top of page

ഫ്രാൻസിസ് അല്ലാതെ മറ്റാര് ? I കവര്‍‌സ്റ്റോറി I അഡ്വ. റൈജു വര്‍ഗീസ്, എറണാകുളം I KAIROS MALAYALAM I OCTOBER 2026

അഡ്വ. റൈജു വര്‍ഗീസ്
2 days ago
3 min read


'ഫ്രാൻസിസ് അല്ലാതെ മറ്റാര് ?'എന്ന തലക്കെട്ടിൽ അഡ്വ. റൈജു വർഗീസിൻ്റെ ലേഖനം കവർസ്റ്റോറിയിൽ. ജീസസ് യൂത്ത് മുന്നേറ്റവും വിശുദ്ധ ഫ്രാൻസിസ് അസീസിയും തമ്മിലുള്ള അഭേദ്യമായ ആത്മബന്ധത്തെക്കുറിച്ച് പങ്കുവെക്കുന്നു.




തന്റെ ജീവിതംകൊണ്ട് മനുഷ്യരോടും മറ്റു സകല സൃഷ്ടികളോടും ക്രിസ്തുവിനെ പ്രഘോഷിക്കുകയും അവരിലെ ദൈവസാന്നിധ്യത്തെ തിരിച്ച

റിഞ്ഞ് സാഹോദര്യത്തോടെ ചേര്‍ത്തുപിടിക്കുകയും ചെയ്ത വി. ഫ്രാന്‍സിസ് അസ്സീസി 'രണ്ടാമത്തെ ക്രിസ്തു' എന്ന വിശേഷണത്തിന് തീര്‍ത്തും ഉചിതനാണ്.


സഭയിലെ ഒട്ടുമിക്ക ദൈവശാസ്ത്ര പണ്ഡിതരും ക്രിസ്തുവിലെ ദൈവികതയെ നിര്‍വചിക്കാനും പഠിപ്പിക്കാനും ശ്രമിച്ചപ്പോള്‍ വി. ഫ്രാന്‍സിസ് ക്രിസ്തുവിലെ മനുഷ്യനെ കൂടുതല്‍ ധ്യാനിക്കുകയും തിരിച്ചറിയുകയും അതുവഴി ക്രിസ്തുവിനെ നമ്മുടെ അനുദിന ജീവിതയാഥാര്‍ഥ്യങ്ങളില്‍, കൂടെനടക്കുന്ന ദൈവമായും നമുക്കു വേണ്ടി പീഡകള്‍ സഹിച്ച് മരിച്ച് ഉത്ഥിതനായ രക്ഷകനായും മനസ്സിലാക്കാനാകുമെന്നും സ്വജീവിതം കൊണ്ട് പഠിപ്പിച്ചു. ഇന്ന് ഫ്രാന്‍സിസ്‌കന്‍ ആധ്യാത്മികതയിലും ജീവിതശൈലിയിലുമൂന്നിയ ധാരാളം സന്യസ്ത വിഭാഗങ്ങള്‍ സഭയില്‍ സജീവമായി നിലനില്‍ക്കുന്നു.


വി. ഫ്രാന്‍സിസ് അസ്സീസിയെ ജീസസ് യൂത്ത് മുന്നേറ്റത്തിന്റെ Patron Saint ആയി തിരഞ്ഞെടുത്തത് ദൈവാത്മാവിന്റെ കൃത്യമായ വഴിനടത്തലായിരുന്നു. ഇത് കൃത്യവും അര്‍ഥപൂര്‍ണവും യോജിച്ചതുമായ തീരുമാനമായിരുന്നുവെന്ന് നമുക്ക് എങ്ങനെ മനസ്സിലാക്കാം.


