top of page

ജീസസ് യൂത്ത് വിചിന്തനം | KAIROS MALAYALAM | APRIL 2025

Smitha.sk2009
4 days ago
2 min read

'ക്രിസ്തു മരിച്ചതിനുശേഷം പിതാവിന്റെ മഹത്ത്വത്തില്‍ ഉയിര്‍ത്തെഴുന്നേറ്റതു പോലെ, നാമും പുതിയ ജീവിതം നയിക്കേണ്ടതിനാണ് അവനോടൊത്തു സംസ്‌കരിക്കപ്പെട്ടത്' (റോമാ 6, 4).


ഓരോ ക്രിസ്ത്യാനിയും നിരന്തര ധ്യാനത്തിലൂടെ തന്റെ ഹൃദയത്തില്‍ കോറിയിടേണ്ട ഒരു കാഴ്ചയാണ് പിതാവിന്റെ മഹത്ത്വത്തിലുള്ള ക്രിസ്തുവിന്റെ ഉയിര്‍പ്പ്. യേശുവിന്റെ പീഡാനുഭവ, മരണ, ഉത്ഥാനങ്ങളുടെ വിചിന്തനത്തിനായി പ്രത്യേകമാംവിധം ഒരുങ്ങുമ്പോള്‍ ദൈവാത്മാവ് നമ്മെ നയിക്കുന്നത് ജ്ഞാനസ്‌നാനത്തിലൂടെ നാം ക്രിസ്തുവിന്റെ മരണത്തോട് ഐക്യപ്പെട്ടിരിക്കുന്നതു പോലെ അവന്റെ ഉയിര്‍പ്പിനോടും ഐക്യപ്പെട്ടിരിക്കുകയാണ് എന്ന വലിയ തിരിച്ചറിവിലേക്കാണ്. ഉത്ഥാനത്തിന്റെ വിജയത്തിലേക്കാണ് നാം വിളിക്കപ്പെട്ടിരിക്കുന്നത് എന്ന സദ്വാര്‍ത്ത പൂര്‍ണഹൃദയത്തോടെ സ്വീകരിക്കുകയും ഉച്ചത്തില്‍ ഈ ലോകത്തോടു വിളിച്ചുപറയുകയുമല്ലേ നാം ചെയ്യേണ്ടത്? ഇനി നിരാശയ്‌ക്കോ ആശയക്കുഴപ്പങ്ങള്‍ക്കോ നമ്മുടെ ജീവിതത്തില്‍ സ്ഥാനമില്ലാതായിരിക്കുന്നു.


എമ്മാവൂസിലേക്കു പോയ ശിഷ്യരെപോലെ നാം മ്ലാനവദനരാകുന്നത് ഈ സദ്വാര്‍ത്ത പലപ്പോഴും നമ്മുടെ അറിവിന്റെ തലത്തില്‍ നിന്ന് ഹൃദയത്തിന്റെ തലത്തിലേക്ക് അരിച്ചിറങ്ങാത്തതുകൊണ്ടാകാം. ''ഞാന്‍ ചെയ്യുന്ന പ്രവൃത്തികള്‍തന്നെ എനിക്ക് മനസ്സിലാകുന്നില്ല. എന്തെന്നാല്‍, ഞാന്‍ ഇച്ഛിക്കുന്നതല്ല, വെറുക്കുന്നതാണു ഞാന്‍ പ്രവര്‍ത്തിക്കുന്നത്'' (റോമാ 7, 15) എന്നതായിരിക്കാം പലപ്പോഴും നമ്മെ നിരാശപ്പെടുത്തുന്ന യാഥാര്‍ഥ്യം. അന്ന് ശിഷ്യരെ തേടിയെത്തിയ യേശു നമ്മുടെ യാത്രയിലും ഒപ്പം ചേരുകയാണ്. ക്രിസ്തു ഇതെല്ലം സഹിച്ചു മഹത്ത്വത്തിലേക്ക് പ്രവേശിക്കേണ്ടിയിരുന്നത് അവനില്‍ വിശ്വസിക്കുന്നവര്‍ക്ക് ദൈവം ദാനമായി നല്കുന്ന പുതുജീവിതത്തില്‍ മുന്നേറാനാണെന്ന സുവിശേഷം വീണ്ടും നമുക്കു വ്യാഖ്യാനിച്ചു നല്കാനാണ്.


