top of page

കുടുംബങ്ങൾ വലിയ പ്രതിസന്ധി യിലൂടെ കടന്നു പോകുമ്പോൾ, ജീസസ് യൂത്തിന് എന്ത് ചെയ്യാനാകും ? | ഫ്രം ദി ഹാര്‍ട്ട് | ഡോ. എഡ്‌വേര്‍ഡ് എടേഴത്ത്‌ | KAIROS MALAYALAM | MARCH 2025

Writer: ഡോ. എഡ്‌വേര്‍ഡ് എടേഴത്ത്‌
ഡോ. എഡ്‌വേര്‍ഡ് എടേഴത്ത്‌
3 days ago
3 min read

കഴിഞ്ഞ ദിവസം ഒരു യാത്രയ്ക്കിടെ, എന്റെ മകള്‍ അവളുടെ സുഹൃത്തുക്കളുടെ കുടുംബ വിശേഷങ്ങള്‍ പറയാന്‍ തുടങ്ങി: ''മിക്കവരുടെയും അവസ്ഥ ഏറെ സങ്കടകരമാണ്, പലരും ഏറെ വിഷമിക്കുന്നു,'' അവള്‍ തുടര്‍ന്നു: ''ചില ദമ്പതികള്‍ ഇതിനകം ബന്ധം പിരിഞ്ഞു, മറ്റുള്ളവര്‍ക്ക് മാര്‍ഗനിര്‍ദേശത്തിനായി എങ്ങോട്ട് തിരിയണമെന്ന് അറിയില്ല. അവരെ ഒന്ന് സഹായിക്കാന്‍ കഴിയുന്ന ആരെയെങ്കിലും നിര്‍ദേശിക്കാമോ?''


ഞാന്‍ ഒന്നുരണ്ട് വൈദികരെയും കൗണ്‍സിലര്‍മാരെയുംപറ്റി സൂചിപ്പിച്ചു. പക്ഷേ അവള്‍ക്ക് അതത്ര തൃപ്തിയായില്ല. ''അവരെ കേള്‍ക്കാനും സഹായിക്കാനുമായി അവര്‍ക്ക് അടുപ്പം തോന്നുന്ന ആരെങ്കിലും വേണം. ഒരുപക്ഷേ വൈദികന്‍, കൗണ്‍സിലര്‍ എന്നൊക്കെ കേള്‍ക്കുമ്പോള്‍തന്നെ ഒരു മുന്‍വിധി ഉണ്ടാകും, അതിനുപകരം അവരെ സഹായിക്കാന്‍ തയ്യാറുള്ള സാധാരണക്കാര്‍ ഉണ്ടാകില്ലേ?'' ആ ചോദ്യം എന്റെ മനസ്സില്‍ തുടര്‍ന്നു.


ഏറെ മാറ്റങ്ങള്‍ വരുന്നൊരു കാലം


1988-ല്‍ ഞാന്‍ ആദ്യമായി ഫ്രാന്‍സിലെ തെയ്‌സെ സന്ദര്‍ശിച്ചു, ചര്‍ച്ചകള്‍ക്കിടെ അവിടെ കേട്ട കാര്യങ്ങള്‍ ഏറെ വിഷമിപ്പിക്കുന്നതായിരുന്നു. പാശ്ചാത്യ രാജ്യങ്ങളില്‍ വിവാഹമോചന നിരക്ക് കുതിച്ചുയരുന്നു, കുടുംബ ബന്ധങ്ങള്‍ തകരുന്നു. ''ഇന്ത്യയിലോ?'' അവര്‍ ചോദിച്ചപ്പോള്‍ ഞാന്‍ ആത്മവിശ്വാസത്തോടെ പറഞ്ഞു: ''വിവാഹമോചനം, എന്റെ അറിവില്‍ ഒന്നുപോലും ഇല്ല.''


എന്നാല്‍, ഇന്നത്തെ അവസ്ഥയോ? നല്ല ക്രിസ്തീയ കുടുംബങ്ങളില്‍പോലും വലിയ സംഘര്‍ഷവും അതേത്തുടര്‍ന്നുള്ള വേര്‍പിരിയലും വര്‍ധിക്കുന്നു. എന്തുകൊണ്ട്? സമൂഹവും അതിന്റെ മൂല്യങ്ങളും ഏറെ മാറിയിരിക്കുന്നു.


* പലരുടേയും ചോദ്യം ''മനം മടുപ്പിക്കുന്ന ദാമ്പത്യ ബന്ധങ്ങളില്‍ ''എല്ലാം സഹിച്ച്'' എന്തിന് ജീവിതം നശിപ്പിക്കണം?''