1. യൗവനത്തിന്റെ നെറുകയില്‍ ആയിരിക്കുമ്പോള്‍ ക്രിസ്തുവിനെ കണ്ടുമുട്ടുകയും വിളി തിരിച്ചറിയുകയും ചെയ്ത വിശുദ്ധന്‍


ധനികനായ ഒരു വസ്ത്രവ്യാപാരിയുടെ മകനായി ജനിച്ച്, സമ്പത്സമൃദ്ധിയുടെയും സുഖ സൗകര്യങ്ങളുടെയും ഉച്ചിയില്‍ നില്‍ക്കുമ്പോഴാണ്, ഇരുപത്തിമൂന്നാം വയസ്സില്‍ ക്രിസ്തുവിനെ കണ്ടുമുട്ടി മാനസാന്തരത്തിലേക്കും പുതു ജീവിതത്തിലേക്കും പ്രവേശിച്ചത്. നാല്‍പത്തിനാല് വയസ്സുവരെ മാത്രം ജീവിച്ച ഫ്രാന്‍സിസ്, സൈന്യത്തില്‍ ചേരാനുള്ള തന്റെ അതിയായ ആഗ്രഹവും സകല സുഖസൗകര്യങ്ങളും സ്വപ്നങ്ങളുമുപേക്ഷിച്ച്, തന്റെ യൗവനം മുഴുവന്‍ കര്‍ത്താവിന് സമര്‍പ്പിച്ച് ജീവിച്ചു.


യുവജന സുവിശേഷീകരണത്തിന് പ്രാമുഖ്യം നല്‍കുന്ന ജീസസ് യൂത്തിന്റെ atron Saint ആകേണ്ടത് ഈ യുവ ഫ്രാന്‍സിസ് അല്ലാതെ മറ്റാരാണ്!


2. മറ്റെന്തിനേക്കാളും ക്രിസ്തുവിനെ പ്രണയിച്ച വിശുദ്ധന്‍


താന്‍ അന്നുവരെ വലുതായി, പ്രിയപ്പെട്ടതായി കണ്ടിരുന്ന എല്ലാറ്റിനെയും ഉപേക്ഷിച്ചിട്ട് ക്രിസ്തുവിനെ കെട്ടിപ്പുണര്‍ന്ന് ജീവിച്ച വി. ഫ്രാന്‍സിസിനെപ്പോലെ ക്രിസ്തുവിനെ സ്‌നേഹിച്ച് അവിടത്തെ കരം പിടിച്ച് ക്രിസ്തു കേന്ദ്രീകൃത ജീവിതശൈലിയിലൂന്നി ജീവിക്കുവാനാണ് ഓരോ ജീസസ് യൂത്തും വിളിക്കപ്പെട്ടിട്ടുള്ളത്. ക്രിസ്തുവിനോടുള്ള സ്‌നേഹത്തെ

പ്രതി മറ്റെല്ലാം ത്യജിച്ച് അവിടത്തേക്ക് ഒന്നാം സ്ഥാനം നല്‍കി ജീവിക്കുന്നതാണ് ജീസസ് യൂത്ത് ജീവിത ശൈലി.


3. ആദ്യ മാനസാന്തരാനുഭവത്തില്‍ തുടങ്ങി ഘട്ടം ഘട്ടമായി അവസാന ശ്വാസം വരെ തുടരുന്ന ജീവിത പരിവര്‍ത്തനത്തിന്റെ ഉത്തമോദാഹരണമാണ് വിശുദ്ധന്റെ ജീവിതം


