എതിര്‍ ശബ്ദങ്ങള്‍ രാജ്യദ്രോഹമോ? I വാര്‍ത്താവിചാരം I സണ്ണി കോക്കാപ്പിള്ളില്‍ I KAIROS MALAYALAM I SEPTEMBER 2026
Updated: Sep 1

ഒരു ഭരണകൂടം ഫാസിസ്റ്റ് നടപടികളിലേക്ക് പോകുമ്പോഴാണ് രാജ്യത്ത് വിഭിന്ന സ്വരങ്ങള്‍ ഉയരുന്നത്. തങ്ങള്‍ക്ക് വിരുദ്ധമെന്ന് തോന്നിപ്പിക്കുന്ന ഭിന്നസ്വരങ്ങളെ രാജ്യദ്രോഹമെന്ന് മുദ്രകുത്താനാകും ഭരണാധികാരികളുടെ പിന്നീടുള്ള നടപടി. എന്നാല്‍, സത്യത്തിനും നീതിക്കും വേണ്ടിയാണ് സ്വരമുയരുന്നതെങ്കില്‍ അന്തിമ വിജയം അവര്‍ക്കായിരിക്കും. ഡല്‍ഹിയിലെ ജന്തര്‍മന്തറില്‍ നടന്ന വിദ്യാര്‍ഥി പ്രക്ഷോഭം ആഗോളതലത്തില്‍ ശ്രദ്ധയാകര്‍ഷിച്ച ഒന്നായി മാറി. ഭാരതത്തിലെ യുവത്വം വളരെ പ്രക്ഷുബ്ദമായ ഒരു സാഹചര്യത്തിലൂടെയാണ് കടന്നുപോകുന്നത്. ഭരണ നിര്‍വഹണത്തില്‍ കാണുന്ന നീതിക്ക് യോജിക്കാത്ത പ്രവര്‍ത്തനങ്ങള്‍ അവരെ രോഷംകൊള്ളിക്കുന്നു. സത്യസന്ധമായി പഠിച്ച്, പരീക്ഷയെഴുതി, ജോലി അന്വേഷിച്ചു കണ്ടെത്തുന്നതില്‍ പ്രത്യാശ നഷ്ടപ്പെടുത്തുന്ന സാഹചര്യങ്ങളാണ് രാജ്യത്ത് നിലവിലുള്ളത്. വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട സമസ്ത മേഖലകളിലും ഒരു പൊളിച്ചെഴുത്തിന്റെ ആവശ്യകത അതീവ പ്രാധാന്യത്തോടെ നിലനില്‍ക്കുന്നു.
തിയറിക്ക് പ്രാധാന്യമുള്ള സിലബസ്, ജോലി നേടാന്‍ സഹായിക്കുന്നില്ലെന്ന് സര്‍വകലാശാലകളിലെ നിരവധി കോഴ്‌സുകളെപ്പറ്റി ആക്ഷേപമുണ്ട്. കഴിഞ്ഞ ഒന്നുരണ്ടു പതിറ്റാണ്ടുകളില്‍ ലോകത്താകമാനം വന്ന മാറ്റത്തിനും ജോലി സാധ്യതകള്‍ക്കും അനുസൃതമായ നിലയില്‍, നവീകരിക്കാത്ത സിലബസ് പുതുക്കുന്നതില്‍ ഇനിയും കാലവിളംബം വരുത്തരുത്. ലോകത്ത് ഏറ്റവും മികച്ച 100 സര്‍വകലാശാലകള്‍ എടുത്താല്‍ ഏതെങ്കിലും ഒരെണ്ണം ഇന്ത്യയില്‍ ഉണ്ടോയെന്ന് സംശയമാണ്. എന്തുകൊണ്ടാണ് ഇവിടത്തെ വിദ്യാര്‍ഥികള്‍ പഠനത്തിന് വിദേശത്തേക്ക് ചേക്കേറുന്നതെന്ന് ചര്‍ച്ച ചെയ്യപ്പെടേണ്ടതുണ്ട്. ഓരോ വര്‍ഷവും അനേക ലക്ഷം യുവാക്കള്‍ പഠനത്തിന് വിദേശത്തേക്ക് പോകുന്നുവെങ്കില്‍ അതിന്റെ കാരണം കൂടുതല്‍ മികച്ച വിദ്യാഭ്യാസം വിദേശത്തുണ്ട് എന്നതാണ്. മറ്റൊരു കാര്യം, കുറ്റമറ്റ രീതിയിലുള്ള പരീക്ഷ നടത്തിപ്പിന്റെ അഭാവമാണ്. പരീക്ഷ പേപ്പര്‍ ചോര്‍ച്ചയാണല്ലോ ജെന്‍സിയുടെ രോഷപ്രകടനത്തിന് നിദാനം. കാളച്ചന്തയില്‍ കന്നുകാലി കച്ചവടം നടത്തുന്നതുപോലെ ചോദ്യപേപ്പര്‍ വില്പന നടത്തി പരീക്ഷയുടെ അന്തസത്തയെ തന്നെ നശിപ്പിക്കുന്ന പ്രവണതയാണ് അനേക പരീക്ഷകളില്‍ സംഭവിച്ചത്. പരീക്ഷ സുരക്ഷയുടെ യാതൊരു മാനദണ്ഡവും പാലിക്കാതെ രാഷ്ട്രീയ സ്വാധീനത്തില്‍ നിയോഗിക്കപ്പെട്ട ഏജന്‍സികള്‍ ലവലേശം ഉത്തരവാദിത്വമില്ലാതെ പരീക്ഷ നടത്തിപ്പിനെ കാണുമ്പോള്‍, വിദ്യാര്‍ഥികള്‍ക്ക് എന്ത് പ്രതീക്ഷയാണുള്ളത്? ചോദ്യപേപ്പര്‍ ചോര്‍ച്ചയെ അതിജീവിച്ച് മൂല്യനിര്‍ണയത്തിലേക്ക് വരുമ്പോള്‍ പിന്നെയും അപാകതകള്‍ സംഭവിക്കുന്നു. അവിടെയും വിദ്യാര്‍ഥികള്‍ ബലിയാടാക്കപ്പെടുന്നു. പലപ്പോഴും സമയം കഴിഞ്ഞ് നടക്കുന്ന ഫലപ്രഖ്യാപനവും കഴിഞ്ഞ്, ബിരുദ സര്‍ട്ടിഫിക്കറ്റുമായി തൊഴില്‍ മാര്‍ക്കറ്റിലേക്ക് ഇറങ്ങുമ്പോഴാണ് എല്ലാ പ്രതീക്ഷയും അസ്തമിക്കുന്നത്. പല
സംസ്ഥാനങ്ങളിലും പിഎസ്‌സി മുഖേനയുള്ള ജോലി കിട്ടുമെന്നത് കിട്ടാക്കനിയാകുന്നു. അവിടെയും വലിയ അഴിമതിയുടെ കഥകള്‍ വാര്‍ത്തകളില്‍ നിറഞ്ഞുനില്‍ക്കുകയാണല്ലോ. യോഗ്യതയില്ലാത്ത രാഷ്ട്രീയ ഭിക്ഷാംദേഹികളെ കുടിയിരുത്താനുള്ള വേദിയായി ഭരണഘടനാ സ്ഥാപനങ്ങള്‍ മാറുമ്പോള്‍ അവിടെ നിന്നും അധികം നീതിയൊന്നും സമഭാവനയോടെ ആര്‍ക്കും പ്രതീക്ഷിക്കേണ്ടതില്ല.

