top of page

ഫുട്ബാളിനെ നെഞ്ചേറ്റിയ പോപ്പ് | സ്‌പോര്‍ട്‌സും വിശ്വാസവും | ജോബി ബേബി, കുവൈറ്റ്‌ | KAIROS MALAYALAM | MAY 2025

Writer: ജോബി ബേബി, കുവൈറ്റ്‌
ജോബി ബേബി, കുവൈറ്റ്‌
5 days ago
2 min read

കാല്‍പന്തിനെ നെഞ്ചിലേറ്റിയവരുടെ നാടാണ് അര്‍ജന്റീന. അങ്ങനെയുള്ള നാട്ടില്‍ നിന്നുള്ള പോപ്പ് ഫുട്‌ബോള്‍ കളിയെ നെഞ്ചേറ്റുന്ന ആളാകുമെന്ന കാര്യം ഉറപ്പാണ്. ഫാ. ബെര്‍ഗോഗ്‌ളിയോയും (Jorge Mario Bergoglio) ഇക്കാര്യത്തില്‍ വ്യത്യസ്തനായിരുന്നില്ല. കാല്‍പന്തുകളിയെ നെഞ്ചിലേറ്റിയ, തന്റെ ഇഷ്ട ടീമിനുവേണ്ടി എന്തു യാതനയും സഹിക്കാന്‍ മടിയില്ലാത്ത വ്യക്തിയായിരുന്നു പോപ്പ് ഫ്രാന്‍സിസ്. അര്‍ജന്റീന ഫുട്‌ബോള്‍ ലീഗിലെ പ്രമുഖ ടീമായ സാന്‍ ലോറെന്‍സോ (അത്യലറ്റികോ സാന്‍ ലോറെന്‍സോ ഡി അല്‍മാര്‍ഗൊ) ക്ലബിന്റെ ഔദ്യോഗിക അംഗമായിരുന്നു പോപ്പ് ഫ്രാന്‍സിസ്.


ബൂവേനോസ് ആരീസിനു സമീപമുള്ള ബോയിഡോ നഗരമാണ് ലോറെന്‍സോ ക്ലബിന്റെ കേന്ദ്രം. ക്ലബിനുവേണ്ടി നിരവധി സഹായങ്ങള്‍ ചെയ്തിരുന്നു ഫാ. ബെര്‍ഗോഗ്‌ളിയോയ്ക്ക് 2008-ല്‍ സാന്‍ ലോറെന്‍സോയുടെ ഔദ്യോഗിക അംഗത്വ കാര്‍ഡ് ലഭിച്ചിരുന്നു. ടീമിന്റെ ഹോം ഗ്രൗണ്ടിനു സമീപമുള്ള സ്‌പോര്‍ട്‌സ് കോംപ്ലക്‌സില്‍ നടന്ന ചടങ്ങില്‍ ഓസ്‌കര്‍ ലുചിനിയാണ് ഫാ. ബെര്‍ഗോഗ്‌ളിയോയ്ക്ക് ക്ലബ് അംഗത്വ കാര്‍ഡ് സമ്മാനിച്ചത്.


പോപ്പായി തെരഞ്ഞെടുക്കപ്പെട്ടതിനു പിന്നാലെ അദ്ദേഹത്തിന്റെ ചിത്രങ്ങള്‍ സാന്‍ ലോറെന്‍സോ ക്ലബ് തങ്ങളുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിരുന്നു. ക്ലബിന്റെ ജഴ്‌സിയുമായി കുട്ടികള്‍ക്കൊപ്പം നില്‍ക്കുന്ന പോപ്പിന്റെ ചിത്രങ്ങളാണ് വെബ്‌സൈറ്റില്‍ നിറഞ്ഞത്. ബൂവേനോസ് ആരീസിന്റെ ആര്‍ച്ച് ബിഷപ്പ് ആയതിനുശേഷവും സാന്‍ ലോറെന്‍സോയുമായി അടുത്ത ബന്ധമായിരുന്നു ബെര്‍ഗോഗ്‌ളിയോയ്ക്കുണ്ടായിരുന്നത്. സാന്‍ ലോറെന്‍സോ ക്ലബിന്റെ ആസ്ഥാനത്താണ് ബെര്‍ഗോഗ്‌ളിയോ താമസിച്ചിരുന്നത്.തലസ്ഥാന നഗരിയായ ബൂവേനോസ് ആരീസിലുള്ള ബിഷപ്പ് ഹൗസിലേക്കു അദ്ദേഹം പോയിരുന്നത് സാധരണക്കാര്‍ സഞ്ചരിച്ചിരുന്ന ബസിലും. സാന്‍ ലോറെന്‍സോ ക്ലബിന്റെ ജയത്തില്‍ അതിയായി ആഹ്ലാദിക്കുകയും തോല്‍വിയില്‍ ദുഃഖിക്കുകയും ചെയ്യുന്ന ഒരു സാധാരണ ഫുട്‌ബോള്‍ പ്രേമികൂടിയാണ് പോപ്പ് ഫ്രാന്‍സിസ്.