വിശുദ്ധനെപ്പോലെ നമ്മുടെ പരിവര്‍ത്തനവും വിവിധ ഘട്ടങ്ങളി

ലൂടെയും നമ്മുടെ സാമൂഹ്യ-സാമ്പത്തിക-കുടുംബ സാഹചര്യങ്ങളിലൂടെയും പുരോഗമിക്കുകയും വളരുകയും ചെയ്യുന്നു. ജീസസ് യൂത്ത് പ്രോത്സാഹിപ്പിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്നത് ഇത്തരത്തിലെ ഒരു മാനസാന്തര ജീവിതവും ഘട്ടം ഘട്ടമായ പരിവര്‍ത്തനവുമാണ്. ഈ പരിവര്‍ത്തനത്തിന് പരിശുദ്ധാത്മ വെളിച്ചം പകരുന്ന ചൂട്ടുപിടിത്തമാണ് വിവധ ഘട്ടങ്ങളിലായുള്ള ജീസസ്‌യൂത്ത് രൂപീകരണ പ്രോഗ്രാമുകളിലൂടെ നാം സ്വായത്തമാക്കുന്നത്.


4. എല്ലാം വിട്ടുകൊടുക്കാനും ദൈവത്തില്‍ പൂര്‍ണമായി ആശ്രയിക്കാനും പഠിപ്പിച്ച വിശുദ്ധന്‍


ക്രിസ്തുവിനെപ്രതി ഉപേക്ഷിക്കേണ്ടതെല്ലാം ത്യജിക്കുന്നതും ദൈവാശ്രയത്വത്തില്‍ മാത്രം ശരണം വയ്ക്കുന്നതുമാണ് ജീസസ് യൂത്ത് ജീവിത ശൈലി. യാതൊരുവിധ അനുഭവ പരിചയവും സാമ്പത്തിക സ്രോതസ്സുകളുമൊന്നുമില്ലാതെ, വിശ്വാസത്തോടെയും പ്രാര്‍ഥനയോടെയും യുവജനങ്ങള്‍ സുവിശേഷ പ്രഘോഷണങ്ങള്‍ക്കും പ്രേഷിത ശുശ്രൂഷകള്‍

ക്കുമൊക്കെ മുന്നിട്ടിറങ്ങുന്നതും വലിയ പ്രോഗ്രാമുകളും മറ്റും സംഘടിപ്പിക്കുന്നതുമെല്ലാം ജീസസ് യൂത്തിലെ നിത്യ അത്ഭുത കാഴ്ചകളാണ്


5. സഭയെ പണിതുയര്‍ത്താനും പുത്തന്‍ ആത്മീയ ഉണര്‍വിലേക്ക് നയിക്കുവാനുമുള്ള ക്രിസ്തുവിന്റെ വിളി ഏറ്റെടുത്ത് ജീവിച്ച വിശുദ്ധന്‍


1204ല്‍ അസ്സീസിയിലെ തകര്‍ന്നു കിടന്ന സാന്‍ ഡാമിയാനോ പള്ളിയില്‍ പ്രാര്‍ഥിക്കുമ്പോള്‍, ക്രൂശിത രൂപത്തില്‍ നിന്ന് 'ഫ്രാന്‍സിസ്, തകര്‍ന്നു കിടക്കുന്ന എന്റെ പള്ളി പുനര്‍നിര്‍മിക്കുക' എന്ന ശബ്ദം കേള്‍ക്കാനിടയായി. ഈ വാക്കുകളിലെ ദൈവസാന്നിധ്യവും ദൈവഹിതവും മനസ്സിലാക്കി സഭയില്‍ ആത്മീയ ഉണര്‍വുണ്ടാക്കുന്നതിനും സഭയെ പുനരുദ്ധരിക്കുന്നതിനും വി. ഫ്രാന്‍സിസിന് കഴിഞ്ഞു.


വിശുദ്ധ ഫ്രാന്‍സിസിനെപ്പോലെ, വിളി തിരിച്ചറിഞ്ഞ്, സഭയെ

പണിതുയര്‍ത്തുക എന്നതാണ് ജീസസ് യൂത്ത് മുന്നേറ്റത്തിന്റെയും വിളി. ജീസസ് യൂത്തിനെക്കുറിച്ചുള്ള 'missionary Movement at the Service of the Church' എന്ന പ്രയോഗം മുന്നേറ്റത്തിന്റെ വിളിയെക്കുറിച്ചും ദൗത്യത്തെക്കുറിച്ചും കൃത്യമായി ഓര്‍മപ്പെടുത്തുന്നു. ഈ കാലഘട്ടത്തില്‍ സഭയെ പണിതുയര്‍ത്താന്‍ ദൈവം വിളിക്കുന്നവയില്‍ ഒന്നാണ് ജീസസ് യൂത്ത്.


