top of page

ഗർഭസ്ഥശിശുക്കളുടെ നിലവിളി ഉയരുന്ന നാട്ടിൽ നിന്ന് റോസ് പുഞ്ചിരിക്കുന്നു | മിഷൻ ബീറ്റ്സ് | ഗ്രീന്‍ ലിനറ്റ് സിബി | KAIROS MALAYALAM | FEBRUARY 2025

ഗ്രീന്‍ ലിനറ്റ് സിബി
1 day ago
2 min read

എന്റെ ആദ്യ മിഷന്‍ യാത്രയില്‍ ദൈവത്തോട് ചോദിച്ചു ''എന്തിനാണ് കര്‍ത്താവേ ഇന്ത്യയുടെ ഒരറ്റത്തുനിന്ന് മറ്റൊരിടത്തേക്ക് മിഷന്‍ എന്ന പേരില്‍ എന്നെ കൊണ്ടുപോകുന്നത്. ഒരു യോഗ്യതയും ഇല്ലാത്ത ഞങ്ങളെ കൊണ്ട് എന്തായിരിക്കും നിന്റെ പദ്ധതി?''


ത്രിപുരയിലെ ഒരു ഉള്‍നാടന്‍ ഗ്രാമത്തില്‍ എത്തിയ ഞങ്ങള്‍ കണ്ടത്, ആരാലും സ്‌നേഹിക്കപ്പെടാത്ത, അടിസ്ഥാന സൗകര്യങ്ങള്‍ പോലുമില്ലാത്ത, ദരിദ്രരായ കുറേ പാവം മനുഷ്യര്‍. എല്ലാ വീടുകളിലും പുതുതലമുറയില്‍ പെട്ട ഒന്നോ രണ്ടോ നാമമാത്ര ക്രിസ്ത്യാനികളും, ഹോമ-മന്ത്രാദികള്‍ നടത്തിക്കഴിയുന്ന അക്രൈസ്തവരായ അവരുടെ കാരണവന്മാരും.


രാവിലെ 5:30 മുതല്‍ രാത്രി 7:00 മണി വരെ, ഇഷ്ടമുള്ള ഏതുസമയത്തും പരിശുദ്ധ കുര്‍ബാന അര്‍പ്പിക്കാന്‍ ദേവാലയങ്ങളുള്ള നമ്മുടെ നാട്ടില്‍ നിന്നും വ്യത്യസ്തമായി ത്രിപുരയില്‍ കണ്ടത് ചാണകത്തറയും തകരം കൊണ്ട് മറച്ചതുമായ, ഒരു കുഞ്ഞു ഷെഡ്, അവരുടെ ഭാഷയില്‍ അവിടത്തെ മോത്താ (പള്ളി).


ഒന്നോ രണ്ടോ മാസം കൂടുമ്പോള്‍ കിട്ടുന്ന ഒരു കുര്‍ബാനയ്ക്കായി ദാഹിക്കുന്ന ഒരുപറ്റം ജനം. ഹൃദയത്തില്‍ അറിയാതെ, ദൈവമേ ഞങ്ങളോട് കരുണയായിരിക്കണമേ എന്ന് പറഞ്ഞുപോയി. വീട്ടുമുറ്റത്തെ പള്ളിയില്‍ ബൈബിള്‍ വായനയുടെ സമയത്ത് കേറി ചെല്ലുന്ന, നമ്മുടെയൊക്കെ ദയനീയ അവസ്ഥ ഓര്‍ത്തു.