1908 ഏപ്രില്‍ ഒന്നിനാണ് സാന്‍ ലോറെന്‍സോ ക്ലബ് രൂപം കൊണ്ടത്. ബൂവേനോസ് ആരീസിന്റെ തെരുവുകളില്‍ നിന്നെത്തുന്ന കുട്ടികള്‍ ബോയിഡോ തെരുവുകളില്‍ ഫുട്‌ബോള്‍ കളിക്കാന്‍ എത്തിയിരുന്നു. തെരുവില്‍ കളിക്കുന്നതിനിടെ അപകടം ഉണ്ടായതിനെത്തുടര്‍ന്ന് ഫാ. ലോറെന്‍സോ തന്റെ ഇടവക പള്ളിയുടെ പിന്നിലുള്ള മൈതാനം കുട്ടികള്‍ക്കു തുറന്നുകൊടുത്തു. പിന്നീട് ഫാ. ലോറെന്‍സോയുടെ പേരില്‍ അറിയപ്പെട്ട ക്ലബ് അര്‍ജന്റീനയുടെ ഫുട്‌ബോള്‍ ചരിത്രത്തിലെ പ്രമുഖ ടീമായി.


ദൈവവുമായും സഹജീവികളുമായും നല്ലബന്ധത്തില്‍ തുടരാന്‍ സ്‌പോര്‍ട്‌സ് സഹായിക്കുമെന്നതായിരുന്നു പോപ്പ് ഫ്രാന്‍സിസിന്റെ കാഴ്ചപ്പാട്. കായിക മഹാമേളകളായ ഒളിമ്പിക്‌സും ലോകകപ്പ് ഫുട്‌ബോളുമൊക്കെ അരങ്ങേറുമ്പോള്‍ വ്യക്തമായ സന്ദേശങ്ങളിലൂടെ തന്റെ നിലപാടുകള്‍ പോപ്പ് ഫ്രാന്‍സിസ് ലോകത്തെ അറിയിച്ചിരുന്നു. അര്‍ജന്റീന ലോകചാമ്പ്യന്‍മാരായ ഖത്തര്‍ ലോകകപ്പിനു മുമ്പും അദ്ദേഹം ലോകകപ്പിനെക്കുറിച്ചുള്ള തന്റെ സന്ദേശം അറിയിച്ചിരുന്നു. ഫുട്ബോള്‍ ലോകകപ്പിനെത്തുന്ന രാജ്യങ്ങള്‍ക്കും താരങ്ങള്‍ക്കും ആരാധകര്‍ക്കും കാണികള്‍ക്കുമെല്ലാം അദ്ദേഹം ആശംസ നേരുന്നുണ്ട്. രാജ്യങ്ങള്‍ തമ്മിലുള്ള ഐക്യത്തിനും ജനങ്ങള്‍ തമ്മിലുള്ള സാഹോദര്യത്തിനും സമാധാനത്തിനും ഖത്തര്‍ ലോകകപ്പ് അവസരമാകട്ടെയെന്നും അദ്ദേഹം തന്റെ സന്ദേശത്തില്‍ പറഞ്ഞിരുന്നു.


അര്‍ജന്റീനയുടെ ലോകകപ്പ് വിജയം പക്ഷേ പോപ്പ് ഫ്രാന്‍സിസ് കണ്ടിരുന്നില്ല. കാരണം 30വര്‍ഷങ്ങള്‍ക്ക് മുമ്പ് അദ്ദേഹം ടി.വി.കാണുന്നത് നിറുത്തിയിരുന്നു. മൗണ്ട് കാര്‍മല്‍ മാതാവിനോട് അദ്ദേഹം നടത്തിയ പ്രതിജ്ഞയായിരുന്നു ഇനി ടെലിവിഷന്‍ കാണുകയില്ലെന്നത്. എന്നിരുന്നാലും അര്‍ജന്റീനയുടെ ഫുട്‌ബോള്‍ ഇതിഹാസങ്ങള്‍ മാറഡോണയുമായും മെസിയുമായും അദ്ദേഹത്തിന് അടുത്ത ബന്ധമായിരുന്നു.