* സ്ത്രീകളുടെ വര്‍ധിച്ച ആത്മവിശ്വാസവുമായി പൊരുത്തപ്പെടാന്‍ പല പുരുഷന്മാരും തയ്യാറല്ലെന്ന് ചിലര്‍ ആവലാതിപ്പെടുന്നു.


* പിന്നെ ജീവിത വേഗം അനുദിനം വര്‍ധിക്കുന്നു. ജോലിയും കുടുംബ ബന്ധങ്ങളും കുട്ടികളുടെ കാര്യങ്ങളും മറ്റു സമ്മര്‍ദങ്ങളും എല്ലാം കൂടെ ഒരു സാധാരണ വ്യക്തിക്ക് താങ്ങാനാവാത്ത ഭാരമാകുന്നു. മറ്റു ബന്ധുക്കളുടെ പിന്തുണയും ഇല്ലാതാകുന്നു.


പല വേദികളിലും ഇന്നത്തെ കുടുംബങ്ങള്‍ അഭിമുഖീകരിക്കുന്ന വെല്ലുവിളികളെ കുറിച്ച് ധാരാളം ചര്‍ച്ചകള്‍ നടക്കുന്നു. എന്നാല്‍ ഈ വെല്ലുവിളികളെ മറികടക്കാന്‍ എങ്ങനെ അവരെ സഹായിക്കാനാകും എന്നുകൂടെ നാം ചിന്തിക്കേണ്ടേ?


ഇന്നുള്ള സഹായങ്ങള്‍ പര്യാപ്തമാണോ?

ഒന്നു ചിന്തിച്ചാല്‍, വെല്ലുവിളി നേരിടുന്ന കുടുംബങ്ങള്‍ക്ക് പിന്തുണ നല്‍കാന്‍ സഭയും സമൂഹവുമെല്ലാം കുറെയെല്ലാം ശ്രമിക്കുന്നുണ്ട്. വിവാഹ ഒരുക്ക കോഴ്‌സുകകളും, കുടുംബ വളര്‍ച്ചാ സെമിനാറുകളും, കുട്ടികളെ വളര്‍ത്താന്‍ നിര്‍ദേശങ്ങളും മാധ്യമങ്ങളില്‍ നിറയുന്ന സദുപദേശങ്ങളും എല്ലാം ഈ വഴിക്കുള്ള ഏറെ നല്ല സഹായങ്ങള്‍ തന്നെ. എന്നാല്‍, ഒരു സത്യം അവശേഷിക്കുന്നു, ഈ ചികിത്സയ്‌ക്കെല്ലാം ഏറെ മുകളിലാണ് ഇന്നത്തെ വെല്ലുവിളികള്‍. ധാരാളം കുടുംബങ്ങള്‍ വലിയ കൊടുങ്കാറ്റില്‍ ചുറ്റിത്തിരിയുന്ന ചെറുതോണി പോലെയാണ്. വലിയ സംഘര്‍ഷത്തിലും ഏകാന്തതയിലും ഒരു സഹായവും ലഭിക്കാതെ അവര്‍ ഉഴലുന്നു. ഇതിനിടയില്‍ നമുക്ക് എന്തുചെയ്യാനാകും?


ജീസസ് യൂത്ത് കുടുംബങ്ങളിലെ നൂതന ജീവിത സംസ്‌കാരം


ഒന്ന് തിരിഞ്ഞുനോക്കുമ്പോള്‍, എന്റെ യുവത്വം ഏറെ സുന്ദര ബന്ധങ്ങളാല്‍ നിറഞ്ഞതായിരുന്നു. നല്ല സൗഹൃദങ്ങള്‍, ഊഷ്മളമായ കൂട്ടായ്മകള്‍, ഏറെ സ്‌നേഹത്തോടെ കൂടെനടന്ന മുതിര്‍ന്നവര്‍, അവരുടെ ഹൃദ്യമായ മാര്‍ഗനിര്‍ദേശങ്ങള്‍. ഇതെല്ലാം ഒത്തുചേര്‍ന്ന നല്ലൊരു പ്രാര്‍ഥനാ കൂട്ടായ്മ. വിവിധ പ്രായത്തിലും ജീവിത തുറകളിലും നിന്നുള്ള അനേകര്‍ അവിടെ ഒന്നിച്ചു വന്നു. പിന്നെ, സ്‌നേഹപൂര്‍വം സ്വാഗതമരുളിയ കുടുംബങ്ങള്‍. പിന്നീടുള്ള എന്റെ കുടുംബ ജീവിതത്തിന് ഇതെല്ലാം നല്ല ഒരുക്കമായി. മാത്രമല്ല ഏത് ബുദ്ധിമുട്ടുകളിലും പിന്തുണയ്ക്കാന്‍ ചുറ്റും ഏറെപേര്‍.