ഗ്രാമത്തിലെ ഭവനങ്ങള്‍ ഒന്നൊന്നായി കയറിയിറങ്ങുമ്പോള്‍ അവരുടെ പാപകരമായ ജീവിതസാഹചര്യങ്ങള്‍ കര്‍ത്താവ് കാണിച്ചുതന്നു. വിവാഹം എന്ന കൂദാശയുടെ കൃപയോ തണലോ ഇല്ലാതെ, വിവാഹിതരെപ്പോലെ കുഞ്ഞുങ്ങളുമായി ജീവിക്കുന്ന കുടുംബങ്ങള്‍. വിവാഹത്തിനുമുന്‍പുതന്നെ ഒരുമിച്ച് താമസിക്കുന്നത് ഒരു പാപമായി പോലും കണക്കാക്കാത്ത യുവജനങ്ങള്‍. കണ്ടുമുട്ടിയ ഭൂരിഭാഗം സ്ത്രീകളും വയറുവേദനയും നടുവേദനയും തലകറക്കവും മറ്റു ശാരീരിക അസ്വസ്ഥതകളും ഉള്ളവര്‍. എല്ലാ കുടുംബങ്ങളിലും ഒന്നോ രണ്ടോ കുട്ടികള്‍ മാത്രം. അതില്‍ പലരും രോഗികളും അംഗവൈകല്യമുള്ളവരും. ഞങ്ങളും ആറുമക്കളും കൂടിയുള്ള യാത്ര അവിടത്തെ ജനങ്ങള്‍ ഒരു ഘോഷയാത്ര കണക്കേ അത്ഭുതത്തോടെ നോക്കിനിന്നു. പ്രാര്‍ഥനയില്‍ കര്‍ത്താവ് തന്നത് അബോര്‍ഷന്‍ എന്ന മാരകപാപത്തെക്കുറിച്ചുള്ള വെളിപ്പെടുത്തലായിരുന്നു. ഓരോ സ്ത്രീയോടും ചോദിക്കുമ്പോള്‍ എത്ര കുഞ്ഞുങ്ങളെ ഉദരത്തില്‍വച്ചു കൊലപ്പെടുത്തി എന്നുപോലും അവര്‍ക്കറിയില്ല. പല കുടുംബങ്ങളിലും മൂന്നും നാലും അഞ്ചും ആറും കുഞ്ഞുങ്ങളെ വെറുമൊരു ഗുളികയോ പച്ചമരുന്നൊ ഉപയോഗിച്ച് വളരെ ലാഘവത്തോടെ നശിപ്പിച്ച കഥകള്‍. നടുങ്ങിപ്പോയ നിമിഷങ്ങള്‍. ഭൂമിയിലെ ഏറ്റവും സുരക്ഷിതമായ ഇടമായ ഒരമ്മയുടെ ഉദരം കൊലക്കളമായി മാറിയ ഗര്‍ഭപാത്രത്തില്‍ വീണ്ടും ജനിക്കുന്ന കുഞ്ഞുങ്ങളില്‍ പലരും അംഗവൈകല്യമുള്ളവര്‍.


ഓരോ കുടുംബത്തിലും പ്രാര്‍ഥനയ്ക്ക് ഒടുവില്‍ കര്‍ത്താവ് പലര്‍ക്കും വയറുവേദനയില്‍ നിന്നും സൗഖ്യം നല്‍കുന്നതിനായി അവര്‍ക്ക് അനുഭവപ്പെട്ടു. പലരും അവര്‍ ചെയ്ത അബോര്‍ഷന്‍ എന്ന മാരകപാപം തിരിച്ചറിഞ്ഞു, പശ്ചാത്തപിച്ചു, കുമ്പസാരിച്ചു. മിഷന്‍ യാത്രക്കായി പ്രാര്‍ഥിച്ചു ഒരുങ്ങുമ്പോള്‍ ഞങ്ങള്‍ അനുഭവിച്ച ശാരീരികമായ പ്രശ്‌നങ്ങളും വേദനകളും എല്ലാം ഇതിന്റെ സൂചനയായിരുന്നു എന്ന് തിരിച്ചറിഞ്ഞു. വില്ലേജ് വിസിറ്റിനൊടുവില്‍ നടന്ന ട്രെയിനിങ് പ്രോഗ്രാമില്‍ പരിശുദ്ധ കുര്‍ബാനയില്‍ ഒരു സ്ത്രീ പലദിവസങ്ങളിലും നിലത്തുവീഴുകയും കുര്‍ബാന തീരുവോളം കൈകാലുകള്‍ അടിച്ച് ശബ്ദങ്ങള്‍ പുറപ്പെടുവിക്കുകയും ചെയ്തിരുന്നു.