6. കുഷ്ഠരോഗികളുള്‍പ്പെടെ, വേദനിക്കുന്നവരെ ചേര്‍ത്തു പിടിച്ച ഫ്രാന്‍സിസ് പുണ്യാളന്‍


ഒരിക്കല്‍ കുതിരസവാരിക്കിടയില്‍ ഫ്രാന്‍സിസ് ഒരു കുഷ്ഠരോഗിയെ കണ്ടു. വെറുപ്പും ഭയവും തോന്നിയിരുന്നെങ്കിലും, കുതിരയില്‍ നിന്ന് ഇറങ്ങിച്ചെന്ന് അദ്ദേഹം ആ കുഷ്ഠരോഗിയെ ആലിംഗനം ചെയ്ത് ചുംബിച്ചു. ഇത് അദ്ദേഹത്തിന്റെ അഹങ്കാരത്തെ തകര്‍ക്കുകയും എളിമ പഠിപ്പിക്കുകയും ചെയ്തു. തുടര്‍ന്ന് തന്റെ ജീവിതം മുഴുവന്‍ പാവങ്ങള്‍ക്കായി മാറ്റിവച്ച പുണ്യവാളന്‍.


ജീസസ് യൂത്ത് അതിന്റെ ആദ്യനാളുകള്‍ മുതല്‍ പാവങ്ങളു

ടെയും വേദനിക്കുന്നവരുടെയും ഇടയിലേക്കിറങ്ങിച്ചെന്ന് സ്‌നേഹവും സഹായ സേവനങ്ങളും നല്‍കുന്നതില്‍ അംഗങ്ങളെ പ്രത്യേകം പ്രോത്സാഹിപ്പിക്കുകയും പരിശീലിപ്പിക്കുകയും ചെയ്തിരുന്നു. പിന്നീട് 'പാവങ്ങളോടുള്ള പക്ഷം ചേരല്‍' എന്നത് ജീസസ് യൂത്തിന്റെ ആറ് ജശഹഹമൃല്‍െ ഒന്നായി. വേദനകളാലും ദുരിതങ്ങളാലും വലയുന്നവരിലും ചുറ്റുമുള്ള ഓരോ ആവശ്യക്കാരനിലും ക്രിസ്തുവിനെ കണ്ടുകൊണ്ട് അവരെ ചേര്‍ത്തുപിടിക്കുകയും സ്‌നേഹിക്കുകയും ചെയ്യുന്നതാണ് പാവങ്ങളോടുള്ള പക്ഷം ചേരല്‍.


7. കൂടെ നടപ്പിലൂടെയും ഒരുമിച്ചു ജീവിക്കുന്നതിലൂടെയും

സാഹോദര്യവും കൂട്ടായ്മയുംവഴി ക്രിസ്തു ശിഷ്യത്വത്തിലേക്കും ആഴമേറിയ വിശ്വാസത്തിലേക്കും മറ്റുള്ളവരെ വളര്‍ത്തിയ അസ്സീസിയിലെ വി. ഫ്രാന്‍സിസ്


അദ്ദേഹത്തിന്റെ എളിമയും ലാളിത്യവും കണ്ട് നിരവധി പേര്‍ അനുയായികളായി എത്തുകയും, അത് പിന്നീട് ഫ്രാന്‍സിസ്‌കന്‍ സന്യാസ സമൂഹത്തിന്റെ Order of Friars Minor) രൂപീകരണത്തിന് കാരണമാവുകയും ചെയ്തു. അനുയായികളായി എത്തിയ ഓരോരുത്തരെയും കൂടെ കൊണ്ടുനടന്നും കൂടെ താമസിപ്പിച്ചും സ്വജീവിത സാക്ഷ്യത്തിലൂടെയും ചെറുപാഠങ്ങളിലൂടെയും വളര്‍ത്തിയ വിശുദ്ധന്‍.