പിന്നെ വിവാഹം, എന്റെ ഭാര്യ ഓഡ്രിയുമായുള്ള ഒത്തുജീവിതം തുടങ്ങിയതിനൊപ്പം മനോഹരമായ ഒരു കാര്യം സംഭവിച്ചു - പതിവായി ഒന്നിച്ചുകൂടുന്ന ഒരു ചെറിയ കുടുംബ കൂട്ടായ്മയിലേക്ക് ഞങ്ങള്‍ സ്വാഗതം ചെയ്യപ്പെട്ടു. ഞങ്ങളായിരുന്നു ആ കൂട്ടത്തില്‍ ഏറ്റവും ചെറുപ്പം. പക്ഷേ, ആ മുതിര്‍ന്ന ദമ്പതികള്‍ ഞങ്ങളെ പ്രോത്സാഹിപ്പിക്കുകയും അവരുടെ അനുഭവങ്ങള്‍ പങ്കുവച്ച് ഒരുമിച്ചുവളരാന്‍ സഹായിക്കുകയും ചെയ്തു. കൂടെ ഒപ്പം ജോസ് പാലാട്ടി അച്ചനും ഉണ്ടായിരുന്നു, വേണ്ടപ്പോള്‍ ഒന്നിച്ചിരിക്കാനും സ്‌നേഹപൂര്‍വം പ്രോത്സാഹനം നല്‍കാനും.

ഏതാണ്ട് ഇതൊക്കെ തന്നെയല്ലേ ഇന്നും ജീസസ് യൂത്തിന് മറ്റു കുടുംബങ്ങള്‍ക്ക് നല്‍കാന്‍ കഴിയുന്നത്? സ്‌നേഹവും സന്തോഷവും നിറയുന്ന ഒരു കുടുംബ സംസ്‌കാരവും കൂട്ടായ്മയും അതില്‍നിന്ന് ബഹിര്‍ഗമിക്കുന്ന ഒരു സേവന സന്നദ്ധതയും.


ഒരു കൈത്താങ്ങാകാന്‍ നമുക്ക് എങ്ങനെ സാധിക്കും?

* ഹൃദ്യമായ സാധാരണ ബന്ധങ്ങള്‍: പ്രൊഫഷണല്‍ കൗണ്‍സിലിങ്ങും ആത്മീയ മാര്‍ഗനിര്‍ദേശവും അനേകരെ ഭയപ്പെടുത്തുന്നു. മറിച്ച് സാധാരണ ബന്ധങ്ങളിലൂടെ ചെറു പ്രോത്സാഹനങ്ങള്‍ സ്വീകരിക്കാന്‍ അവര്‍ക്ക് എളുപ്പമാണ്. വിധിക്കാതെ, നന്നാക്കാന്‍ ശ്രമിക്കാതെ ഒപ്പം നടക്കാന്‍ അവര്‍ക്ക് ആരെങ്കിലും വേണം.


* ഊഷ്മളമായ സ്വാഗതം: ജീസസ് യൂത്ത് ഗ്രൂപ്പുകള്‍ ഹൃദ്യമാണ്. അവിടെ വ്യക്തിബന്ധങ്ങള്‍ക്കാണ് പ്രാധാന്യം. സുന്ദരമായ ഭവനങ്ങള്‍ പോലെ സ്വാതന്ത്ര്യവും സന്തോഷവും നിറയുന്ന ഇടങ്ങളിലേയ്ക്ക് അവരെ സ്വാഗതം ചെയ്യണം.


* വിവിധ സംസ്‌കാരങ്ങള്‍, തലമുറകള്‍: എല്ലാ തരക്കാരെയും ഉള്‍ക്കൊള്ളുന്ന നോഹയുടെ പെട്ടകം പോലെ ബഹുസ്വരതയും തലമുറകള്‍ തമ്മിലുള്ള ബന്ധവും വിളയുന്ന വേദികള്‍ വളരണം. അതുതന്നെയല്ലേ ഒരു നല്ല ജെ.വൈ കൂട്ടായ്മ?


* മാറ്റങ്ങള്‍ക്കൊപ്പം കൂടെ നടക്കണം: യുവ കുടുംബങ്ങള്‍ ഏറെ വെല്ലുവിളികള്‍ അഭിമുഖീകരിക്കുന്നു. സംഘര്‍ഷം നിറയുന്ന തൊഴിലിടങ്ങള്‍, ബന്ധങ്ങളിലെ പിരിമുറുക്കങ്ങള്‍, കുട്ടികളെ വളര്‍ത്തുന്നതിലുള്ള വെല്ലുവിളികള്‍ തുടങ്ങി എന്തെല്ലാം പ്രശ്‌നങ്ങള്‍. ഇതിനിടെ ഒരു ജെ.വൈ കൂട്ടായ്മയുടെ പിന്തുണ ഏറെ ആശ്വാസകമാകും.


