ഫ്രാൻസിസ്കൻ മിനിമലിസം: ഇത്തിരികൊണ്ട് ജീവിച്ച് ഒത്തിരി സന്തോഷം പകരുക I ഫ്രം ദി ഹാര്‍ട്ട് I ഡോ. എഡ്‌വേര്‍ഡ് എടേഴത്ത് I KAIROS MALAYALAM I SEPTEMBER 2026
Updated: Sep 1

അസ്സീസി ഫ്രാന്‍സിസിനെ ഏറെ സ്‌നേഹിച്ചവളാണ് ക്ലാര. പ്രണയമെന്ന രീതിയിലല്ല, മറിച്ച് ആ വാക്കിന്റെ ആഴമേറിയ അര്‍ഥത്തില്‍. പ്രകാശം ചൊരിയുന്ന എന്തോ ചിലതെല്ലാം അവള്‍ ആ വിശുദ്ധനില്‍ ദര്‍ശിച്ചു. അവയെ പിന്തുടരാന്‍ അവള്‍ തന്റെ ജീവിതം സമര്‍പ്പിച്ചു. അതവള്‍ ലളിതമായി പറഞ്ഞുവച്ചത് ഇങ്ങനെയാണ്: ''നാം സ്‌നേഹിക്കുന്നതെന്തോ നമ്മള്‍ അതായിത്തീരും; നാം ആരെ സ്‌നേഹിക്കുന്നുവോ അവരാണ് നമ്മെ രൂപപ്പെടുത്തുന്നത്.''
ക്ലാരയ്ക്ക് ബെര്‍ണാദോണ്‍ കുടുംബത്തെ നന്നായി അറിയാമായിരുന്നു. അവളും ആ ചെറിയ അസ്സീസി പട്ടണത്തില്‍ തന്നെയാണ് വളര്‍ന്നത്. സുഖലോലുപതയില്‍ വളര്‍ന്ന് ധനികനും ആദരണീയനുമൊക്കെ ആകേണ്ട
വനായ ഫ്രാന്‍സിസ് അതെല്ലാം കൈവെടിഞ്ഞ് പിതാവിന്റെ പേരും, എല്ലാ ലൗകിക സുരക്ഷിതത്വവും ഉപേക്ഷിച്ച് ക്രിസ്തുവിന്റെ ദാരിദ്ര്യം സ്വീകരിച്ചപ്പോള്‍ അവള്‍ അമ്പരന്നു. പക്ഷേ, പിന്നീട് അവളും ആ വഴി പിന്തുടര്‍ന്നു.
ഫ്രാന്‍സിസ് ക്രിസ്തുവിനെ ആഴത്തില്‍ സ്‌നേഹിച്ചു, എല്ലാ വിധത്തിലും അവനെപ്പോലെ ആകാന്‍ ആഗ്രഹിച്ചു. യേശുവിന്റെ ജീവിതരീതിയുടെ കാതലായി താന്‍ കണ്ട ലാളിത്യം സ്വീകരിക്കുന്നതിലും ചെറിയ കാര്യ
ങ്ങള്‍ കൊണ്ട് സംതൃപ്തനാകുന്നതിലും ആഴമായ സന്തോഷം ഫ്രാന്‍സിസ് കണ്ടെത്തി. ഇന്ന് നാം അതിനെ 'മിനിമലിസം' എന്നാണ് വിളിക്കുന്നത്. അവന് അതിനോട് വിവരണാതീതമായ ഒരു ആകര്‍ഷണമുണ്ടായിരുന്നു. ഫ്രാന്‍സിസിന്റെ ഈ മാതൃക അനേകരെ ഏറെയാകര്‍ഷിച്ചു, ക്ലാരയെയും അവളുടെ സഹോദരിയെയും മറ്റ് ധാരാളം പേരെയും. അനേകര്‍ എല്ലാം കൈവെടിഞ്ഞ് ആ ലാളിത്യത്തിന്റെ പാത പിന്തുടര്‍ന്നു. അത് ലോകത്തെത്തന്നെയും മാറ്റി. ഇന്ന് 800ലധികം വര്‍ഷങ്ങള്‍ പിന്നിടുമ്പോള്‍ ഒരു പ്രധാന ചോദ്യം ഇതാണ്: ഫ്രാന്‍സിസ് ഇന്ന് നമ്മോട് ആവശ്യപ്പെടുന്നത് എന്താണ്?
