''ഏറ്റവും വലിയ പദവി ക്രിസ്ത്യാനിയെന്നത്'' I എലാന മെയേഴ്സ് ടെയ്‌ലർ (Elana Meyers Taylor - American bobsledder) I സ്‌പോര്‍ട്‌സും വിശ്വാസവും I ജോബി ബേബി, കുവൈറ്റ് I KAIROS MALAYALAM I SEPTEMBER 2026

ശീതകാല ഒളിമ്പിക്‌സ് വേദികളില്‍ ശക്തിയും സ്ഥിരതയും പ്രതീക്ഷയും
ഒരുമിച്ച് തെളിയിച്ച ഒരു പേരാണ് എലാന മെയേഴ്‌സ് ടെയ്‌ലര്‍. അമേരിക്കന്‍ ബോബ്സ്ലെഡ് ടീമിന്റെ ഈ പ്രതിഭ, കായികരംഗത്ത് മാത്രമല്ല വ്യക്തിജീവിതത്തിലും ആത്മീയമായ നിലപാടുകളിലും ശ്രദ്ധേയയാണ്. ഇന്നത്തെ യുവതലമുറയ്ക്ക് പ്രചോദനമാകുന്ന വ്യക്തിത്വമാണ് അവര്‍. 1984 ഒക്ടോബര്‍ 10ന് കാലിഫോര്‍ണിയയിലെ ഓഷ്യന്‍സൈഡില്‍
ജനിച്ച എലാന ചെറുപ്പം മുതല്‍ കായികരംഗത്തോടുള്ള ആകര്‍ഷണം പ്രകടിപ്പിച്ചു. തുടക്കത്തില്‍ സോഫ്റ്റ്‌ബോള്‍ താരമായിരുന്ന അവര്‍ പിന്നീട് ബോബ്‌സ്ലെഡിലേക്ക് കടക്കുകയായിരുന്നു. അതിവേഗവും കഠിനപരിശീലനവും ആവശ്യമായ ഈ ഇനത്തില്‍ അവര്‍ അതിവേഗം മികവ് തെളിയിച്ചു. ലോക ചാമ്പ്യന്‍ഷിപ്പുകളും ഒളിമ്പിക്‌സും അടക്കം നിരവധി അന്താരാഷ്ട്ര മത്സരങ്ങളില്‍ മെഡലുകള്‍ നേടി അവര്‍ ചരിത്രത്തില്‍ തന്റെ പേര് പതിപ്പിച്ചു.

ഒളിമ്പിക്‌സില്‍ ആറു മെഡലുകള്‍ നേടിയ വനിതകളില്‍ ഒരാളായ എലാന, ഈ നേട്ടം കൈവരിച്ച കറുത്ത വര്‍ഗക്കാരിയായ ആദ്യ താരങ്ങളില്‍ ഒരാളുമാണ്. 2026ലെ ഒളിമ്പിക്‌സില്‍ നേടിയ സ്വര്‍ണ മെഡല്‍ അവരുടെ കരിയറിലെ ഏറ്റവും വലിയ നേട്ടങ്ങളില്‍ ഒന്നുതന്നെയാണ്. പക്ഷേ, വിജയത്തിന്റെ പിന്നിലെ അവരുടെ ആത്മവിശ്വാസം വെറും പരിശീലനത്തില്‍ മാത്രം നിന്നുള്ളതല്ല, മറിച്ച് അവരുടെ ആത്മീയവിശ്വാസത്തില്‍ നിന്നാണ് ഉത്ഭവിക്കുന്നതെന്ന് ഉറക്കെപ്പറയാന്‍ ഒരു മടിയും അവര്‍ കാണിക്കാറില്ല. ക്രിസ്ത്യന്‍ വിശ്വാസിയായ എലാന, തന്റെ ജീവിതത്തിലെ എല്ലാ നേട്ടങ്ങളും ദൈവത്തിന്റെ പദ്ധതിയുടെ ഭാഗമാണെന്ന് വിശ്വസിക്കുന്നു. കായിക രംഗത്തിലെ സമ്മര്‍ദങ്ങളും പരാജയങ്ങളും നേരിടുമ്പോള്‍ അവള്‍ ആശ്രയിക്കുന്നത്പ്രാ ര്‍ഥനയെയാണ്. ''എനിക്ക് ലഭിച്ച ഈ കഴിവ് ദൈവത്തിന്റെ വരദാനമാണ്'' എന്ന അവളുടെ വാക്കുകള്‍ അവളുടെ വിശ്വാസത്തിന്റെ ആഴം വ്യക്തമാക്കുന്നു.
വ്യക്തിജീവിതത്തിലും എലാന ഒരു മാതൃകയാണ്. ഭര്‍ത്താവും സഹതാരവുമായ നിക്ക് ടെയ്‌ലറിനൊപ്പം സന്തോഷകരമായ കുടുംബ
ജീവിതം നയിക്കുന്ന അവര്‍, ഭിന്നശേഷിക്കാരായ രണ്ട് മക്കളുടെ അമ്മ കൂടിയാണ്. മാതൃത്വവും കായികജീവിതവും ഒരുപോലെ കൈകാര്യം ചെയ്യുന്ന അവളുടെ കഴിവ് ഇന്നത്തെ സ്ത്രീകള്‍ക്ക് വലിയ പ്രചോദനമാണ് നല്‍കുന്നത്. സമത്വത്തിനും സ്ത്രീകളുടെ അവകാശങ്ങള്‍ക്കുമായി ശബ്ദമുയര്‍ത്തുന്ന നേതാവായും എലാന അറിയപ്പെടുന്നു. പുരുഷന്മാരുടെ മത്സരങ്ങളില്‍ പോലും പങ്കെടുത്ത് തന്റെ കഴിവ് തെളിയിച്ച അവര്‍, ''അവസരം ലഭിക്കുമ്പോള്‍ സ്ത്രീകള്‍ക്കും അതേ ഉയരങ്ങളില്‍ എത്താം'' എന്ന സന്ദേശം ലോകത്തിന് മുന്നില്‍ കാണിച്ചു കൊടുത്തു.എലാന മെയേഴ്‌സ് ടെയ്‌ലറുടെ ജീവിതം നമ്മെ പഠിപ്പിക്കുന്നത് ഒരു സത്യമാണ്. വിജയത്തിനുപിന്നില്‍ കഴിവും പരിശ്രമവും മാത്രമല്ല, ഉറച്ച ദൈവവിശ്വാസവും ആത്മവിശ്വാസവും ആവശ്യമാണ്. ഇന്നത്തെ യുവതലമുറയ്ക്ക്, പ്രത്യേകിച്ച് കായികരംഗത്ത് മുന്നേറാന്‍ ആഗ്രഹിക്കുന്നവര്‍ക്ക്, അവരുടെ ജീവിതം ഒരു പ്രകാശകിരണമാണ്. വിശ്വാസവും വിജയവും കൈകോര്‍ക്കുമ്പോള്‍ മനുഷ്യന് കൈവരിക്കാന്‍ കഴിയാത്തതൊന്നുമില്ലെന്ന് തെളിയിക്കുന്ന ജീവിക്കുന്ന ഉദാഹരണമാണ്
എലാന മെയേഴ്‌സ് ടെയ്‌ലര്‍.

ജോബി ബേബി, കുവൈറ്റ്
ലേഖകന്‍ കുവൈറ്റില്‍ നഴ്‌സാണ്.



Comments