ഇന്ത്യയില്‍ ഇന്ന് വേണ്ടത്ര തൊഴില്‍ യോഗ്യതയുമായി ഇറങ്ങുന്ന 100-ല്‍ 12 പേര്‍ക്ക് മാത്രമാണ് നിലവില്‍ തൊഴില്‍ ലഭിക്കുന്നത്. ബഹുഭൂരിപക്ഷവും തൊഴില്‍ രഹിതരായി നില്‍ക്കുന്ന ഒരു സാഹചര്യത്തില്‍ അവരില്‍ നല്ലൊരു ഭാഗവും വിദേശത്തേക്കുള്ള തൊഴിലന്വേഷണത്തിലാണ്. വാസ്തവത്തില്‍ ജനങ്ങള്‍ അധികമുള്ളിടത്ത് തൊഴില്‍ വര്‍ധിക്കേണ്ടതാണ്. ഇവിടെയത് സംഭവിക്കുന്നില്ലെങ്കില്‍ രണകൂടത്തിന്റെ പരാജയമായി കാണണം. ഇത്തരമൊരു സാഹചര്യത്തില്‍ യുവാക്കള്‍ ക്ഷോഭിക്കാതിരിക്കുമെന്ന് ആരും കരുതരുത്.
മുന്‍കാലത്തെ അപേക്ഷിച്ച് കാര്‍ഷിക മേഖലയുടെ തകര്‍ച്ച, ഗ്രാമങ്ങളെ ദരിദ്രമാക്കി. കൃഷിയിടങ്ങളില്‍ നിന്നും ജീവിക്കാന്‍ ആവശ്യമായ വരുമാനമില്ലായ്മ യുവാക്കളെ ഗ്രാമങ്ങളില്‍ നിന്നും നഗരങ്ങളിലേക്കും മറ്റു ദേശങ്ങളിലേക്കും ചേക്കേറാന്‍ പ്രേരണ നല്‍കി. ആധുനിക രീതിയിലുള്ള കാര്‍ഷിക വിപ്ലവം ഇവിടെ നടക്കണം. സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തി കാര്‍ഷിക മേഖലയില്‍ പൊളിച്ചെഴുത്തു നടത്തി ധാരാളം തൊഴില്‍ സാധ്യതകള്‍ വര്‍ധിപ്പിക്കാന്‍ കഴിഞ്ഞാല്‍ തൊഴില്‍ അന്വേഷിച്ച് ഇന്നത്തേതുപോലെ സകലര്‍ക്കും നാടുവിടേണ്ട കാര്യമില്ല. ഇങ്ങനെ നിരവധിയായ മേഖലകളില്‍ നടക്കുന്ന അപചയങ്ങള്‍ യുവാക്കളുടെ സ്വപ്നങ്ങള്‍ക്ക് തീയിടുമ്പോള്‍ സ്വാഭാവികമായി അവരില്‍ ഉണ്ടാകുന്ന പ്രതികരണത്തെ അടിച്ചമര്‍ത്തിയതുകൊണ്ടോ രാജ്യവിരുദ്ധം എന്ന് ചാപ്പ കുത്തിയതുകൊണ്ടോ താനായിരുന്നുവെങ്കില്‍ അവരെ അഗ 47 തോക്കുകൊണ്ട് വെടിവെച്ചു കൊല്ലുമായിരുന്നു എന്നു പറഞ്ഞതുകൊണ്ടോ പ്രശ്‌നം പരിഹരിക്കപ്പെടുന്നില്ല. അടുത്തകാലത്ത് കാണുന്ന വലിയൊരു പ്രവണതയാണ് ഭിന്ന വാദങ്ങള്‍ ഉയര്‍ത്തുന്നവരുടെ അസ്തിത്വത്തെ പോലും ചോദ്യം ചെയ്യുന്ന വിധം ആക്ഷേപങ്ങള്‍ ഉയര്‍ത്തുന്നത്. മതമാറ്റം, വിദേശ ഫണ്ട്, നക്‌സല്‍ വാദം, ജിഹാദ്, ക്രിസ്ത്യന്‍ തീവ്രവാദം, പാക്കിസ്ഥാനി, ചൈനീസ്, ബംഗ്ലാദേശി, അമേരിക്ക, യൂറോപ്പ് എന്നു തുടങ്ങി ചില വാക്കുകള്‍ ഉയര്‍ത്തി മാറ്റി നിര്‍ത്തുന്നു.