കുര്‍ബാന കഴിഞ്ഞപ്പോള്‍ യാതൊന്നും സംഭവിക്കാത്തപോലെ അവള്‍ എഴുന്നേറ്റ് പോകും. എന്താണ് സംഭവിക്കുന്നത് എന്ന് അവള്‍ക്കുപോലും മനസ്സിലായില്ല. രണ്ടുമൂന്നു ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ അവളുമായി സംസാരിക്കാന്‍ കര്‍ത്താവ് അവസരം ഒരുക്കി. നാലു കുഞ്ഞുങ്ങളെ അവള്‍ ഗര്‍ഭപാത്രത്തില്‍വച്ച് അലസിപ്പിച്ചു എന്ന് മനസ്സിലായി. അബോര്‍ഷന്‍ എന്ന മാരകമായ പാപം ചെയ്ത താന്‍ കര്‍ത്താവിന്റെ സന്നിധിയില്‍ നില്‍ക്കാന്‍ യോഗ്യത ഇല്ലാത്തവള്‍ ആണെന്ന വേദനയും കുറ്റബോധവുമാണ് കുര്‍ബാനയില്‍ അവളെ നിലത്തുവീഴ്ത്തിയ തിന്മയുടെ ശക്തി. കര്‍ത്താവിന്റെ ക്ഷമിക്കുന്ന, കരുണയുള്ള സ്‌നേഹം അവള്‍ക്ക് മനസ്സിലാക്കികൊടുത്തു. അവള്‍ കുമ്പസാരിച്ചു. ദൈവസ്‌നേഹത്താല്‍ നിറഞ്ഞു. അവളുടെ നാല് കുഞ്ഞുങ്ങളും ഈശോയുടെ മടിയില്‍ ഇരിക്കുന്ന മാലാഖമാര്‍ ആണെന്നുള്ള ബോധ്യം അവളെ പൂര്‍ണ സന്തോഷത്തിലേക്ക് നയിച്ചു. ആ കൊച്ചുഗ്രാമം വിട്ടുപോരുമ്പോള്‍ ദൈവം തരുന്ന കുഞ്ഞുങ്ങളെ സ്വീകരിക്കാന്‍ വലിയ ഒരുക്കത്തോടെ, കര്‍ത്താവിന്റെ സ്‌നേഹത്താല്‍ നിറഞ്ഞു, പുതിയസൃഷ്ടിയായി നില്‍ക്കുന്ന അവളെ ഞങ്ങള്‍ കണ്ടു.


അതുപോലെ ആ മിഷന്‍ യാത്രയ്ക്ക് ശേഷം മറക്കാനാവാത്ത മറ്റൊരു സംഭവമുണ്ടായി. ദൈവത്തില്‍ നിന്ന് ലഭിച്ച പ്രത്യേക പ്രേരണയാല്‍ അബോര്‍ഷനു വിധേയരാകുന്ന കുഞ്ഞുങ്ങള്‍ക്കുവേണ്ടി Pink Petals എന്ന പേരില്‍ ഞങ്ങള്‍ ഒരു പ്രാര്‍ഥന ആരംഭിച്ചിരുന്നു. ത്രിപുരയില്‍ ഗോത്രവര്‍ഗ ക്കാര്‍ക്കിടയില്‍ മിഷന്‍ പ്രവര്‍ത്തനങ്ങളുമായി പോകുമ്പോള്‍ ആര്‍ക്കെങ്കിലും ഗര്‍ഭസ്ഥ ശിശുവിനെ ഇല്ലാതാക്കണമെന്ന് തോന്നിയാല്‍ ഞങ്ങളെ വിളിക്കണം എന്ന് പറയുമായിരുന്നു. ഒരു സ്ത്രീ ഞങ്ങളെ വിളിച്ചു. അവരുടെ അനിയത്തി അബോര്‍ഷന് ഒരുങ്ങുന്നു. സാമ്പത്തികമാണ് പ്രധാന പ്രശ്‌നം. ഞങ്ങള്‍ പറഞ്ഞു സാമ്പത്തികത്തിന്റെ പേരില്‍ ഒരു കാരണവ ശാലും അബോര്‍ഷന്‍ ചെയ്യരുത്.


