ജീസസ് യൂത്ത് വിചിന്തനം | KAIROS MALAYALAM | MARCH 2025

ചൂണ്ടയിട്ട് മീന്‍ പിടിക്കുന്നത് ഒരു ജീവനോപാധിയാണ്, അതോടൊപ്പം ഒരു വിനോദമാര്‍ഗവും. ഏറെ ക്ഷമയും ശാന്തതയും ആവശ്യമുള്ള ഒരു വിനോദം. മീന്‍ ലഭിക്കുന്നതിനേക്കാള്‍ അതിനായുള്ള കാത്തിരിപ്പും ഒരുക്കവും ചേര്‍ന്നു നല്കുന്ന സന്തോഷം തന്നെയാണ് ചൂണ്ടയിടലെന്ന വിനോദത്തെ രസകരമാക്കുന്നത്. ദൈവമക്കളായ നമ്മുടെ ജീവിത ത്തില്‍ കര്‍ത്താവിന്റെ രക്ഷയെ ശാന്തമായി കാത്തിരിക്കു ന്നതും ആനന്ദകരമായ ഒരു അനുഭവമാകേണ്ടതല്ലേ? ദൈവവചനത്തിലൂടെ ഇതള്‍ വിരിയുന്ന കാത്തിരിപ്പിന്റെ സൗന്ദര്യം ശ്രദ്ധിച്ചിട്ടുണ്ടോ? പറുദീസയില്‍ വാഗ്ദാനം ചെയ്യപ്പെട്ട രക്ഷയ്ക്കായി ഇസ്രായേല്‍ ജനത്തിന്റെ നൂറ്റാണ്ടുകളുടെ കാത്തിരിപ്പ്, ഒരു കുഞ്ഞിനുവേണ്ടിയുള്ള അബ്രഹാമിന്റെയും സാറായു ടെയും കാത്തിരിപ്പ്, പരിശുദ്ധാത്മാവിന്റെ ആഗമനത്തിനായി ഒരുങ്ങി ക്കൊണ്ട് പരിശുദ്ധ മറിയത്തിന്റെയും ശിഷ്യരുടെയും കാത്തിരിപ്പ് തുടങ്ങി യേശുവിന്റെ രണ്ടാം വരവിനായുള്ള തീര്‍ഥാടക സഭയുടെ കാത്തിരിപ്പു വരെ നീളുന്ന ദൈവത്തിന്റെ രക്ഷാകരമായ ഇടപെടലുകളുടെ മനോഹര ദൃശ്യങ്ങള്‍ നമ്മോടു മന്ത്രിക്കുന്നതെന്താണ്?
വ്യക്തിപരവും കൂട്ടായ്മയില്‍ വളരുന്നതുമായ ആത്മീയ ജീവിതത്തില്‍ 'കര്‍ത്താവിന്റെ രക്ഷയെ ശാന്തമായി കാത്തിരിക്കുന്നത്' ഉത്തമമല്ലേ? ജീസസ് യൂത്ത് എന്ന നിലയില്‍ ദൈവസന്നിധിയില്‍ വിശ്വാസത്തോടും പ്രത്യാശയോടുംകൂടി കാത്തിരിക്കാന്‍ നമുക്ക് കഴിയുന്നുണ്ടോ? പ്രവര്‍ത്തനങ്ങളുടെ ആധിക്യത്താലും ഭാരത്താലും തളരുന്ന ജീസസ് യൂത്ത് 'പ്രവര്‍ത്തകര്‍' മാത്രമാണോ അതോ യഥാര്‍ഥത്തില്‍ നാം 'ജീസസ് യൂത്ത്' ആണോ? സ്വത്വം തിരിച്ചറിയുന്നതിനേക്കാള്‍ നമ്മുടെ പ്രവര്‍ത്തനങ്ങളാല്‍ നാം നിര്‍വചിക്കപ്പെടുന്നുണ്ടോ? പ്രവര്‍ത്തന മികവിനും ഉത്പാദനക്ഷമതയ്ക്കും ലോകം വലിയ വില കല്പിക്കുന്നു. എന്നാല്‍ ദൈവത്തിന്റെ സമയത്തിനായി കാത്തിരിക്കുന്നതിന്റെ ദീര്‍ഘവും വേദനാജനകവുമായ ഘട്ടത്തിലായിരിക്കാം ആത്മീയ വളര്‍ച്ച സംഭവിക്കുന്നത്.