ക്രിസ്തുവിന്റെ ഉയിര്‍പ്പിനെ പുല്കാന്‍ ഞാന്‍ എന്റെ അഹത്തോടു മരിക്കേണ്ടിയിരിക്കുന്നു. 'നാം അവനോടുകൂടെ മരിച്ചിട്ടുണ്ടെങ്കില്‍ അവനോടുകൂടെ ജീവിക്കും' (2 തിമോ 2, 11). ജ്ഞാനസ്‌നാനത്തിലൂടെ യേശുവിന്റെ മരണത്തില്‍ പങ്കുചേര്‍ന്ന നമുക്ക് ദൈനംദിന ജീവിതത്തില്‍ അവനോടുകൂടെ മരിക്കാന്‍ എത്രമാത്രം അവസരങ്ങളാണു ലഭിക്കുന്നത്! വിശുദ്ധ ജോണ്‍ ഇരുപത്തിമൂന്നാമന്‍ പാപ്പ ഓര്‍മിപ്പിക്കുന്നു, ''അതിനാല്‍ പാപത്തിനും ആസക്തികള്‍ക്കും വിദ്വേഷത്തിനും ശത്രുതയ്ക്കും ആത്മീയവും ഭൗതികവുമായ എല്ലാ അസന്തുലിതാവസ്ഥയ്ക്കും

നീരസത്തിനും പീഡകള്‍ക്കും കാരണമാകുന്ന എല്ലാറ്റിനോടും മരിക്കുന്നതാണ് നമ്മുടെ ഈസ്റ്റര്‍. ഈ മരണം വാസ്തവത്തില്‍ ഒരു മഹത്തായ ലക്ഷ്യത്തിലേക്കുള്ള ആദ്യപടി മാത്രമാണ്.'' മരിക്കുമ്പോള്‍ നാം

നിത്യജീവിതത്തിലേക്കു ജനിക്കുകയാണ് എന്ന വിശുദ്ധ ഫ്രാന്‍സിസിന്റെ ബോധ്യം നമ്മിലും ആഴപ്പെട്ടാല്‍ നമ്മുടെ ജീവിതങ്ങളും ആനന്ദത്താല്‍ നിറയും.


ഇനിയും വിട്ടുമാറാത്ത പാപങ്ങളും തഴക്കദോഷങ്ങളും നമ്മില്‍ അവശേഷിപ്പിക്കുന്ന കുറ്റബോധം, പരാജയങ്ങള്‍, നിന്ദനങ്ങള്‍, പഴിചാരലുകള്‍, മാരക രോഗങ്ങള്‍, ഉറ്റവരുടെ മരണം തുടങ്ങി ജീവിതത്തിലെ സഹനങ്ങള്‍ നമ്മെ കനത്ത ഒറ്റപ്പെടലിലേക്കും മൗനത്തിലേക്കും നയിച്ചേക്കാം. ആ സമയം മനുഷ്യര്‍ നല്കുന്ന ഒരു സമാശ്വാസവും നമ്മെ സ്പര്‍ശിച്ചെന്നു വരില്ല. എന്നാല്‍ അവയെക്കാളേറെ നമ്മുടെ ഉള്ളില്‍ കുടികൊള്ളുന്ന ദൈവാത്മാവിനാല്‍ നമ്മുടെ ശ്രദ്ധയെ ഉത്ഥാനത്തിന്റെ ശക്തിയില്‍ പതിപ്പിച്ച്, ദൈവികപ്രചോദനമനുസരിച്ചു മുന്നോട്ടുനീങ്ങിയാല്‍ ഈ 'മരണങ്ങളിലെല്ലാം' ക്രിസ്തുവിനോടൊപ്പം ഉയിര്‍പ്പിക്കപ്പെടുന്ന അനുഭവത്തിലേക്ക് കടന്നുവരുവാന്‍ നമുക്കാകില്ലേ? ഉത്ഥിതനാല്‍ ശക്തീകരിക്കപ്പെട്ട് ഇഹലോക ജീവിതം നയിക്കുന്നത് പറഞ്ഞറിയിക്കാനാവാത്ത അനുഭവംതന്നെയാണ്.