മതവൈരം ആളിക്കത്തിക്കുന്ന ഒരു രാജ്യവും നിലനിന്നിട്ടില്ല. ഒരു ബഹുസ്വര രാജ്യത്ത് മതത്തെ കൂട്ടുപിടിച്ച് ആര് എന്ത് ചെയ്താലും അത് സ്‌ഫോടനാത്മകമായ അന്തരീക്ഷത്തിലേക്ക് നയിക്കും. ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം കിട്ടിയ നാളുകളില്‍ അത് ഏറെ അനുഭവിച്ചു കഴിഞ്ഞു. ഇന്ത്യ -പാകിസ്ഥാന്‍ വിഭജനകാലത്ത് ഇവിടെ അരങ്ങേറിയ നരനായാട്ടിന്റെ
വിവരണങ്ങള്‍ മതത്തിന്റെ പേരില്‍ ഊറ്റം കൊള്ളുന്നവര്‍ വായിച്ചു പഠിക്കണം. മതവാദമുയര്‍ത്തി രാജ്യഭരണം എന്നും കൈപ്പിടിയിലാക്കാമെന്ന് ആരും വ്യാമോഹിക്കരുത്. രാജ്യം മതേതരമായി നിലകൊള്ളണം. ഗാന്ധിജിയുടെയും അംബേദ്കറിന്റെയും നെഹ്‌റുവിന്റെയും ആശയങ്ങളില്‍ നിന്നും വ്യതിചലിച്ചുള്ള ഒരു രാഷ്ട്രനിര്‍മിതി രാഷ്ട്രത്തിന്റെ അഖണ്ഡതയെ നശിപ്പിക്കുകയേയുള്ളൂ. അത് കൂടുതല്‍ യുവജന രോഷത്തിന് കാരണമാവുകയും നാനാത്വത്തില്‍ ഏകത്വം എന്ന മഹത്തായ ആശയത്തെ ചിതറിക്കുകയും ചെയ്യും
.
നദികളെയും കായലുകളെയും സംരക്ഷിക്കുക
യാഥാര്‍ഥ്യ ബോധത്തോടെയല്ലാത്ത കപട വാദങ്ങളുയര്‍ത്തി ഒരു ദേശത്തിന്റെ വളര്‍ച്ചയെ തടയുന്നവരുടെ നാടായി കേരളം മാറി. കുറച്ചു വര്‍ഷങ്ങളായി വെള്ളപ്പൊക്കത്തിന്റെ കെടുതികള്‍ കൂടുതല്‍ അനുഭവിക്കുന്ന സ്ഥലമായി കേരളം. ഇതിന്റെ അടിസ്ഥാനകാരണങ്ങളെപ്പറ്റി ഇപ്പോഴും എല്ലാവര്‍ക്കും അറിയാമോ എന്നറിയില്ല. ഏതോ കാലത്ത് ആരോ എഴുതിവച്ച കപട പരിസ്ഥിതി വാദത്തിന്റെ നിഗമനങ്ങള്‍ ശാസ്ത്രീയ സത്യമായി പഠിച്ച് അതിരുവിട്ട് വിശ്വസിച്ചും വിശകലനം ചെയ്തും മുന്നോട്ടു പോകുന്നവര്‍ ഏറെയാണ്. ഒരാഴ്ച കൊണ്ടോ ഒരു മാസം കൊണ്ടോ പെയ്യേണ്ട മഴ ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ ഒരു പ്രത്യേക സ്ഥലത്ത് പെയ്തിറങ്ങുമ്പോള്‍ വന്‍തോതില്‍ മണ്ണിടിച്ചിലും വെള്ളപ്പൊക്കവും ഉണ്ടാകുന്നു. ഇങ്ങനെ ഉണ്ടാകുന്ന വെള്ളത്തെ ഉള്‍ക്കൊള്ളാന്‍ നദികള്‍ക്കോ ജലാശയങ്ങള്‍ക്കോ കഴിയാതെ വരുമ്പോള്‍ വെള്ളപ്പൊക്ക കെടുതികള്‍ ഉണ്ടാകുന്നു.
