top of page

ഹാരിസണ്‍ ബട്കര്‍ ( Harrison Butker) | സ്‌പോര്‍ട്‌സും വിശ്വാസവും | ജോബി ബേബി, കുവൈറ്റ്‌ | KAIROS MALAYALAM | JUNE 2025

Writer: ജോബി ബേബി, കുവൈറ്റ്‌
ജോബി ബേബി, കുവൈറ്റ്‌
7d
2 min read

നിരവധി തവണ സമൂഹമാധ്യമങ്ങളിലൂടെ തന്റെ കത്തോലിക്ക വിശ്വാസം പരസ്യമാക്കിയ അമേരിക്കന്‍ താരമാണ് ബട്കര്‍.''ഈ നിലയിലെത്തിയ ഞാന്‍ അനുഗ്രഹിക്കപ്പെട്ടവനാണെന്ന് എനിക്കറിയാം. ഞാന്‍ എങ്ങനെ ഇവിടെ എത്തിയെന്നും എനിക്കറിയാം. ഫുട്‌ബോള്‍ മത്സരങ്ങള്‍ ജയിക്കുന്നതില്‍ മാത്രം കാര്യമില്ല. ദൈവത്തെ മഹത്വപ്പെടുത്തുന്നതി ലാണ് കാര്യം, എല്ലാ മഹത്വവും ദൈവത്തിന്''എന്നതാണ് എക്കാലവും ശ്രദ്ധിക്കപ്പെട്ട അദ്ദേഹത്തിന്റെ ഏറെ വൈറലായ വാക്കുകള്‍.


ക്രിസ്തു വിശ്വാസം കലാലയങ്ങള്‍ക്ക് അനിവാര്യം

തികഞ്ഞ കത്തോലിക്കാ വിശ്വസിയും 2020 ലെ സൂപ്പര്‍ ബൗളിലെ ചാമ്പ്യന്‍ കൂടിയായ ഹാരിസണ്‍ ബട്കര്‍, നൈറ്റ്‌സ് ഓഫ് കൊളംബസിന്റെ 55 ആം മത് വാര്‍ഷിക കോളേജ് കൗണ്‍സില്‍ കോണ്‍ഫെറന്‍സില്‍ സംസാരിച്ചതിന്റെ പ്രസക്ത ഭാഗങ്ങള്‍ ഇപ്രകാരമായിരുന്നു. ''വിശ്വാസം സ്വകാര്യമായി കാത്തുസൂക്ഷിക്കാനോ ഞായറാഴ്ചകളില്‍ മാത്രം പ്രകടിപ്പിക്കാനോ ഉള്ളതല്ല എന്നും അത് നിങ്ങള്‍ പഠിക്കുന്ന കോളേജുകളിലേക്ക് കൊണ്ടുവരേണ്ടതാണെന്നും വിദ്യാര്‍ത്ഥികളോട് ആഹ്വാനം ചെയ്തുകൊണ്ടായിരുന്നു പ്രസംഗത്തിന്റെ തുടക്കം. സ്റ്റേഡിയത്തിലെ ശോഭയുള്ള ലൈറ്റുകള്‍ക്ക് പുറത്ത്, ആരാധകര്‍ക്കും ഒരു ഫുട്‌ബോള്‍ കളിക്കാരന്‍ എന്ന നിലയിലുള്ള പ്രശസ്തിക്കുമപ്പുറം ഈ ഭൂമിയിലെ എന്റെ ഏറ്റവും വലിയ സ്വപ്നം എന്നത് എന്റെ കുടുംബത്തെ സഹായിക്കുക, സ്വര്‍ഗത്തില്‍ എത്തിച്ചേരുക എന്നതാണ് എന്ന് ഹാരിസണ്‍ ബട്കര്‍ പറഞ്ഞു. യുവാക്കള്‍ ക്രിസ്തു കേന്ദ്രീകൃതമായ ജീവിതം എങ്ങനെ ജീവിക്കുന്നു എന്നത് അവര്‍ ജീവിക്കുന്ന സമൂഹത്തിലും പ്രവര്‍ത്തനങ്ങളിലും കൊണ്ടു വരണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. സാമൂഹികമായ സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങുവാന്‍ എളുപ്പമാണ്. എന്നാല്‍, അത് ജീവിതത്തില്‍ വിജയിക്കാന്‍ നമ്മെ സഹായിക്കില്ല. സംസാരിക്കുക, കൂടുതല്‍ ചെയ്യുക. ഇരുണ്ട ലോകത്തിലെ വെളിച്ചമാവുക എന്നും ഹാരിസണ്‍ ബട്കര്‍ കോളേജ് വിദ്യാര്‍ത്ഥികളെ ഓര്‍മ്മിപ്പിച്ചു. എന്റെ ജീവിതത്തില്‍ ഞാന്‍ ആഴമായി സ്‌നേഹിക്കുന്ന ഒരു വലിയ സുഹൃത്താണ് ക്രിസ്തു. വിശ്വാസത്തില്‍ കൂടുതല്‍ സജീവമാകാന്‍ അവന്‍ എന്നെ പ്രോത്സാഹിപ്പിച്ചു കൊണ്ടിരിക്കുന്നു. കത്തോലിക്കാ സഭയിലെ ഒരംഗം എന്ന നിലയില്‍ ദൈവത്തെ അനുദിന ജീവിതത്തിലേക്ക് കൊണ്ടു വരണം എന്നും ഓര്‍മ്മിപ്പിച്ചാണ് അദ്ദേഹം പ്രസംഗം അവസാനിപ്പിച്ചത്.