താന്‍, പോപ്പ് ഫ്രാന്‍സിസിന്റെ ഏറ്റവും വലിയ ആരാധകനാണെന്നാണ് അന്തരിച്ച മറഡോണ പറഞ്ഞിരുന്നത്. 2015-ല്‍ മറഡോണ, പോപ്പ് ഫ്രാന്‍സിസിനെ കാണുകയും കുട്ടികള്‍ക്കായുള്ള അദ്ദേഹത്തിന്റെ വിദ്യാഭ്യാസ പദ്ധതികള്‍ക്ക് പിന്തുണ നല്‍കുകയും ചെയ്തു. 2013-ല്‍ അര്‍ജന്റീനയുടെയും ഇററ്റലിയുടെയും ഫുട്‌ബോള്‍ ടീമുകള്‍ വത്തിക്കാനിലെത്തി പോപ്പിനെ കണ്ടിരുന്നു. അര്‍ജന്റീന ടീമിന്റെ ക്യാപ്റ്റനായ മെസിയും ഇറ്റാലിയന്‍ ടീമിന്റെ ക്യാപ്റ്റന്‍ ജിയാന്‍ ലൂജിയിജി ബഫണും ചേര്‍ന്ന് പോപ്പ് ഫ്രാന്‍സിസിന് ഒലിവ് തൈ സമ്മാനിച്ചിരുന്നു. അര്‍ജന്റീന താരങ്ങള്‍ ടീമിന്റെ ജഴ്‌സിയും അദ്ദേഹത്തിന് സമ്മാനിച്ചു. പ്രശസ്തിക്കിടയിലും മനുഷ്യത്വം കാത്തു സൂക്ഷിക്കാന്‍ താരങ്ങള്‍ക്ക് കഴിയണമെന്ന് അന്ന് അദ്ദേഹം അവരെ ഉദ്‌ബോധിപ്പിച്ചിരുന്നു. കഴിഞ്ഞ വര്‍ഷത്തെ പാരിസ് ഒളിമ്പിക്‌സിന് മുന്നോടിയായും പോപ്പ് ഫ്രാന്‍സിസിന്റെ സന്ദേശമുണ്ടായിരുന്നു.


സ്‌പോര്‍ട്‌സിന് പരസ്പരം പാലങ്ങള്‍ പണിയാനും (ബന്ധമുണ്ടാക്കാനും) വേലിക്കെട്ടുകള്‍ തകര്‍ക്കാനും സമാധാനപരമായ ബന്ധങ്ങള്‍ വളര്‍ത്താനും സാധിക്കുമെന്നുമായിരുന്നു അദ്ദേഹത്തിന്റെ സന്ദേശം. ലോകത്തെ ഒരുമിപ്പിക്കാന്‍ സ്‌പോര്‍്ടസിനുള്ള ശക്തിയെ അദ്ദേഹം പ്രശംസിക്കുന്നു. ''ഒരാളുടെ കഴിവ് പ്രകടിപ്പിക്കാനുള്ള മാര്‍ഗം മാത്രമല്ല സ്‌പോര്‍ട്‌സ്, അത് സമൂഹത്തെ രൂപപ്പെടുത്തുന്ന ഒരു ഘടകം കൂടിയാണ്. സാഹോദര്യത്തിന്റെ മൂല്യം സ്‌പോര്‍ട്‌സ് നമ്മളെ പഠിപ്പിക്കുന്നു.'' പോപ്പ് ഫ്രാന്‍സിസിന്റെ ഈ വാക്കുകളെ അന്താരാഷ്ട് ഒളിമ്പിക് കൗണ്‍സില്‍ പ്രസിഡന്റ് തോമസ് ബാക്ക് ഉള്‍പ്പെടെയുള്ളവര്‍ അന്ന് ഏറെ ആഹ്ലാദത്തോടെയാണ് സ്വീകരിച്ചത്. മറ്റെല്ലാ മേഖലകള്‍ക്കുമെന്നതുപോലെ കായിക മേഖലയ്ക്കും പോപ്പ് ഫ്രാന്‍സിസിന്റെ വേര്‍പാട് വലിയൊരു നഷ്ടമാണ്.



കുവൈത്തിൽ നേഴ്സ് ആണ് ലേഖകൻ.

 
 
 

Comments


Kairos USA

Kairos INDIA

Kairos UK

     Kairos International Inc. 700 Louisiana St, Houston, TX. USA 77002

     Kairos Media, No 8/174, Navodaya Studio Complex, Thengod P.O, Cochin, Kerala, India. Pin: 682030

     Kairos Media, St Charles Street, Sheffield S9 3WU, United Kingdom

COPYRIGHT © 2021 KAIROS MEDIA, JESUS YOUTH

bottom of page