ജീസസ് യൂത്ത് മുന്നേറ്റത്തില്‍ ദൈവാത്മാവ് രൂപപ്പെടുത്തിയ വിശ്വാസ പരിശീലന രീതിയും വ്യക്തിരൂപീകരണ ശൈലികളും മറ്റൊന്നല്ല. ക്രിസ്തു കേന്ദ്രീകൃതമായ കൂട്ടായ്മകളിലൂടെയും ദൈവസ്‌നേഹാനുഭവത്തില്‍ രൂപപ്പെട്ട വ്യക്തി ബന്ധങ്ങളിലുടെയും സാധ്യമാകുന്ന വിശ്വാസ വളര്‍ച്ചയാണ് ജീസസ് യൂത്തിലെ വ്യക്തി രൂപീകരണോപാധികളില്‍

ഏറ്റവും ശ്രേഷ്ഠമായത്.


8. എല്ലാ മനുഷ്യരോടും സകല സൃഷ്ടികളോടും ക്രിസ്തുവിനെ പരിചയപ്പെടുത്തുന്നതിലും പ്രഘോഷിക്കുന്നതിലും സ്ഥിരോല്‍സാഹിയായിരുന്ന പ്രേഷിത ശ്രേഷ്ഠന്‍.


ആഗോള കത്തോലിക്കാ സഭയില്‍ പ്രേഷിത തീക്ഷ്ണത തിരികെ കൊണ്ടുവരുന്നതിന് വിശുദ്ധ ഫ്രാന്‍സിസിനു സാധിച്ചു. സകല ജീവജാലങ്ങളോടും ക്രിസ്തുവിനെ പ്രഘോഷിക്കാന്‍ വിശുദ്ധന്‍ സ്വജീവിതംകൊണ്ടും വാക്കുകളാലും സദാ പരിശ്രമിച്ചിരുന്നു. വൃക്ഷലതാതികളും, ആറും കടലും, ഭൂമി-ആകാശ-നക്ഷത്രങ്ങളും മനുഷ്യരുമെല്ലാം സ്വര്‍ഗപിതാവിന്റെ സൃഷ്ടികളെന്ന നിലയില്‍, ഓരോന്നിനോടും സാഹോദര്യം സൂക്ഷിക്കുന്നതുവഴി യഥാര്‍ഥ പ്രേഷിത ചൈതന്യം കാത്തുസൂക്ഷിച്ച ഫ്രാന്‍സിസ്.


ഓരോ ജീസസ്‌യൂത്തും മിഷണറിയാണെന്ന് പഠിപ്പിക്കുന്ന മുന്നേറ്റത്തിന്റെ നിലനില്‍പിന്റെതന്നെ ഉദ്ദേശ്യങ്ങളില്‍ ഏറ്റവും പ്രധാനമായ ഒന്ന് സുവിശേഷ പ്രഘോഷണം ((Evangelization)) ആണ്. വ്യക്തി ബന്ധങ്ങളില്‍ സാഹോദര്യം പുലര്‍ത്തിക്കൊണ്ട് ക്രിസ്തുവിനെ പങ്കുവയ്ക്കുന്നതാണ് ജീസസ് യൂത്തിലെ സുവിശേഷ പ്രഘോഷണ രീതികളില്‍ ഏറ്റവും പ്രധാനപ്പെട്ടത്.


9. സമാധാനത്തിന്റെ ദല്ലാള്‍ ആയിരുന്ന പുണ്യാളന്‍.


