GIVE RESPECT AND EARN RESPECT | കവര്‍സ്റ്റോറി | നൈസിൽ രാജേഷ് | KAIROS MALAYALAM | MARCH 2025


' Respect എന്ന ഇംഗ്ലീഷ് പദത്തിന്റെ മൂല പദങ്ങളായ Respectus, Respicere എന്നീ ലത്തീന്‍ പദങ്ങള്‍ സൂചിപ്പിക്കുന്നത് മറ്റുള്ളവരെ പ്രാധാന്യമുള്ള ആളുകളായി കാണുക, അവരുടെ മൂല്യത്തെ, കഴിവുകളെ മാനിക്കുക, അവരെ ശ്രദ്ധിക്കുക എന്നൊക്കെയാണ്. ഒരു അധ്യാപിക എന്ന നിലയില്‍തന്നെ റെസ്‌പെക്ട് എന്ന വാക്കിനെ കുറിച്ച് ഒന്ന് ചിന്തിക്കാം എന്ന് കരുതുന്നു. അധ്യാപകര്‍ വിദ്യാര്‍ഥികളെ ബഹുമാനിക്കേണ്ടതുണ്ടോ? ഇതിനുള്ള ഉത്തരം മുകളില്‍ കൊടുത്ത നിര്‍വചനങ്ങളില്‍ തന്നെയുണ്ട്. തന്റെ മുമ്പില്‍ വരുന്ന ഓരോ വിദ്യാര്‍ഥികളെയും അധ്യാപകര്‍ പ്രാധാന്യമുള്ള വ്യക്തിയായി കണ്ട് ശ്രദ്ധ കൊടുക്കുമ്പോള്‍ അതൊരുപക്ഷേ അവരുടെ ജീവിതം തന്നെ മാറ്റി മറിച്ചേക്കാം. വിദ്യാര്‍ഥികളെ, വകതിരിവില്ലാത്തവര്‍, ലക്ഷ്യബോധമില്ലാ ത്തവര്‍, എന്നിങ്ങനെയുള്ള ലേബലുകളില്‍ കുരുക്കുന്നത് കാണുന്നുണ്ട്. 'ഇവനൊന്നും ഒരിക്കലും നന്നാകില്ല' എന്ന് മുദ്രകുത്തുന്നതായി ചിലപ്പോഴെങ്കിലും കാണാറുണ്ട്.
എന്നാല്‍ അവരെ മൂല്യമുള്ള വ്യക്തികളായി കണ്ട് കരുതുമ്പോള്‍ അവരുടെ വികാരങ്ങളെയും കാഴ്ചപ്പാടുകളെയും മാനിക്കുമ്പോള്‍, ശ്രദ്ധയോടെ അവരെ കേള്‍ക്കുമ്പോള്‍ അവരിലെ നന്മയെ ഊട്ടി ഉറപ്പിക്കുകയാണ് ചെയ്യുന്നത്.
ഭാവിയുടെ വാഗ്ദാനങ്ങളാണ് വിദ്യാര്‍ഥികള്‍ എന്ന് നാം തിരിച്ചറിയണം. 'ഒന്നുമായി തീരില്ല' എന്നു വിചാരിച്ച വിദ്യാര്‍ഥികള്‍ ജീവിതത്തില്‍ വിജയിച്ച കഥകള്‍ ഏതൊരു അധ്യാപകനും പറയാനുണ്ടാകും. അവരുടെ ചിന്തകളെ മാനിക്കാനും വലുപ്പ ചെറുപ്പങ്ങളില്ലാതെ അവരെ ശ്രവിക്കാനും അധ്യാപകര്‍ക്ക് കഴിഞ്ഞാല്‍, അതുവഴിയായി സ്വന്തം മൂല്യത്തെ തിരിച്ചറിയാനും തന്നില്‍ത്തന്നെ വിശ്വസിക്കാനും ഓരോ വിദ്യാര്‍ഥിക്കും സാധിക്കും.
ബൈബിളില്‍ എന്നെ ഏറ്റവുമധികം ആകര്‍ഷിച്ച ഒരു വചനമുണ്ട്.''നീ എനിക്ക് പ്രിയങ്കരനും ബഹുമാന്യനും അമൂല്യനുമാണ്'' (ഏശ 43, 4). സകലത്തിന്റെയും ഉടയവനായ ദൈവം എന്നെ ബഹുമാന്യനായി കാണുന്നു എന്നത് എന്റെ മൂല്യം തിരിച്ചറിയാന്‍ എത്രമാത്രം എന്നെ സഹായിച്ചു എന്നത് പറഞ്ഞറിയിക്കാനാവില്ല. ഈ മനോഭാവം അധ്യാപകര്‍ വിദ്യാര്‍ഥികളോട് പുലര്‍ത്തുമ്പോള്‍ തീര്‍ച്ചയായും നല്ല അധ്യാപക-വിദ്യാര്‍ഥി ബന്ധങ്ങള്‍ക്ക്, വിദ്യാര്‍ഥികളെ വ്യക്തിപരമായി വളര്‍ത്തുന്ന ബന്ധങ്ങള്‍ക്ക് കാരണമായി മാറും.