പൗലോസിനെപ്പോലെ, ക്രിസ്തുവിനെയും അവന്റെ പുനരുത്ഥാനത്തിന്റെ ശക്തിയെയുംകൂടുതല്‍ അറിയാനുള്ള തീവ്രമായ ആഗ്രഹം ദൈവാത്മാവ് നല്കുന്ന ദാനമാണ്. ആ ആഗ്രഹമാണ്, കര്‍ത്താവിനെപ്രതിയുള്ള ജ്ഞാനം കൂടുതല്‍ വിലയുള്ളതായതുകൊണ്ട് അവനെപ്രതി സകലവും നഷ്ടപ്പെടുത്താനും ഉച്ഛിഷ്ടംപോലെ കരുതാനും നമ്മെ പ്രാപ്തരാക്കുന്നത്.


യേശുവിന്റെ പുനരുത്ഥാനത്തോടെ ലോകത്തിലേക്ക്പ രിശുദ്ധാത്മാവിന്റെ നിറവ് അനര്‍ഗളം പ്രവഹിച്ചു. പിതാവില്‍നിന്ന് പുത്രനിലൂടെ ഒഴുകുന്ന ആ ദിവ്യപ്രവാഹം നമ്മെയടക്കമുള്ള എല്ലാ സൃഷ്ടികളെയും നവീകരിച്ചു. ഈ ആത്മാവിലുള്ള പുതുജീവിതത്തിനു വേണ്ടിയാണ് ക്രിസ്തു നമുക്കായി മരിച്ചുയിര്‍ത്തത്. ഈ പുതുജീവന്റെ വെട്ടത്തില്‍ നമ്മളെത്തന്നെ കാണാനായാല്‍ ദൈവാത്മാവിന്റെ പുതിയ കാഴ്ചപ്പാടും ധൈര്യവും സ്ഥിരോത്സാഹവും നമ്മില്‍ നാമ്പെടുക്കുന്നതു തിരിച്ചറിയാനാവും. തിന്മയ്ക്കു പകരം നന്മയും അലസതയ്ക്കു പകരം ഉന്മേഷവും ഭീരുത്വത്തിനു പകരം ധൈര്യവും നമ്മില്‍ പൂത്തുലയും. ഇതാണ് യേശു തന്റെ മഹത്വപൂര്‍ണമായ ഉത്ഥാനത്തിലൂടെ സാധ്യമാക്കിയ, ദൈവരാജ്യത്തിലെ ശോഭയേറിയ ജീവിതം. ഉത്ഥിതനായ ക്രിസ്തുവില്‍ വിശ്വാസപൂര്‍വം നമുക്ക് മിഴിയുറപ്പിക്കാം. പിതാവിന്റെ മഹത്ത്വത്തിനായി, അവനോടൊപ്പം ഉയിര്‍ത്തെഴുന്നേല്‍ക്കാനുള്ള വിളിയെ ഹൃദയത്തില്‍ സ്വീകരിക്കാം. ജീസസ് യൂത്ത് സമൂഹമെന്ന നിലയില്‍ ഉയിര്‍പ്പിന്റെ ശക്തിയില്‍നിന്നു ലഭിക്കുന്ന പുതുജീവിതം അതിന്റെ പൂര്‍ണതയില്‍ നമുക്ക് ജീവിക്കാം. പാഷനിസ്റ്റ് സഭയുടെ സ്ഥാപകനായ കുരിശിലെ വിശുദ്ധ പൗലോസ് ഉദ്‌ബോധിപ്പിക്കുന്നതു പോലെ 'ഉത്ഥിതനായ ക്രിസ്തുവാണ് നമ്മുടെ ബലവുംപ്രത്യാശയും വിജയവും. അവിടത്തോട് ഐക്യപ്പെട്ടും അവിടത്തെ ഉത്ഥാനത്തിന്റെ ശക്തിയിലുമാകണം നാം ജീവിക്കുന്നത്.'

 
 
 

Comments


Kairos USA

Kairos INDIA

Kairos UK

     Kairos International Inc. 700 Louisiana St, Houston, TX. USA 77002

     Kairos Media, No 8/174, Navodaya Studio Complex, Thengod P.O, Cochin, Kerala, India. Pin: 682030

     Kairos Media, St Charles Street, Sheffield S9 3WU, United Kingdom

COPYRIGHT © 2021 KAIROS MEDIA, JESUS YOUTH

bottom of page