എന്തുകൊണ്ടാണ് സമുദ്രം പോലെ വരുന്ന ജലസഞ്ചയത്തെ ഉള്‍ക്കൊള്ളാന്‍ കഴിയാത്തതെന്ന് നോക്കണം. കുറേ വര്‍ഷങ്ങളായി നദികളിലെ മണല്‍ വാരാത്തതുകൊണ്ട് നദികളിലെ ആഴം നാലു മീറ്റര്‍ മുതല്‍ 8 മീറ്റര്‍ വരെ കുറഞ്ഞു. അത്രയും സ്ഥലത്ത് ഉള്‍ക്കൊള്ളാനാകാതെ ജലം കര ഭാഗത്തേക്ക് കയറുന്നു. പണ്ട് പ്രകൃത്യാ ഉണ്ടായിരുന്ന ചതുപ്പുകളൊക്കെ നിരത്തി,
കൃഷിയിടമോ കെട്ടിടമോ വച്ചതിനാല്‍ അതിനും മീതെ വെള്ളം ഒഴുകിയെത്തി. പെരുംമഴ ഒരു സ്ഥലത്ത് പെയ്തിറങ്ങുമ്പോള്‍ ഉണ്ടാകുന്ന ഉരുള്‍പൊട്ടലിന്റെയും മണ്ണിടിച്ചിലിന്റെയും ഫലമായി ധാരാളം മണ്ണ് വെള്ളത്തോടൊപ്പം പോരുന്നു. ഇത് നദി എത്തിച്ചേരുന്നിടത്തൊക്കെ കൊണ്ടുപോകുന്നു. അങ്ങനെ വലിയ ജലാശയങ്ങളില്‍ മണ്ണ് നിറയുന്നു. കുട്ടനാട് പോലെയുള്ള കായലുകളില്‍ 8 മീറ്റര്‍ വരെ ഇങ്ങനെ ആഴം കുറയുന്നു. ഇങ്ങനെ നിറയുന്ന മണ്ണിനെ നീക്കം ചെയ്യാതെ ക്വാറികള്‍ ഉണ്ടാക്കുന്ന പാറപ്പൊടി ചെലവാകാന്‍ വേണ്ടി മണല്‍വാരല്‍ പ്രക്രിയയെ തീര്‍ത്തും ഇല്ലാതാക്കിയതിന്റെ പരിണിതഫലമാണ് ഇപ്പോള്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന വെള്ളപ്പൊക്ക കെടുതികളുടെ അടിസ്ഥാന കാരണം. അതിനാല്‍ നിയന്ത്രിത രീതിയില്‍ ജലാശയങ്ങളിലെ മണല്‍ നീക്കം ചെയ്ത് അതൊരു വരുമാന മാര്‍ഗം കൂടിയാക്കി മാറ്റിയാല്‍ ഒരു പരിധിവരെ ജനങ്ങള്‍ക്ക് ആശ്വാസമാകും. അണക്കെട്ടുകളിലെ സ്ഥിതിയും ഇതുതന്നെയാണ്. ഇത് മനസ്സിലാക്കാന്‍ സാമാന്യബുദ്ധി മതി. പിന്നെ എന്തുകൊണ്ടാണ് ശാസ്ത്രജ്ഞര്‍ എന്നറിയപ്പെടുന്നവരും ഭരണകര്‍ത്താക്കളും ഇതൊക്കെ മനസ്സിലാക്കാതെ പോകുന്നതെന്ന് അറിയില്ല.

സണ്ണി കോക്കാപ്പിള്ളില്‍
കെയ്‌റോസ് മാസികയുടെ അസോസിയേറ്റ് എഡിറ്റര്‍, താമസം കോഴിക്കോട്. ഭാര്യ ജാന്‍സി, രണ്ട് മക്കള്‍.



Comments