ഏറെ അസ്വസ്ഥതയുടെ ഒരു കാലം
ഈയിടെ ഫ്രാന്‍സിസിനെക്കുറിച്ച് ചിന്തിക്കാന്‍ എനിക്ക് വീണ്ടും ഒരവസരം കിട്ടി. ഞാന്‍ വീണ്ടും പഠനത്തിലാണ്, ദൈവശാസ്ത്രത്തില്‍ ഒരു എംഎ പ്രോഗ്രാം. അതിന്റെ ഭാഗമായി മധ്യയുഗത്തിലെ സഭയെക്കുറി
ച്ചുള്ള പഠനവും ഉണ്ടായി. കഴിഞ്ഞ സെമസ്റ്ററില്‍ ഞാന്‍ കൂടുതല്‍ പഠിച്ചത് പന്ത്രണ്ടും പതിമൂന്നും നൂറ്റാണ്ടുകളിലെ മെന്റിക്കന്റ് അല്ലെങ്കില്‍ ഭിക്ഷാടക സമൂഹങ്ങളെക്കുറിച്ചായിരുന്നു.
ആ കാലഘട്ടം ഏറെ കലുഷിതമായിരുന്നു. സഭയും നിരവധി വെല്ലുവിളികളിലൂടെ കടന്നുപോയി. ആധ്യാത്മിക നേതാക്കളുടെ ആഡംബര ഭ്രമവും സ്ഥാനമാനങ്ങള്‍ക്ക് വേണ്ടിയുള്ള പരക്കംപാച്ചിലും ഏറെ വിമര്‍ശിക്കപ്പെട്ടു. ശക്തമായി വളര്‍ന്നുവന്ന അല്‍ബിജെന്‍സിയന്‍ പാഷണ്ഡതയും മറ്റും കൂടുതല്‍ ആധ്യാത്മികം എന്ന് പൊതുജനം കരുതി. വേറൊരു വശത്ത് ഇസ്‌ലാമിന്റെ അതിവേഗ വ്യാപനം ദീര്‍ഘകാല സംഘര്‍ഷത്തിന് വഴിതുറന്നു, അത് കുരിശുയുദ്ധങ്ങളില്‍ കലാശിച്ചു. ചുരുക്കത്തില്‍, ആ കാലഘട്ടം ഏറെ ആശയക്കുഴപ്പങ്ങളുടെ സമയമായിരുന്നു.
യഥാര്‍ഥ നവീകരണം ആഗ്രഹിച്ച പാപ്പാമാര്‍ അന്നുണ്ടായിരുന്നു. ഈ ലക്ഷ്യത്തോടെ ഇന്നസെന്റ് മൂന്നാമന്‍ പാപ്പ നാലാം ലാറ്ററന്‍ കൗണ്‍സില്‍ വിളിച്ചുകൂട്ടി. അതോടൊപ്പം കുരിശു യുദ്ധത്തിനായി സൈന്യങ്ങളെയും
അയച്ചു. അബദ്ധ പഠനങ്ങള്‍ക്കെതിരെ ധ്യാന പരമ്പരകള്‍ സംഘടിപ്പിച്ചു. എന്നാല്‍, ഈ കൗണ്‍സിലുകള്‍ക്കും സംഘടിത ശ്രമങ്ങള്‍ക്കും ചെയ്യാന്‍ കഴിയാഞ്ഞത് താഴെത്തട്ടിലുള്ള ഏറെ എളിയ രണ്ട് ചെറു മുന്നേറ്റങ്ങള്‍ നേടിയെടുത്തു.
