തിയത് എന്ന് ചോദിച്ചാല്‍ അവര്‍ ഉത്തരം പറയും: പരിശുദ്ധാത്മാവിനെ ശ്രവിച്ചതിനാല്‍.' വി. ജോണ്‍ വിയാനിയുടെ ഈ വാക്കുകള്‍ നിത്യസഹായകന്റെ മൊഴികള്‍ക്ക് കാതോര്‍ക്കേണ്ടതിന്റെ പ്രാധാന്യത്തിലേക്ക് നമ്മെ ക്ഷണിക്കുന്നു. നിത്യജ്ഞാനമായ പരിശുദ്ധാത്മാവ് നമ്മുടെയുള്ളില്‍ സദാ പ്രവര്‍ത്തനനിരതനാണ്. എന്നാല്‍, അവന്‍ സംസാരിക്കുന്നതു ഉറക്കെയല്ല, ഒരു മൃദുമന്ത്രണം പോലെയാണ്. അതുഫലദായകമാകാന്‍ ശ്രവിക്കുന്ന കാതുകളും, അനുസരിക്കുന്ന ഹൃദയവും നമ്മില്‍ വളര്‍ത്തിയെടുക്കണം.


ഒരു കാര്യം സ്വയമേവ ചെയ്യുവാന്‍ സാധിക്കാതെ വരുമ്പോഴാണ് ഒരു സഹായകനെ നമുക്കാവശ്യമാകുന്നത്. ആത്മീയജീവിതത്തിലും ആദ്യമൊക്കെ നാം സാധാരണയായി പരിശുദ്ധാത്മാവിനെ കൂട്ടുപിടിക്കുന്നത് മാനുഷികശക്തിയില്‍ ചെയ്യുവാന്‍ സാധിക്കാത്ത കാര്യങ്ങള്‍ അഭിമുഖീകരിക്കുമ്പോഴാണ്. ഈ യാത്ര മുന്‍പോട്ട് പോകുമ്പോള്‍ നാം സാവധാനം തിരിച്ചറിയുന്നു അവനെ കൂടാതെ നമുക്കൊന്നും ചെയ്യാനാകില്ല എന്ന്. ഈ തിരിച്ചറിവാണ് സഹായകനായ പരിശുദ്ധാത്മാവിലേക്ക് നമ്മെ കൂടുതല്‍ അടുപ്പിക്കുന്നത്.


ഈ ലോകജീവിതത്തിന്റെ സന്നിഗ്ധഘട്ടങ്ങളില്‍ എന്തു തീരുമാനമെടുക്കും, ആരോട് ആലോചന ചോദിക്കും എന്നൊക്കെ അറിയാതെ നമുക്കുചുറ്റും മനുഷ്യര്‍ വലയുമ്പോള്‍ ഒരു ക്രിസ്തുശിഷ്യന്റെ ജീവിതം സമാധാനപൂര്‍വമാകുന്നത് ഈ പരിശുദ്ധാത്മാവിന്റെ സ്‌നേഹക്കൂട്ടായ്മയില്‍ വ്യാപരിക്കുമ്പോഴാണ്. ഈ സുദൃഢബന്ധം പ്രാര്‍ഥനയിലും നിശ്ശബ്ദതയിലുമല്ലാതെ എങ്ങനെയാണ് വളര്‍ത്തിയെടുക്കാനാവുക? നമ്മുടെ മനസ്സിലെ ശബ്ദകോലാഹലങ്ങളോട് പരിശുദ്ധാത്മാവ് മത്സരിക്കാറില്ല; അവന്‍ നിശ്ചലതയ്ക്കായി കാത്തിരിക്കുന്നു.


പരിശുദ്ധാത്മ സ്പന്ദനങ്ങള്‍ വിവേചിക്കുന്നതിന്റെയും അനുസരിക്കുന്നതിന്റെയും ജീവിതരീതി നമ്മില്‍ രൂപം കൊണ്ടിട്ടുണ്ടോ? അത് നമ്മുടെ വ്യക്തിപരമായ തീരുമാനങ്ങളില്‍ മാത്രമല്ല, ജീസസ് യൂത്ത് കൂട്ടായ്മകളുടെ പ്രവര്‍ത്തനരീതികളിലും പ്രകടമാണോ? സാര്‍വത്രിക സഭയോടൊപ്പം ഒരു പുതിയ പന്തക്കുസ്താ അനുഭവത്തിനായി നാം ഒരുങ്ങുമ്പോള്‍, ജീസസ് യൂത്ത് മുന്നേറ്റത്തില്‍ അവിടന്ന് നമ്മെ ഏല്‍പിക്കുന്ന ദൗത്യത്തെ ധൈര്യത്തോടെ സ്വീകരിക്കുന്നതിനും, ആത്മാവിനാല്‍ നയിക്കപ്പെടാനുമുള്ള ആഴമായ ആഗ്രഹവും നമ്മില്‍ ഉണര്‍ത്തുന്നതിന് സഹായകമാകട്ടെ. പന്തക്കുസ്താദിനത്തില്‍ നാമെടുക്കുന്ന പ്രതിജ്ഞ ഈ ആഗ്രഹത്തെയല്ലേ പ്രതിഫലിപ്പിക്കേണ്ടത്? പരിശുദ്ധാത്മാവിനെ ശരിയായി സ്‌നേഹിക്കുകയും, ശ്രവിക്കുകയും, പിന്തുടരുകയും ചെയ്യുന്ന ഒരു സമൂഹമാകാന്‍ ജീസസ് യൂത്ത് മുന്നേറ്റം വിളിക്കപ്പെട്ടിരിക്കുന്നു. സഹായകനായ പരിശുദ്ധാത്മാവിനോടൊപ്പം സുവിശേഷമാകാനും സുവിശേഷമേകാനുമുള്ള നമ്മുടെ മിഷണറി ദൗത്യത്തില്‍ വളരാനുമുള്ള ചവിട്ടുപടിയാകട്ടെ ഈ ദിനങ്ങള്‍.


റിട്ടയേര്‍ഡ് അധ്യാപകനും, കെയ്‌റോസിന്റെ മുന്‍ എഡിറ്ററും, ജീസസ് യൂത്ത് നേതൃനിരയിലെ മുതിര്‍ന്ന ഒരാളുമാണ്. ഭാര്യ മിനിയോടും മക്കളോടുമൊപ്പം കോഴിക്കോട് താമസിക്കുന്നു.

 
 
 

Comments


Kairos USA

Kairos INDIA

Kairos UK

     Kairos International Inc. 700 Louisiana St, Houston, TX. USA 77002

     Kairos Media, No 8/174, Navodaya Studio Complex, Thengod P.O, Cochin, Kerala, India. Pin: 682030

     Kairos Media, St Charles Street, Sheffield S9 3WU, United Kingdom

COPYRIGHT © 2021 KAIROS MEDIA, JESUS YOUTH

bottom of page