ആ കുഞ്ഞിന്റെ ചെലവുകള്‍ ഞങ്ങളെ ഏറ്റെടുത്തു കൊള്ളാം. ഒരുപാട് പ്രതിസന്ധികളിലൂടെയാണ് കടന്നു പോകുന്നതെങ്കിലും അപ്പോള്‍ അവരോട് അങ്ങനെ പറയാനാണ് തോന്നിയത്. ദൈവം എന്തെങ്കിലും മാര്‍ഗം കാണിച്ചു തരും എന്ന് ഞങ്ങള്‍ക്ക് ഉറപ്പായിരുന്നു. അങ്ങനെ ഞങ്ങളാലാവുംവിധം സാമ്പത്തിക സഹായം അവര്‍ക്ക് നല്‍കിക്കൊണ്ടിരുന്നു. അവര്‍ അബോര്‍ഷ നില്‍ നിന്ന് പിന്‍വാങ്ങി. പ്രസവസമയത്ത് ഉണ്ടായ ചെലവുകളും ഞങ്ങള്‍ തന്നെയാണ് വഹിച്ചത്. കുറേ നാളുകള്‍ക്കു ശേഷം വീണ്ടും ഞങ്ങള്‍

ആ ഗ്രാമത്തിലെത്തി. അവര്‍ ഞങ്ങളെ കാത്തിരിക്കുകയായിരുന്നു. അന്ന് അബോര്‍ഷനില്‍ നിന്ന് രക്ഷപ്പെട്ട ആ കുഞ്ഞ് വളരെ മിടുക്കിയായി, നല്ലൊരു സുന്ദരിക്കുട്ടിയായി ആ ഗ്രാമത്തിന്റെ പൊന്നോമനയായി വളരുന്നു. അവിടെയുള്ളവര്‍ പറയും മറ്റുകുട്ടികള്‍ക്കൊന്നുമില്ലാത്ത പക്വതയും ശാന്തതയും ഈ കുഞ്ഞിന്റെ പ്രത്യേകതയാണെന്ന്. ആ കുഞ്ഞിന് പേരിടണം എന്ന് അവര്‍ ഞങ്ങളോട് ആവശ്യപ്പെട്ടു. ഇന്ന് അവള്‍ എല്ലാവരുടെയും പ്രിയപ്പെട്ട റോസ് ആണ്. റോസ് ദെബര്‍മ്മ.


കര്‍ത്താവിന് നന്ദി. ഈ ചെറിയവരില്‍ ഒരുവന്‍ പോലും നശിച്ചു പോകാന്‍ അനുവദിക്കാത്ത പിതാവിന്റെ സ്‌നേഹം മിഷന്‍ യാത്രകളിലൂടെ ഞങ്ങള്‍ അനുഭവിച്ചുകൊണ്ടിരിക്കുന്നു.


എറണാകുളം സ്വദേശിയായ ഗ്രീൻ ലീനറ്റ് 9 മക്കളുടെ അമ്മയാണ് (3പേർ സ്വർഗത്തിൽ). LLB യും CA inter എല്ലാം പഠിച്ച ലിനറ്റ് ഇപ്പോൾ ഒരു മുഴുവൻ സമയ മിഷനറിയാണ്. ഭർത്താവ് സിബി. Missionaries of World E

 
 
 

Comments


Kairos USA

Kairos INDIA

Kairos UK

     Kairos International Inc. 700 Louisiana St, Houston, TX. USA 77002

     Kairos Media, No 8/174, Navodaya Studio Complex, Thengod P.O, Cochin, Kerala, India. Pin: 682030

     Kairos Media, St Charles Street, Sheffield S9 3WU, United Kingdom

COPYRIGHT © 2021 KAIROS MEDIA, JESUS YOUTH

bottom of page