ഒരു മുന്നേറ്റം വിശുദ്ധ ഡൊമിനിക്കില്‍ നിന്നാണ് വന്നത്, അദ്ദേഹത്തിന്റെ പ്രഭാഷക സന്യാസസംഘം ഡൊമിനിക്കന്‍സ് എന്ന് അറിയപ്പെടുന്നു. മറ്റൊന്ന്, ജീസസ് യൂത്തില്‍ നാം പ്രത്യേക മധ്യസ്ഥനായി ആദരിക്കുന്ന
വി. ഫ്രാന്‍സിസില്‍ നിന്നായിരുന്നു. ആ 'പൊവെറെല്ലോയും' (ചെറിയ ദരിദ്രന്‍) അവന്റെ ചുറ്റും ഒത്തുകൂടിയ ആനന്ദനിര്‍ഭരരായ ചെറുസഹോദരരും ആരും പ്രതീക്ഷിക്കാതിരുന്ന ഒരു ആധ്യാത്മിക വിപ്ലവം സാധ്യമാക്കി. അവര്‍ ചരിത്രം തിരുത്തിക്കുറിച്ചു.
വിശ്വസ്തതയുടെ 2 വഴികള്‍
ഡൊമിനിക്കും ഫ്രാന്‍സിസും, ഒപ്പം അവരുടെ രണ്ടു വഴികളും അതിശയകരമാംവിധം ഫലപ്രദമായിരുന്നു, ഇരുവരും യൂറോപ്പിനെയും സഭയെയും വഴിതിരിച്ചു വിട്ടു. എന്നാല്‍, അവര്‍ ചെയ്തിരുന്നത് ഒരേ കാര്യമായിരുന്നില്ല. ഡൊമിനിക് സഭയുടെ ഘടനകള്‍ക്കുള്ളില്‍ പ്രവര്‍ത്തിക്കുന്ന ഒരു വിശുദ്ധ വൈദികനായിരുന്നു. അദ്ദേഹത്തിന്റെ ഭിക്ഷുക്കള്‍ ലളിതമായി ജീവിക്കുകയും അനായാസേന യാത്ര ചെയ്യുകയും ചെയ്തു. ഒപ്പം ഒരു പുതുശൈലിയില്‍ അവര്‍ സഭയുടെ ഔദ്യോഗിക പഠന വക്താക്കളായി.
ഇതില്‍ നിന്നും ഏറെ വ്യത്യസ്തമായി ഫ്രാന്‍സിസ് ഒരു വൈദികനായിരുന്നില്ല, ഔദ്യോഗികമായ ഏതെങ്കിലും അര്‍ഥത്തില്‍ സഭയുടെ സ്ഥാപനഘടനയുടെ ഭാഗവുമായിരുന്നില്ല. അവനെ നയിച്ചത് അധികാരമോ ഔദ്യോഗികതയോ അല്ല; മറിച്ച് ഉള്ളില്‍ നിന്ന്
രൂപമെടുത്ത സുവിശേഷ ചൈതന്യവും ക്രിസ്തുവുമായുള്ള കണ്ടുമുട്ടലുമായിരുന്നു. അവന്‍ ദാരിദ്ര്യത്തിലേക്ക് യുക്തിസഹജമായി എത്തിയതല്ല. ക്രിസ്തു തന്നോട് അത് ആവശ്യപ്പെടുന്നതായി അവന്‍ കേട്ടു; തന്റെ ജീവിതം മുഴുവനുംകൊണ്ട് അവന്‍ അതിന് പ്രത്യുത്തരം നല്‍കി.
1209ല്‍ ഫ്രാന്‍സിസും കൂട്ടാളി ബെര്‍ണാഡും അസ്സീസിയിലെ വിശുദ്ധ നിക്കോളാസിന്റെ പള്ളിയില്‍ പോയി പ്രാര്‍ഥിച്ചു, ദൈവേഷ്ടം വെളിവാക്കണമെന്ന് യാചിച്ചു. ഫ്രാന്‍സിസ് ബൈബിള്‍ തുറന്നപ്പോള്‍ ആദ്യം കണ്ട ഭാഗം മത്തായി 19, 21 ആയിരുന്നു: ''നീ പൂര്‍ണനാകാന്‍ ആഗ്രഹിക്കുന്നെങ്കില്‍, പോയി നിനക്കുള്ളതെല്ലാം വിറ്റ് ദരിദ്രര്‍ക്ക് കൊടുക്കുക, അപ്പോള്‍ നിനക്ക് സ്വര്‍ഗത്തില്‍ നിക്ഷേപം ഉണ്ടാകും.'' ഇത് തനിക്കുള്ള വ്യക്തിപരമായ വിളിയാണെന്ന് അവന്‍ ഉടനെ തിരിച്ചറിഞ്ഞു, അതിനെ അക്ഷരാര്‍ഥത്തില്‍ പിന്തുടരാന്‍ തീരുമാനിച്ചു.