കാത്തിരിപ്പ് എന്ന വാക്കുപോലും അസ്വസ്ഥത ഉളവാക്കലായും സമയം പാഴാക്കലായും തോന്നുന്നുണ്ടോ? എന്നാല്‍, ഈ അസ്വസ്ഥതയ്ക്കും ആന്തരിക കോലാഹലങ്ങള്‍ക്കും ഇടയില്‍ ദൈവം മൃദുവായി മന്ത്രിക്കുന്നു, കുഞ്ഞേ, 'ശാന്തമാവുക, ഞാന്‍ ദൈവമാണെന്ന് അറിയുക' (സങ്കീ 46,10). കാരണം, കാത്തിരിപ്പ് ദൈവകൃപയോടുള്ള വിശ്വാസപൂര്‍വമായ സഹകരണമാണ്. പ്രാര്‍ഥനയിലൂടെയും ധ്യാനത്തിലൂടെയും മനനത്തിലൂടെയും വളരുന്നതിനെക്കുറിച്ച് കൊല്‍ക്കത്തയിലെ വിശുദ്ധ തെരേസ പറയുന്നു, 'നാം ദൈവത്തെ കണ്ടെത്തേണ്ടതുണ്ട്, ശബ്ദകോലാ ഹലത്തിലും അസ്വസ്ഥതയിലും അവനെ കണ്ടെത്താനാവില്ല. ദൈവം നിശ്ശബ്ദതയുടെ സുഹൃത്താണ്. ആത്മാവിനെ സ്പര്‍ശിക്കാന്‍ നമുക്ക് നിശ്ശബ്ദത ആവശ്യമാണ്.'
കാത്തിരിപ്പിനെ നാം തെറ്റിദ്ധരിച്ചിരിക്കാം. അത് ഒരിക്കലും നിശ്ചലതയല്ല, നിഷ്‌ക്രിയതയും അലസതയുമല്ല. നമ്മുടെ പരിശ്രമമില്ലാതെ എല്ലാം സംഭവിക്കുമെന്നു വിചാരിക്കുന്നതും ദൈവത്തിന്റെ സമയത്തെ അംഗീകരിക്കുന്ന സജീവമായ വിശ്വാസവും തമ്മില്‍ കാര്യമായ വ്യത്യാസമുണ്ട്. കാരണം കാത്തിരിപ്പ് ജീവിക്കുന്ന ദൈവത്തിന്റെ ഹിതത്തിനോടുള്ള തുറവിയുടെ അടയാളവും പരിശുദ്ധാത്മാവിന്റെ താളത്തിനായി നമ്മുടെ ജീവിതത്തെ ക്രമപ്പെടുത്തുന്നതുമാണ്.
ശാന്തമായ ഋതുക്കള്‍ ഒരിക്കലും അര്‍ഥശൂന്യമല്ല. ദൈവം തിരശീലയ്ക്കു പിന്നില്‍ പ്രവര്‍ത്തിക്കുന്നത് എന്റെ ഉപരിനന്മയ്ക്കാണെന്ന വിശ്വാസത്തിന്റെ ഉള്‍വെട്ടത്തില്‍ നടക്കാന്‍ അത് അവസരമൊരുക്കുന്നു. കാത്തിരിപ്പ് നമ്മെ ക്ഷമയിലും പ്രത്യാശയിലും വളര്‍ത്തുന്നു. വേദനാജനകമാണെങ്കിലും നമ്മെ കരുത്തുറ്റവരും വിശ്വസ്തരുമായ ശിഷ്യരാക്കി രൂപപ്പെടുത്തുന്ന സമയമാണത്.
ദൈവപരിപാലനയില്‍ ദൃഷ്ടിയുറപ്പിച്ച കാത്തിരിപ്പുകള്‍ നമുക്ക് ഒരു വിശ്രമം വാഗ്ദാനം ചെയ്യുന്നു... അവിടത്തെ മടിത്തട്ടില്‍ ഒരു സാബത്ത് വിശ്രമം (ഹെബ്രാ 4, 9-10). ഈ കാത്തിരിപ്പ് ദൈവികമായ വിശ്രമത്തിനും ആത്മീയ നവീകരണ അനുഭവത്തിനുമുള്ള സമയമായി ദൈവം വാഗ്ദാനം ചെയ്യുന്നു. ''തന്റെ തിരുമനസ്സിന്റെ തീരുമാനപ്രകാരം എല്ലാം നിറവേറ്റുന്ന അവിടത്തെ പദ്ധതിയനുസരിച്ച് '' (എഫേ 1, 11) നമ്മുടെ കാത്തിരിപ്പിനെ ഫലദായകമാക്കും. വിശുദ്ധ തോമസ് അക്വിനാസിന്റെ പ്രാര്‍ഥന നമ്മുടേതുമാക്കി
മാറ്റാം. കര്‍ത്താവേ, എന്റെ ദൈവമേ, അങ്ങയെ അറിയാനുള്ള മനസ്സും, അങ്ങയെ അന്വേഷിക്കാനുള്ള ഹൃദയവും അങ്ങയെ കണ്ടെത്താനുള്ള ജ്ഞാനവും അങ്ങേയ്ക്കു പ്രസാദകരമായ സ്വഭാവവും അങ്ങേയ്ക്കായി വിശ്വസ്തതയോടെ കാത്തിരിക്കാനുള്ള സ്ഥിരോത്സാഹവും ഒടുവില്‍ അങ്ങയെ ആശ്ലേഷിക്കുമെന്ന പ്രത്യാശയും എനിക്കു നല്കണമേ, ആമേന്‍.



Comments