ഉത്തരീയം ധരിച്ച് വിജയത്തിലേക്ക്

അമേരിക്കന്‍ ഫുട്‌ബോള്‍ നാഷണല്‍ ലീഗിലെ 2022 സീസണ്‍ ചാമ്പ്യന്‍മാരെ കണ്ടെത്തുവാന്‍ നടത്തിയ സൂപ്പര്‍ ബൗള്‍ എല്‍ ഢകക ല്‍ ഫിലാഡെല്‍ഫിയ ഈഗിള്‍സുമായുള്ള മത്സരത്തിലെ വിജയശില്‍പ്പി ഹാരിസന്‍ ബട്കറിന്റെ വിശ്വാസ സാക്ഷ്യം അന്ന് ഏറെ മാധ്യമശ്രദ്ധ നേടിയിരുന്നു. ടീമിനെ വിജയത്തിലേക്ക് നയിച്ചത് ഉത്തരീയം ധരിച്ചുകൊണ്ട് കളിക്കുവാനിറങ്ങിയ ഹാരിസണ്‍ ബട്കര്‍ നേടിയ ഫീല്‍ഡ് ഗോളാണ്. ദൈവമാണ് തന്റെ ഈ നേട്ടത്തിന്റെ കാരണമെന്നു ബട്കര്‍ മത്സര ശേഷം പറഞ്ഞു. സ്‌കോര്‍ 35-35-ല്‍ നില്‍ക്കുമ്പോള്‍ മത്സരം അവസാനിക്കുവാന്‍ സെക്കന്‍ഡുകള്‍ മാത്രം ബാക്കിനില്‍ക്കേയാണ് ഇരുപത്തിയേഴുകാരനായ ബട്കര്‍ നടത്തിയ മികച്ച കിക്കാണ് കാന്‍സാസ് സിറ്റി ചീഫ്‌സിനു വിജയം സമ്മാനിച്ചത്. താരം ഉത്തരീയം വഹിച്ചുക്കൊണ്ട് പ്രകടനം നടത്തുന്ന ചിത്രങ്ങള്‍ ആ സമയം സമൂഹ മാധ്യമങ്ങളില്‍ വൈറലായി. (സഭയില്‍ പ്രചുരപ്രചാരത്തിലുള്ള ഒരു ഭക്താനുഷ്ഠാനമാണ് ഉത്തരീയ ഭക്തി. പ്രധാനപ്പെട്ട കൂദാശാനുകരണമാണ് തവിട്ടു നിറത്തിലുള്ള ഉത്തരീയം. പതിമൂന്നാം നൂറ്റാണ്ടില്‍ ഇംഗ്ലീഷ് കര്‍മ്മലീത്താ സന്യാസിയായ വിശുദ്ധ സൈമണ്‍ സ്റ്റോക്കുമായി ബന്ധപ്പെട്ടാണു ഉത്തരീയ ഭക്തിയുടെ ആരംഭം). 2022-ല്‍ കത്തോലിക്കാ ന്യൂസ് ഏജന്‍സി നല്‍കിയ അഭിമുഖത്തില്‍ കത്തോലിക്ക വിശ്വാസത്തോടുള്ള അദ്ദേഹത്തിന്റെ ആഭിമുഖ്യം തുറന്നു പ്രകടിപ്പിച്ചിരിന്നു.''ഉത്തരങ്ങള്‍ തേടുന്ന നിരവധി യുവാക്കളെ ഞാന്‍ കണ്ടിട്ടുണ്ട്. അവര്‍ സന്തോഷമാണ് തേടുന്നത്. എന്നെ സംബന്ധിച്ചിടത്തോളം, കത്തോലിക്കാ വിശ്വാസത്തിലാണ് ഞാന്‍ സന്തോഷം കണ്ടെത്തിയത്'' ബട്കര്‍ അന്ന് പറഞ്ഞ വാക്കുകളാണിത്.