അവന്റെ വിപ്ലവകരമായ സാക്ഷ്യം കാട്ടുതീ പോലെ പടര്‍ന്നു, എണ്ണമറ്റ ജീവിതങ്ങളെ രൂപാന്തരപ്പെടുത്തി. അത് പട്ടണങ്ങളിലും ഗ്രാമങ്ങളിലും, ഇടവകകളിലും രൂപതകളിലും, സര്‍വകലാശാലകളില്‍ പോലും നവീകരണത്തിന് തിരികൊളുത്തി. കൗണ്‍സിലുകളും പരിഷ്‌കാരങ്ങളും പ്രഭാഷണങ്ങളും എല്ലാം അക്കാലത്തെ വെല്ലുവിളികളെ വ്യത്യസ്ത വിധങ്ങളില്‍ അഭിസംബോധന ചെയ്യാന്‍ സഹായിച്ചു. എന്നാല്‍, ഫ്രാന്‍സിസിന്റെയും അവന്റെ ചെറു സഹോദരങ്ങളുടെയും ജീവിതത്തേക്കാള്‍ ബോധ്യം പകരാന്‍ പോരുന്ന ഒന്നും അന്നുണ്ടായിരുന്നില്ല.
അവരുടെ സന്തോഷനിറവുള്ള സാക്ഷ്യത്തിലൂടെ ഫ്രാന്‍സിസിസും കൂട്ടരും കര്‍ത്താവിനോടുള്ള ആഴമായ സ്‌നേഹവും ക്രിസ്തുവിന്റെ ലാളിത്യവും ദാരിദ്ര്യവും ശാരീരികമായി തന്നെ ദൃശ്യമാക്കി.
എന്നാല്‍, ഫ്രാന്‍സിസിന്റെ പാത സംഘര്‍ഷമില്ലാതെ മുന്നേറി എന്ന് വിചാരിക്കരുത്. ഈ അതിരുകടന്ന ലാളിത്യം ശരിക്കും വിജയിക്കുമോ? സംശയങ്ങള്‍ പുറത്തുനിന്ന് മാത്രമല്ല, അവന്റെ ഏറ്റവും അടുത്ത ചില കൂട്ടാളികളില്‍ നിന്നു പോലും ഉയര്‍ന്നു. പിന്നീട് ഗ്രിഗറി കത പാപ്പ ആയിത്തീര്‍ന്ന, ഫ്രാന്‍സിസിന്റെ ഏറ്റവും വലിയ പിന്തുണ
ക്കാരില്‍ ഒരാളായ, കര്‍ദിനാള്‍ ഉഗോളിനോ പോലും പ്രസ്ഥാനത്തിന് കൂടുതല്‍ ക്രമവും ഭൗതിക സ്ഥിരതയും കൊണ്ടുവരാന്‍ ഏറെ ആഗ്രഹിച്ചു. സഭയുടെ സംഘടിത ഘടനയുമായി ഒത്തുപോകുന്ന രീതികള്‍ അവലംബിക്കണമെന്ന് പലരും വാദിച്ചു.
ഫ്രാന്‍സിസിന്റെ മനസ്സ് മാറ്റാന്‍ ഇതിനൊന്നും കഴിഞ്ഞില്ല. ലളിതമായി ജീവിക്കാനും, അനാവശ്യ ബാഹ്യഘടനകള്‍ ഒഴിവാക്കാനും, അങ്ങനെ ദൈവം തന്നെ ഏല്‍പിച്ച കാരിസത്തോട് പൂര്‍ണമായി വിശ്വസ്തനായിരിക്കാനും അവന്‍ തീരുമാനിച്ചുറച്ചു മുന്നേറി.