* സേവന സംസ്‌കാരം: ജീസസ് യൂത്ത് ശൈലി ഔദാര്യത്തിന്റെ പര്യായമാണ്. കൊടുക്കുന്നതിലും സേവിക്കുന്നതിലും പരിശീലനം ലഭിച്ച കുടുംബങ്ങള്‍ സ്വാഭാവികമായും മറ്റുള്ളവര്‍ക്ക് വലിയ ആശ്വാസത്തിന്റെ ഉറവിടമാകും.


വിശ്വാസത്തില്‍ വേരൂന്നി, സ്വാഭാവിക പെരുമാറ്റത്തോടെ: ജെ.വൈ കുടുംബങ്ങള്‍ ക്രിസ്തീയതയില്‍ വളരുന്നവരാണ്, എന്നാല്‍ ഫരിസേയ മനോഭാവം ഒഴിവാക്കി ലാളിത്യത്തോടെ ഇടപഴകുന്നവരും. അവരുടെ ജീവിതശൈലിയാണ്, ഉപദേശമല്ല, മറ്റുള്ളവരെ ആകര്‍ഷിക്കുന്നതും പ്രചോദിപ്പിക്കുന്നതും.


വിരാമമില്ലാത്ത സൗഹൃദ യാത്ര: ഒരിക്കല്‍ നിങ്ങള്‍ ജെ.വൈ ശൃംഖലയുടെ ഭാഗമായാല്‍ പിന്നെ ഒരിക്കലും ഒറ്റയ്ക്കല്ല. സൗഹൃദവും ഒത്തുകൂടലും പ്രോത്സാഹനവും എന്നും തുടരും, വളരും. അതാണ് നല്ല ക്രിസ്തീയത.


* ജീസസ് യൂത്ത് കുടുംബങ്ങള്‍ക്ക് ഒരു തുടര്‍ ദൗത്യം വീണ്ടും എന്റെ മകളുടെ ചോദ്യത്തിലേക്ക്: ബുദ്ധിമുട്ടുന്ന കുടുംബങ്ങളെ ആര്‍ക്കാണ് സഹായിക്കാന്‍ കഴിയുക? ഞാന്‍ അവളോട് പറഞ്ഞു: ''സന്തോഷത്തോടെ ഒപ്പം വൈകാരിക സമനിലയോടും വിശ്വാസ നിറവോടും കൂടെ ഇടപെടുന്ന ഒരു ജീസസ് യൂത്ത് കുടുംബമാണ് അത്തരം ദമ്പതികള്‍ക്ക് ലഭിക്കാവുന്ന നല്ല പിന്തുണ.''


പരിശുദ്ധാത്മാവ് നമുക്ക് സുന്ദരമായ ഒരു സമ്മാനം നല്‍കിയിട്ടുണ്ട് ഇന്നത്തെ കാലത്തിനു പറ്റിയ രീതിയില്‍ തുറവിയോടും പ്രസന്നതയോടും കൂടെ ജീവിതത്തെ കാണാനും ക്രിസ്തീയ മൂല്യങ്ങളില്‍ വേരൂന്നി കുടുംബജീവിതം നയിക്കാനും, അത്തരക്കാര്‍ സ്‌നേഹപൂര്‍വം ഒന്നിച്ചു വളരാനുമുള്ള ഒരു വലിയ ഭാഗ്യം. ഈ സമ്മാനം നമ്മില്‍ ഒതുങ്ങേണ്ടതല്ല. അസ്വസ്ഥരായ മറ്റു കുടുംബങ്ങളെ പിന്തുണയ്ക്കാന്‍ ജെ.വൈ കുടുംബങ്ങള്‍ ഹൃദയവും ഭവനവും തുറക്കുമ്പോള്‍ സഭയ്ക്കും ലോകത്തിനും നല്‍കുന്ന വലിയൊരു സംഭാവന കൂടെ ആയിത്തീരും അത്.


ലേഖകൻ ജീസസ് യൂത്ത് മുന്നേറ്റത്തിന്റെ തുടക്കക്കാരിൽ പ്രധാനി. അന്തർദേശീയ പ്രഭാഷകനും എഴുത്തുകാരനുമാണ്. 2018ൽ ഷെവലിയർ പട്ടം സ്വീകരിച്ചിട്ടുണ്ട്.

 
 
 

Comments


Kairos USA

Kairos INDIA

Kairos UK

     Kairos International Inc. 700 Louisiana St, Houston, TX. USA 77002

     Kairos Media, No 8/174, Navodaya Studio Complex, Thengod P.O, Cochin, Kerala, India. Pin: 682030

     Kairos Media, St Charles Street, Sheffield S9 3WU, United Kingdom

COPYRIGHT © 2021 KAIROS MEDIA, JESUS YOUTH

bottom of page