ദുര്‍ബലരുടെ ശബ്ദമാവുക

2024 മാര്‍ച്ചില്‍ വൈറ്റ് ഹൗസില്‍ വെച്ചു നടന്ന കന്‍സാസ് സിറ്റിയുടെ സൂപ്പര്‍ ബൗള്‍ ആഘോഷത്തില്‍ ജോ ബൈഡന് മുന്നില്‍ താന്‍ എന്തിനാണ് പ്രോ-ലൈഫ് ടൈ ധരിച്ചതെന്ന് ചീഫ് കിക്കര്‍ ഹാരിസണ്‍ ബട്ടര്‍ വെളിപ്പെടുത്തുന്നത് ഇപ്രകാരമാണ്.''ഓരോ കത്തോലിക്കാ വിശ്വാസിയുടെയും ജീവിതത്തിലെ ഏറെ പ്രാധാന്യമേറിയ ദൗത്യമാണ് ദുര്‍ബലര്‍ക്ക് വേണ്ടി ശബ്ദമായി മാറുക എന്നുള്ളത്. ബൈഡന്‍ ഭരണകൂടത്തിന്റെ പ്രോ-ചോയ്സ് നയങ്ങള്‍ക്ക് നേര്‍വിപരീതമാണ് എന്റെ പ്രോ-ലൈഫ് നിലപാട്. ജനിക്കാനിരിക്കുന്ന കുഞ്ഞുങ്ങളാണ് നമ്മുടെ സമൂഹത്തിലെ ഏറ്റവും വലിയ പ്രതീക്ഷികള്‍. അവര്‍ക്ക് ശബ്ദമില്ല, അവര്‍ മനുഷ്യരെപ്പോലെ കാണണമെന്നില്ല, അവര്‍ വളരെ വലുതല്ല, അവര്‍ക്ക് സ്വയം പോരാടാന്‍ കഴിയില്ല, അതു കൊണ്ടു ഞാന്‍ അവരുടെ ശബ്ദമാകണം. അവരോടുള്ള ഐക്യദാര്‍ഢ്യം എന്നുള്ള നിലയിലാണ് ഞാന്‍ ഈ പ്രോ-ലൈഫ് ടൈ ധരിച്ച് എത്തിയത്.