ലാളിത്യത്തില്‍ വേരൂന്നി ലഘുത്വത്തില്‍ ആനന്ദിക്കുക
ഫ്രാന്‍സിസിന്റെ മുഖമുദ്രയായ തീവ്ര ദാരിദ്ര്യത്തോടുള്ള പ്രതിപത്തി, മിനിമലിസം, സംഘടിതമാകാനുള്ള വിമുഖത ഇതിന്റെയെല്ലാം പ്രേരക ശ്രോതസ്സ് എന്തായിരുന്നു? ലോകത്തോടും സമൂഹത്തോടുമുള്ള വെറുപ്പില്‍നിന്നാണോ ഇതെല്ലാം വന്നത്? ഫ്രാന്‍സിസ് ലോകത്തെ വെറുത്തില്ല, മറിച്ച് ദൈവം സൃഷ്ടിച്ചതെല്ലാം ഇഷ്ടപ്പെട്ടു, അവയുടെ സൗന്ദര്യത്തില്‍ ആനന്ദിച്ചു, അവയോടൊപ്പം ദൈവത്തെ സ്തുതിച്ചു പാടി. ക്രിസ്തീയ ചരിത്രത്തിലെ ഏറ്റം സന്തോഷവാനായ വ്യക്തികളില്‍ ഒരുവനായിരുന്നു ഫ്രാന്‍സിസ്. ഒരര്‍ഥത്തില്‍ ലോകം വിട്ടുപേക്ഷിച്ച സന്യാസിയായിരുന്നില്ല ഈ വിശുദ്ധന്‍. സമൂഹവും ലോകവും വിട്ടുപേക്ഷിച്ച്
സന്യാസ ഭവനങ്ങളില്‍ ദാരിദ്ര്യ വ്രതത്തോടെ ജീവിച്ച താപസര്‍ അന്നും ഏറെയുണ്ടായിരുന്നു. എന്നാല്‍, ഫ്രാന്‍സിസ് ജീവിച്ച പ്രതിബദ്ധതയുടെ ക്രിസ്തീയ ശൈലി ഇതില്‍ നിന്ന് ഏറെ വ്യത്യസ്തമായിരുന്നു.
ഫ്രാന്‍സിസ് ലോകത്തില്‍ നിന്ന് പിന്മാറിയില്ല. പകരം, ലളിതജീവിതത്തിന്റെ സന്തോഷം സ്വീകരിച്ചുകൊണ്ട്, ക്രിസ്തുവിന്റെ സൗന്ദര്യത്തിനും സന്തോഷത്തിനും സാക്ഷ്യം വഹിക്കാന്‍ അവന്‍ ലോകത്തിലേക്ക് കൂടുതല്‍ ആഴത്തില്‍ പ്രവേശിച്ചു. അവിടെ പ്രകാശിച്ചു.
അങ്ങനെ ലോകവും സംസ്‌കാരവും കൂടുതല്‍ പ്രകാശമാനമാക്കി.
ലാളിത്യത്തിലെ മിതത്വം
യേശു ജീവിച്ചത് ഏറെ ലാളിത്യത്തിലായിരുന്നു. തന്റെ ശിഷ്യരെയും അതുപോലെ ജീവിക്കാന്‍ അവിടന്ന് വെല്ലുവിളിച്ചു. ദൗത്യ ജീവിതത്തിന് ലാളിത്യം ഒരു നിര്‍ബന്ധ ഉപാധിയായി അവിടന്ന് സൂചിപ്പിച്ചു. ശിഷ്യരെ ദൗത്യ യാത്രയ്ക്ക് അയക്കുമ്പോഴെല്ലാം, അനാവശ്യ ഭാരങ്ങള്‍ ചുമക്കുന്നതിനെതിരെ താക്കീത് ചെയ്തു. അമിതമായി സ്വരൂപിക്കുന്നതും സ്ഥാനവും മഹത്വവും തേടുന്നതും സുവിശേഷം വിളിക്കുന്നിടത്തേക്കെല്ലാം
പോകാനുള്ള സ്വാതന്ത്ര്യത്തെ തടയുമെന്ന് അവനറിയാമായിരുന്നു.