വിദ്യാര്‍ഥികള്‍ അധ്യാപകരെ ബഹുമാനിക്കേണ്ടതിനെപ്പറ്റി എങ്ങനെ ബഹുമാനിക്കണം, എന്നൊക്കെ ചെറുപ്പം മുതലേ കേള്‍ക്കുകയും പരിശീലിക്കുകയും ഒക്കെ ചെയ്തിട്ടുണ്ട്. ചിലപ്പോഴൊക്കെ ഈ ബഹുമാനം ഉള്ളിലില്ലാതെ ബാഹ്യപ്രകടനങ്ങളില്‍ മാത്രമായി ഒതുക്കുന്ന വിദ്യാര്‍ഥികളും ഉണ്ട്. മറ്റുചിലര്‍ ഞാന്‍ കാശുകൊടുത്തു പഠിക്കുന്നു, അധ്യാപകന്‍ അതിനുള്ള പണി ചെയ്യുന്നു. എന്ന കൊടുക്കല്‍ വാങ്ങല്‍ പ്രക്രിയയായി മാത്രം ഈ ബന്ധത്തെ കാണുന്നു. 'പണി' കിട്ടാതിരിക്കാന്‍ ബഹുമാനം നടിക്കുന്നവരും ഉണ്ട്. പക്ഷേ മാതാപിതാക്കളെപ്പോലെ അധ്യാപകരും (അവര്‍ കഴിവ് കുറഞ്ഞവരോ കൂടിയവരോ ആകട്ടെ) ദൈവത്തിന്റെ പ്രതിനിധികളാണ്. അവരോടുള്ള ബഹുമാനം അനുഗ്രഹത്തിന്റെ കവാടമാണ് എന്നോര്‍ക്കുക.
ചില അധ്യാപകരെങ്കിലും ഈ ബഹുമാനം നഷ്ടപ്പെടുത്തി ക്കളയുന്നുമുണ്ട്. വിദ്യാര്‍ഥികളെ അടിച്ചിരുത്തുന്ന രീതിയിലുള്ള സംസാരം, അവരെ കേള്‍ക്കാന്‍ തയ്യാറാകാതെയുള്ള മനോഭാവം, മുന്‍വിധിയോടെ കൈകാര്യം ചെയ്യുന്നത്, പരിഹസിക്കുന്നത്, പക്ഷപാതം കാണിക്കുന്നത്, തയ്യാറെടുപ്പുകള്‍ ഇല്ലാതെ ക്ലാസ്സില്‍ വന്ന് പഠിപ്പിക്കുന്നത്, ലേബല്‍ ചെയ്യുന്നത്, പ്രതികാര ബുദ്ധിയോടെ പെരുമാറുന്നത്,.. ഇവയൊക്കെ ഉള്ള ബഹുമാനം കൂടി നഷ്ടപ്പെടുത്തിക്കളയും.
മറുവശത്ത് ക്ലാസ്സ് എടുക്കാന്‍പോലും സാധിക്കാത്ത വിധത്തില്‍ അധ്യാപകരെ ബുദ്ധിമുട്ടിക്കുന്നവരുമുണ്ട്. ഇത് പരസ്പരമുള്ള ബഹുമാനം ഇല്ലാതാക്കാന്‍ ഇടയാകും. ഇവിടെയാണ് പരസ്പരബഹുമാനത്തിന്റെ പ്രസക്തി. അധ്യാപകരും വിദ്യാര്‍ഥികളും പരസ്പരം ബഹുമാനിച്ചു തുടങ്ങിയാല്‍ അത് ഇരുകൂട്ടരെയും വളര്‍ത്തുന്ന ഊഷ്മള ബന്ധത്തിന്റെ തുടക്കമായി മാറും.
''മാത്സര്യമോ വ്യര്‍ഥാഭിമാനമോ മൂലം നിങ്ങള്‍ ഒന്നും ചെയ്യരുത്., മറിച്ച്, ഓരോരുത്തരും താഴ്മയോടെ മറ്റുള്ളവരെ തങ്ങളെക്കാള്‍ ശ്രേഷ്ഠരായി കരുതണം'' (ഫിലിപ്പി 2, 3). പരസ്പരമുള്ള ബന്ധങ്ങളില്‍ ഈ വചനം നമുക്ക് വഴികാട്ടി ആകട്ടെ.

കളമശ്ശേരി രാജഗിരി കോളേജിൽ സോഷ്യൽ വർക്ക് വിഭാഗത്തിൽ അധ്യാപികയാണ് ലേഖിക. ഭർത്താവ് രണ്ടു മക്കൾ



Comments