ലോകം മുഴുവന്‍ സമാധാനം നിലനില്‍ക്കണമെന്ന് ആഗ്രഹിച്ചിരുന്ന വിശുദ്ധന്റെ സമാധാന പ്രാര്‍ഥന ഇന്ന് ലോകം മുഴുവന്‍ പ്രാര്‍ഥിക്കുന്ന ഒരു അതിമനോഹരമായ ഒരു വ്യക്തിപ്രാര്‍ഥനയാണ്.


ദൈവാത്മാവിനാല്‍ നയിക്കപ്പെടേണ്ടവരായ ഓരോ ജീസസ് യൂത്തും പരിശുദ്ധാത്മ ഫലങ്ങളിലൊന്നായ സമാധാനം വ്യക്തിജീവിതങ്ങളിലും കുടുംബങ്ങളിലും സമൂഹത്തിലും പുനഃസ്ഥാപിക്കാന്‍ വിളിക്കപ്പെട്ടിരിക്കുന്നു.


10. ത്യാഗപൂര്‍ണമായ എന്നാല്‍, ആനന്ദകരമായ പ്രാര്‍ഥനാ ശൈലിയിലൂടെയും ലളിത ജീവിത രീതികളിലൂടെയും വിശുദ്ധിയെ കെട്ടിപ്പുണര്‍ന്ന പുണ്യാളന്‍.


വലിയ ദൈവാശ്രയത്വത്തോടെയും സന്തോഷത്തോടെയും ത്യാഗങ്ങള്‍ ഏറ്റെടുത്ത് നിരന്തരം പ്രാര്‍ഥിച്ച് പ്രലോഭനങ്ങളെ അതിജീവിച്ച് ലളിത ജീവിതത്തിലുടെ വിശുദ്ധിയെ പുണരാന്‍ പുണ്യാളന് കഴിഞ്ഞു. ഓരോ ജീസസ് യൂത്തും നിരന്തരമായ പ്രാര്‍ഥനയിലൂടെയും ത്യാഗപൂര്‍ണവും ലളിതവുമായ ജീവിതത്തിലൂടെയും വിശുദ്ധിയില്‍ വളരേണ്ടവരാണ്.


ഈ ഓരോ ചിന്തകളിലൂടെയും നമുക്ക് വ്യക്തമാകുന്ന ഒന്ന് ജീസസ് യൂത്തിന്റെ Patron Saint വി. ഫ്രാന്‍സിസ് അസ്സീസി ആയത് എത്രയോ കൃത്യമായ, ചൈതന്യവത്തായ തീരുമാനമാണ്. പുണ്യവാളന്റെ ജീവിതം നമുക്കെല്ലാം വഴികാട്ടിയാകാട്ടെ; വിശുദ്ധന്റെ മാധ്യസ്ഥ്യം നമ്മുടെ

പ്രേഷിതയാത്രയില്‍ കരുത്തും പകരട്ടെ.





അഡ്വ. റൈജു വര്‍ഗീസ്


അഭിഭാഷകനായ ലേഖകന്‍ ജീസസ് യൂത്ത് മുന്നേറ്റത്തിലെ നേതൃതലത്തില്‍ സജീവം. ഭാര്യയോടും മൂന്ന് മക്കളോടുമൊപ്പം എറണാകുളത്ത് പെരുമ്പാവൂരിലെ നെടുങ്ങപ്രയില്‍ താമസിക്കുന്നു.



 
 
 

Comments


Kairos USA

Kairos INDIA

Kairos UK

     Kairos International Inc. 700 Louisiana St, Houston, TX. USA 77002

     Kairos Media, No 8/174, Navodaya Studio Complex, Thengod P.O, Cochin, Kerala, India. Pin: 682030

     Kairos Media, St Charles Street, Sheffield S9 3WU, United Kingdom

COPYRIGHT © 2021 KAIROS MEDIA, JESUS YOUTH

bottom of page