ഫ്രാന്‍സിസ്, അതിനെക്കുറിച്ച് വിശകലനം ചെയ്യുകയോ സിദ്ധാന്തിക്കുകയോ ചെയ്യാതെ, ക്രിസ്തുവിന്റെ മാതൃക അനുധാവനം ചെയ്തു. സംസാരിക്കുന്നതിലും ഉപരി അവന്‍ ജീവിച്ചു. നാഥനെ പിന്തുടരാന്‍ അവന്‍ എല്ലാം ഉപേക്ഷിച്ചു.
ഫ്രാന്‍സിന്റെ ജൂബിലി വേളയില്‍ ജീസസ് യൂത്തും ചെറുതാകുന്നതിന്റെ വെല്ലുവിളി ഓര്‍ക്കുന്നത് നല്ലതല്ലേ? സമ്പത്തും പദവിയും സമൃദ്ധിയും കൊണ്ട് വിശ്വാസവിജയവും ദൈവകരുണയും അളക്കുന്ന ഒരു ലോകത്ത്, ലാളിത്യത്തിന്റെയും നിസ്വാര്‍ഥമായ കൊടുക്കലിന്റെയും സന്തോഷം പ്രസരിപ്പിക്കുന്ന ഒരു മിഷണറി ശൃംഖലയായി മാറാന്‍ ജീസസ് യൂത്ത് വിളിക്കപ്പെട്ടില്ലേ? മുന്നേറ്റത്തിന്റെ മാര്‍ഗദീപമായ ഫ്രാന്‍സിസ് ഇന്നും അതേ വെല്ലുവിളി നമ്മുടെ മുന്നില്‍ ഉയര്‍ത്തുന്നു. ഒരു കാര്യത്തില്‍ ജീസസ് യൂത്തിന് ഏറെ സന്തോഷിക്കാം, ലാളിത്യത്തില്‍ സന്തോഷവും
ഔദാര്യത്തില്‍ സംതൃപ്തിയും ഉള്‍ക്കൊള്ളുന്ന അനേകം ജീവിക്കുന്ന മാതൃകകള്‍കൊണ്ട് ഈ മുന്നേറ്റവും അനുഗൃഹീതമാണ്. അവരുടെ ജീവിത സാക്ഷ്യവും നമ്മുടെ ഗുരുവിനെയും സ്വന്ത വിശുദ്ധനെയും കൂടുതല്‍ ആഴത്തിലും അതിന്റെ പൂര്‍ണമായ അര്‍ഥത്തിലും പിന്തുടരാന്‍
നമ്മെ വെല്ലുവിളിക്കുന്നു.

The Sacred Exchange between Saint Francis and Lady Poverty
ഫ്രാന്‍സിസ്‌കന്‍ ദാരിദ്ര്യ പ്രതിജ്ഞയുടെ അടിസ്ഥാനമായ ഒരു ആത്മീയ ആശയമാണ്
'സിസ്റ്റര്‍ പോവര്‍ട്ടി' അഥവാ 'ലേഡി പോവര്‍ട്ടി.' ദാരിദ്ര്യത്തെ ഒരു ദയനീയ അവസ്ഥയായല്ല,
മറിച്ച് ഒരു വ്യക്തിത്വമുള്ള കൂട്ടുകാരി, പ്രിയപ്പെട്ട സഹോദരി, യേശുക്രിസ്തുവിനെ അനുകരി ക്കുന്ന ഒരു മിസ്റ്റിക് വധു എന്നിങ്ങനെയൊക്കെയാണ് ഫ്രാന്‍സിസ് വീക്ഷിച്ചത്. വധുവിന്റെ വിരലില്‍ മോതിരമണിയിക്കുന്ന വരനായിട്ടാണ് 1480-ല്‍ ഇറ്റാലിയന്‍ നവോത്ഥാന ആര്‍ട്ടിസ്റ്റ് ഫ്രാന്‍സെസ്‌കോ ഡി ജോര്‍ജിയോ മാര്‍ട്ടിനി ടെമ്പറ ചായം ഉപയോഗിച്ച് പാനലില്‍ ഈ ചിത്രം വരച്ചിരിക്കുന്നത്. മ്യൂണിക്കിലെ ആള്‍ട്ടെ പിനാകോതെക് മ്യൂസിയത്തിലാണ് ചിത്രം ഇപ്പോഴുള്ളത്




Comments