ഫെലിക്സ് നെമേച്ച (Felix Nmecha) I സ്‌പോര്‍ട്‌സും വിശ്വാസവും I ജോബി ബേബി, കുവൈറ്റ് I KAIROS MALAYALAM I OCTOBER 2026

ജര്‍മന്‍ ഫുട്‌ബോള്‍ ലോകത്ത്
ശ്രദ്ധേയനായ മിഡ്ഫീല്‍ഡറാണ്
ഫെലിക്‌സ് നെമേച്ച Felix Nmecha). 2000 ഒക്ടോബര്‍ 10ന് ജര്‍മനിയിലെ ഹാംബര്‍ഗില്‍ ജനിച്ച ഫെലിക്‌സ്, ബാല്യത്തില്‍തന്നെ ഫുട്‌ബോളിനോടുള്ള താത്പര്യം പ്രകടിപ്പിച്ചിരുന്നു. പിന്നീട് കുടുംബത്തോടൊപ്പം ഇംഗ്ലണ്ടിലേക്ക് മാറിയ അദ്ദേഹം, അവിടെ തന്റെ കായികജീവിതത്തിന് ശക്തമായ അടിത്തറ പടുത്തുയര്‍ത്തി. മാഞ്ചസ്റ്റര്‍ സിറ്റിയുടെ യുവ അക്കാദമിയില്‍ പരിശീലനം നേടിയ ഫെലിക്‌സ് നെമേച്ച തന്റെ കഴിവും പരിശ്രമവും കൊണ്ട് ശ്രദ്ധനേടിയ യുവതാരമായി വളര്‍ന്നു. 2021ല്‍ ജര്‍മന്‍ ക്ലബ്ബായ വോള്‍ഫ്‌സ്ബര്‍ഗിലേക്ക് (VfL Wolfsburg) ചേര്‍ന്നത് അദ്ദേഹത്തിന്റെ കരിയറില്‍ ഒരു നിര്‍ണായക വഴിത്തിരിവായിരുന്നു. മിഡ്ഫീല്‍ഡില്‍ സൃഷ്ടിപരമായ കളിയും ശക്തമായ നിയന്ത്രണവുംകൊണ്ട് അദ്ദേഹം ടീമിന്റെ പ്രധാന താരങ്ങളിലൊരാളായി മാറി. അന്താരാഷ്ട്ര തലത്തില്‍ ആദ്യം ഇംഗ്ലണ്ടിന്റെ യുവ ടീമുകള്‍ക്കായി കളിച്ച ഫെലിക്‌സ്, പിന്നീട് ജര്‍മനിയെ പ്രതിനിധീകരിക്കാന്‍ തീരുമാനിച്ചു. ജര്‍മന്‍ ദേശീയ ടീമിലേക്കുള്ള അദ്ദേഹത്തിന്റെ ഉയര്‍ച്ച, അദ്ദേഹത്തിന്റെ കഴിവിനെയും സ്ഥിരതയെയും തെളിയിക്കുന്നതാണ്. അദ്ദേഹത്തിന്റെ സഹോദരനായ ലൂക്കാസ് നെമേച്ചയും (Lukas Nmecha) ഒരു പ്രൊഫഷണല്‍ ഫുട്‌ബോള്‍ താരമാണ്, ഇരുവരും ഫുട്‌ബോളിലും വിശ്വാസജീവിതത്തിലും പരസ്പരം പ്രചോദനമാകുന്നവരാണ്.
ഫുട്‌ബോള്‍ മേഖലയില്‍ വിജയം നേടുന്നതിന് അര്‍പ്പണബോധവും കഠിനാ
ധ്വാനവും ആവശ്യമാണ്. എന്നാല്‍, ഫെലിക്‌സിന്റെ ജീവിതം കാണിക്കുന്ന