ഒളിമ്പിക്‌സ് ബഹിഷ്‌കരിക്കുക

2024 ലെ പാരീസ് ഒളിമ്പിക്‌സ് ഉത്ഘാടന ചടങ്ങില്‍ ക്രിസ്തുവിന്റെ അന്ത്യ അത്താഴത്തെ ഏറ്റവും ഹീനമായി ചിത്രീകരിച്ചതിനെതിരെ ബൈബിളിലെ വചനം പങ്കുവെച്ചാണ് ഹാരിസണ്‍ ബട്കര്‍ ശക്തമായി പ്രതികരിച്ചത്.''നിങ്ങള്‍ക്കു വ്യാമോഹം വേണ്ടാ; ദൈവത്തെ കബിളിപ്പിക്കാനാവില്ല. മനുഷ്യന്‍ വിതയ്ക്കുന്നതു തന്നെ കൊയ്യും. എന്തെന്നാല്‍, സ്വന്തം ജഡത്തിനായി വിതയ്ക്കുന്നവന്‍ ജഡത്തില്‍ നിന്ന് നാശം കൊയ്‌തെടുക്കും. ആത്മാവിനായി വിതയ്ക്കുന്നവനാകട്ടെ ആത്മാവില്‍ നിന്നു നിത്യജീവന്‍ കൊയ്‌തെടുക്കും'. ഗലാത്തി 6:7-8 എന്ന ബൈബിള്‍ വാക്യമാണ് തന്റെ പ്രതിക്ഷേധ വീഡിയോടൊപ്പം പങ്കു വെച്ചിരിക്കുന്നത്. കൂടാതെ യൂറോപ്പിന്റെ ക്രിസ്തീയ അസ്തിത്വത്തെ ഫ്രാന്‍സ് ബലികഴിച്ചെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


ബൈബിള്‍ വായിച്ചു തീര്‍ക്കാന്‍ മോഹം

ഈ അടുത്തിടെ ഇറ്റാലിയന്‍ ടെലിവിഷന്‍ മാധ്യമമായ മാര്‍ക്ക് ഐയോണ്‍സെസിനു നല്‍കിയ ഒരു അഭിമുഖത്തില്‍ അടിയുറച്ച കത്തോലിക്കാ വിശ്വാസിയായ ബട്കര്‍ ഈ വര്‍ഷം (2025) തീരുന്നതിനു മുന്‍പ് താന്‍ ബൈബിള്‍ മുഴുവന്‍ വായിച്ചു തീര്‍ക്കുമെന്ന വലിയ ആഗ്രഹം പ്രകടിപ്പിച്ചു. സാധാരണയായി താന്‍ പുതുവര്‍ഷത്തില്‍ തീരുമാനങ്ങള്‍ എടുക്കാറില്ലെന്നും എന്നാല്‍ ഇത്തവണ ഇങ്ങനെ തീരുമാനം എടുത്തിരിക്കുകയാണെന്നും പങ്കുവെച്ചു. കത്തോലിക്കാ വിശ്വാസികളെന്ന നിലയില്‍ നമ്മുടെ വിശ്വാസത്തെപ്പറ്റിയും യേശുക്രിസ്തുവിനെപ്പറ്റിയും നാം അഭിമാനം കൊളളണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.



ലേഖകന്‍ കുവൈറ്റില്‍ നഴ്‌സായി ജോലി ചെയ്യുന്നു.

 
 
 

header.all-comments


Kairos USA

Kairos INDIA

Kairos UK

     Kairos International Inc. 700 Louisiana St, Houston, TX. USA 77002

     Kairos Media, No 8/174, Navodaya Studio Complex, Thengod P.O, Cochin, Kerala, India. Pin: 682030

     Kairos Media, St Charles Street, Sheffield S9 3WU, United Kingdom

COPYRIGHT © 2021 KAIROS MEDIA, JESUS YOUTH

bottom of page