വിജയത്തിന്റെ അടിസ്ഥാനം ദൈവവിശ്വാസമാണെന്നതാണ്. ഓരോ മത്സരത്തിന് മുമ്പും ശേഷവും ദൈവത്തോട് നന്ദി അര്‍പ്പിക്കുന്ന അദ്ദേഹത്തിന്റെ വിനയപൂര്‍വമായ സമീപനം, ഇന്ന് യുവതലമുറയ്ക്ക് ഒരു വലിയ പാഠമാണ്. ജീവിതത്തിലെ ഉയര്‍ച്ചകളും താഴ്ചകളും നേരിടുമ്പോള്‍, പലരും ആശങ്കകളില്‍ മുങ്ങിപ്പോകുന്നു. എന്നാല്‍, ഫെലിക്‌സ് നെമേച്ചയ്ക്ക് അത് വ്യത്യസ്തമാണ്. അദ്ദേഹത്തിന് ഓരോ വെല്ലുവിളിയും ഒരു പരീക്ഷണമല്ല, മറിച്ച് ദൈവത്തില്‍ കൂടുതല്‍ അടുക്കാനുള്ള അവസരമാണ്. പരാജയങ്ങള്‍ പോലും അദ്ദേഹത്തിന്റെ വിശ്വാസത്തെ തളര്‍ത്തുന്നില്ല; മറിച്ച് അത് കൂടുതല്‍ ശക്തമാക്കുന്നു.
ഗോള്‍പോസ്റ്റിലേക്കുള്ള അദ്ദേഹത്തിന്റെ കൃത്യതയാര്‍ന്ന ഷോട്ടുകള്‍
പോലെതന്നെ, ജീവിതത്തിലേക്കുള്ള അദ്ദേഹത്തിന്റെ ദിശയും ദൈവവിശ്വാസത്തിലാണ് ഉറച്ചുനില്‍ക്കുന്നത്. സാമൂഹിക മാധ്യമങ്ങളിലൂടെ തന്റെ വിശ്വാസം തുറന്നുപറയാന്‍ മടിക്കാത്ത താരമെന്ന നിലയിലും ഫെലിക്‌സ് ശ്രദ്ധേയനാണ്. ''വിജയം ദൈവത്തിന്റെ അനുഗ്രഹമാണ്'' എന്ന അദ്ദേഹത്തിന്റെ സന്ദേശം, ഭൗതിക വിജയങ്ങളെ മാത്രം പിന്തുടരുന്ന ഇന്നത്തെ സമൂഹത്തില്‍ ഒരു ആത്മീയ ഓര്‍മപ്പെടുത്തലായി മാറുന്നു. വിശ്വാസവും ജീവിതവും ഒരുമിച്ചു ചേര്‍ന്നൊരു സാക്ഷ്യമാണ് ഫെലിക്‌സ്നെമേച്ചയുടെ യാത്ര. ഒരു മികച്ച താരമായിരിക്കുമ്പോഴും, ജീവിതത്തില്‍ ദൈവത്തിന്റെ ദാസനായിരിക്കാനാണ് ഫെലിക്‌സ് നെമേച്ച അഭിലഷിക്കുന്നത്. ഈ നിലപാട് തന്നെയാണ് അദ്ദേഹത്തെ മറ്റുള്ളവരില്‍ നിന്ന്
വ്യത്യസ്തനാക്കുന്നതും. ഇന്നത്തെ യുവജനങ്ങള്‍ക്ക് അദ്ദേഹം ഒരു ഫുട്‌ബോള്‍ താരം മാത്രമല്ല; വിശ്വാസത്തിന്റെ വഴികാട്ടിയുമാണ്. ദൈവത്തില്‍ ആശ്രയി
ക്കുന്ന ഹൃദയങ്ങള്‍ ഒരിക്കലും ശൂന്യമാകില്ലയെന്ന ഓര്‍മപ്പെടുത്തല്‍ കൂടിയാണ് ആ ജീവിതം.

ജോബി ബേബി കുവൈറ്റില്‍ നഴ്‌സായി ജോലി ചെയ്യുന്നു.



Comments